Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ആയിരം ദിർഹംസ് പോലും എടുക്കാനില്ലാതെ കഷ്ടപ്പെടുന്ന നീ കോടീശ്വരനായ ഞാനുമായി പ്രശ്‌നമുണ്ടാകുമ്പോൾ എന്താണ് സംഭവിക്കുക എന്ന് അറിഞ്ഞിരിക്കുക നല്ലതാണ്; ഒരുപാട് പേരെ ഡീൽ ചെയ്താണ് ഞാൻ ഇവിടെ എത്തിയത്; എനിക്ക് യുഎഇയിൽ ഉള്ള സപ്പോർട്ട് നിനക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല; നീ നിന്റെ വീട്ടിക്ക് പോകൂല': ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് പുറത്തായതോടെ സൂത്രധാരനായ ആബിദ് ഷായുടെ ഓഡിയോ സന്ദേശം; മുന്നറിയിപ്പും ഭീഷണിയും പിരിഞ്ഞുപോയ കൂട്ടാളികൾക്ക്

'ആയിരം ദിർഹംസ് പോലും എടുക്കാനില്ലാതെ കഷ്ടപ്പെടുന്ന നീ കോടീശ്വരനായ ഞാനുമായി പ്രശ്‌നമുണ്ടാകുമ്പോൾ എന്താണ് സംഭവിക്കുക എന്ന് അറിഞ്ഞിരിക്കുക നല്ലതാണ്; ഒരുപാട് പേരെ ഡീൽ ചെയ്താണ് ഞാൻ ഇവിടെ എത്തിയത്; എനിക്ക് യുഎഇയിൽ ഉള്ള സപ്പോർട്ട് നിനക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല; നീ നിന്റെ വീട്ടിക്ക് പോകൂല': ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് പുറത്തായതോടെ സൂത്രധാരനായ ആബിദ് ഷായുടെ ഓഡിയോ സന്ദേശം; മുന്നറിയിപ്പും ഭീഷണിയും പിരിഞ്ഞുപോയ കൂട്ടാളികൾക്ക്

എം മനോജ് കുമാർ

 ദുബായി: ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ ഭീഷണിയുമായി ദുബായിലെ ടീം ഓഷ്യൻ മണി ചെയിൻ മാഫിയ. ടീം ഓഷ്യൻ മണി ചെയിൻ മാഫിയയെ നയിക്കുന്ന എടപ്പാൾക്കാരനായ ആബിദ് ഷാ നടത്തുന്ന ഓഡിയോ ഭീഷണി സന്ദേശമാണ് മറുനാടന് ലഭിച്ചത്. ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് മനസിലാക്കി ഇവരുടെ ടീമിൽ നിന്ന് ഒഴിഞ്ഞുപോയ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശമാണ് പുറത്തായത്. ഇവരുടെ വലയിൽ കുടുങ്ങി ജീവിതം നഷ്ടമായ സഫ് വാൻ എന്ന മലപ്പുറത്തുള്ള യുവാവിന്റെ വീഡിയോ സന്ദേശം ഉൾപ്പെടെയുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് മറുനാടൻ പുറത്തു വിട്ടത്.

വാർത്ത ദുബായി അടക്കമുള്ള ഗൾഫ് നാടുകളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. മറുനാടൻ വാർത്ത വന്നതോടെ ദുബായിലെ നിരവധി പേർ ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയ കഥകൾ പുറത്തു വിട്ടിരുന്നു. തട്ടിപ്പിന്റെ വൈപുല്യം ബോധ്യമായതോടെ കടുത്ത എതിർപ്പാണ് ദുബായിൽ നിന്നും ആബിദ് ഷായ്ക്കും കൂട്ടർക്കും എതിരെ ഉയർന്നത്. അതുകൊണ്ട് തന്നെ മലപ്പുറംകാരനായ ആബിദ് ഷാ തനി ഗുണ്ടാ രീതിയിൽ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ഭീഷണി മുഴക്കുകയാണ്. തനിക്കെതിരെ ഇവർ എന്തെങ്കിലും പരാതി നൽകുകയോ കേസ് ആവുകയോ ചെയ്താൽ 550 വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് ആബിദ് ഷായുടെ ഇവർക്ക് നേരെയുള്ള ഭീഷണി. സിനിമാ സ്‌റ്റൈലിൽ ഉള്ള മലപ്പുറം ഭീഷണിയാണ് ആബിദ് പുറത്തെടുക്കുന്നത്. ഭീഷണിയാണെങ്കിലും അതിൽ ആബിദിനുള്ള പരിഭ്രാന്തി കൂടി ഭീഷണിയിൽ ആബിദ് അറിയാതെ പുറത്ത് വരുകയും ചെയ്യുന്നുണ്ട്. ഭീഷണിയിൽ നടുങ്ങിയ മിഥിലാജും സത്താറും ദുബായി ഉപേക്ഷിച്ചു കേരളത്തിലേക്ക് എത്തി. ഈ ചെറുപ്പക്കാരുടെ ഗൾഫ് ജീവിത സ്വപ്നങ്ങൾ ആണ് ആബിദ് ഷാ യുടെ മണി ചെയിൻ മാഫിയ തകർത്തു കളഞ്ഞത്. കള്ള കേസിൽ കുടുക്കും എന്ന ഭയം കൊണ്ട് ഇവർക്ക് ദുബായിലേക്ക് തിരികെ പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന് ആണ് സഫ്വാൻ, മിഥിലാജ്ജ്, സത്താർ എന്നിവർ മറുനാടനോട് വ്യക്തമാക്കിയത്.

മിഥിലാജിനെ വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശം ഇങ്ങനെ:

ആയിരം ദിർഹംസ് എടുക്കാൻ വേണ്ടി കഷ്ടപ്പെടുന്ന നീ കോടിക്കണക്കിന് രൂപ കയ്യിലുള്ള ഞാനും തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നീ അറിഞ്ഞിരിക്കാൻ പോകുന്നത് നല്ലതാണ്.

മിഥിലാജേ നിന്റെ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു നീ എന്താണ് ചെയ്യാൻ പോകുന്നത് എന്ന്. നീ എന്ത് ചെയ്താലും എനിക്ക് അറിയാൻ പറ്റും.നീ പുതുതായി തുടങ്ങിയ നെറ്റ് വർക്ക് മാർക്കറ്റ് പൂട്ടിയോ? ജിഎസ്എ. ഇഎംഎ എന്താണ് സാധനം? സത്താർക്കായോട് പറഞ്ഞാളെ നമ്മളെ കുറിച്ച് നെഗറ്റീവ് ആയി മെസ്സേജ് അയച്ചാൽ അത് സത്താറിനു നല്ലതാവില്ലാ എന്ന് പറഞ്ഞാളെ...ഇത് പറഞ്ഞത് ആബിദ് ആണെന്നാണു എന്ന് കൂടി പറഞ്ഞാളെ...മനസിലായോ? സത്താറിനെ പോലുള്ള ഒരാളെ അല്ല ആബിദ് ഡീൽ ചെയ്തിരിക്കുന്നത്...

ഒരുപാട് ആളുകളെ ഡീൽ ചെയ്താണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. എനിക്ക് യുഎഇയിൽ ഉള്ള സപ്പോർട്ട് ഇല്ലേ? അത് മിഥിലാജിനോ സത്താറിനോ സ്വപനം കാണാൻ പോലും കഴിയുന്നതല്ല...മനസിലാകുന്നുണ്ടോ... ആ ലെവലിൽ ഉള്ള ഹോൾഡ് ഇവിടെ ഉണ്ട്. മനസിലായോ? ആബിദിനു പറഞ്ഞിട്ട് സത്താറും മിഥിലാജും വീട്ടിൽ കിടന്നു ഉറങ്ങില്ല....മനസിലാക്കിക്കോ?...

ഞാനീ പറയുന്ന കാര്യം ഇതൊന്നും വെറുതെ എടുക്കേണ്ട....നീ കുറച്ച് കാലം ഞങ്ങളുടെ കൂടെ ആണെന്നുള്ള റെസ്‌പെക്റ്റ് ആണ് നിനക്ക് നൽകുന്നത്. റീ ഫണ്ട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുമ്പോൾ അടുത്ത ലെവൽ എന്താണ് എന്ന് എനിക്ക് അറിയാം. കാള വാല് പൊന്തിക്കുന്നത്.. കുറച്ച് കാലമായി ഈ ബിസിനസ് തുടങ്ങിയിട്ട്...മനസിലായോ? ഇത് നിനക്കുള്ള അവസാനത്തെ വാണിങ് ആണ്. ഇനി ഇതിന്റെ പേരിൽ ഒരു ചെറു നീക്കം നടത്തിയാൽ മിഥിലാജേ നമ്മൾ തമ്മിൽ ഉള്ള ബന്ധം അങ്ങട്ട് മറക്കും...മനസിലാവുന്നുണ്ടോ?...

നീ നിന്റെ വീട്ടിക്ക് പോകൂല....അത് വേറെ കാര്യം... അതിനുള്ള കേസും ബാക്കിയുള്ള കാര്യങ്ങളും.. എനിക്ക് മിഥിലജിനും എതിരെ കൊടുക്കാൻ കഴിയും..മനസിലാവുന്നുണ്ടോ?...അതിനാണ് നിന്നെ ഞാൻ കാണണം എന്ന് പറഞ്ഞത്....ഓക്കേ....ആരെങ്കിലും വിളിക്കുകയാണെങ്കിൽ എന്നെ വിളിക്കാൻ പറയു... നീ എവിടെയാണ്... ഞാൻ റിലീഫ് മാളിന് അകത്തുണ്ട്....അവിടെ എവിടെ? അതിന്റെ ഫ്രണ്ടിൽ....എനിക്ക് ലൊക്കേഷൻ അയയ്ക്കു... ഞാൻ അവിടെ വരാം...സംഭാഷണം കട്ടാക്കുന്നു.

ദുബായിൽ മണി ചെയിൻ മാർക്കറ്റിങ് നടത്തി ആയിരക്കണക്കിന് മലയാളി യുവാക്കളെ പറ്റിച്ച നസീബ് ബിആർ, ആബിദ് ഷാ എടപ്പാൾ, ആബിദിന്റെ ഭാര്യ അസ്മ, ടിക് ടോക് സ്റ്റാർ ശ്രുതി തമ്പി, താഹിർ, ഹബീബ്, ഖാദർ, അജ്മൽ എന്നിവർ നടത്തിയ ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പിന്റ കഥ മറുനാടൻ പുറത്ത് വിട്ടിരുന്നു, ഇതേ തുടർന്ന് മറുനാടന്റെ ഓഫീസിലും ഇവർ വിളിച്ച് കൊലവിളി നടത്തുകയും മറുനാടൻ ഓഫീസ് അടിച്ച് തകർക്കും എന്നും ഭീഷണിപ്പെടുത്തിയിരുന്നു.

തട്ടിപ്പ് നടത്തിയവരിൽ ഒരാളായ നസീബ് മുൻ സിഇടി വിദ്യാർത്ഥി

ടീം ഓഷ്യൻ ഉടമയിൽ ഒരാളായ നസീബ് ബിആർ, മുൻ സിഇടി വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമാണ്. വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിലും കേരളത്തിലും ആയി ഒരുപാട് ആളുകളെ മണി ചെയിനിൽ കുടുക്കി ചതിച്ചാണ് നസീബ് ദുബായിൽ എത്തിയത്. നസീബും ആബിദും അസ്മയും ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് സ്ഥിര താമസം. ടീം ഓഷ്യന്റെ മണി ചെയിൻ തട്ടിപ്പു വിവരം പുറത്തുകൊണ്ട് വന്ന സഫ്വാൻ പാണ്ടിക്കാടിനെയും ( മലപ്പുറം ) ദുബായിൽ കള്ള കേസിൽ കുടുക്കുവാൻ ആബിദും ഭാര്യ അസ്മ യും ശ്രമിച്ചിരുന്നു. ഇവരുടെ ചതി മനസിലാക്കിയ സഫ്വാന്റെ ദുബായിലെ ബന്ധുക്കൾ ഉടനടി ഇടപെട്ട് സഫ്വാനെ നാട്ടിൽ എത്തിക്കുകയാണ് ചെയ്തത്. എന്നാൽ സഫ്വാൻ പാണ്ടിക്കാട് തന്റെ പാണ്ടിക്കാട്‌ലെ വീട്ടിൽ എത്തിയതിനു ശേഷവും ആബിദിന്റെ കേരളത്തിലെ ഗുണ്ടകൾ സഫ്വാൻ നെ വെറുതെ വിട്ടില്ല, ഇനി പരാതിപ്പെട്ടാൽ സഫ്വാന്റെ വീട്ടിൽ കയറി സഫ്വാനെയും കുടുംബത്തെയും കൊന്ന് കളയും എന്ന് ഇവർ ഫോണിൽ ഭീഷണി മുഴക്കിയിരുന്നു.

തനിക്കു നഷ്ട്ടപ്പെട്ട പണം തിരികെ ചോദിക്കാൻ ബുർജ്മാൻ മാളിൽ എത്തിയ സേഫ്വാനെയും സുഹൃത്തുക്കളെയും ആബിദ്ഗുണ്ടകളെ ഉപയോഗിച്ച് കാർ പാർക്കിംഗിൽ ഇട്ട് തല്ലി ചതച്ചിരുന്നു എന്നാൽ കേസിൽ നിന്നും ആബിദ് ഊരി. സഫ്വാനെ പോലെ ഒരു വർഷം മുൻപ് ടീം ഓഷ്യൻ മണി ചെയിൻ ൽ നിന്ന് തെറ്റി പിരിഞ്ഞ ബേസിൽ, മനീഷ് എന്നിവരെ സ്വന്തം ഭാര്യ അസ്മയെ കയറി പിടിച്ചു എന്ന് പറഞ്ഞ് ആബിദ് ദുബായിൽ കള്ള കേസിൽ കുടുക്കിയിരുന്നു. ഇതേ തുടർന്ന് ദുബായിൽ നിന്ന് ബേസിലിനെ ഡീപോർട്ടഷൻ ചെയ്യുക ഉണ്ടായി, ആബിദ് ഷാ യുടെ ഫോൺ സംഭാഷണത്തിൽ ബേസിലിനെയും മനീഷിനെയും കള്ള കേസിൽ കുടുക്കിയ കാര്യം ആബിദ് തന്നെ പറയുന്നത് വ്യക്തമായി കേൾക്കാം. ഇവരുടെ തട്ടിപ്പിന് ഇരയായവരെയും ഇവർക്കെതിരെ പ്രതികരിക്കുന്നവരെയും ദുബായിൽ കള്ള കേസിൽ കുടുക്കും എന്ന് വ്യകതമായി ആബിദ് ഷാ തന്നെ പറയുന്നുണ്ട്.

ടീം ഓഷ്യൻ മണി ചെയിനിന്റെ തട്ടിപ്പുകൾ ഈ വിധം

ഇന്ത്യയിൽ നിരോധിച്ച ക്യു നെറ്റ് എന്ന മണി ചെയിൻ കമ്പനിക്ക് വേണ്ടിയാണ് ടീം ഓഷ്യൻ ദുബായിൽ പ്രവർത്തിക്കുന്നത് എന്നാണ് ആബിദും നസീബും എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാൽ ദുബായിൽ നിയമപരമായി ഇവർക്കു പണം വാങ്ങാൻ പറ്റാത്തതുകൊണ്ട് കേരളത്തിലെ ഹവാല വഴി കാഷ് ആയിട്ടാണ് എല്ലാവരുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് അതിന് വേണ്ടി ടിക് ടോക് താരം ശ്രുതി തമ്പിയെയും ഇവർ ഏർപ്പെടുത്തിയത്. , ദുബായിൽ ജോലി അനേഷിച്ചു വരുന്ന യുവാക്കളും തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്ന യുവാക്കളും ആണ് ഇവരുടെ ഇരകൾ. ഇവരെ എല്ലാം ബർദുബൈയിൽ ഉള്ള ബുർജ്മാൻ മാളിലെ കോഫി ഷോപ്പിൽ അല്ലെങ്കിൽ ടീ സോൺ കഫെ യിൽ വിളിച്ചു വരുത്തി സ്വപ്ന വാഗ്ദാനങ്ങൾ പറഞ്ഞ് മയക്കി 8500 ദിർഹംസ് അല്ലെങ്കിൽ ഒന്നര ലക്ഷം ഇന്ത്യൻ രൂപ വാങ്ങി, 100 ദിർഹംസ് അതായത് രണ്ടായിരം രൂപ പോലും വില വരാത്ത ഡ്യൂപ്ലിക്കേറ്റ് പ്രോഡക്റ്റ് കളും കോപ്പി വാച്ച്കളും ഉപയോഗ ശൂന്യമായ മൊബൈൽ ആപ്ലിക്കേഷൻസും പകരം നൽകിയാണ് ഡയറക്റ്റ് സെയിൽസ് എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഇതിൽ ആളുകളെ ചേർത്താൻ ഇവരെ നിർബന്ധിക്കുകയും ആളുകളെ ചേർത്തിയാൽ ലക്ഷക്കണക്കിന് രൂപ കമ്മീഷൻ, റോൾസ് റോയ്സ്, ലബോർഗിനി പോലത്തെ ആഡംബര കാറുകൾ ക്യു നെറ്റ് ൽ നിന്നും ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇനി ആളുകളെ ചേർക്കുന്ന ചെറുപ്പക്കാർക്ക് അതിന്റ കമ്മീഷൻ പോലും കൊടുക്കാതെ ആബിദും ആസ്മയും എല്ലാ കാശും മുക്കുന്നു-ഇതാണ് ഇവർക്കെതിരെ യുവാക്കൾ പരാതിപ്പെടുന്നത്.

തട്ടിപ്പുകൾ നടത്തുന്നത് ബുദ്ധിപൂർവ്വം

ടീം ഓഷ്യൻ മണി ചെയിനിന്റെ ശൃഖലയിൽ കുടുങ്ങിയാൽ പിന്നെ തിരികെ പോരുക വളരെ ബുദ്ധിമുട്ടാണ്. തിരികെ പോകാനോ അതോ ഇവർക്കെതിരെ തിരിയുകയോ ചെയ്താൽ കഞ്ചാവ് മയക്കു മരുന്ന് പെണ്ണ് കേസ് എന്നിങ്ങനെ കള്ള കേസുകളിൽ കുടുക്കും എന്ന് ഇവർ ഭീഷണി മുഴക്കും. നസീബും ആബിദും ആസ്മയും വരുണും താഹിറും ചേർന്നുള്ള ഭീഷണിയാണിത്. അല്ലെങ്കിൽ മറ്റു മണി ചെയിൻ, ബിറ്റ് കോയിൻ കമ്പനിയുടെ ആളായി അവരെ ചിത്രീകരിച്ചു കൊണ്ട് ബുദ്ധി പൂർവ്വം കരുക്കൾ നീക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് വളരെ പെട്ടെന്ന് ആയിരുന്നു ആബിദ് ഷാ യുടെയും അസ്മയുടെയും വളർച്ച. ഇതിന്റെയെല്ലാം പിന്നിൽ ചതിയുടെയും വഞ്ചനയുടെയും കഥകൾ ഒളിഞ്ഞിരിക്കുന്നു. ഇവർക്കെതിരെ ഉന്നത തലത്തിൽ അനേഷണം വേണം എന്നാണ് മണിചെയിനിൽ കുടുങ്ങി വഞ്ചിതരായവർ ആവശ്യപ്പെടുന്നത്.

ഈ തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായ യുവാക്കൾ, കേന്ദ്ര സർക്കാർ വഴി ഇവരുടെ തട്ടിപ്പിനെക്കുറിച്ച് യുഎഇ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാൻ ഒരുങ്ങുകയാണ് തട്ടിപ്പിന്നിരയായവർ. മണി ചെയിൻ തട്ടിപ്പിനെക്കുറിച്ച് ഇന്ത്യൻ എംബസിയെഅറിയിക്കാനും ഇവർ ശ്രമം തുടങ്ങിയിട്ടുണ്ട്. ബേസിൽ, മനീഷ്, മിഥിലാജ്, സത്താർ, സഫ്വാൻ എന്നിവരുടെ ജീവൻ തന്നെ ഇപ്പോൾ അപകടത്തിൽ ആണ് ഇവർക്ക് ആർകെങ്കിലും എന്തെകിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ആബിദ് ഷാ, നസീബ്, അസ്മ, ശ്രുതി തമ്പി, വരുൺ മുണ്ടയാടാൻ, താഹിർ എന്നിവർ ആയിരിക്കും എന്നും ഈ യുവാക്കൾ പറയുന്നു. കെഎംസിസി ഉൾപ്പടെ ദുബായിലെ പല സാമൂഹിക സംഘടനക്കും ഈ തട്ടിപ്പിനെ കുറിച്ച് ഇവർ വിവരം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന സംഘം വൻ മണി ചെയിൻ തട്ടിപ്പ് നടത്തിയെന്ന വാർത്ത മറുനാടൻ പുറത്തു വിടുന്നത്. ബുർജ് മാൾ കേന്ദ്രീകരിച്ച് നടത്തിയ മണി ചെയിൻ തട്ടിപ്പിൽ ഒട്ടേറെ മലയാളികൾ കുടുങ്ങിയയിട്ടുണ്ട്. ബുർജ് ജ് മാളിലെ ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനിക്കെതിരെയാണ് ആരോപണം ഉയർന്നത്. മലയാളികൾ അടങ്ങിയ ഒരു സംഘം ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനി എന്ന പേരിൽ നടത്തിയ മണി ചെയ്ൻ തട്ടിപ്പിൽ കുരുങ്ങിയ മലപ്പുറം സ്വദേശി സഫ് വാന്റെ കരുണയഭ്യർഥിക്കുന്ന വീഡിയോ വൈറലായ ശേഷമാണ് ഇവർ നടത്തിയ മണി ചെയ്ൻ തട്ടിപ്പിനെക്കുറിച്ച് ദുബായിലുള്ള മലയാളികൾ ബോധവാന്മാരാകുന്നത്. ഈ വീഡിയോ മറുനാടൻ പുറത്തു വിട്ടിരുന്നു. മണി ചെയിൻ തട്ടിപ്പ് നടത്തിയ ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനിക്ക് നേതൃത്വം നൽകിയ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർക്ക് എതിരെയാണ് മറുനാടൻ വാർത്ത നൽകിയത്. തട്ടിപ്പിൽ കുരുങ്ങിയ ജീവിതം നഷ്ടമായ സഫ് വാന്റെ കഥയാണ് മറുനാടൻ പറഞ്ഞത്. ഇതാണ് സഫ് വാൻ വീഡിയോയിൽ പറഞ്ഞത്.

കുടുങ്ങിയത് കടം വീട്ടിത്തരാം എന്ന മോഹനവാഗ്ദാനത്തിൽ

എന്റെ പേര് സഫ് വാൻ. ഞാൻ പാണ്ടിക്കാട് സ്വദേശിയാണ്. ഇപ്പോൾ ദുബായിൽ. രണ്ടു വർഷമായി ദുബായിൽ. ഞാൻ മണി ചെയിൻ തട്ടിപ്പിന്റെ ഇരയാണ്. ഓഷൻ ഇവന്റ് മാനെജ്മെന്റ് എന്ന മണി ചെയിൻ തട്ടിപ്പ് കമ്പനിയാണ് എന്നെ കുരുക്കിയത്. കടം കയറി മുടിഞ്ഞാണ് ദുബായിൽ വന്നത്. ഇവിടെ എന്റെ സുഹൃത്ത് അജ് മലിനെ ഞാൻ കണ്ടുമുട്ടി. അവർ എന്നോടു എല്ലാ കാര്യങ്ങളും സംസാരിച്ചു. നിന്റെ കടങ്ങൾ എല്ലാം ഞാൻ വീട്ടിത്തരാം എന്നാണു അവൻ പറഞ്ഞത്. പിന്നീട് അവൻ എന്നെ റിലീഫ് മാളിലേക്ക് വിളിച്ചു. സലാഹുദീൻ ആണ് കടം വീട്ടിത്തരാം എന്ന് പറഞ്ഞത്. അവിടെ ഒരു കോഫി ഷോപ്പിൽ ഇരുത്തി. ഒരു മക്കാനയിൽ ജോലി ചെയ്യാൻ വന്നതാണ് ഇവർ രണ്ടുപേരും. നസിബ് ബി.ആർ ആബിദ് ഷാ എന്നിവരുടെ ഫോട്ടോ കാണിച്ചു തന്നു. റോൾസ് റോയിസ്, ലംബോർഗിനി എന്നീ കാറുകൾ ആണ് കാണിച്ചു തന്നത്. ഞാൻ ഇവരുടെ വാക്കുകളിൽ മയങ്ങി. അതിനു ശേഷമാണ് ഞാൻ തട്ടിപ്പിൽ കുരുങ്ങുന്നത്. ഒരു പുരുഷനും സ്ത്രീയും വന്നു. എനിക്ക് പല ക്ലാസുകളും എടുത്തു.

8150 ദിർഹം മുടക്കിയാൽ ആഴ്ചയിൽ 49000 ദിർഹം വരെ ലഭിക്കുന്ന പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് എന്ന് പറഞ്ഞു എന്ന ജോയിൻ ചെയ്യിപ്പിച്ചു. എന്റെ കയ്യിൽ 120 ദിർഹംസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ വാങ്ങി. എണ്ണായിരം ദിർഹം എത്രയും വേഗം സംഘടിപ്പിക്കണം എന്ന് പറഞ്ഞു. ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനിയുടെ തലപ്പത്ത് നസിബ് ബി.ആർ ആബിദ് ഷായും ആണ് എന്നാണ് പറഞ്ഞത്. ഇവർ കോടീശ്വരന്മാർ ആണെന്നാണ് ഇവർ പറഞ്ഞത്. ഇവർ എന്നെ ഫോഴ്സ് ചെയ്തു. എണ്ണായിരം ദിർഹം എത്രയും വേഗം എത്തിക്കാൻ ഇവർ പറഞ്ഞു. എന്റെ സുഹൃത്തുണ്ട്. ആ സുഹൃത്ത് വഴിയാണ് ഞാൻ ഇവർക്ക് പണം ലഭ്യമാക്കിയത്. അതോടെ ഇവരുടെ തട്ടിപ്പിൽ ഞാൻ കണ്ണിയായ രീതിയിലായി. മൂന്നു സിം ആണ് ഇവർ എടുത്തത്. എല്ലാം എന്റെ പേരിൽ. എല്ലാം പോസ്റ്റ് പെയിഡ് സിം ആയിരുന്നു. ഞാൻ വേണ്ടാ എന്നു പറഞ്ഞതാണ്. പക്ഷെ അവർ സിം എടുത്തു. നീ പണം അടയ്ക്കേണ്ട. ഇവർ അടയ്ക്കും എന്നാണ് പറഞ്ഞത്. അതിനു ശേഷം മൊബൈൽ കമ്പനിയുടെ മെസ്സേജ് വന്നു. പണം അടയ്ക്കാൻ. അപ്പോൾ അവരെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഇതോടെയാണ് ഞാൻ കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കുന്നത്.

അജ് മലും നസീബും ആബിദ് ഷാ എന്നിവർ ബുർജ്മാളിൽ ഉണ്ടെന്ന വിവരം എനിക്ക് ലഭിച്ചു. ഞാൻ ബുർജ് മാളിലേക്ക് പോയി. അവിടെ കാദർ ഉണ്ടായിരുന്നു. കാദർ എന്നെ കണ്ടയുടൻ പറഞ്ഞു. നീ ഇവിടെ കാലു ചവിട്ടിയാൽ നിന്റെ കയ്യും കാലും വെട്ടിയെടുക്കും...ഈ ഭീഷണിയാണ് കാദറിൽ നിന്നും ലഭിച്ചത്. പത്ത് മുപ്പത് പേർ എന്നെ താഴെ കാർ പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി എന്നെ തല്ലി. കാദർ, ഹബീബ്, താഹിർ, ബാബു, വരുൺ മുണ്ടയാട്, എന്നിങ്ങനെ അഞ്ചാറു പേരുണ്ട്. ഇവർ എന്നെ ഒരുപാട് തല്ലി. ഇവരെ എനിക്ക് കണ്ടാൽ അറിയാം. പതിനായിരം ദിർഹമിന്റെ ബില്ലാണ് എന്റെ പേരിൽ ഉള്ളത്. എന്റെ വിസ പുതുക്കാൻ ഇത് കാരണം കഴിഞ്ഞില്ല. മൊബൈൽ കമ്പനിയുടെ ലീഗൽ നോട്ടീസുമുണ്ട്.

ഞാൻ ആകെ പെട്ട് നിൽക്കുകയാണ്. എന്റെ വീട്ടിൽ നാല് പെങ്ങമ്മാരും ഉമ്മയും ഉപ്പയും മാത്രമേയുള്ളൂ. ഉപ്പ ഹാർട്ട് പേഷ്യന്റ് ആണ്. ഉമ്മയ്ക്കും സുഖമില്ല, ഞാൻ മാത്രമാണ് ഇവർക്ക് ആകെയുള്ള ആൺ തരി. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കണം, ഇരുപതിനായിരം ദിർഹം കിട്ടിയാൽ മാത്രമേ എനിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയൂ. ഈ വീഡിയോ കാണുന്ന ആരെങ്കിലും എന്നെ സഹായിക്കണം. എന്റെ അഭ്യർത്ഥന ഇതാണ്.- സഫ് വാൻ പറയുന്നത്. ഈ വീഡിയോ വന്ന ശേഷം സഫ് വാന്റെ ബന്ധുക്കൾ സഫ് വാനെ ബുദ്ധിപൂർവ്വം നാട്ടിലെത്തിക്കുകയായിരുന്നു. പക്ഷെ സഫ് വാന്റെ കരഞ്ഞുകൊണ്ടുള്ള അപേക്ഷയും മറുനാടൻ വാർത്തയും വന്നതോടെ മണി ചെയ്ൻ തട്ടിപ്പ് നടത്തി ഗൾഫിൽ ആർഭാടപൂർണ ജീവിതം നയിച്ചുകൊണ്ടിരുന്ന നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർക്കെതിരെ മലയാളികൾക്കിടയിൽ രോഷം പതഞ്ഞുയരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP