Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് ആഴ്ചയ്ക്കുള്ളിൽ മാരുതി പിരിച്ചുവിട്ടത് ആറ് ശതമാനം താൽക്കാലിക ജീവനക്കാരെ; വാഹന മേഖലയിൽ ആകെ തൊഴിൽ നഷ്ടമായത് മൂന്നര ലക്ഷത്തിലേറെ പേർക്ക്; യാത്രാ വാഹനങ്ങളുടെ വിൽപ്പന ഇടിഞ്ഞത് 30 ശതമാനത്തോളം; കരകയറാൻ ജിഎസ്ടി നികുതി ഇളവിനായി വാഹന വിപണിയുടെ മുറവിളി; ഉയർന്ന ജിഎസ്ടി നിരക്കല്ല വാഹന മേഖലയുടെ പ്രതിസന്ധിക്ക് കാരണമെന്ന് തോമസ് ഐസക്ക്; സെപ്റ്റംബർ 20 ലെ കൗൺസിൽ യോഗം നിർണായകം

ആറ് ആഴ്ചയ്ക്കുള്ളിൽ മാരുതി പിരിച്ചുവിട്ടത് ആറ് ശതമാനം താൽക്കാലിക ജീവനക്കാരെ; വാഹന മേഖലയിൽ ആകെ തൊഴിൽ നഷ്ടമായത് മൂന്നര ലക്ഷത്തിലേറെ പേർക്ക്; യാത്രാ വാഹനങ്ങളുടെ വിൽപ്പന ഇടിഞ്ഞത് 30 ശതമാനത്തോളം; കരകയറാൻ ജിഎസ്ടി നികുതി ഇളവിനായി വാഹന വിപണിയുടെ മുറവിളി; ഉയർന്ന ജിഎസ്ടി നിരക്കല്ല വാഹന മേഖലയുടെ പ്രതിസന്ധിക്ക് കാരണമെന്ന് തോമസ് ഐസക്ക്; സെപ്റ്റംബർ 20 ലെ കൗൺസിൽ യോഗം നിർണായകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് വാഹന വിപണി കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. മൂന്നര ലക്ഷത്തിലേറെ പേർക്കാണ് തൊഴിൽ നഷ്ടമായത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാക്കളായ മാരുതി സുസുക്കി ആറ് ആഴ്ചക്കുള്ളിൽ ആറ് ശതമാനത്തോളം താൽകാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മാന്ദ്യം രൂക്ഷമായതോടെ പല വാഹന നിർമ്മാതാക്കളും ഫാക്ടറികൾ ദിവസങ്ങളോളം അടച്ചുപൂട്ടാനും ഷിഫ്റ്റുകൾ വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹന നിർമ്മാതാക്കൾ, വാഹനങ്ങളുടെ പാർട്‌സ് നിർമ്മിക്കുന്ന കമ്പനികൾ, ഡീലർമാർ എന്നിവർ ഏപ്രിൽ മുതൽ മൂന്നര ലക്ഷത്തോളം തൊഴിലാളികളെയാണ് പിരിച്ച് വിടാൻ നിർബന്ധിതമായതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.

കാർ ബൈക്ക് നിർമ്മാണ കമ്പനികൾ പതിനയ്യായിരത്തോളം പേരെയും മറ്റ് വാഹന ഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ഒരു ലക്ഷം പേരെയും പിരിച്ച് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖരായ പല വാഹന നിർമ്മാതാക്കളും നിലവിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നതും ഈ സാഹചര്യത്തിലാണ്. 2018-19 ന്റെ അവസാന പാദത്തോടെ തുടങ്ങിയ പ്രതിസന്ധി കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. തൊഴിൽ നഷ്ടത്തിനൊപ്പം കുറഞ്ഞ ഉൽപ്പാദന നിരക്കും വാഹനവിപണിയെ അലട്ടുന്നു. സർക്കാർ പ്രശ്‌നപരിഹാരത്തിനായി ഉഴറുമ്പോൾ, തൊഴിൽ നഷ്ടപ്പെട്ടവർ ഭാവിയെ കുറിച്ചുള്ള ആശങ്കയിലുമാണ്.

വാഹനവിപണിയെ കരകയറ്റാൻ ആശ്വാസകരമായ നികുതി ഇളവ് അടുത്ത ജി.എസ്.ടി കൗൺസിലിൽ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ അതിനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ജിഎസ്ടി കൗൺസിലിൽ അംഗങ്ങളായ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ തീരുമാനത്തെ എതിർക്കുന്നതാണ് കാരണം. എന്നാൽ നികുതി ഇളവ് വാഹനങ്ങളുടെ വിലയിൽ കുറവ് വരുത്തുന്നതിനാൽ ഉപഭോക്താക്കളിൽ പലരും വാഹനം വാങ്ങുന്നത് നീട്ടിവെച്ചിരിക്കുന്നത് വിപണിക്ക് തിരിച്ചടിയായി.

ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ആക്കണമെന്ന വാഹന വിപണിയിൽ നിന്നുള്ള നിരന്തര ആവശ്യത്തിന് ഉടനെ ഒരു തീരുമാനം ഉണ്ടാകാനിടയില്ല. ധനമന്ത്രി തോമസ് ഐസക്കും ഈ സൂചന നൽകുന്ന ട്വീറ്റ് ചെയ്തു. ഉയർന്ന ജിഎസ്ടി നിരക്കല്ല വാഹനവിപണയിലെ പ്രതിസന്ധിക്ക് കാരണം. ജിഎസ്ടിക്ക് മുമ്പ് സർവീസ് നികുതി ഒഴിച്ചുള്ള സംയോജിത നികുതി 32 ശതമാനത്തിനും 54 ശതമാനത്തിനും ഇടയിലായിരുന്നു. ഇപ്പോൾ നഷ്ടപരിഹാര സെസ് അടക്കം നികുതി നിരക്ക് 29 ശതമാനത്തിനും 46 ശതമാനത്തിനും ഇടയിൽ മാത്രമാണ്, ഇനിയും നികുതി ഇളവ് നൽകണമെന്നാണ് കേന്ദ്ര സർക്കാർ താൽപര്യമെങ്കിൽ, സെസ് എടുത്തുകളയണം. അപ്പോൾ നികുതി നിരക്ക് 28 ശതമാനമായി കുറയും.

ഓട്ടോമൊബൈൽ മേഖലയിൽ, ഡിമാന്റ് കൂട്ടാൻ, വായ്പ ഉദാരമാക്കണം. ഒപ്പം ശേഷിക്കുന്ന വർഷത്തേക്ക് പലിശ ഇളവും നൽകണം. 2010 ലേതുപോലെ സർക്കാരുകളും ആർടിസികളും വാഹനങ്ങളുടെ അഡ്വാൻസ് പർച്ചേസ് നടത്തട്ടെ. ജിഎസ്ടി നിരക്കുകളിൽ ആലോചനാശൂന്യമായ തീരുമാനങ്ങൾ എടുക്കരുത്, ഐസക് ട്വീറ്റ് ചെയ്തു.

അതേസമയം, വാഹന മേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. ജപ്പാൻ വാഹന നിർമ്മാതാക്കളായ യമഹ, വാലിയോ സുബ്രോസ് എന്നീ കമ്പനികൾ വാഹന വിൽപ്പന കുറഞ്ഞതോടെ 1700ഓളം ജോലിക്കാരെ പിരിച്ചുവിട്ടു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാക്കളായ മാരുതി സുസുക്കി ആറ് ആഴ്ചക്കുള്ളിൽ ആറ് ശതമാനത്തോളം താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഹോണ്ട, ടാറ്റ മോട്ടോർസ്, മഹിന്ദ്ര, എന്നീ കമ്പനികൾ പലയിടത്തും ഫാക്ടറികൾ അടച്ചിട്ടിരിക്കുകയാണ്. യാത്രാ വാഹനങ്ങളുടെ വിൽപ്പന മാസങ്ങളായി ഇടിവിലാണെന്നും 30 ശതമാനത്തോളം വരെയാണ് കുറവുണ്ടാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇന്ത്യയിലെ ജി.ഡി.പിയുടെ ഏഴ് ശതമാനം വാഹന വിപണിയിൽ നിന്നുള്ള സംഭാവനയാണെന്നിരിക്കെ പ്രതിസന്ധി വലിയ പ്രത്യാഘാതം ഉണ്ടാക്കുമോയെന്നതാണ് ആശങ്ക. ജി.ഡി.പി വളർച്ച ലക്ഷ്യം പുതിയ വായ്പ അവലോകനത്തിലും കുറക്കേണ്ടി വന്നതും സാഹചര്യം മോശമാകുന്നുവെന്നതിന്റെ സൂചനയാണ്.

സെപ്റ്റംബർ 20ന് ഗോവയിൽ നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാൻ ഇടയില്ല. മഹാരാഷ്ട്ര, ഹരിയാന, പശ്ചിമ ബംഗാൾ തുടങ്ങി പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിന്റെ നികുതി നീക്കത്തെ എതിർക്കുന്നു. കേരളവും ഇക്കാര്യത്തിൽ സമാന നിലപാടാണ് പ്രകടമാക്കുന്നത്. നികുതി നഷ്ടം കേന്ദ്രസർക്കാരിന് വഹിക്കാൻ കഴിയുമെങ്കിലും സംസ്ഥാനങ്ങൾക്ക് താങ്ങാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവരുടെ നിലപാട്. നികുതി ഇളവ് വാഹനങ്ങളുടെ വിലയിലും കുറവ് വരുത്തുന്നതിനാൽ വാഹനം വാങ്ങുന്നത് ഉപഭോക്താക്കളിൽ പലരും നീട്ടി വച്ചിരിക്കുന്നതും പ്രശനം രൂക്ഷമാക്കുന്നു.

പൊടിക്കൈകൾ ഫലിക്കുന്നില്ല

വാഹനവിപണിയെ ഉഷാറാക്കാൻ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. 2020 മാർച്ചിന് മുമ്പ് ഉപഭോക്താക്കൾ വാങ്ങുന്ന ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങൾ അവയുടെ രജിസ്ട്രേഷൻ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം. അടുത്ത വർഷം രാജ്യത്ത് ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിർബന്ധമാകുന്നതോടെ പഴയ ബിഎസ് 4 വാഹന ഉപയോഗം നിയമവിരുദ്ധമാകുമെന്ന തരത്തിലുള്ള കുപ്രചരണങ്ങൾ തള്ളികളയണമെന്നും നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. വാഹന മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ പുതിയ വാഹനങ്ങളുടെ രജിസട്രേഷൻ തുക കുത്തനെ ഉയർത്താനുള്ള നിർദ്ദേശം ഉടൻ നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങൾ പൊളിച്ചുവിറ്റ് പുതിയത് വാങ്ങാനുള്ള സ്‌ക്രാപ്പേജ് പോളിസി വൈകാതെ നടപ്പിലാക്കുമെന്നും പുതിയ വാഹനങ്ങൾ വാങ്ങാൻ ബാങ്കുകൾ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരത്തിൽ ലോൺ നൽകണമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP