Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടു മലകൾക്കിടയിലെ പാറഖനനം; നാമാവശേഷമാകുന്നത് മലകളും കുറേ ജീവിതങ്ങളും; അവകാശികൾ മല കയറാതിരിക്കാൻ കാവൽ നിൽക്കുന്നതുകൊടും ക്രിമിനലുകൾ; കഴിഞ്ഞ മഴയത്ത് കുത്തിയൊലിച്ച് വന്നത് കരിങ്കല്ലിനായി തുരന്നു മണ്ണ് മാറ്റിയപ്പോൾ സൃഷ്ടിക്കപ്പെട്ട കൃത്രിമ മല; മാവുഞ്ചാൽ മലനിരയെ തകർത്ത് പയ്യാവൂർ ക്രഷേഴ്‌സിന്റെ ക്രൂരതകൾ; കളപ്പുരക്കൽ കുടുംബത്തിന് ഒത്താശ ചെയ്ത് അധികാരികൾ; പയ്യാവൂരിനെ ഭീതിയിലാക്കുന്ന ചന്ദനക്കാംപാറയിലെ ജലബോംബിന്റെ കഥ

രണ്ടു മലകൾക്കിടയിലെ പാറഖനനം; നാമാവശേഷമാകുന്നത് മലകളും കുറേ ജീവിതങ്ങളും; അവകാശികൾ മല കയറാതിരിക്കാൻ കാവൽ നിൽക്കുന്നതുകൊടും ക്രിമിനലുകൾ; കഴിഞ്ഞ മഴയത്ത് കുത്തിയൊലിച്ച് വന്നത് കരിങ്കല്ലിനായി തുരന്നു മണ്ണ് മാറ്റിയപ്പോൾ സൃഷ്ടിക്കപ്പെട്ട കൃത്രിമ മല; മാവുഞ്ചാൽ മലനിരയെ തകർത്ത് പയ്യാവൂർ ക്രഷേഴ്‌സിന്റെ ക്രൂരതകൾ; കളപ്പുരക്കൽ കുടുംബത്തിന് ഒത്താശ ചെയ്ത് അധികാരികൾ; പയ്യാവൂരിനെ ഭീതിയിലാക്കുന്ന ചന്ദനക്കാംപാറയിലെ ജലബോംബിന്റെ കഥ

എം മനോജ് കുമാർ

കണ്ണൂർ: പരിസ്ഥിതിക്കും ജനങ്ങൾക്കും ഗുരുതരഭീഷണിയായി പയ്യാവൂർ ചന്ദനക്കാംപാറയിലെ കരിങ്കൽ ക്വാറി. ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തനം തുടരുന്ന ഈ കരിങ്കൽ ക്വാറി സൃഷ്ടിക്കാൻ പോകുന്ന അപകടങ്ങൾ മനസിലാക്കി ജില്ലാ ഭരണകൂടത്തിനും ജിയോളജി വകുപ്പിനുമൊക്കെ നാട്ടുകാർ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. ഈ മേഖലയിലെ നൂറുകണക്കിന് മനുഷ്യരുടെ ജീവനും ആവാസവ്യവസ്ഥക്കും ഭീഷണിയുയർത്തി നടക്കുന്ന നിരന്തരമായ കരിങ്കൽ ഖനനം മൂലം പ്രദേശവാസികൾ ഒന്നടങ്കം ഭീതിയിലാണ്. പശ്ചിമഘട്ട മലനിരകളിൽ പെടുന്ന മാവുഞ്ചാൽ മലനിര ഈ ക്വാറി കാരണം ഇപ്പോൾ ഇല്ലാതെയായിക്കൊണ്ടിരിക്കുന്നു.

രണ്ടു മലനിരകൾ ഒരേ സമയമാണ് ക്വാറിമാഫിയ തുരന്നെടുത്ത് തുരന്നെടുത്ത് തീർക്കുന്നത്. പയ്യാവൂർ ക്രഷേഴ്‌സ് ആണ് ഒരു പതിറ്റാണ്ടിലേറെയായി മാവുഞ്ചാൽ മലനിരയെ ഇല്ലാതാക്കി ഖനനം തുടരുന്നത്. ക്വാറി വലുതാകുന്നതിനു അനുസരിച്ച് സമീപ പ്രദേശങ്ങളിലെ ഭൂമിയും ക്വാറിക്കാർ കൈവശപ്പെടുത്തുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. കുടിയേറ്റ മേഖലയായതിനാൽ ഒട്ടുവളരെ പേർക്ക് ക്വാറി നിലനിൽക്കുന്ന മലയിൽ ഭൂമിയുണ്ട്. ഇതിന്റെ സിംഹഭാഗവും ക്വാറി ഉടമകളായ കളപ്പുരക്കൽ ടീം കൈവശപ്പെടുത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പാറമടകളിൽ തുടരുന്ന നിരന്തര സ്‌ഫോടനങ്ങളുടെ ആഘാതത്തിൽ താഴ്‌വാരത്തിലെ പല വീടുകളും നാമാവശേഷമായിട്ടുണ്ട്. എന്നിട്ടും നടപടികൾ എടുക്കാതെ അധികൃതർ മൗനം തുടരുകയാണ്.

വർഷങ്ങൾ ആയി നാട്ടുകാർ ക്വാറിക്കെതിരെ സമരരംഗത്താണ്. ഗുണ്ടായിസം കാണിച്ചാണ് നാട്ടുകാരെ ക്വാറി നടത്തുന്ന കളപ്പുരയ്ക്കൽ ഫാമിലി ഒതുക്കി നിർത്തിയത്. ഇതെഴുതുമ്പോൾ തന്നെ മറുനാടന് ലഭിച്ച വാർത്ത പ്രകാരം ക്വാറിക്കെതിരെ ശബ്ദമുയർത്തി നിലകൊള്ളുന്ന ജിൻസൺ എന്ന ചെറുപ്പക്കാരന്റെ ഓട്ടോയിൽ കളപ്പുരയ്ക്കൽകാരുടെ ടിപ്പർ വന്നിടിച്ചു. ജിൻസണ് അപകടം സംഭവിച്ചില്ലെങ്കിലും ആളുകളെ ഭയപ്പെടുത്താൻ ഈ അപകടം മതിയാകുമായിരുന്നു. ഇത്തരം ഗുണ്ടായിസം കാണിക്കുന്നത് കാരണം നാട്ടുകാർ കളപ്പുരയ്ക്കൽകാരെ ഭയക്കുകയാണ്. ഇത് യഥേഷ്ടം ക്വാറി ജോലികൾ മുന്നോട്ടു നീക്കാൻ ഇവർക്ക് പ്രേരണയാവുകയും ചെയ്യുന്നു. ഇപ്പോൾ ചന്ദനക്കാംപാറ ടൗണിനു തന്നെ ഭീഷണിയാണ് പയ്യാവൂർ ക്രഷേഴ്‌സ് നടത്തുന്ന കരിങ്കൽക്വാറി. ഇനിയൊരു ഉരുൾപൊട്ടൽ വന്നാൽ, ജലബോംബിന്റെ പൊട്ടൽ വന്നാൽ ചന്ദനക്കാംപാറ ടൗൺ തന്നെ നിലനിൽക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഒരു വശത്ത് ആരോഗ്യ പ്രശ്‌നങ്ങൾ; മറുവശത്ത് ഉരുൾപൊട്ടലും

പാറമടയിൽ നിന്നുള്ള സ്‌ഫോടനം കാരണം പാറച്ചീളുകൾ തെറിച്ച് പല വീടുകളും തകർന്ന അവസ്ഥയാണ്. ഈ ശല്യം കാരണം സ്വന്തം വീട് ഒഴിവാക്കി വാടക വീടുകളിൽ തങ്ങേണ്ട ഗതികേടാണ് ജനങ്ങൾക്ക് വരുന്നത്. പാറഖനനം കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ വേറെയും. ആശുപത്രികൾ കയറിയിറങ്ങുന്നവർ ധാരാളം. ഈ അവസ്ഥയാണ് മിക്കവർക്കും വരുന്നത്. പലർക്കും ആസ്തമ പാറമടയിലെ പൊടി സ്ഥിരമായി ശ്വസിക്കുന്നത് അർബുദംപോലുള്ള മാരകരോഗങ്ങളും വരുത്തുന്നുണ്ട്. ഇത് കൂടാതെയാണ് നിരന്തരമായ ഖനനം കാരണം വരുന്ന ഉരുൾപൊട്ടൽ ഭീഷണി. ക്വാറിയുടെ പ്രവർത്തനം കാരണം ഈ മലയിൽ വന്ന കൃത്രിമ മണ്ണ് മല കഴിഞ്ഞ ദിവസം താഴേക്ക് ഒഴുകിയപ്പോൾ അത് ഭീകരമായ ഒരുൾപൊട്ടൽ ആയി മാറുകയും ചെയ്തു. ഈ ഉരുൾപൊട്ടൽ കാരണം ക്വാറിക്ക് താഴ്‌വാരത്ത് താമസിക്കുന്ന നിരവധി പ്രദേശവാസികളുടെ ഏക്കറ് കണക്കിന് കൃഷിയിടമാണ് ഇപ്പോൾ നശിച്ചത്.

ഉരുൾ പൊട്ടൽ കാരണം കൃഷി സ്ഥലം ഒലിച്ചു പോയ ഈ പ്രദേശം ഇപ്പോൾ കൃഷി യോഗ്യമല്ലാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ക്വാറിയിൽ നിന്നും ഉരുൾപൊട്ടി വന്ന കല്ലും മണ്ണും ഈ പ്രദേശത്തെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണ്. ക്വാറിയിൽ കൂട്ടിയിട്ട മണ്ണ് കാരണം വന്ന ഉരുൾപൊട്ടൽ ഗതിമാറി ഒഴുകിയിരുന്നെങ്കിൽ നിരവധി മനുഷ്യജീവനുകളുടെയും, വീടുകളുടെയും അവസ്ഥ മറ്റൊന്നായേനേ. ഭാഗ്യം കൊണ്ട് മാത്രമാണ് ഈ ഉരുൾപൊട്ടലിൽ നിന്നും നിരവധി മനുഷ്യ ജീവനുകൾ രക്ഷപ്പെട്ടത്. നിരന്തര പരാതികൾ അവഗണിക്കപ്പെടുന്നതിനാൽ ഇനിയെന്ത് എന്നാണ് ജനങ്ങൾക്ക് മുന്നിൽ ഉയരുന്ന ചോദ്യം. ഇപ്പോൾ ഇവർ മലമുകളിൽ കൂട്ടിയിട്ട മണ്ണും, പാറക്കഷണങ്ങളും ഗതിമുട്ടിയ നീർച്ചാലുമൊക്കെ ഒപ്പം ചേർന്ന് ഉരുൾപൊട്ടൽ രീതിയിൽ എപ്പോൾ വേണമെങ്കിലും താഴോട്ടു ഒഴുകും എന്ന അവസ്ഥയാണ്. മണ്ണിൽ വെള്ളം നിറഞ്ഞുണ്ടാകുന്ന ഉരുൾപൊട്ടലിനെക്കാൾ പതിന്മടങ്ങു ശക്തമായ ഉരുൾപൊട്ടലാണ് പാറമടകൾ കാരണമുള്ള ഉരുൾപൊട്ടലിൽ സംഭവിക്കുന്നത്. ഇതറിഞ്ഞവരാണ് ചന്ദനക്കാംപാറ നിവാസികൾ.

ചന്ദനക്കാംപാറയിൽ നടക്കുന്നത് കളപ്പുരക്കൽ ടീമിന്റെ ഗുണ്ടായിസം

ചന്ദനക്കാംപാറയിലെ ഈ പാറമട ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന കളപ്പുരക്കൽ ടീമിന്റെ കൈവശത്തിലാണ്. കരിങ്കല്ലുകൾ പൊട്ടിച്ച് പൊട്ടിച്ച് ഇപ്പോൾ ഇവർ മല തന്നെ ഇല്ലാതാക്കി കളഞ്ഞിട്ടുണ്ട്. പരിസരവാസികൾ ആരെയും മലയിൽ കയറാൻ ഇവർ അനുവദിക്കാറില്ല. കർശന സുരക്ഷയൊരുക്കി ഗുണ്ടകൾ ഇവർക്കൊപ്പം ഉള്ളതിനാൽ ജീവൽഭയം കാരണം നാട്ടുകാരും ഇപ്പോൾ മലയിലേക്ക് കയറാറില്ല.

അതുകൊണ്ട് തന്നെ മലയിലുള്ള തങ്ങളുടെ സ്ഥലത്തിനു എന്ത് സംഭവിക്കുന്നു എന്നും നാട്ടുകാർക്ക് അറിയില്ല. കല്ലുള്ള സ്ഥലങ്ങൾ നോക്കിനോക്കിയാണ് ക്വാറി പ്രവർത്തനം പുരോഗമിക്കുന്നത്. അതിനാൽ കരിങ്കല്ലുണ്ടെന്നു മനസിലാക്കിയാൽ ആ സ്ഥലം ആരുടെതെന്ന് നോക്കാതെ ഇവർ ഖനനം തുടരുകയാണ്. ഇങ്ങിനെ തുരന്നു തുരന്നു മലയും സമീപപ്രദേശങ്ങളും ക്വാറി മാഫിയയുടെ കയ്യിലാണ്. നിരന്തരമായി തുടരുന്ന പാറമടയുടെ പ്രവർത്തനം കാരണം ഇവിടുത്തെ പരിസ്ഥിതി തന്നെ അപ്പാടെ നശിച്ച അവസ്ഥയിലാണ്. അതുകാരണമുള്ള പ്രശ്‌നങ്ങൾ വേറെയും.

രണ്ടു മലകൾക്കിടയിൽ നിന്നാണ് ക്വാറി പ്രവർത്തനം തുടരുന്നത്. അതുകൊണ്ട് നാമാവശേഷമാകുന്നത് ഈ രണ്ടു മലയും കൂടിയാണ്. ഈ മലകൾക്കിടയിലൂടെ അരുവി താഴേക്ക് എത്തുന്നുണ്ട്. മലയുടെ കണ്ണീരെന്ന് ജനങ്ങൾ വിശേഷിപ്പിച്ച ശുദ്ധജലത്തിന്റെ നീരുറവ. ഈ ഉറവകൂടി ഇല്ലാതാകുന്നു എന്ന് മാത്രമല്ല ഈ നീരുറവയെ നശിപ്പിക്കാൻ ക്വാറി മാഫിയ നടത്തിയ ശ്രമങ്ങൾ കാരണം ഉരുൾപൊട്ടൽ ഭീഷണിയും ജനങ്ങൾ ഭയക്കുകയാണ്. ഈ ഉറവയുടെ പ്രവാഹം തടഞ്ഞാണ് ക്വാറി മാഫിയ റോഡ് നിർമ്മിച്ചത്. രണ്ടു മലയുടെ അപ്പുറവും ഇപ്പുറവും നിന്നാണ് ഇവർ കരിങ്കല്ലുകൾ പൊട്ടിച്ചെടുത്തത്. ഇങ്ങേക്കരയിലെ കല്ല് പൊട്ടിക്കാൻ വേണ്ടിയാണ് ഈ സാഹസം അവർ ചെയ്തത്.

തോട്ടിൽ ക്വാറിക്കാർ ലോഡ് കണക്കിന് മണ്ണ് ഇറക്കി. വലിയൊരു കുഴി അവർ നികത്തി റോഡാക്കി മാറ്റി. അരുവിയിലെ വെള്ളം മുകളിൽ നിന്ന് കുത്തിയൊലിച്ച് വന്നപ്പോൾ അത് ഒരു ഡാം മാതിരി മുകളിൽ നിന്നു. ഡാം പൊട്ടിയപ്പോൾ ഉരുൾപൊട്ടൽ പോലെ വെള്ളവും മണ്ണും താഴേക്ക് കുത്തിയൊലിച്ചു. ഇപ്പോൾ കൈത്തോട് പത്ത്-പന്ത്രണ്ടടി വീതിയിലുള്ള ഒരു പുഴയായി മാറി.

ഉറക്കം നഷ്ടപ്പെടുത്തി തലയ്ക്ക് മുകളിൽ ജലബോംബ്

കരിങ്കല്ലിനായി തുരന്നു മണ്ണ് മാറ്റിയപ്പോൾ കൃത്രിമയായ ഒരു മലയും ഇവർ വേറെ സൃഷ്ടിച്ചിട്ടുണ്ട്. ഈ മണ്ണും പിന്നീട് ഉരുൾപൊട്ടൽ പോലെ ഈ കഴിഞ്ഞ മഴയത്ത് കുത്തിയൊലിച്ച് താഴേക്ക് പോന്നു. അവശേഷിക്കുന്ന വീടും കൃഷിയിടങ്ങളും എല്ലാം ഒരു പോലെ നശിച്ചും പോയി. ഫലമോ ഈ മലയിലും താഴ്‌വാരത്തിലും കൃഷിയും കൃഷിയും ജീവിതവും അസാധ്യമായ അവസ്ഥയിലുമായി. ലോഡ് ലോഡായി കരിങ്കല്ലുകൾ പുറത്തേക്ക് എത്തിക്കുന്ന ടിപ്പറുകൾക്ക് വഴിയോരുക്കാനാണ് ഈ നീരുറവയുടെ താഴോട്ടുള്ള പ്രവാഹം ഇവർ ഇല്ലാതാക്കിയത്. ഇതോടെ മലമുകളിൽ നിന്ന് താഴോട്ടു എത്തുന്ന ഉറവയ്ക്ക് മുന്നിലുള്ള വഴിയടഞ്ഞു. ഡാം പോലെ വെള്ളം കെട്ടിക്കിടന്നു. ഇതറിഞ്ഞു പരിസരവാസികൾ ആശങ്കപ്പെട്ടെങ്കിലും ക്വാറി ഉടമകൾ ഗൗനിച്ചില്ല. ഇതോടെയാണ് മണ്ണും കല്ലും ഒക്കെ താഴേയ്ക്ക് ഒഴുകി വീടുകളും കൃഷിയുമൊക്കെ നശിച്ചത്.

ചന്ദനക്കാംപാറയിലെ വഞ്ചിയം റോഡിനും വലിയ ഭീഷണിയായാണ് പാറമടയുടെ കിടപ്പ്. ഉരുൾപൊട്ടൽ ഇനിയും വന്നാൽ ഈ റോഡ് ഉപയോഗശൂന്യമായി മാറുകയും ചെയ്യും. കരിങ്കല്ലുമായി പോകുന്ന ടിപ്പറുകളും റോഡിനു ഭീഷണിയായാണ് കടന്നുപോകുന്നത്. ക്വാറിയുടെ നിരന്തര പ്രവർത്തനം കാരണം രൂപപ്പെടുന്ന ഉരുൾപൊട്ടൽ ശ്രീകണ്ഠപുരം പുഴയ്ക്കും ഭീഷണിയായിട്ടുണ്ട്. ക്വാറിയിൽ നിന്നും പൊട്ടിച്ചെടുക്കുന്ന കല്ലുകൾ വലിയ ട്രക്കുകളിൽ പയ്യാവ്വൂരുള്ള ക്രഷർ യൂണിറ്റിലേക്ക് കൊണ്ടു പോകുന്നതിനായി മലയിലെ നീർച്ചാലിൽ മണ്ണിട്ട് വലിയ റോഡുകൾ ഉണ്ടാക്കിയിട്ടുണ്ട്. മഴക്കാലത്ത് ഒഴുകി വന്ന വെള്ളം ഈ റോഡിനെ നേരെ താഴേക്ക് ഒഴുക്കി. ഇങ്ങിനെ ഒഴുകി വന്ന കൂറ്റൻ കല്ലുകളും, മണ്ണും പുഴയിലെത്തി പുഴയുടെ ആഴം കുറച്ചു. ഇത് കാരണം ചന്ദനക്കാംപാറാ, പൈസക്കരി തുടങ്ങിയ പ്രദേശങ്ങളിൽ വലിയ വെള്ളപ്പൊക്കമുണ്ടാക്കി. ഈ മണ്ണ് നേരെ ഒഴുകി ശ്രീകണ്ഠാപുരം പുഴയിലാണ് അടിഞ്ഞത്.. ഇനി ശക്തമായ മഴ പെയ്താൽ ഉണ്ടാകുന്ന ഭീകരത പ്രവചനാതീതമായിരിക്കും.

അനധികൃതമായ രേഖകൾ സമർപ്പിച്ചാണ് ഈ ക്വാറിക്ക് ലൈസൻസ് നേടിയിരിക്കുന്നത് എന്നും ആരോപണമുയരുന്നുണ്ട്. ക്വാറിയിൽ നിന്നും സമീപ പ്രദേശത്തെ വീടുകളിലേക്കുള്ള ദൂരം വളരെ കുറവാണ്. വെറും നൂറ് മീറ്ററാണ് ക്വാറിയിൽ നിന്നും സമീപത്തുള്ള വീടുകളിലേക്കുള്ളത്. ഈ വീടുകൾ എല്ലാം തന്നെ വിണ്ടുകീറി വാസയോഗ്യമല്ലാതായിട്ടുണ്ട്. അതിനാൽ വീട് അവിടെ നിർത്തിയിട്ടു ആളുകൾ വാടകയ്ക്ക് വീട് എടുത്താണ് താമസിക്കുന്നത്. ക്വാറിക്കാരുടെ സ്വാധീനം കാന്രം രാഷ്ട്രീയ നേതാക്കളും, പഞ്ചായത്തധികൃതരും മൗനത്തിലാണ്. തലക്ക് മുകളിൽ തൂങ്ങി ജലബോംബ് കാരണം ഇവിടുത്തെ നാടുകാർക്ക് ഉറക്കം നഷ്ടമായിട്ട് നാളുകൾ ഏറെയായി. കവളപ്പാറയും, പുത്തുമലയും മുന്നിൽ നിൽക്കെ ഇനിയും ഇത്തരം ഒരു അപകടം ചന്ദനക്കാംപാറയിലും ക്ഷണിച്ചു വരുത്തണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

പരിസ്ഥിതി ലോലമേഖലകൾ കൈവശം വെച്ച് അനിയന്ത്രിതമായി പ്രവർത്തനം തുടരുന്ന കരിങ്കൽ ക്വാറികൾ കേരളത്തിൽ ഉരുൾപൊട്ടലിനും പ്രളയത്തിനുമൊക്കെ നിരന്തരമായി കാരണക്കാരാകുന്നു. കഴിഞ്ഞ വർഷം കേരളം അനുഭവിച്ച മഹാപ്രളയത്തിനും ഇക്കുറിയുള്ള പ്രളയത്തിനുമൊക്കെ ഒരു പ്രധാന കാരണമായി വിരൽ ചൂണ്ടപ്പെടുന്നത് മലകൾ ഇല്ലാതാക്കുന്ന ക്വാറികൾ തന്നെയാണ്. എത്രയൊക്കെ പരാതി വന്നാലും ക്വാറികളെ അനുകൂലിക്കുന്ന രീതികളാണ് സർക്കാർ പിന്തുടരാറുള്ളതും. അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാനും ദീർഘവീക്ഷണത്തോടെ നടപടികൾ കൈക്കൊള്ളാനുമുള്ള നടപടികൾ ക്വാറിപ്രശ്‌നത്തിൽ സർക്കാർ സ്വീകരിക്കാറുമില്ല. കഴിഞ്ഞ മഹാപ്രളയത്തിനു ശേഷം ഒരു വർഷത്തിനിടെ കേരളത്തിൽ ആരംഭിച്ചത് 119 ക്വാറികളാണ്.

കേരളത്തിലെ 4000 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലകളെ ക്വാറികൾക്കായി കേന്ദ്രം ഈയിടെ ഒഴിവാക്കി നൽകിയിട്ടുമുണ്ട്. പ്രളയത്തിനു മുൻപ് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര തീരുമാനം. സംസ്ഥാനം ക്വാറികളുടെ കാര്യത്തിൽ ഇത്തരം ഒരു നിലപാടുമായി പോകുമ്പോൾ കവളപ്പാറയും, പുത്തുമലയുമൊക്കെ ആവർത്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു എന്നതാണ് അവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP