Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമ സ്വപ്നം കണ്ട് നടന്നത് വർഷങ്ങളോളം; പെയിന്റിങ് ജോലികൾക്കിടയിലും സ്റ്റേജ് ഷോകൾ ചെയ്തത് സിനിമയിലേക്കെത്താൻ വേണ്ടി; ഇപ്പോൾ സ്വപ്നം കണ്ട ജീവിതത്തോടടുക്കുന്നു; ന്യജനറേഷൻ മാമുകോയയെന്ന് ഷഹബാസ് അമൻ വിശേഷിപ്പിച്ച നവാസ് വള്ളിക്കുന്ന് മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു

സിനിമ സ്വപ്നം കണ്ട് നടന്നത് വർഷങ്ങളോളം; പെയിന്റിങ് ജോലികൾക്കിടയിലും സ്റ്റേജ് ഷോകൾ ചെയ്തത് സിനിമയിലേക്കെത്താൻ വേണ്ടി; ഇപ്പോൾ സ്വപ്നം കണ്ട ജീവിതത്തോടടുക്കുന്നു; ന്യജനറേഷൻ മാമുകോയയെന്ന് ഷഹബാസ് അമൻ വിശേഷിപ്പിച്ച നവാസ് വള്ളിക്കുന്ന് മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു

ജാസിം മൊയ്ദീൻ

 കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയ, ഫ്രഞ്ച് വിപ്ലവം, തമാശ എന്നീ മൂന്ന് സിനിമകളിലും നിരവധി മിമിക്രി, സ്റ്റേജ് ഷോകളിലും മലയാളികൾക്ക് സുപരിചിതനായ കാലാകാരനാണ് നവാസ് വള്ളിക്കുന്ന്. തനി കോഴിക്കോടൻ ഭാഷയിൽ ഡയലോഗ് ഡെലിവറി നടത്തുന്ന നവാസിനെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴചയാണ് ഏറ്റവുമൊടുവിലിറങ്ങിയ 'തമാശ'യിലൂടെ കണ്ടത്. നവാസിന്റെ ഡയലോഗ് ഡെലിവറികൊണ്ട് തന്നെ അദ്ദേഹത്തെ മാമുകോയയായും കുതിരവട്ടം പപ്പുവായുമൊക്കെ ആളുകൾ താരതമ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. മലയാള സിനിമാലോകത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന നവാസ് വള്ളിക്കുന്ന് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

മാമുക്കോയയുമായുള്ള താരതമ്യം

തമാശയിലെ പാട്ട് റീലീസായ സമയത്ത് ഗായകൻ ശഹബാസ് അമനാണ് ആദ്യമായി എന്നെ മാമുകോയയുമായി താരതമ്യം ചെയ്യുന്നത്. മലയാള സിനിമയിലെ ന്യൂജനറേഷൻ മാമുകോയയെ കണ്ടെത്തിയിരിക്കുന്നു എന്നാണ് അന്ന് ഷഹബാസ് അമൻ പറഞ്ഞത്. സത്യത്തിൽ അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഒന്ന് നമ്മളൊക്കെ ചെറുപ്പകാലം മുതൽ ആരാധിച്ച് വരുന്ന കലാകാരനാണ് മാമുകോയ. അദ്ദേഹവുമായൊക്കെ എന്നെ താരതമ്യം ചെയ്യുക എന്നതിലപ്പുറം എന്ത് ഭാഗ്യമാണ് വേണ്ടത്. മറ്റൊന്ന് അത് പറഞ്ഞത് ഷഹബാസ് അമനെപോലുള്ളൊരു ഗായകനാണ് എന്നതാണ്. അന്തേഹമൊക്കെ എന്നെകുറിച്ച് പറയുകയെന്നതിലും വലിയ ഭാഗ്യമില്ല. വേറെ ചിലർ കുതിരവട്ടം പപ്പുവുമായാണ് എന്നെ താരതമ്യം ചെയ്യുന്നത്. സത്യത്തിൽ ഇതൊക്കെ കാണുമ്പോൾ കണ്ണ്നിറയും. എന്നെപ്പോലൊരാളുടെ പേര് ഇത്രയും വലിയ കലാകാരന്മാരുടെ പേരിനൊപ്പം പറയുക എന്നത് തന്നെ വലിയ അംഗീകാരമായി ഞാൻ കാണുന്നു.

കോമഡി സർക്കസ്സ്

മഴവിൽ മനോരമ ചാനലിലെ കോമഡി സർകസ്സ് എന്ന പരിപാടിയാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അതിന് മുമ്പ് കൈരളിയിലും ഏഷ്യാനെറ്റിലുമെല്ലാം നിരവധി ഷോകളിൽ കോമഡി അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം സിനിമയിലേക്കെത്താനുള്ള വഴിയാകുമെന്ന പ്രതീക്ഷയിലാണ് ചെയ്തത്. പക്ഷെ ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. നാട്ടിൽ പകൽ സമയത്ത് പെയിന്റിങ് ജോലിയായിരുന്നു. വൈകുന്നേരങ്ങളിൽ സ്റ്റേജ് ഷോകളും. പ്രേം നസീറായിരുന്നും എന്റെ മാസ്റ്റർ പീസ്. ആയിടക്കാണ് ഒരു സുഹൃത്ത് എന്നെ വിളിച്ച് കോമഡി സർക്കസ്സിന്റെ പരസ്യത്തെ കുറിച്ച് പറയുന്നത്. നിങ്ങൾക്ക് ചിരിപ്പിക്കാൻ കഴിയുമോ, നിങ്ങളെ സിനിമയിലെടുക്കുമെന്നായിരുന്നു പരസ്യവാചകം. അങ്ങനെയാണ് കോഴിക്കോട് മഹാറാണി ഹോട്ടലിൽ വെച്ച് നടന്ന കോമഡിസർക്കസിന്റെ ഓഡീഷനിൽ പങ്കെടുക്കുന്നത്. അതിൽ വിജയിക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ വഴിത്തിരിവായൊരു പ്രോഗ്രാമായിരുന്നു അത്.

എടിഎം പ്രമേയമായുള്ള സ്‌കിറ്റ്

കോമഡി സർക്കസ്സിൽ അവതരിപ്പിച്ച എടിഎമ്മിനെ ആസ്പതമാക്കിയുള്ള കോമഡി സ്‌കിറ്റാണ് എന്നെ പോപ്പുലറാക്കുന്നത്. അന്ന് പ്രോഗ്രാം ഡയറക്ടേഴ്സ് ഒരു ആശയം തരികയാണ് ചെയ്യുക. നമ്മൾ അതിനെ ആസ്പതമാക്കി സ്‌കിറ്റ് തയ്യാറാക്കണം. അങ്ങനെ എനിക്ക് കിട്ടിയ തീം എടിഎം ആയിരുന്നു. കുറെ ആലോചിച്ചു പല കഥകളും എഴുതി നോക്കി. ഒന്നും ശരിയായില്ല. അവസാനമാണ് സ്വന്തം അനുഭവം തന്നെ സ്‌കിറ്റാക്കാമെന്ന് തോന്നിയത്. അന്നൊന്നും എനിക്ക് എടിഎമ്മിൽ നിന്ന് പണമെടുക്കാൻ അറിയില്ലായിരുന്നു. അത് തമാശ രൂപത്തിൽ അവതരിപ്പിച്ചതോടെ വലിയ കയ്യടി കിട്ടി. സത്യത്തിൽ അവിടെ അവതരിപ്പിച്ചത് എന്റെ അനുഭവങ്ങൾ കൂടിയായിരുന്നു. ആ സ്‌കിറ്റ് ഇപ്പോഴും യുട്യൂബിലടക്കം നിരവധിപേർ കാണുന്നു. അതിനെ അനുകരിച്ച് ടിക്ടോക് വീഡിയോകളെടകുത്ത് പലരും എനിക്ക് തന്നെ അയച്ചുതരും. ഇപ്പോഴും ഉദ്ഘാടനങ്ങൾക്കൊക്കെ പോകുമ്പോൾ ആളുകൾ ഈ തമാശകളൊക്കെ ചെയ്യാൻ പറയും. അവർക്കത് അത്രത്തോളം ഇഷ്ടമായതുകൊണ്ടാണ്്.

ആദ്യ സിനിമ സുഡാനി ഫ്രം നൈജിരിയ

കോമഡി സർക്കസിന്റെ ഫൈനലിലേക്ക് കയറാൻ നിൽക്കുന്ന സമയത്താണ് സുഡാനി ഫ്രം നൈജീരയയുടെ സംവിധായകൻ സകരിയ വിളിക്കുന്നത്. അന്നദ്ദേഹം പറഞ്ഞത്. നവാസെ ഞാനൊരു സിനിമയെടുക്കുന്നുണ്ട്. അതിലൊരു കഥാപാത്രം ചെയ്യാൻ നവാസ് വരണമെന്നാണ്. വല്ലാത്ത സന്തോഷമാണ്. ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമാകാൻ പോകുന്നു എന്നുള്ള തോന്നലുണ്ടായി. അങ്ങനെയാണ് സുഡാനിയിലേക്കെത്തുന്നത്. ജീവിതത്തിലെ വലിയ അനുഭവങ്ങളായിരുന്നു സുഡാനിയുടെ ഷൂട്ടിങ് കാലഘട്ടം. പ്രത്യേകിച്ച് ഷൈജുഖാലിദിന്റെയും സമീർ താഹിറിന്റെയുമൊക്കെ ക്യാമറകൾക്ക് മുന്നിൽ നിൽ്ക്കുക എന്നത്. അതൊക്കെ വലിയ പാഠങ്ങളായിരുന്നു. സുഡാനിയിലെ മറ്റൊരു അനുഭവം സിനിമയിലെ സൗബിനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പെണ്ണുകാണൽ ചടങ്ങുണ്ട്. ആ സീനീൽ ചായയും പലഹാരവുമൊക്കെ വെച്ച മേശ എന്റടുത്തേക്ക് വലിച്ചിടുന്നൊരു രംഗമുണ്ട്. അത് സ്‌ക്രിപ്പ്റ്റിലുണ്ടായിരുന്നതല്ല. അത് സ്വാഭാവികമായി ഞാൻ ചെയ്ത് പോയതാണ്. എന്നാൽ പിന്നീട് സംവിധായകൻ അത് നിലനിർത്തുകയായിരുന്നു. അത് നന്നായെന്നും പറഞ്ഞു. അങ്ങനെ ആ സിനിമയിൽ എന്റെ സ്വന്തമായൊരു ഐഡിയയും പ്രയോഗിച്ചു. എല്ലാം കൊണ്ടും ജീവിത്തതിലെ ഏറ്റവും വലിയൊരു ഭാഗ്യമാണ് സുഡാനി ഫ്രം നൈജിരിയ. ആ സിനിമയിന്ന് നരവധി അവാർഡുകൾ രാജ്യത്തിനകത്തും പുറത്തുമെല്ലാം വാരിക്കൂട്ടുമ്പോൾ അതിന്റെ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്കതിന് അവസരം തന്ന സകരിയയോട് നന്ദി അറിയിക്കുന്നു.

രണ്ടാം സിനിമയുടെ പോസ്റ്ററിൽ തന്നെ ഇടം ലഭിച്ചു

സുഡാനിയിലെ അഭിനയം കണ്ടിട്ടാണ് ഫ്രഞ്ച് വിപ്ലവത്തിലേക്ക് വിളിക്കുന്നത്. നടൻ വിനായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വർഷങ്ങളോളം അഭിനയിച്ചതിന് ശേഷമാണ് തന്റെ മുഖം സിനിമയുടെ പോസ്റ്ററിൽ വരുന്നതെന്ന്. അങ്ങനെ നോക്കുമ്പോൾ എനിക്കെന്തോ ഭാഗ്യമുണ്ട്. എന്റെ ആദ്യ സിനിമയുടെ പോസ്റ്ററിൽ തന്നെ എന്റെ മുഖമുണ്ടായിരുന്നു. അതൊരു ഗ്രൂപ്പ് ഫോട്ടായിലാണെങ്കിൽ രണ്ടാമത്തെ സിനിമയായ ഫ്രഞ്ച് വിപ്ലവത്തിന്റെ പോസ്റ്ററുകളിൽ എന്റെ വലിയ ചിത്രങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളൊക്കെ അത് കണ്ട് വിളിക്കും. ഞാനും ആരും കാണാതെ ആ പോസ്റ്ററുകളൊക്കെ നോക്കി അഭിമാനിക്കാറുണ്ട്.

'തമാശ'യിലേക്കുള്ള വരവ്

സമീർ താഹിറാണ് എന്നെ തമാശയിലേക്ക് വിളിക്കുന്നത്. പിന്നീടാണ് ഡയറക്ടർ അഷ്റഫ് ഹംസ വിളിക്കുന്നത്. രണ്ട് പേരോടും എനിക്കീ വേഷം ചെയ്യാൻ കഴിയുമോ എന്ന ആശങ്ക ഞാൻ വെച്ചിരുന്നു. അവരാണ് എനിക്ക് ധൈര്യം തന്നത്. മറ്റൊന്ന് ഇന്ന് മലയാള സിനിമ ലോകത്തെ വലിയൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നതാണ്. ചെമ്പൻ വിനോദ്, ലിജോജോസ് പെല്ലിശ്ശേരി ഇവരൊക്കെയാണ് സിനിമയുടെ നിർമ്മാതാക്കൾ. അവരെയൊക്കെ പരിചയപ്പെടാനായി. ഇത്രയും വലിയൊരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് തന്നെയാണ് എന്റെ ഏ്റ്റവും വിലയ ഭാഗ്യം. മറ്റൊന്ന് തമാശയിൽ സ്‌ക്രിപ്പ്റ്റിനപ്പുറത്തേക്ക് നമുക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എല്ലാം സംവിധായകൻ പറഞ്ഞു തരുമായിരുന്നു. ഓരോ ഡയലോഗും അതിന്റെ ഡെലിവറിയുമെല്ലാം ഡയറക്ടറുടെ നിർദ്ദേശാനുസരണമായരുന്നു. അതുകൊണ്ട് തന്നെ ആ സിനിമ ആളുകൾക്ക് വളരെയേറെ ഇഷ്ടമായി.

കോഴിക്കോടൻ ഭാഷ

ചെയ്ത മൂന്ന് സിനിമകളുടെയും സംവിധായകർ തുടക്കത്തിൽ തന്നെ ഭാഷ ശൈലിയുടെ കാര്യം പറഞ്ഞിരുന്നു. സുഡാനിയിലെയും സമാശയിലെയും കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ശൈലിയായിരുന്നു എന്റേത്. എന്നാൽ ഫ്രഞ്ച് വിപ്ലവത്തിൽ മാത്രം കൊച്ചി ശൈലി വേണ്ടി വന്നു. പക്ഷെ അവിടെയും ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഡയറക്ടർ പറഞ്ഞു നവാസിന്റെ ശൈലി തന്നെ ഉപയോഗിച്ചാൽ മതിയെന്ന്. അതിനാണ് ആളുകളെ ചിരിപ്പിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ശൈലി ചെയ്യാൻ സംവിധായകർ പറഞ്ഞാൽ ചെയ്യും.

കുടുംബം

മൂന്ന് മക്കളുണ്ട്. രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും. ഉമ്മ, ഉപ്പ, സഹോദരങ്ങൾ എല്ലാവരോടുമൊത്ത് സന്തോഷമായി ജീവിക്കുന്നു. സുഡാനി കഴിഞ്ഞതിന് ശേഷം ചെറിയൊരു വീടുണ്ടാക്കി. കോഴിക്കോട് ശ്രീ തീയേറ്ററിൽ നിന്നാണ് ഞങ്ങളെല്ലാവരും തമാശ കണ്ടത്. സിനിമ കഴിഞ്ഞതിന് പ്രേക്ഷകർ പലരും അവരോടൊപ്പമൊക്കെ നിന്ന് ഫോട്ടോയെടുത്തു.അതൊക്കെ കണ്ടപ്പോൾ വലിയ സന്തോഷമായി. മക്കളുടെ സ്‌കൂളിലെ പരിപാടികൾക്ക് ഉദ്ഘാടനത്തിന് ഞാനാണ് ഗസ്റ്റ്. നേരത്തെ മിമിക്രി പ്രോഗ്രാം ചെയ്യുന്ന കാലത്തും അവിടെയൊക്കെ പോയിട്ടുണ്ട്. അങ്ങനെ ഏറെകാലത്തെ കഷ്ടപാടുകൾക്കൊടുവിൽ സ്വപ്നം കണ്ടൊരു ജീവിതത്തിലേക്ക് കടന്നിരിക്കുന്നു. വളരെ സന്തോഷമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP