Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതൃഭാഷയിൽ പരീക്ഷ എഴുതാനായി നിരാഹാരം കിടക്കേണ്ട അവസ്ഥ വേറെ ഏത് നാട്ടിലാണ് ഉണ്ടാവുക! പിഎസ്‌സി ആസ്ഥാനത്തെ 'മലയാള പ്രക്ഷോഭം' ഏഴാംനാൾ പിന്നിടുമ്പോൾ പ്രതികരണമില്ലാതെ സർക്കാർ; അറസ്റ്റ് ചെയ്ത് നീക്കിയ ഗവേഷക വിദ്യാർത്ഥി രൂപിമ ആരോഗ്യസ്ഥിതി വഷളായി ചികിത്സയിൽ; സമര സമിതിയിൽ ഇടത് സാംസ്‌കാരിക നായകർ ഉൾപ്പെട്ടിട്ടും അമ്പിനും വില്ലിനും അടുക്കാതെ പിഎസ്‌സി ചെയർമാൻ; ഭരണഭാഷ മലയാളമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടും മാറാതെ പിഎസ്‌സി

മാതൃഭാഷയിൽ പരീക്ഷ എഴുതാനായി നിരാഹാരം കിടക്കേണ്ട അവസ്ഥ വേറെ ഏത് നാട്ടിലാണ് ഉണ്ടാവുക! പിഎസ്‌സി ആസ്ഥാനത്തെ 'മലയാള പ്രക്ഷോഭം' ഏഴാംനാൾ പിന്നിടുമ്പോൾ പ്രതികരണമില്ലാതെ സർക്കാർ; അറസ്റ്റ് ചെയ്ത് നീക്കിയ ഗവേഷക വിദ്യാർത്ഥി രൂപിമ ആരോഗ്യസ്ഥിതി വഷളായി ചികിത്സയിൽ; സമര സമിതിയിൽ ഇടത് സാംസ്‌കാരിക നായകർ ഉൾപ്പെട്ടിട്ടും അമ്പിനും വില്ലിനും അടുക്കാതെ പിഎസ്‌സി ചെയർമാൻ; ഭരണഭാഷ മലയാളമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടും മാറാതെ പിഎസ്‌സി

എം എസ് ശംഭു

തിരുവനന്തപുരം: 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷ താൻ'.... ഭരണഭാഷ മലയാളമാക്കി സർക്കാർ വിഞ്ജാപനം 2017 മെയ് 1ന് പുറപ്പെടിവിച്ചിട്ടും പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ നടത്താത്തതിനെതിരെയുള്ള 'മലയാള പ്രക്ഷോഭം' പ്രക്ഷോഭം ഇന്ന് ഏഴാം ദിവസത്തിലേക്ക്. കേരളാ പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മലയാളത്തിലാക്കണമെന്ന് ആവശ്യവുമായിട്ടാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തി വരുന്നത്. മലയാളം സംരക്ഷണ സമിതിയടക്കം നിരവധി ഭാഷാ സ്‌നേഹികളുടെ സംഘടനകളുടെ കുത്തൊഴുക്കും ഈ സമരപന്തലിലേക്ക് രണ്ടുനാളുകളായി എത്തിക്കഴിഞ്ഞു.

പെറ്റമ്മയും പിറന്നനാടും പ്രാണവായുവിനേക്കാൾ വലുതെന്ന് പഠിപ്പിച്ച നാട്ടിലാണ് സ്വഭാഷാ വീണ്ടെടുക്കണം എന്ന ആവശ്യവുമായി രണ്ടു മനുഷ്യർ ആഗോള മലയാള സമൂഹത്തെ പ്രതിനിധാനം ചെയ്ത് നിരാഹാരം കിടക്കുന്നത്. പാലക്കാട് ഉള്ളൂർക്കുന്ന് ഹയർസെക്കൻഡറി സ്‌കൂളിലെ മലയാള വിഭാഗം അദ്ധ്യാപകൻ ശ്രീയേഷും ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി മലയാളം ഗവേഷണ വിദ്യാർത്ഥി രൂപിമയുമാണ് അനിശ്ചിത കാല നിരാഹാര സമരത്തിലേർപ്പെട്ടിരിക്കുന്നത്. ഐക്യമലയാളം സംഘടിപ്പിച്ച ഈ മലയാള പ്രക്ഷോഭത്തിലേക്ക് കേരളത്തിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പിന്തുണയുമായി എത്തിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു മാധ്യമങ്ങളും ഈ സമരത്തെ ആദ്യഘട്ടത്തിൽ വാർത്തായാക്കാൻ തയ്യാറായില്ലെങ്കിലും സോഷ്യൽ മീഡിയയിലെ ഭാഷാ സ്‌നേഹികളുടെ ക്യാമ്പയിനാണ് ഈ സമരത്തിന് പിന്തുണ നൽകിയത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളടക്കം രണ്ടു ദിവസമായി കവറേജ് നൽകാനും തയ്യാറായി.

ഏഴുദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാരത്തിന്റെ ഭാഗമായി സമരം ചെയ്ത പെൺകുട്ടി രൂപിമയുടെ ആരോഗ്യസ്ഥി വഷളായതോടെ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് സമരരംഗത്തെ ആദ്യമുഖമായ പെൺകുട്ടി. ശാസ്താം കോട്ട ദേവസ്വം ബോർഡ് കോളജിന് കേരളാ യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മികച്ച നടിയെ സമ്മാനിച്ച കലാകാരി കൂടിയാണ് രൂപിമ. രൂപിമയ്ക്ക് പകരം ഇന്ന് വൈകിട്ട് മുതൽ സമരരംഗത്തേക്ക് കൊല്ലം യു.ഐ.ടിയിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ ശ്രയയാണ് എത്തിയിരിക്കുന്നത്.

സമരസമിതിയിൽ സർക്കാരിന്റെ പ്രിയപ്പെട്ടവർ...!

ഓഗസ്റ്റ് 29ന് പി.എസ്.സി ആസ്ഥാനത്ത് ആരംഭിച്ച നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്് സുഗതകുമാരി ടീച്ചറാണ്. കവി മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, സുനിൽ.പി ഇളയിടം, വി.എൻ മുരളി, എ.ജി ഒലീന, പി.പവിത്രൻ തുടങ്ങിയവരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സംയുക്ത സമരസമിതിയിലുള്ള പല വ്യക്തിത്വങ്ങളും സർക്കാരിനോട് അടുത്ത് നിൽക്കുന്നവർ തന്നെ. എങ്കിൽ പോലും ഇവരുടെ ശ്രമങ്ങൾക്ക് മുന്നിൽ സർക്കാർ പ്രതികരിക്കുന്നില്ല എന്നതാണ് അതിശയം. ഇടത്പക്ഷ മനസുള്ള ഒരുവിഭാഗം ആളുകളാണ് സമരപന്തലിൽ സ്വന്തം ഭാഷയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്നതെന്ന ആരോപണം ഉയരുന്നത്. പ്രത്യക്ഷ പിന്തുണയുമായി ഒരു രാഷ്ട്രീയ സംഘടനകളും എത്തിയിട്ടില്ലെങ്കിലും ഇടത് പോഷകഘടകമായ പു.കസയൊക്കെ സമരരംഗത്ത് സജീവമാണ്. ഏഴുതവണ ചർച്ചകൾപരായപ്പെട്ട ശേഷമാണ് സമരം നീളുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉത്തര് നൽകിയിട്ടും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണിതെന്ന് സത്യാഗ്രാഹം കിടക്കുന്ന അദ്ധ്യാപകൻ പ്രതികരിക്കുന്നത്.

സമരം ഏഴ് ദിവസം പിന്നിടുമ്പോഴും സർക്കാർ തുറന്ന പ്രസ്ഥാവന നടത്തിയിട്ടില്ല. സർക്കാർ സംവിധാനത്തിലെ ഒരു ജനപ്രതിനിധി പോലും ഈ സമരത്തിൽ ഈ നിമിഷം വരെയും അഭിപ്രായം ആരാഞ്ഞിട്ടില്ല. കേരളത്തിലെ ക്യാമ്പസുകളിലടക്കം മലയാളം സംസാരിച്ചാൽ ഫൈൻ ഈടാക്കുന്ന കാലഘട്ടത്തിലാണ് ഭാഷയെ സംരക്ഷിക്കണമെന്നും ഇനി വരുന്ന സമൂഹത്തിനെങ്കിലും ഭാഷാ പേടിയില്ലെതെ പരീക്ഷ എഴുതണം എന്നും ആവശ്യപ്പെട്ട് സമരം തുടരുന്നത്. 100 ചോദ്യാവലികളുള്ള പിഎസ്‌സി പരീക്ഷയിൽ ഭൂരിഭാഗം പരീക്ഷാർത്ഥികളുടേയും പ്രശ്‌നം സമയ നഷ്ടം തന്നെയാണ്.കേരളത്തിലെ 24 ശതമാനം വരുന്ന ന്യൂനപക്ഷം മാത്രമാണ് ഇംഗ്ലീഷ്് അനായാസേന കൈകാര്യംചെയ്യുന്നത്. ഭൂരിപക്ഷത്തിന്റേയും ഇംഗ്ലീഷ് എന്നത് മോശമാണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. ഈ ഘട്ടത്തിലാണ് പിഎസ്‌സി മലയാളം ചോദ്യാവലി നൽകാൻ പോലും തയ്യാറാകാത്തത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പബ്ലിക്ക് സർവീസ് പരീക്ഷകളിൽ ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം തന്നെ അവരുടെ ഭാഷകളും ഉൾക്കൊള്ളിക്കുന്ന ചോദ്യം ഉൾപ്പെടുത്തുന്ന സാഹര്യത്തിലാണ് കേരളത്തിൽമാത്രം സർക്കാർ ഉത്തരവ് വന്നിട്ട് പോലും പിഎസ്‌സി അലംഭാവം കാട്ടുന്നതെന്ന് സമരസമിതി വ്യക്തമാക്കുന്നത്. പിഎസ്‌സി ചെയർമാൻ അഡ്വ. എം.കെ സക്കീറിന്റെ നേതൃത്വത്തിൽ സമരസമിതിയുമായി ചർച്ചകൾ നടത്തിയെങ്കിൽ പോലും സമരക്കാരുടെ ആവശ്യങ്ങൾക്കൊപ്പം ചെയർമാൻ ഉറച്ചുനിന്നിട്ടില്ല. വിഷയം മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിൽകൊണ്ടുവന്നെന്നാണ് സമരസമിതി അവകാശപ്പെടുന്നത്. സമരമുഖത്ത് നിൽക്കുന്നത് ഐക്യമലയാള സമിതിയും, പുരോഗമന കലാസാഹിത്യസംഘവും കേരളത്തിന്റെ പൊതു സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും.

സിവിൽ സർവീസിന് മലയാളത്തിൽ ആകാമെങ്കിൽ എന്തേ പിഎസ്‌സി?

ഇന്ത്യൻ സിവിൽ സർവീസ് എഴുതാൻ ഒരു ഉദ്യോഗാർത്ഥിക്ക് പ്രാദേശിക ഭാഷ തിരഞ്ഞെടുക്കാൻ അവസരം നൽകുമ്പോഴാണ് സിവിൽ സർവീസുകാരന്റെ കീഴിൽ വരുന്ന തസ്തികയിലേക്ക് ഇംഗ്ലീഷ് ന്നെ ചോദ്യാവലി തയ്യറാക്കാൻ പിഎസ്‌സി ശാഠ്യം പിടിക്കുന്നത്. കെ.എസ്.എ അടക്കം സിവിൽസർവീസ് പരിധിക്ക് താഴെ വരുന്ന കേരളത്തിലെ എല്ലാ പരീക്ഷകളും എഴുതാൻ മലയാളം എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ എന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.

കേരളത്തിൽ നിലവിലുള്ള സംവിധാനം അനുസരിച്ച് പത്താംതരം വരെ മലയാളം ഐശ്ചിക വിഷയമായി തിരഞ്ഞെടുത്ത ഒരാൾക്ക് അദ്ധ്യാപന തസ്തികയിലേക്ക് അപേക്ഷ നൽകാം എന്നതും സർക്കുലറിൽ വ്യക്തമാക്കുന്നതാണ്. ഡിപിഐ. പത്താം തരം വരെ മലയാളം പഠിക്കാത്ത ഒരാൾ പ്രൈമറി ക്ലാസുകളിൽ അദ്ധ്യാപകനാകുമ്പോൾ 'ഡിഎൽഇഡി' എന്ന കുറുക്കുവഴിയിലൂടെ വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കാമെന്ന കുറുക്കു വഴിയും പി.എസ്.സി ഫോളോ ചെയ്യുന്നുണ്ട്. അതായത്. ഭാഷ നിർബന്ധമില്ലെങ്കിലും പകരമായ ടെസ്റ്റുകളിലൂടെ ആർക്കും അനായാസേന അദ്ധ്യാപക വൃത്തിയിലേർപ്പെടാം. ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരത്തിൽ ഈ പ്രശ്‌നവും പ്രതിബാധിക്കപ്പെടുകയാണ്.

പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാൻ സമരം നടത്തേണ്ടിവന്നത് അതി ദയനീയമെന്ന് വിശേഷിപ്പിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. മാറി മാറി വരുന്ന സർക്കാരുകളാണ് ഉത്തരവിൽ വീഴ്ച വരുത്തുന്നതെന്നാണ് കവി കുരിപ്പുഴ ശ്രീകുമാറും മറുനാടനോട് പ്രതികരിച്ചത്. പാട്ടുപാടിയും പ്രസംഗം നടത്തിയുമാണ് കുരിപ്പുഴ സമരപന്തലിൽ തന്റെ സാന്നിധ്യം അറിയിച്ചത്. മലയാള ഭാഷാ സംരക്ഷണ പ്രക്ഷോഭം കത്തി കയറുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടലുകളാണ് ചോദ്യമായി അവശേഷിക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP