Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ

മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലാളി സമരത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ഉലയുന്നു. സമരം പൊളിക്കാൻ ആസൂത്രണം ചെയ്ത നീക്കങ്ങൾ എല്ലാം ഒന്നൊന്നായി പൊളിഞ്ഞതാണ് മുത്തൂറ്റ് ഫിനാൻസ് എന്ന വമ്പനെ ഉലയ്ക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയും മുത്തൂറ്റ് മുതലാളിയും തമ്മിൽ നേർക്ക് നേർ കൊരുക്കുമ്പോൾ തൊഴിലാളികൾക്ക് അനുകൂലമായി സർക്കാർ നയം മാറ്റിയതാണ് മുത്തൂറ്റിനെ കുഴയ്ക്കുന്നത്. സിഐടിയു എന്ന തൊഴിലാളി സംഘടന കാരണം കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കും എന്ന് പോലും മുത്തൂറ്റ് പ്രഖ്യാപനം നടത്തിയെങ്കിലും സർക്കാർ നിലപാട് ഈ ഗോൾഡ് ഭീമനെ കുരുക്കിയിരുക്കുകയാണ്. സിഐടിയു കാരണം കേരളം വിട്ടു എന്ന് വന്നാൽ സിപിഎമ്മിൽ നിന്നും സർക്കാരിൽ നിന്നും ലഭിക്കുന്ന എല്ലാ പിന്തുണയും നഷ്ടമാകുമെന്ന കൃത്യമായ സന്ദേശം മുത്തൂറ്റിന്റെ തലപ്പത്തുള്ളവർക്ക് ലഭിച്ചതോടെയാണ് ഈ നിലപാടിന്റെ പേരിൽ മുത്തൂറ്റ് കുഴഞ്ഞത്.

സമരം പൊളിക്കാൻ വെടിയേറ്റ വീഡിയോയും

സമരം പൊളിക്കാൻ ഒന്നൊന്നായി നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞതും ഈ ഗോൾഡ് വമ്പന് തിരിച്ചടിയായി. സിഐടിയു നടത്തിയ സമരങ്ങൾ സിസിടിവി ക്യാമറ വഴി ഒപ്പിയെടുത്ത് തൊഴിലാളി വിരുദ്ധമാക്കാൻ ശ്രമങ്ങൾ പരാജയപ്പെട്ടത് തൊഴിലാളികൾ തന്നെ ഈ വീഡിയോ തിരിച്ചറിഞ്ഞതോടെയാണ്. മോഷണ ശ്രമത്തിന്നിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ കെട്ടിയേൽപ്പിക്കാൻ നടത്തിയ ശ്രമവും ഇതേ രീതിയിൽ തന്നെ പരാജയപ്പെട്ടത് മുത്തൂറ്റിനു ക്ഷീണമായി. നാലുവർഷം മുൻപ് ബന്ദിനിടയിൽ നെടുങ്കണ്ടം ബ്രാഞ്ചിൽ സമരാനുകൂലികൾ നടത്തിയ ആക്രമണവും സിഐടിയുവിന്റെ തലയിൽ കെട്ടിയേൽപ്പിക്കാൻ ഇവർ നടത്തിയ ശ്രമവും പൊളിഞ്ഞത് കൂടുതൽ ക്ഷീണമായി. മുത്തൂറ്റ് പ്രചരിപ്പിച്ച വീഡിയോ കണ്ട് ജീവനക്കാർ തന്നെ ഓരോ സംഭവവും തിരിച്ചറിഞ്ഞതോടെയാണ് മുത്തൂറ്റിന്റെ ശ്രമങ്ങൾ പരാജയപ്പെടാൻ കാരണമായത്. ഇതോടെയാണ് മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്ന കാര്യവും വെളിയിൽ വന്നത്.

മുത്തൂറ്റ് സമരത്തിന്നെതിരെ വാർ റൂം പോലുള്ള സംവിധാനം ക്രമീകരിച്ച് മാനെജ്‌മെന്റ് നടത്തുന്ന ഓപ്പറേഷൻസാണ് പുറത്തായത്. സമരത്തിന്നിടയിൽ നടക്കുന്ന സംഭവങ്ങൾ സിസിടിവി വഴി ഒപ്പിയെടുത്ത് വാർ റൂമിൽ എത്തിച്ചാണ് ജീവനക്കാരെ സിഐടിയു തീ തീറ്റിക്കുന്നു എന്ന രീതിയിൽ വീഡിയോ പുറത്തിറങ്ങിയത്. ചെറുതായ പൊതുജന പിന്തുണയും തുടക്കത്തിൽ ഈ ശ്രമങ്ങൾക്കിടയിൽ മുത്തൂറ്റ് നേടിയിരുന്നു. പക്ഷെ കള്ളത്തരങ്ങൾ താമസംവിനാ പൊളിഞ്ഞതോടെയാണ് ആസൂത്രിതമായി മാനെജ്‌മെന്റ് നടത്തുന്ന വാർ റൂം ശ്രമങ്ങൾ പുറത്തെത്തിയത്. വീഡിയോയിലെ സമയവും സന്ദർഭവും തിരിച്ചറിഞ്ഞു തൊഴിലാളികൾ തന്നെ രംഗത്ത് വന്നതാണ് മാനെജ്‌മെന്റിന് തിരിച്ചടിയായത്.

അടവുകൾ പൊളിഞ്ഞ് പാളീസായി

പതിനെട്ടു അടവും പഠിച്ച തന്ത്രജ്ഞൻ ആണെന്ന മുത്തൂറ്റ് മുതലാളിയുടെ അഹങ്കാരത്തിനു മുഖത്തടിയേൽപ്പിച്ചതും ഇപ്പോൾ ജീവനക്കാർ ആരംഭിച്ച സമരമാണ്. മാനെജ്‌മെന്റ് പയറ്റിയ പതിനെട്ടു അടവുകളും ഒന്നൊന്നായി ഈ സമരത്തിന്നിടെ പൊളിഞ്ഞു പാളീസാകുന്നതാണ് കേരളം കണ്ടത്. ജീവനക്കാർക്കിടയിലെ ഐക്യദാർഡ്യം കാരണമാണ് മുതലാളിയുടെ നീക്കങ്ങൾ പൊളിഞ്ഞത്. വിദഗ്ദ്ധമായ ആസൂത്രങ്ങളും പദ്ധതികളും പൊളിഞ്ഞു. ആദ്യ ദിവസങ്ങളിൽ അവകാശസമരം സിഐടിയുവിനെതിരെ തിരിച്ചു വിടാനും, രാഷ്ട്രീയവത്ക്കരിക്കാനും ശ്രമിച്ചു. ഈ തന്ത്രം ആദ്യം വിജയിച്ചു. ചില മാധ്യമങ്ങളും രാഷ്ട്രീയ ലാക്കോടെ മുത്തൂറ്റ് മുതലാളിക്ക് ഒപ്പം നിന്നപ്പോൾ തന്ത്രം വിജയിച്ചു. ഈ ആത്മവിശ്വാസത്തിൽ മുന്നോട്ടു പോകുമ്പോൾ തന്നെ വാർ റൂം രൂപീകരിച്ച് വീഡിയോകൾ എഡിറ്റ് ചെയ്ത് പുറത്തിറക്കി.

സമരവുമായി ബന്ധപ്പെട്ടു മാനെജ്‌മെന്റ് പുറത്തിറക്കിയ വീഡിയോകളുടെ മലവെള്ളപ്പാച്ചിലിൽ ആദ്യം പകച്ചു പോയെങ്കിലും ജീവനക്കാരും സിഐടിയുവും പിന്നീട് സത്യം മനസിലാക്കി. അതോടെയാണ് സമരത്തിൽ ഏർപ്പെട്ട ജീവനക്കാർ ഒന്നടങ്കം സിഐടിയുവിനു അനുകൂലമായി രംഗത്ത് വന്നത്.

സിഐടിയു ഞങ്ങളെ തേടി വന്നതല്ല. ഞങ്ങൾ സിഐടിയുവിനെ തേടി അങ്ങോട്ട് ചെന്നതാണ് ' എന്ന ടാഗ് ലൈനോടോ സോഷ്യൽ മീഡിയകളിൽ ജീവനക്കാർ പ്രതിരോധിച്ചതോടെ മുതലാളിയുടെ കണക്ക് കൂട്ടലുകൾ തെറ്റുകയും വികാരം സമരത്തിനു അനുകൂലമായി തിരിയുകയും ചെയ്തു. സിഐടിയു തുടങ്ങിയ സമരത്തിനു അനുകൂലമായി സർക്കാരും നയം മാറ്റിയതോടെ ഈ പ്രശ്‌നത്തിൽ കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിച്ചു പിൻവാങ്ങാൻ കഴിയാത്ത അവസ്ഥ വരുകയും ചെയ്തു.

പയറ്റിയത് ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം

അടച്ചു പൂട്ടൽ ഭീഷണിയിലൂടെ ജീവനക്കാരെ ഭിന്നിപ്പിച്ച് രണ്ട് തട്ടിലാക്കി ഒരു വിഭാഗത്തെ കൂടെ നിർത്തുക എന്നത് ആയിരുന്നു പിന്നീടുള്ള തന്ത്രം. അതിൽ ഒരു പരിധി വരെ മാനെജ്‌മെന്റ് വിജയിക്കുകയും ചെയ്തു. എങ്കിലും, ഭൂരിപക്ഷം ജീവനക്കാർ മറുപക്ഷത്ത് ആയതുകൊണ്ട് തന്നെ സമരം പൊളിക്കാൻ കഴിയാത്ത ഒരു നീക്കമായി അത് മാറുകയും ചെയ്തു. ഒപ്പം നീക്കം കോടതിയിലും പാളി. സമരം കോടതിയിൽ എത്തിയപ്പോൾ മീഡിയേഷനിൽ ചർച്ചക്ക് തയ്യാർ ആണോ എന്ന് ഇരു കൂട്ടരോടും കോടതി ചോദിച്ചിരുന്നു. മാനേജുമെന്റ് വക്കീലും യൂണിയന്റെ വക്കീലും കോടതിയെ തങ്ങളുടെ സമ്മതം അറിയിച്ചു, എന്നാൽ ഇതും പറഞ്ഞ് മാനേജുമെന്റ് വക്കീൽ മുതലാളിയെ കാണാൻ ചെന്നപ്പോൾ വിധംമാറി, കോടതിയുടെ മീഡിയേഷൻ തങ്ങൾക്ക് സ്വീകാര്യം അല്ലെന്ന് അതേ കോടതിയിൽ തന്നെ അറിയിക്കേണ്ട ഗതികേട് വരുത്തി.

കോടതിയുടെ മീഡിയേഷനിൽ വിഷയം വന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും താൻ തന്നെ ചിലപ്പോ അകത്തു പോകേണ്ടി വരുമെന്നും മനസിലാക്കിയായിരുന്നു ഈ നീക്കം. സോഷ്യൽ മീഡിയയും സമരത്തിന്നെതിരെ ഉപയോഗിച്ചു. സോഷ്യൽ മീഡിയായിൽ വ്യാജ ഐഡികൾ വച്ചുള്ള പിആർ വർക്ക് നടത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഈ സമരത്തിന് പിന്തുണ കൂടി വന്നു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് മറികടക്കാനുള്ള ശ്രമം പരാജയത്തിലേക്ക് നീങ്ങി. ജീവനക്കാരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി മാനെജ്‌മെന്റ് ആവിഷ്‌ക്കരിച്ചതാണ് സ്ഥാപനത്തിലുള്ള സിഐടിയു യൂണിയന്റെ തുടക്കം കുറിക്കലിന് അരങ്ങൊരുങ്ങിയത്. 2016ലാണ് മുത്തൂറ്റിൽ സിഐടിയു യൂണിയൻ ആരംഭിക്കുന്നത്.

അമിത ടാർജറ്റ് അടിച്ചേൽപിച്ച് ജീവനക്കാരെ വെറുപ്പിച്ചു

ഗൃഹോപകരണങ്ങളും മൊബൈൽ ഫോണുമൊക്കെ വിറ്റഴിക്കാൻ ജീവനക്കാരെ മുത്തൂറ്റ് ചുമതലപ്പെടുത്തി. ടാർജറ്റ് അടിച്ചേൽപ്പിച്ചു. ജീവനക്കാർ അതൃപ്തരായി. ഗോൾഡ് ലോൺ കമ്പനിയിൽ സ്റ്റാഫായി ചേർന്ന ഒരാൾ ഇത്രയും സാധനങ്ങൾ വിൽപ്പന നടത്തേണ്ട അവസ്ഥ വന്നു. സാധനങ്ങൾ വിൽക്കേണ്ട അവസ്ഥ വന്നപ്പോൾ ഇവർ സ്വയം വാങ്ങി നഷ്ടത്തിൽ പുറത്തുള്ളവർക്ക് വിറ്റഴിക്കേണ്ടി വന്നു. ജീവനക്കാർക്ക് ചെറിയ ശമ്പളത്തിന്നിടയിൽ തന്നെ കൈ നഷ്ടം വന്നു. 2012 നു ശേഷം ശമ്പള വർധനവ് ഉണ്ടായില്ല. ശമ്പള വർധനവില്ല, ജോലി ഭാരം, അമിത ടാർജറ്റ്. ജീവനക്കാർക്ക് ഭ്രാന്ത് വന്ന സമയത്താണ് ഇവർ സിഐടിയു യൂണിയനെക്കുറിച്ച് ആലോചിക്കുന്നത് തന്നെ. മാനേജർമാർക്ക് പ്രഷർ വന്നതോടെ അവർ ഈ പ്രഷറും താഴെ തട്ടിലേക്ക് എത്തിച്ചു.

ഇതും ജീവനക്കാർക്ക് താങ്ങാൻ കഴിയാത്ത അവസ്ഥ വന്നു. തൊണ്ണൂറു ശതമാനം ജീവനക്കാരും സിഐടിയു യൂണിയനിൽ മെമ്പർഷിപ്പ് എടുത്തു. ജീവനക്കാർ സ്വമേധയാ സിഐടിയുവിനെ സമീപിക്കുകയായിരുന്നു. അല്ലാതെ സിഐടിയു ജീവനക്കാരെ സമീപിക്കുകയായിരുന്നില്ല. അതുകൊണ്ടാണ് സിഐടിയു കുഴപ്പക്കാർ എന്ന പ്രചാരണം വന്നപ്പോൾ ഞങ്ങൾ സിഐടിയുവിനെ തേടി അങ്ങോട്ട് ചെന്നതാണ് എന്ന ഹാഷ് ടാഗുമായി തൊഴിലാളികൾ സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നത്. മുപ്പത്തിയാറ് വർഷം മുത്തൂറ്റിൽ ജോലി ചെയ്യുന്ന പ്രസാദ് വർഗീസിനെപോലുള്ളവർ താൻ വാങ്ങുന്ന ഇപ്പോഴത്തെ ശമ്പളം അതായത് 13228 രൂപ ശമ്പളം സാലറി സ്ലിപ്പ് അടക്കം സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയതോടെ മുത്തൂറ്റ് സമരത്തിനു പിന്തുണയുമായി സോഷ്യൽ മീഡിയ കൂടി ഒപ്പം വന്നു. ഇത്തരം വലിയ കള്ളക്കളികൾ ആണ് മുത്തൂറ്റ് സമരം വന്നപ്പോൾ മാനെജ്‌മെന്റ് പുറത്തെടുക്കുകയും സോഷ്യൽ മീഡിയയും ജീവനക്കാരും ഒത്ത് ചേർത്ത് പൊളിക്കുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP