Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണിയുടെ പാർട്ടി പിടിച്ചെടുക്കാൻ തറക്കളി തുടരുന്ന ജോസഫിനെതിരെ കേരളാ കോൺഗ്രസ് അണികളിൽ കടുത്ത എതിർപ്പ്; ജോസഫിനെ എവിടെ കണ്ടാലും കൂവിയോടിക്കാനും മാറ്റി നിർത്താനും ജോസ് കെ മാണി വിഭാഗം; ചിഹ്നം നിഷേധിക്കുകയും വിമത സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്ത ശേഷം യോഗത്തിനെത്തിയതിനെതിരെ കോൺഗ്രസ് നേതാക്കൾക്കും എതിർപ്പ്; ജോസഫ് ബലം പിടിക്കുന്നത് പാലാ കൂടി രണ്ടിലയിലായാൽ നിയമസഭാ അംഗങ്ങളുടെ എണ്ണത്തിൽ ബലാബലം ആകുന്നത് ഒഴിവാക്കാൻ

മാണിയുടെ പാർട്ടി പിടിച്ചെടുക്കാൻ തറക്കളി തുടരുന്ന ജോസഫിനെതിരെ കേരളാ കോൺഗ്രസ് അണികളിൽ കടുത്ത എതിർപ്പ്; ജോസഫിനെ എവിടെ കണ്ടാലും കൂവിയോടിക്കാനും മാറ്റി നിർത്താനും ജോസ് കെ മാണി വിഭാഗം; ചിഹ്നം നിഷേധിക്കുകയും വിമത സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്ത ശേഷം യോഗത്തിനെത്തിയതിനെതിരെ കോൺഗ്രസ് നേതാക്കൾക്കും എതിർപ്പ്; ജോസഫ് ബലം പിടിക്കുന്നത് പാലാ കൂടി രണ്ടിലയിലായാൽ നിയമസഭാ അംഗങ്ങളുടെ എണ്ണത്തിൽ ബലാബലം ആകുന്നത് ഒഴിവാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണിയുടെ പാർട്ടിയുടെ ചിഹ്നമായിരുന്നു രണ്ടില. പിജെ ജോസഫ് കേരളാ കോൺഗ്രസിന്റെ പഴയ ചിഹ്നമായ കുതിരയുമായി ഓടിയപ്പോൾ മാണി കെട്ടിപ്പെടുത്ത കേരളാ കോൺഗ്രസ് എം. ഈ ചിഹ്നമാണ് ജോസഫ് തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. പാലായിൽ എന്തു വന്നാലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി ജയിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസിന് നിയമസഭയിൽ അംഗബലം ആറാകും. ഇവിടെ ഭൂരിപക്ഷം പിജെ ജോസഫിന് നഷ്ടമാകും. ഇതൊഴിവാക്കാനാണ് രണ്ടിലയിൽ പാലായിൽ ജോസ് ടോമിന് സീറ്റ് നൽകാത്തത്.

നിയമസഭയിൽ കേരളാ കോൺഗ്രസിനുള്ളത് നിലവിൽ അഞ്ച് പേർ. പാർലമെന്റിൽ രണ്ട് പേർ. ലോക്‌സഭയിൽ തോമസ് ചാഴിക്കാടനും രാജ്യസഭയിൽ ജോസ് കെ മാണിയും. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം വച്ചാണ് ജോസഫ് വിലപേശുന്നത്. ഇത് നഷ്ടമാകാതിരിക്കാനാണ് രണ്ടില ചിഹ്നം പാലായിലെ സ്ഥാനാർത്ഥിക്ക് നൽകാത്തത്. ഇതോടെ ജോസ് ടോം ജയിച്ചാലും കേരളാ കോൺഗ്രസ് പാർട്ടിയുടെ ഭാഗമാകില്ല. ജോസ് ടോം വെറും സ്വതന്ത്രനായിരിക്കും. അങ്ങനെ അഞ്ചിൽ മൂന്ന് പേരുടെ പിന്തുണയുമായി നിയമസഭയിലെ ലീഡർ കസേരയിൽ ജോസഫിന് ഇരിക്കാം. ഇതിനായുള്ള തറക്കളിയിൽ യുഡിഎഫിൽ പ്രതിഷേധം ശക്തമാണ്. കേരള കോൺഗ്രസിന്റെ സീറ്റിൽ ആ പാർട്ടിയിലെ തമ്മിലടി മൂലം യുഡിഎഫ് സ്ഥാനാർത്ഥി സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നതു നേതൃത്വത്തിനു രസിച്ചിട്ടില്ല. അതേസമയം വിമതനെ പിൻവലിച്ചും യുഡിഎഫ് കൺവൻഷനിൽ പങ്കെടുത്തും വളയം വിട്ടു ചാടാനില്ലെന്ന സന്ദേശം പി.ജെ. ജോസഫ് നൽകിയത് അവർ കണക്കിലെടുക്കുകയും ചെയ്യുന്നു.

ഔദ്യോഗിക കേരള കോൺഗ്രസ് ഏതെന്നു തീർപ്പാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ പരിഗണിക്കുന്ന ഒരു വിഷയം ജനപ്രതിനിധികൾ ആർക്കൊപ്പമാണ് എന്നതാണ്. നിയമസഭയിൽ ജോസഫ്, സി.എഫ്. തോമസ്, മോൻസ് ജോസഫ് എന്നീ മൂന്ന് എംഎൽഎമാർ ജോസഫ് വിഭാഗത്തിനൊപ്പവും റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർ ജോസ് പക്ഷത്തിനൊപ്പവുമാണ്. രണ്ടില ചിഹ്നത്തിൽ ജോസ് ടോം കൂടി ജയിച്ചു വന്നാൽ ഇരുഭാഗത്തും മൂന്ന് എംഎൽഎമാരാകും. സ്വതന്ത്രനായി പത്രിക കൊടുക്കാൻ നിർബന്ധിതനായ ജോസ് ടോം ജയിച്ചാൽ സാങ്കേതികമായി അദ്ദേഹം സ്വതന്ത്രനാണെന്നതിനാൽ സഭയിലെ മേൽക്കൈ ജോസഫിനു നിലനിർത്താൻ കഴിയും. ഇതിന് വേണ്ടി കളിച്ച കളിയാണ് പാലായിലെ വിവാദത്തിന് കാരണം. ഇനി ജോസ് ടോം അട്ടിമറിക്കപ്പെട്ടാൽ പോലും അതിന് പിന്നിൽ ജോസഫാണെന്ന് വ്യാഖ്യാനങ്ങളെത്തും. ഇതിൽ യുഡിഎഫ് തീർത്തും അസ്വസ്ഥരാണ്.

കേരള കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയെക്കുറിച്ചു പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഇരുവിഭാഗവും വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നുണ്ട്. എംഎൽഎമാരും എംപിമാരും ചേർന്നതാണു പാർലമെന്ററി പാർട്ടിയെന്നും അതിൽ ഭൂരിപക്ഷമുണ്ടെന്നുമുള്ള ജോസ് വിഭാഗത്തിന്റെ വാദം ജോസഫ് വിഭാഗം അംഗീകരിക്കുന്നില്ല. മുന്നണിയുടെ പൊതുതാൽപര്യത്തെക്കാൾ പാർട്ടിയിലെ മൂപ്പിളമത്തർക്കത്തിനു പ്രാധാന്യം കൊടുത്ത ജോസഫിന്റെ നടപടിയിൽ യുഡിഎഫ് നേതൃത്വത്തിനു പ്രതിഷേധമുണ്ട്. മാണി കുടുംബത്തിന് പുറത്തു നിന്ന് സ്ഥാനാർത്ഥി എത്തിയപ്പോൾ പ്രശ്‌നം പരിഹരിക്കുമെന്ന് ഏവരും കരുതി. പ്രത്യേകിച്ച് കോട്ടയത്തെ കോൺഗ്രസുകാർ. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. അവരെ ഞെട്ടിച്ചു ബദൽ സ്ഥാനാർത്ഥിയെ വരെ രംഗത്തിറക്കി മുന്നണിയെ ജോസഫ് മുൾമുനയിൽ നിർത്തി. ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ജോസ് ടോമിന്റെ കൺവൻഷനിൽ പങ്കെടുത്ത് അച്ചടക്കമുള്ള ഘടകകക്ഷി നേതാവായും സംസാരിച്ചു. ഇതു കൊണ്ടാണ് ജോസഫിന് കൂകൽ കേൾക്കേണ്ടി വന്നത്.

പ്രചാരണത്തിൽ സർവശക്തിയും കേന്ദ്രീകരിക്കാനാണു കോൺഗ്രസ് തീരുമാനം. ഈ തമ്മിലടി കൂടി മുന്നിൽകണ്ടാണ് എല്ലാ കക്ഷികളുടെയും പ്രതിനിധികളടങ്ങുന്ന ഉപസമിതിയെ തിരഞ്ഞെടുപ്പ് ഏകോപിപ്പിക്കാനായി യുഡിഎഫ് തുടക്കത്തിലേ നിയോഗിച്ചത്. ജോസ് ടോമിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതു യുഡിഎഫ് ചെയർമാനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിരുന്നു. ജോസഫിനെ പ്രചരണത്തിൽ അടുപ്പിക്കില്ല. ഇത് പ്രശ്‌നമാകുമെന്ന് കോൺഗ്രസിന് അറിയാം. പിജെ ജോസഫിനെ വരുന്ന വേദികളിൽ എല്ലാം കൂകാനാണ് കേരളാ കോൺഗ്രസുകാരുടെ തീരുമാനം. അതിനിടെ കേരളാ കോൺഗ്രസ് തർക്കം വോട്ടെടുപ്പ് കഴിയും വരെ മാറ്റി വയ്ക്കാൻ ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം എടുത്തിട്ടുണ്ട്. ചിഹ്നത്തെ കുറിച്ച് ഇനി ഒരു ചർച്ചയും വേണ്ടെന്നാണ് ജോസ് പക്ഷ നേതാക്കൾക്കിടയിലെ ധാരണ.

സൂക്ഷ്മപരിശോധന വേളയിൽ പി ജെ ജോസഫ് - ജോസ് കെ മാണി പക്ഷങ്ങൾ തമ്മിൽ രണ്ട് മണിക്കൂർ നീണ്ട വാദ, പ്രതിവാദങ്ങളായിരുന്നു നടന്നത്. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി മുൻസിഫ് കോടതി വിധിയാണ് വരണാധികാരി പ്രധാനമായും പരിഗണിച്ചത്. പതിനൊന്നരയോടെയാണ് സൂക്ഷ്മപരിശോധനക്കായി ജോസ് ടോം പുലിക്കുന്നേലിന്റെ പത്രിക എടുത്തത്. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി എന്ന നിലയിൽ നൽകിയ പത്രികയാണ് ആദ്യം പരിഗണിച്ചത്. പി ജെ ജോസഫ് പക്ഷം ഇതിനെതിരെ എതിർപ്പ് ഉന്നയിച്ചു. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം വർക്കിങ് ചെയർമാനായ പി ജെ ജോസഫിനാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. ജോസഫ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ജോസ് ടോമിന് രണ്ടില നൽകരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളുടേതാണ് യഥാർത്ഥ കേരളാ കോൺഗ്രസെന്നും സ്റ്റിയറിങ് കമ്മിറ്റി നിശ്ചയിച്ച സ്ഥാനാർത്ഥിക്ക് രണ്ടിലക്ക് അവകാശം ഉണ്ടെന്നും ജോസ് കെ മാണി പക്ഷം അറിയിച്ചു.

ജോസ് ടോമിന്റെ പത്രികയിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജും പ്രിൻസ് ലൂക്കോസും ഒപ്പിട്ടത് നിയമപരമായിട്ടാണെന്നും ജോസ് കെ മാണി പക്ഷം വാദിച്ചു. പി ജെ ജോസഫ് സസ്‌പെന്റ് ചെയ്ത സ്റ്റീഫൻ ജോർജിന് ഇത്തരം അധികാരമില്ലെന്ന് ജോസഫ് പക്ഷത്തിന്റെ മറുവാദം. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി മുൻസിഫ് കോടതി വിധിയും ഇതിനിടെ ജോസഫ് പക്ഷം ഉയർത്തി. തർക്കം മുറുകിയതോടെ മറ്റ് സ്ഥാനാർത്ഥികൾ ഇടപെട്ടു. സമയ നഷ്ടമുണ്ടാകുന്നെന്നും തങ്ങളുടെ പ്രതികൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. 12.30 ഓടെയാണ് ജോസ് ടോമിന്റെ പ്രതിക വീണ്ടും പരിഗണിച്ചത്. നേരത്തെ ഉയർത്തിയ വാദങ്ങൾ ഇരു കൂട്ടരും ആവർത്തിച്ചു. ഇതോടെ തർക്കം മുറുകി. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ ശിവപ്രസാദ്, കോട്ടയം കളക്ടറുമായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുമായും ബന്ധപ്പെട്ടു. ഉചിതമായ തീരുമാനം എടുക്കാൻ ടിക്കാറാം മീണ കളക്ടർക്ക് നിർദ്ദേശം നൽകി. കളക്ടറും വരണാധികാരിയും മൂന്ന് മണിക്കൂറിലേറെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പ്രഖ്യാപനം വന്നു, ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നമില്ല. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ അധികാരം പി ജെ ജോസഫിനെന്നും വരണാധികാരി അറിയിച്ചു. പിന്നാലെ സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള ജോസ് ടോം പുലിക്കുന്നേലിന്റെ പത്രിക അംഗീകരിച്ചു.

ചിഹ്നം അനുവദിക്കാൻ അധികാരമുള്ളത് പാർട്ടി വർക്കിങ് ചെയർമാനായ ജോസഫിനാണെന്ന് ഇടുക്കി മുനിസിപ്പൽ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതംഗീകരിച്ചാണ് ജോസ് ടോം കേരള കോൺഗ്രസ്-എം സ്ഥാനാർത്ഥിയെന്ന നിലയിൽ നൽകിയ പത്രിക മുഖ്യവരണാധികാരി തള്ളിയത്. പിന്നാെല, ജോസഫ് വിഭാഗം കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് സെബാസ്റ്റ്യൻ കണ്ടത്തിൽ നൽകിയ നാമനിർദ്ദേശപത്രിക പിൻവലിച്ചു. ജോസ് ടോമിന്റെ പാർട്ടിപത്രിക തള്ളിയതിനാലാണ് ഈ തീരുമാനം. ഇതോടെ പാലാ മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസിന് സ്ഥാനാർത്ഥിയില്ലാതായി. കെഎം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിനും തിരിച്ചടിയായി. എന്നാൽ, സ്വതന്ത്രനായാലും കേരളാ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന നിലയിൽ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് ജോസ് ടോം പ്രതികരിച്ചു. കെഎം മാണിയുടെ മുഖമാണ് പാലായിലെ ചിഹ്നമെന്നും ജോസ് ടോം പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം തൊട്ട് നാമനിർദ്ദേശ പത്രിക സമർപ്പണം വരെ നാടകീയ നീക്കങ്ങളാണ് കേരളാ കോൺഗ്രസിനകത്ത് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP