Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അച്ഛന്റെ വാത്സല്യത്തോടെ ശിവനെ നെഞ്ചോട് ചേർത്ത് പുറത്തുതടവി ആശ്വാസം ചൊരിഞ്ഞ് മോദി; അവസാന നിമിഷം ദൗത്യം അനിശ്ചിതത്വത്തിലായതിന്റെ വേദനയിൽ പൊട്ടിക്കരഞ്ഞ് ഇസ്രോ ചെയർമാൻ; ഇല്ല ..അടുത്ത വട്ടം നമ്മൾ ലക്ഷ്യം കാണുമെന്ന ധൈര്യം ശരീരഭാഷയിൽ പ്രകടിപ്പിച്ച് പ്രധാനമന്ത്രി; ഓരോ ശാസ്ത്രജ്ഞനോടും ആശ്വാസവാക്ക്; നിരാശ പ്രതീക്ഷയാക്കുന്ന അത്ഭുതനയചാതുര്യം; ഐ എസ് ആർ ഒ കേന്ദ്രത്തിൽ നിന്നും മോദി മടങ്ങിയത് തോറ്റിട്ടല്ല; ഇന്ത്യ ഒരിക്കലും തോൽക്കില്ലെന്ന ഉറച്ച സന്ദേശം നൽകി

അച്ഛന്റെ വാത്സല്യത്തോടെ ശിവനെ നെഞ്ചോട് ചേർത്ത് പുറത്തുതടവി ആശ്വാസം ചൊരിഞ്ഞ് മോദി; അവസാന നിമിഷം ദൗത്യം അനിശ്ചിതത്വത്തിലായതിന്റെ വേദനയിൽ പൊട്ടിക്കരഞ്ഞ് ഇസ്രോ ചെയർമാൻ; ഇല്ല ..അടുത്ത വട്ടം നമ്മൾ ലക്ഷ്യം കാണുമെന്ന ധൈര്യം ശരീരഭാഷയിൽ പ്രകടിപ്പിച്ച് പ്രധാനമന്ത്രി; ഓരോ ശാസ്ത്രജ്ഞനോടും ആശ്വാസവാക്ക്;  നിരാശ പ്രതീക്ഷയാക്കുന്ന അത്ഭുതനയചാതുര്യം; ഐ എസ് ആർ ഒ കേന്ദ്രത്തിൽ നിന്നും മോദി മടങ്ങിയത് തോറ്റിട്ടല്ല; ഇന്ത്യ ഒരിക്കലും തോൽക്കില്ലെന്ന ഉറച്ച സന്ദേശം നൽകി

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ഇസ്രോയിൽ ഇന്ന് കണ്ടത് രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന രംഗങ്ങൾ. രാജ്യം ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞർക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചന്ദ്രയാൻ രണ്ട് ദൗത്യം വിജയം കണ്ടില്ലെങ്കിലും തോൽവി ഭാവിജയത്തിലേക്കുള്ള പാഠമാണെന്ന ശുഭസന്ദേശം പകർന്നാണ മോദി ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് മടങ്ങിയത്. ചന്ദ്രയാൻ-2 വിക്ഷേപിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത മോദി ഓർമിപ്പിച്ച രണ്ടുപാഠങ്ങളുണ്ട്: 'വിശ്വാസവും ഭയരാഹിത്യവും'. അതേ വാക്കുകൾ ശരീരഭാഷയിലൂടെ ഓർമ്മിപ്പിച്ച് കൊണ്ടാണ് മോദി ഇന്ന് ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചത്

നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടരുത്... ഇനിയും ശ്രമം തുടരും. നമ്മൾ വിജയം നേടുകതന്നെ ചെയ്യും'' -പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവനോടും സഹപ്രവർത്തകരായ ശാസ്ത്രജ്ഞരോടുമായി പറഞ്ഞു. ഇതുവരെ കൈവരിച്ചത് വലിയനേട്ടങ്ങൾ തന്നെയാണ്. ഈ പരിശ്രമങ്ങൾ ഇനിയും തുടരും. ഞാനും രാജ്യവും നിങ്ങളോടൊപ്പമുണ്ട്.- അദ്ദേഹം പറഞ്ഞു.ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് മടങ്ങും മുമ്പ് ഡോ.കെ.ശിവനെ ചേർത്ത് നിർത്ത് ആശ്വസിപ്പിച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങളാണുണ്ടായത്. ശിവൻ ഒരുകുട്ടിയെ പോലെ മോദിയുടെ നെഞ്ചോട് ചേർന്ന് പൊട്ടിക്കരഞ്ഞു.

ചേർത്ത് നിർത്തി പുറത്തുതട്ടി ആത്മധൈര്യം പകരുന്ന കാഴ്ച രാജ്യത്തിനാകെ മാതൃകയായി. പരാജയങ്ങളിൽ തളർന്നുവീഴുകയല്ല, പാഠങ്ങൾ പഠിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് ആത്മവിശ്വാസം. ലക്ഷ്യത്തിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപോകരുതെന്ന സന്ദേശം. പൊട്ടിക്കരഞ്ഞ ശിവനും പ്രധാനമന്ത്രിയുടെ സാന്ത്വനം വലിയ ആശ്വാസമായിരിക്കണം. പ്രതിസന്ധിയിലും, അനിശ്ചിതത്വങ്ങളിലും തളരാതെ മുന്നോട്ടുപോകാനുള്ള കരുത്താണ് പിതൃതുല്യമായ വാത്സല്യത്തോടെ മോദി പകർന്നത്. ധൈര്യം കൈവിടരുതെന്നും ശുഭകരമായ ഭാവിയാണ് കാത്തിരിക്കുന്നതെന്നും മോദി ആശ്വാസ വാക്കുകൾ ചൊരിഞ്ഞു.

വിക്രം ലാൻഡറിന് തിരിച്ചടിക്ക് പിന്നാലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പ്രസംഗം അവസാനിച്ചതോടെ ഐഎ്‌സ്ആർഒ ചെയർമാൻ പൊട്ടിക്കരയുന്നത് കാണാമായിരുന്നു. പിന്നീട് ഇസ്രോ ആസ്ഥാനത്ത് നിന്ന് വിടവാങ്ങും മുമ്പാണ് മോദി കെ.ശിവനെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചത്. ചന്ദ്രയാൻ-2 ന് സംഭവിച്ച തട്സ്സങ്ങൾ മറികടക്കണം. പുതിയൊരു പുലരി കാത്തിരിക്കുന്നുണ്ട്, ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ പ്രസംഗത്തിന്റെ സാരം. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിങ്ങൾ എന്ത് വികാരത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് നിങ്ങളുടെ കണ്ണുകളിൽ കാണാമായിരുന്നു. ഇന്ത്യയുടെ അഭിമാനത്തിന് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നു. അതിനെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാവാം. അടുത്ത തവണ നമ്മൾ ലക്ഷ്യം കൈവരിക്കും. പരാജയം ഒന്നുമല്ലെന്നും അത് ജീവിതത്തിൽ വിജയത്തിന്റെ ചവിട്ടുപടിയാണെന്നും നാടിനോട് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു മോദി.

ചന്ദ്രയാനിൽ അനിശ്ചിതത്വം

ചന്ദ്രോപരിതലത്തിൽനിന്ന് 2.1 കിലോമീറ്റർ അകലെവച്ചാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ദൗത്യം പരാജയപ്പെട്ടതിന്റെ സൂചനയാണ് ഇത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാൻഡർ (വിക്രം) ഇറങ്ങുന്നതിനെടുക്കുന്ന 15 മിനിറ്റ് നിർണായകമായിരുന്നു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ഇറങ്ങുന്നതിനുള്ള ഒരുക്കം തുടങ്ങി. ദക്ഷിണധ്രുവത്തിലുള്ള (ഇരുണ്ട) മാൻസിനസ്-സി, സിപ്ലിഷ്യസ്-എൻ എന്നീ ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിലാണ് ലാൻഡർ ഇറക്കേണ്ടിയിരുന്നത്. ഇത് സംഭവിച്ചില്ലെന്നാണ് സൂചന. സെക്കൻഡിൽ 1.6 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ ഉപരിതലം ലക്ഷ്യമാക്കി വരുന്ന ലാൻഡറിന്റെ വേഗം സെക്കൻഡിൽ രണ്ടു മീറ്ററായി കുറയ്ക്കണമായിരുന്നു. ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലാൻഡർ തകരാൻ ഇടയാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു.

ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കത്തിനിടെ ലാൻഡർ പകർത്തുന്ന ചിത്രത്തിന്റെ സഹായത്തോടെയാണ് ഇറങ്ങുന്ന സ്ഥാനം നിർണയിക്കേണ്ടിയിരുന്നത്്. ചന്ദ്രന്റെ പ്രതലത്തിലിറങ്ങുമ്പോഴുണ്ടാകുന്ന കനത്ത പൊടിപടലങ്ങളും ദൗത്യത്തിനു ഭീഷണിയായിരുന്നു. 15 മിനിറ്റിനുള്ളിൽ ഇതെല്ലാം പൂർത്തിയാക്കണം. ഇവിടെയാണ് പിഴച്ചതെന്നാണ് സൂചന. ലാൻഡർ പ്രതലത്തിൽ ഉറച്ചിരുന്നുവെങ്കിൽ നാലുമണിക്കൂറിനുള്ളിൽ റോവർ പുറത്തിറങ്ങുമായിരുന്നു. റോവർ ആണ് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തേണ്ടിയിരുന്നത്. റോവറിന് ആവശ്യമായ സന്ദേശങ്ങൾ ലാൻഡർ നൽകുമെന്നായിരുന്നു പ്രതീക്ഷ. റോവറും ലാൻഡറും നൽകുന്ന സന്ദേശങ്ങൾ ഓർബിറ്റർ വഴി ബെംഗളൂരു ബൈലാലുവിലെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ് വർക്കിൽ ലഭിക്കുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങൾ. ഇതിന്റെ അവസാന ഘട്ടമാണ് പിഴച്ചത്.

പുലർച്ചെ 01:36-ഓടെ ലാൻഡിങ് പ്രക്രിയക്ക് തുടക്കമായെങ്കിലും റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈൻ ലാൻഡിങ്ങിനിടെയായിരുന്നു അനിശ്ചിതത്വം ആരംഭിച്ചത്. ലാൻഡറിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാൻ വൈകിയത് ശാസ്ത്രജ്ഞരിൽ നിരാശ പടർത്തി. തുടർന്ന് ഐഎസ്ആർഒ ചെയർമാൻ പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ ഇതിനിടെ സന്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന വിവരം പുറത്തുവന്നെങ്കിലും ഏറെ വൈകാതെ ആ പ്രതീക്ഷയും നഷ്ടമായി. ഇതോടെയാണ് ദൗത്യം പരാജയപ്പെട്ടുവെന്ന റിപ്പോർട്ടുകളെത്തിയത്. രാജ്യം ഉറ്റുനോക്കിയ ചന്ദ്രയാൻ-2 സോഫ്റ്റ് ലാൻഡിങ്ങിൽ പിഴവുണ്ടായി എന്നാണ് സൂചന.

ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ലാൻഡറിൽനിന്ന് അവസാനം ലഭിച്ച സന്ദേശങ്ങൾ വിശകലനം ചെയ്ത് പേടകം എവിടെയാണെന്ന് കണ്ടുപിടിക്കുമെന്നും വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ് ലാൻഡിങ്ങിന്റെ ആദ്യഘട്ടങ്ങൾ വിജയകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലാൻഡറിൽനിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിൽ നിരാശരായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. പരാജയത്തിൽ നിരാശപ്പെടേണ്ടെന്നും നമ്മൾ ഈ ദൗത്യത്തിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു.

തുടർന്ന് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് കാണാനെത്തിയ വിദ്യാർത്ഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു. ഇതിനുശേഷമാണ് അദ്ദേഹം ഐഎസ്ആർഒ കേന്ദ്രത്തിൽനിന്ന് മടങ്ങിയത്. മോദി മടങ്ങിയതോടെ ദൗത്യം പരാജയപ്പെട്ടുവെന്നതിന് വ്യക്തമായ സൂചനയുമായി. ഇതിന് ശേഷം ശിവൻ പറഞ്ഞ വാക്കുകൾക്ക് അനുസരിച്ച് ഇസ്രോ കാര്യങ്ങൾ ഔദ്യോഗികമായി വിശദീകരിച്ചു. ഇതിനൊപ്പം ഇസ്രോ പ്രതിനിധി മാധ്യമങ്ങളോടും സംസാരിച്ചു. വ്യക്തമായി ഒന്നും പ്രതികരിച്ചതുമില്ല. എല്ലാം വിശകലനം ചെയ്ത് നിലപാട് അറിയിക്കുമെന്നും ഇസ്രോ വിശദീകരിച്ചു. പ്രതീക്ഷ പൂർണ്ണമായും പോയിട്ടില്ലെന്ന സൂചനയാണ് ഇസ്രോ നൽകുന്നത്. എങ്കിലും ലാൻഡറിൽ നിന്ന് പ്രതീക്ഷകൾ വേണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ.

ചന്ദ്രനു 2.100 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷൻ കോംപ്ലക്സിന് ലാൻഡറുമായുള്ള ബന്ധം നഷ്ടമായങ്കെിലും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിപ്പ് തുടരുകയാണ്. നാലു ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ചന്ദ്രയാൻ 2 ദൗത്യത്തിലെ സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിലാണ് ഇസ്റോയുടെ ഈ കേന്ദ്രം വിലയിരുത്തി തുടർനിർദ്ദേശങ്ങൾ നൽകിവന്നത്. ഇതിനിടെയാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്. പല ഷിഫ്റ്റുകളിലായി ഇസ്ട്രാക്കിൽ രാപകൽ ഇമചിമ്മാതെ പ്രവർത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പ്രശ്നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാർത്ഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ലാൻഡറിൽ നിന്ന് വിവരങ്ങൾ ലഭ്യമാകാതായതോടെ ആശങ്കയിലായ ശാസ്ത്രജ്ഞരെ മോദി ആശ്വസിപ്പിച്ചതിലും എല്ലാം ഒളിച്ചിരിപ്പുണ്ടായിരുന്നു.

This is Mission Control Centre. #VikramLander descent was as planned and normal performance was observed up to an altitude of 2.1 km. Subsequently, communication from Lander to the ground stations was lost. Data is being analyzed.#ISRO

- ISRO (@isro) September 6, 2019
ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും മോദി ശാസ്ത്രജ്ഞരോട് പറഞ്ഞു. ഐഎസ്ആർഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി'. വിക്രം ലാൻഡറിൽനിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയതിനെ തുടർന്ന് കേന്ദ്രം ശോകമൂകമായി. പ്രതീക്ഷകളുമായെത്തിയ ശാസ്ത്ര സമൂഹം നിരാശയിലായി. എന്നാൽ, ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഇടപെടൽ. ശാസ്ത്ര സംഘത്തിന് സമീപത്തെത്തിയ പ്രധാനമന്ത്രി ഇത് വലിയ നേട്ടമാണെന്നും രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. ദൗത്യം അവസാനിച്ചിട്ടില്ലെന്നും തുടരുമെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു.

ശേഷം ചോദ്യങ്ങളുമായെത്തിയ കുട്ടികളോടും പ്രധാനമന്ത്രി സംവദിച്ചു. ചെറിയ ചെറിയ നേട്ടങ്ങളിലൂടെയാണ് വലിയ വിജയങ്ങൾ നേടുകയെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ശേഷം കുട്ടികളോടൊത്ത് ഫോട്ടോക്ക് പോസ് ചെയ്താണ് പ്രധാനമന്ത്രി മടങ്ങിയത്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് രംഗത്തെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP