Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അത്യാഡംബരത്തിൽ ആറാടി ജീവിച്ച ചിദംബരം ജയിലിൽ ഉറങ്ങുന്നത് സാധാരണ തടവ് മുറിയിൽ; സകല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ട മുൻ കേന്ദ്ര ആഭ്യന്തര-ധനമന്ത്രി തികഞ്ഞ അസ്വസ്ഥതയിൽ ഉറങ്ങാതെ നേരെ വെളുപ്പിച്ച് മുമ്പോട്ട്; ആദ്യം വിസമ്മതിച്ചെങ്കിലും ജയിൽ ഭക്ഷണത്തിൽ അഭയം കണ്ടെത്തി നേതാവ്; രാജാവിനെ പോലെ ജീവിച്ചയൊരാൾ അടിമയെ പോലെ കരയുന്നത് ഇങ്ങനെ  

അത്യാഡംബരത്തിൽ ആറാടി ജീവിച്ച ചിദംബരം ജയിലിൽ ഉറങ്ങുന്നത് സാധാരണ തടവ് മുറിയിൽ; സകല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ട മുൻ കേന്ദ്ര ആഭ്യന്തര-ധനമന്ത്രി തികഞ്ഞ അസ്വസ്ഥതയിൽ ഉറങ്ങാതെ നേരെ വെളുപ്പിച്ച് മുമ്പോട്ട്; ആദ്യം വിസമ്മതിച്ചെങ്കിലും ജയിൽ ഭക്ഷണത്തിൽ അഭയം കണ്ടെത്തി നേതാവ്; രാജാവിനെ പോലെ ജീവിച്ചയൊരാൾ അടിമയെ പോലെ കരയുന്നത് ഇങ്ങനെ   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലെ യുപിഎ സർക്കാരുകൾ ഇന്ത്യ ഭരിക്കുമ്പോൾ അതിശക്തനായിരുന്നു പി ചിദംബരം. ആഭ്യന്തരവും ധനകാര്യവും കൈകാര്യം ചെയ്ത മുൻ കേന്ദ്ര മന്ത്രി. ഇന്ന് തീഹാറിലെ ജയിലിലാണ് ചിദംബരം. ഐഎൻഎക്‌സ് മീഡിയ കേസിൽ വ്യാഴാഴ്ച വൈകിട്ടോടെ തിഹാർ ജയിലിലെ ഏഴാം നമ്പർ സെല്ലിൽ പ്രവേശിപ്പിച്ച ചിദംബരം രാത്രിയിലുടനീളം അസ്വസ്ഥനായിരുന്നുവെന്നു ജയിൽ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകളിലെ പ്രതികൾക്കുള്ള സാധാരണ സെല്ലിൽ ഉറക്കമില്ലാത്തതായിരുന്നു അദ്ദേഹത്തിന്റെ ജയിലിലെ ആദ്യരാത്രി.

അത്യാഡംബരത്തിൽ ആറാടി ജീവിച്ച ചിദംബരം ജയിലിൽ ഉറങ്ങുന്നത് സാധാരണ തടവ് മുറിയിലാണ്. സകല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ട മുൻ കേന്ദ്ര ആഭ്യന്തരധനമന്ത്രി തികഞ്ഞ അസ്വസ്ഥതയിൽ ഉറങ്ങാതെ നേരെ വെളുപ്പിച്ച് മുമ്പോട്ട് നീങ്ങുമ്പോൾ അതിൽ പകവീട്ടൽ കാണുകയാണ് കോൺഗ്രസ്. ജയിലിൽ എത്തിയ ശേഷം ആദ്യം വിസമ്മതിച്ചെങ്കിലും ജയിൽ ഭക്ഷണത്തിൽ അഭയം കണ്ടെത്തുകയാണ് ചിദംബരം ഇപ്പോൾ. രാജാവിനെ പോലെ ജീവിച്ചയൊരാൾ അടിമയെ പോലെ കരയുകയാണ് തീഹാറിൽ. ശത കോടീശ്വരനായ കേന്ദ്രമന്ത്രിയാണ് ചിദംബരം. പാരമ്പര്യമായി തന്നെ ശത കോടീശ്വരൻ. എന്നിട്ടും ആർക്കും ഒന്നും ചെയ്യാനാകാത്ത വിധം ചിദംബരത്തെ തളച്ചത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചടുലമായ നീക്കങ്ങളാണ്. ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ അമിത് ഷായേയും ജയിലിൽ അടച്ചിരുന്നു.

അതുകൊണ്ട് തന്നെ തീഹാർ ജയിലിലെ വെറുമൊരു സാധാരണ തടവുകാരനാണ് ചിദംബരം. ഇസെഡ് പ്ലസ് സുരക്ഷയുള്ള ചിദംബരത്തിനു ജയിലിൽ പ്രത്യേക ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകിയില്ല. സെല്ലിനു പുറത്തിറങ്ങി നടക്കാൻ അദ്ദേഹത്തെ അനുവദിച്ചിട്ടുണ്ട്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് യൂറോപ്യൻ ടോയ്ലറ്റ് സൗകര്യം നൽകി. കണ്ണടയും മരുന്നും ജയിലിലേക്കു കൊണ്ടുപോകാൻ നേരത്തെ തന്നെ കോടതി അനുവദിച്ചിരുന്നു. രാവിലെ ആറ് മണിക്ക് ചിദംബരത്തിനു ചായയും പ്രഭാതഭക്ഷണത്തിനുള്ള ജയിൽ മെനുവും നൽകി. ചായക്കൊപ്പം ബ്രഡും അവിലും ഉപ്പുമാവുമാണ് അദ്ദേഹം കഴിച്ചത്. ബ്രെഡ്, ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് സാധാരണയായി ജയിലിലെ പ്രഭാതഭക്ഷണം. വ്യാഴാഴ്ച രാത്രിയും ജയിലിൽ നിന്നുതന്നെയായിരുന്നു ഭക്ഷണം നൽകിയത്.

തടവുകാർക്കുള്ള ലൈബ്രറി ഉപയോഗിക്കാനും നിശ്ചിത സമയങ്ങളിൽ ടെലിവിഷൻ കാണാനും അനുമതിയുണ്ട്, പത്രവും ലഭിക്കും. പ്രായം പരിഗണിച്ച് തലയണയും പുതപ്പും നൽകിയിട്ടുണ്ട്. ഐഎൻഎക്‌സ് മീഡിയ കേസിൽ ഇന്നലെയാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. സിബിഐ കോടതി അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതേസമയം എയർസെൽ-മാക്‌സിസ് കേസിൽ ഡൽഹി വിചാരണക്കോടതി അദ്ദേഹത്തിനും മകൻ കാർത്തി ചിദംബരത്തിനും ജാമ്യം അനുവദിച്ചിരുന്നു.

വ്യാഴാഴ്ചയാണ് ഡൽഹിയിലെ പ്രത്യേക സിബിഐ. കോടതി 14 ദിവസത്തേക്ക് മുതിർന്ന കോൺഗ്രസ് നേതാവായ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടോടെ അദ്ദേഹത്തെ തിഹാർ ജയിലിലെ ഏഴാംനമ്പർ സെല്ലിലാണ് പ്രവേശിപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് ഓഗസ്റ്റ് 21-നാണ് നാടകീയ നീക്കത്തിലൂടെ ചിദംബരത്തെഡൽഹിയിലെ വീട്ടിൽനിന്ന് സിബിഐ. അറസ്റ്റുചെയ്തത്. അഞ്ചു തവണയായി കോടതി നീട്ടി നൽകിയ 15 ദിവസത്തെ സിബിഐ. കസ്റ്റഡി വ്യാഴാഴ്ചയാണ് അവസാനിച്ചത്. തിഹാർ ജയിലിലേക്കു പോകേണ്ടിവരുമെന്നതിനാൽ ജുഡീഷ്യൽ കസ്റ്റഡിയെ ചിദംബരത്തിന്റെ അഭിഭാഷകർ ശക്തമായെതിർത്തു. എന്നാൽ കോടതി അംഗീകരിച്ചില്ല.

വർഷങ്ങളോളം രാജ്യത്തെ രണ്ടമാത്തെ പ്രഥമ പൗരനെന്ന വിശേഷണം ചിദംബരത്തിനായിരുന്നു. മന്മോഹൻ സിങ് ഇന്ത്യ ഭരിക്കുമ്പോൾ യഥാർത്ഥത്തിൽ അധികാരം നിയന്ത്രിച്ചത് ചിദംബരമായിരുന്നു. ഇതിനൊപ്പം ഇട്ടു മൂടാൻ ശതകോടിയുടെ സമ്പത്തും എടുത്തു കൊണ്ട് നടക്കാൻ ആശ്രിതരും ചുറ്റിനുമുണ്ട്. മകന് നൂറിലധികം രാജ്യങ്ങളിൽ ബിസിനസ്സ്. അങ്ങനെ അപ്പൂപ്പന്മാരുണ്ടാക്കി നൽകിയ സ്വത്ത് ഇപ്പോഴും ഇരട്ടിപ്പിക്കുകയാണ് ചിദംബരവും കുടുംബം. ഭാര്യ നളിനി ചിദംബരം ലോകം അറിയപ്പെടുന്ന നിയമജ്ഞയാണ്. എന്നിട്ടും ഇപ്പോൾ ചിദംബരം ചെട്ടിയാരുടെ വാസം ജയിലിലെ ഇടുങ്ങിയ മുറിയിൽ സർവ്വ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുത്തിയെന്നതാണ് വസ്തുത. ജയിലിലേക്ക് പോകുമ്പോഴും സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ട് മാസായി മുൻ ധനമന്ത്രി ചർച്ചകളിലെത്തുകയാണ്.

മുമ്പ് ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അന്ന് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ ജയിലിൽ അടച്ചിരുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് അമിത് ഷാ അകത്തു കിടന്നത് മൂന്ന് മാസത്തോളമാണ്. ചിദംബരത്തെ അതിലും കൂടുതൽ കാലം ജയിലിൽ തളയ്ക്കുമെന്നാണ് കോൺഗ്രസിന്റെ ആരോപണം. അമിത് ഷായുടെ പകയാണ് ചിദംബരത്തെ കുടുക്കുന്നതെന്ന് പറയുമ്പോഴും കോടതിയിൽ പോലും ചിദംബരത്തിന് ആശ്വസാം കിട്ടുന്നില്ല. ചിദംബരത്തിനെതിരായ അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐ നീക്കം സജീവമാക്കിയിട്ടുണ്ട്. അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്ത് വിദേശ നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയ കമ്പനികളുടെയെല്ലാം ഇടപാടുവിവരങ്ങളും കണക്കും പരിശോധിക്കാനാണ് നീക്കം.

ചിദംബരവും കാർത്തി ചിദംബരവും മറ്റു കമ്പനികളിൽ നിന്നും ഇത്തരം അനുമതിക്കായി കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ. കരുതുന്നത്. എന്നാൽ ഐ.എൻ.എക്സ്. മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിൽ ഇവർ നേരിട്ട് പണം വാങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ല. കാർത്തിയുടെ അദ്ദേഹത്തിന്റെ കടലാസു കമ്പനികളിൽ മറ്റു കമ്പനികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു എന്നാണ് സിബിഐ.യുടെ ആരോപണം. ചിദംബരം 2004 മെയ് 22 മുതൽ 2008 നവംബർ 30 വരെയും 2012 ജൂലൈ 31 മുതൽ 2014 മെയ് 26 വരെയുമാണ് ധനമന്ത്രിയായിരുന്നത്. ഈ കാലയളവിലെ എല്ലാ അനുമതികളും സിബിഐ. പരിശോധിക്കും. അസ്വാഭാവികതയുള്ളതിൽ എല്ലാം കേസുമെടുക്കും. അങ്ങനെ പരമാവധി കാലം ചിദംബരത്തെ ജയിലിൽ അടയ്ക്കാനാണ് സിബിഐയുടെ നീക്കം. എല്ലാം അമിത് ഷായ്ക്ക് വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.

താഴെത്തട്ടിൽനിന്ന് കഷ്ടപ്പാടുസഹിച്ച് ഉയരത്തിലെത്തിയ നേതാവ് എന്ന വിശേഷണം ചിദംബരത്തിനു ചേരില്ല. പണവും പ്രതാപവും കണ്ടുശീലിച്ച ബാല്യത്തിൽനിന്നാണ് അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രിപദവിയിലേക്ക് വളരുന്നത്. അപ്പൂപ്പൻ അണ്ണാമല ചെട്ട്യാരാണ് അണ്ണാമല സർവകലാശാലയുടെയും ആദ്യകാല ഇൻഷുറൻസ് കമ്പനിയുടെയും സ്ഥാപകൻ. അണ്ണാമല ചെട്ട്യാരുടെ സഹോദരൻ രാമസ്വാമി ചെട്ട്യാർ രണ്ടുപ്രമുഖ ബാങ്കുകളുടെ സ്ഥാപകനായിരുന്നു. അച്ഛൻ പളനിയപ്പ ചെട്ട്യാരാകട്ടെ, തോട്ടമുടമയും വ്യവസായിയും. വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ പ്രയോക്താവും വക്താവുമായി അറിയപ്പെട്ടിരുന്ന ചിദംബരം പഠനകാലത്ത് ഇടതു സഹയാത്രികനായിരുന്നതും ഒരു തൊഴിലാളി യൂണിയൻ നേതാവായാണു പൊതുപ്രവർത്തനം തുടങ്ങിയതെന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലെ വൈരുധ്യങ്ങളിലൊന്നാണ്. പിന്നീട് കോൺഗ്രിസന്റെ മുഖമായി. ധനകാര്യവും നിയമവും പഠിച്ചാണു ചിദംബരം രാഷ്ട്രീയരംഗത്തേക്കിറങ്ങിയത്. തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു ബിരുദംവരെയുള്ള പഠനം. മാനേജ്മെന്റ് ബിരുദത്തെക്കുറിച്ച് ഇന്ത്യയിൽ വ്യാപകധാരണകൾ വേരുറയ്ക്കാത്ത കാലത്ത് ഹാർവാഡ് ബിസിനസ് സ്‌കൂളിൽനിന്ന് 1968-ൽ എം.ബി.എ. ബിരുദം നേടി. എന്നാൽ, സഹോദരങ്ങളെപ്പോലെ അച്ഛന്റെ വ്യവസായരംഗത്തേക്കു തിരിഞ്ഞില്ല. പകരം, അഭിഭാഷകനാകാനായിരുന്നു തീരുമാനം.

1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവഗംഗ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടതോടെയാണു രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. പിന്നീട്, രാജീവ്ഗാന്ധി മന്ത്രിസഭയിൽ വാണിജ്യം, പേഴ്സണൽ വകുപ്പുകളിൽ സഹമന്ത്രിയായി. നരസിംഹറാവു സർക്കാരിൽ വാണിജ്യകാര്യ സഹമന്ത്രിയായതോടെ കയറ്റിറക്കുമതി നയങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തി ഭരണരംഗത്ത് ശ്രദ്ധനേടി. 2004-ൽ യു.പി.എ.സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനകാര്യമന്ത്രിയായി സോണിയാ ഗാന്ധിയും മന്മോഹൻ സിങ്ങും തിരഞ്ഞെടുത്തത് ചിദംബരത്തെയാണ്. 2008-ലെ മുംബൈ ആക്രമണം കൈകാര്യം ചെയ്തതിലെ പിഴവുകളുടെ പേരിൽ പഴികേട്ട് ശിവരാജ് പാട്ടിൽ രാജിവെച്ചപ്പോൾ പകരം ആഭ്യന്തരമന്ത്രിയായത് ചിദംബരമാണ്. ആഭ്യന്തരമന്ത്രിയായിരിക്കേതന്നെയാണ് 2009-ലെ തിരഞ്ഞെടുപ്പിനെ ചിദംബരം നേരിട്ടത്.

എന്നാൽ, ശിവഗംഗ മണ്ഡലത്തിലെ വോട്ടെടുപ്പ് വിവാദത്തിലാണു കലാശിച്ചത്. ഭരണസ്വാധീനമുപയോഗിച്ച് പരാജയം വിജയമാക്കിയതാണെന്ന ആരോപണം ഉയർന്നു. 2012 വരെ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നു. 2012-ൽ പ്രണബ് രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ, ചിദംബരം വീണ്ടും ധനമന്ത്രാലയത്തിൽ തിരിച്ചെത്തി. എന്നാൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയതോടെ ചിദംബരം പ്രതിസന്ധിയിലായി. ഇന്ദ്രാണി മുഖർജിയുടെ വെളിപ്പെടുത്തൽ ചിദംബരത്തെ അഴിക്കുള്ളിലുമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP