Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുണ്ടുരിയൽ വനവാസം സിനിമാക്കാരനാക്കി; ഷാജി കൈലാസ് പറഞ്ഞതു പോലെ അഭിനയിച്ചു; ഇപ്പോൾ അതേ സംവിധായകൻ തന്നെ വെറും രാഷ്ട്രീയക്കാരനുമാക്കി; മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു; രാജ്‌മോഹൻ ഉണ്ണിത്താൻ രാഷ്ട്രീയക്കാരിലെ നടനല്ലേ?

മുണ്ടുരിയൽ വനവാസം സിനിമാക്കാരനാക്കി; ഷാജി കൈലാസ് പറഞ്ഞതു പോലെ അഭിനയിച്ചു; ഇപ്പോൾ അതേ സംവിധായകൻ തന്നെ വെറും രാഷ്ട്രീയക്കാരനുമാക്കി; മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു; രാജ്‌മോഹൻ ഉണ്ണിത്താൻ രാഷ്ട്രീയക്കാരിലെ നടനല്ലേ?

മറുനാടൻ മലയാളി ബ്യൂറോ

രാഷ്ട്രീയക്കാർക്കിടയിലെ സിനിമാ നടനെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു നടന്നിരുന്നത്. അതുകൊണ്ട് തന്നെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എങ്കിലും എതിർപ്പുകളില്ലാതെ എത്താമെന്ന് ഈ കോൺഗ്രസുകാരൻ കരുതി. പക്ഷേ അതു തെറ്റി. രാഷ്ട്രീയക്കാരനെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തലപ്പത്ത് നിയമിച്ചതിന് എതിരെ പ്രതിഷേധം വന്നു. ചിലർ രാജിവയ്ക്കുമെന്ന് പറയുന്നു. ഇതിനെല്ലാം മറുപടിയായി രാജ്‌മോഹൻ ഉണ്ണിത്താന് ചൂണ്ടിക്കാണിക്കാൻ 18 സിനിമകളുണ്ട്. 2005ൽ തുടങ്ങിയ അഭിനയ ജീവിതം. പത്തുകൊല്ലം കൊണ്ട് 18 സിനിമകൾ. എന്നിട്ടും തന്നെ നടനായി അംഗീകരിക്കാത്തവരെക്കുറിച്ച് എന്ത് പറയണമെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ചോദ്യം.

സിനിമാക്കാരുടെ ക്രിക്കറ്റ് കളിയുണ്ട്. സിസിഎൽ. അതിൽ കപ്പടിക്കാൻ ക്രിക്കറ്റ് കളിക്കുന്ന പയ്യന്മാരെ വിളിച്ചു കൊണ്ടു വന്ന് ഒരു സിനിമയിൽ തലകാണിക്കുന്നു. എന്നിട്ട് ക്രിക്കറ്റ് കളിപ്പിച്ച് വിജയങ്ങൾ നേടാൻ ശ്രമിക്കുന്നു. അത്തരം ടീമുകളാണ് ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തെ വിമർശിക്കുന്നത്. അതിൽ മുന്നിൽ നിന്നത് ഷാജി കൈലാസാണ് എന്നതാണ് വിചിത്രം. അതിന് പിന്നിലൊരു കഥയുണ്ട്. ടൈഗർ എന്ന സിനിമയ്ക്ക് മുന്നിലുള്ള രാഷ്ട്രീയ ചിത്രം. പിന്നെ അതിന് ശേഷമുള്ള വെള്ളിത്തിരയിലേക്കുള്ള അവതാരവും.

ലീഡർ കെ കരുണാകരന്റെ മനസ്സും ശബ്ദവുമായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ. എ കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വെല്ലുവിളിച്ച് കരുണാകരൻ നടത്തിയ പോരാട്ടത്തിന്റെ മുന്നണി പോരാളി. ടിവി ചാനലുകളിൽ സൂപ്പർ സ്റ്റാർ. എല്ലാത്തനും കുറിക്കു കൊള്ളുന്ന മറുപടി. രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ വാർത്തകളായ കാലം. പക്ഷേ പെട്ടെന്നാണ് ഐ ഗ്രൂപ്പുമായി രാജ്‌മോഹൻ ഉണ്ണിത്താൻ അകന്നത്. കരുണാകരന്റെ മകൻ കെ മുരളീധരനുമായുള്ള ഭിന്നതയായിരുന്നു അതിന് കാരണമെന്നാണ് വിലയിരുത്തലുകൾ. രാജ്‌മോഹൻ ഉണ്ണിത്താനും പരസ്യമായി തന്നെ അത് പറഞ്ഞിട്ടുമുണ്ട്.

2004 ജൂൺ രണ്ടിനാണ് കോൺഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ മുണ്ടുരിയൽ സംഭവം അരങ്ങേറിയത്. പാർലമെന്റ് തിരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യാനായി തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയ രാജ്‌മോഹൻ ഉണ്ണിത്താനെയും ശരത്ചന്ദ്ര പ്രസാദിനെയും തടഞ്ഞു നിർത്തി ഒരുകൂട്ടർ ഇവരുടെ മുണ്ടുരിയുകയും മർദ്ദിക്കുകയും ചെയ്തു. ചാനലുകൾ ആഘോഷമാക്കിയ വാർത്ത. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്ന രാജ്‌മോഹൻ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും ഐ.ഗ്രൂപ്പിനെതിരായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇരുവർക്കുമെതിരെ ഒരുവിഭാഗം പ്രവർത്തകർ ആക്രമണം നടത്തിയത്. പിന്നീട് ഈ കേസ് ഒത്തുതീർപ്പായി എന്നതാണ് മറ്റൊരു വസ്തുത.

ഏതായാലും 2004 ജൂണിന് ശേഷം രാജ്‌മോഹൻ ഉണ്ണിത്താന് രാഷ്ട്രീയ വനവാസമായി. കരുണാകരനുമായി തെറ്റി. മുരളിയക്ക് താൽപ്പര്യമില്ല. നാട്ടുകാർക്ക് മുന്നിൽ അപമാനിക്കപ്പെട്ടു. ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും പരസ്യമായി പലതും പറഞ്ഞതിന്റെ വേദന എ ഗ്രൂപ്പിനുമുണ്ട്. ഇതോടെ രാജ്‌മോഹൻ ഉണ്ണിത്താന്റെ രാഷ്ട്രീയ ഗ്രാഫിൽ ചെറിയ മങ്ങലേറ്റ കാലം. ക്ഷേത്ര ദർശനവുമായി ഒതുങ്ങിക്കൂടിയ രാജ്‌മോഹൻ ഉണ്ണിത്താനെ തേടി ഒരു സംവിധായകനെത്തി. സൂപ്പർ താരപദവിയുള്ള തിരുവനന്തപുരത്തിന്റെ സംവിധായകൻ. അതോടെ വാർത്തകളായി. രാജ്‌മോഹൻ ഉണ്ണിത്താൻ വെള്ളത്തിരയിലെത്തുന്നു. രാഷ്ട്രീയ ജീവിതത്തിലെ തീപാറുന്ന ഡയലോഗുകൾ ക്യാമറയ്ക്ക് മുന്നിൽ ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തോടെ രാജ്‌മോഹൻ ഉണ്ണിത്താനെത്തി.

കമ്മീഷണറും കിങ്ങുമെടുത്ത് മലയാളിയെ കൈയിലെടുത്ത ഷാജി കൈലാസിന്റെ നിർബന്ധത്തിനാണ് രാജ്‌മോഹൻ ഉണ്ണിത്താൻ വഴങ്ങിയത്. അങ്ങനെ സുരേഷ് ഗോപി ചിത്രമായ ടൈഗറിൽ ഷാജി കൈലാസിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നടനായി. ടൈഗർ വിജയമായിരുന്നില്ലെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താന്റെ പേരിനുള്ള പ്രശസ്തി ഉപയോഗിക്കാൻ വീണ്ടും സംവിധായകരെത്തി. ഐവി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി ഡബിൾ റോളിലെത്തിയ ബൽറാം vs താരദാസിലും രാഷ്ട്രീയക്കാരനായ അധികാര കേന്ദ്രമായി രാജ്‌മോഹൻ ഉണ്ണിത്താനെത്തി. അങ്ങനെ രാഷ്ട്രീയ വനവാസകാലത്ത് ഉണ്ണിത്താന് സിനിമാ ലോകം ആശ്വാസമായി. പതിയെ കോൺഗ്രസിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി. ആന്റണിയുമായി എല്ലാം പറഞ്ഞു തീർത്തു. ഇതോടെ അംഗീകരാങ്ങളുമെത്തി.

2005ൽ ടൈഗറിലൂടെ അരങ്ങേറിയ രാജ്‌മോഹൻ ഉണ്ണിത്താന് 2006ൽ ഒരു രാഷ്ട്രീയ മത്സരത്തിനുള്ള അവസരം കോൺഗ്രസ് ഒരുക്കി. സിപിഐ(എം) കോട്ടയിൽ പ്രതാപശാലിയായ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുക. സിനിമാ അഭിനയമെന്ന വെല്ലുവിളി പോലും ഏറ്റെടുത്ത രാജ്‌മോഹൻ ഉണ്ണിത്താന് തലശ്ശേരിയിലേക്ക ്‌പോകാതിരിക്കാനായില്ല. പക്ഷേ പ്രതീക്ഷിച്ചത് മാത്രമേ സംഭവിച്ചുള്ളൂ. കോടിയേരി ജയിച്ചു മന്ത്രിയായി. ഉണ്ണിത്താൻ വീണ്ടും വിശ്രമത്തിലേക്ക് ഇതിനിടെയിലാണ് വീണ്ടും അഭിനയ ക്ഷണങ്ങൾ ലഭിച്ചത്. അങ്ങനെ പതിമൂന്ന് സിനിമകൾ. ബ്ലാക്ക് ഡാലിയ, കാഞ്ചിപുരത്തെ കല്ല്യാണം, കന്യാകുമാരി എക്സ്‌പ്രസ്, ഉപ്പുകണ്ടം ബ്രദേഴ്‌സ് രണ്ടാം ഭാഗം, വാസ്തവം, എൻട്രി, ജൂബിലി അങ്ങനെ പോകുന്നു സിനിമകൾ. ഇതിൽ വാസ്തവം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അഭിനയത്തിനിടെയിൽ വീണ്ടും വിവാദമെത്തി. മഞ്ചേരിയിലെ സ്ത്രീ പീഡന ആരോപണം. പക്ഷേ കോടതിയുടെ പിൻബലത്തോടെ കേസിലെ നൂലാമാലകളെല്ലാം മറികടന്ന് രാജ്‌മോഹൻ വീണ്ടും സജീവമായി. വെള്ളിത്തിരയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. പതുക്കെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്കും. പാർട്ടി വക്താവായി. 2013 വരെ അഭിനയം തുടർന്നു. പിന്നീട് കോൺഗ്രസിനുള്ളിൽ വക്താവെന്ന പദവിയിൽ തിരക്ക് കൂടിയതോടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കുമായി. അംഗീകാരങ്ങൾ ഒരിക്കലും ലഭിക്കാത്ത നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എന്ന രാഷ്ട്രീയ നേതാവ്. എഐസിസി അംഗം വരെയുള്ള പാർട്ടി പദവികൾക്ക് അപ്പുറം ഒന്നും ലഭിച്ചില്ല. 2006ൽ തോൽക്കുമെന്ന് എല്ലാവർക്കും ഉറപ്പുള്ള തലശ്ശേരിയിൽ അല്ലാതെ ആരും രാജ്‌മോഹൻ ഉണ്ണിത്താനെ തെരഞ്ഞെടുപ്പ് മത്സരത്തിനായി പരിഗണിച്ചില്ല.

കൊല്ലം പാർലമെന്റ്, ഡിസിസി പ്രസിഡന്റ് സ്ഥാനമുൾപ്പെടെ പലതും മോഹിച്ചെങ്കിലും ഒന്നും നടന്നില്ല. സ്ത്രീ പീഡനക്കേസുള്ളതിനാൽ 2011ലും സീറ്റ് ലഭിച്ചില്ല. രാജ്യസഭയിലേക്കും ആരും പരിഗണിച്ചില്ല. അങ്ങനെ ഇരിക്കെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കനിഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷനായി രാജ്‌മോഹൻ ഉണ്ണിത്താനെ മുന്നോട്ട് വച്ചു. കോൺഗ്രസുകാർക്കിടയിലെ നടനെന്ന പരിഗണന തന്നെയായിരുന്നു ഇതിന് കാരണം. അപ്പോൾ തെറ്റി. വിവാദങ്ങളായി. പക്ഷേ സ്ഥാനം ഒഴിയേണ്ടി വരില്ല. സിനിമയെ ശുദ്ധീകരിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താനുണ്ടാകും. പക്ഷേ അപ്പോഴും ഒരു വിഷമമുണ്ട്. തന്നെ നടനാക്കിയ ഷാജി കൈലാസ് തന്നെ തന്നെ തള്ളിപ്പറഞ്ഞു. യോഗ്യതകളെ ചോദ്യം ചെയ്തു. തന്നെ അധ്യക്ഷനായ കമ്മറ്റി സ്ഥാനം രാജിവയ്ക്കരുതെന്ന് പറഞ്ഞു. പതിനെട്ട് സിനിമകളിൽ അഭിനയിച്ച തനിക്ക് ചലച്ചിത്രത്തിന്റെ ഓരോ മേഖലയേയും അറിയാം. അതുകൊണ്ട് തന്നെ ഭരണവും സുഗമമാകുമെന്നാണ് ഉണ്ണിത്താന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP