Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സക്കീർ ഹുസൈനെ കണ്ടംവഴി ഓടിച്ച കളമശ്ശേരി എസ്‌ഐക്ക് മേൽ നടപടി എടുക്കാൻ സിപിഎം സമ്മർദ്ദം ശക്തം; ഓഡിയോ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ മുഖംപോയത് പാർട്ടിക്കെന്ന് വിലയിരുത്തൽ; അമൃത് രംഗനെ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തി; മുഖം നോക്കാതെ നീതിപൂർവ്വം പ്രവർത്തിച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയാലും കുഴപ്പമില്ലെന്ന് പറഞ്ഞ എസ്‌ഐക്കെതിരെ എന്തുനടപടിയെന്ന് ആകാംക്ഷ; നട്ടെല്ലുള്ള പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ സജീവ പിന്തുണ

സക്കീർ ഹുസൈനെ കണ്ടംവഴി ഓടിച്ച കളമശ്ശേരി എസ്‌ഐക്ക് മേൽ നടപടി എടുക്കാൻ സിപിഎം സമ്മർദ്ദം ശക്തം; ഓഡിയോ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ മുഖംപോയത് പാർട്ടിക്കെന്ന് വിലയിരുത്തൽ; അമൃത് രംഗനെ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തി; മുഖം നോക്കാതെ നീതിപൂർവ്വം പ്രവർത്തിച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയാലും കുഴപ്പമില്ലെന്ന് പറഞ്ഞ എസ്‌ഐക്കെതിരെ എന്തുനടപടിയെന്ന് ആകാംക്ഷ; നട്ടെല്ലുള്ള പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ സജീവ പിന്തുണ

എം മനോജ് കുമാർ

കൊച്ചി: ഗുണ്ടാ നേതാവിന്റെ രീതിയിൽ കളമശ്ശേരി എസ്‌ഐ അമൃത് രംഗനെ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ രക്ഷിക്കാൻ സിപിഎം രംഗത്ത്. എസ്‌ഐയ്ക്ക് മേൽ നടപടിയെടുക്കാൻ പാർട്ടി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. സക്കീർ ഹുസൈനും കളമശ്ശേരി എസ്‌ഐ അമൃത് രംഗനും തമ്മിലുള്ള ഓഡിയോ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനെ തുടർന്നാണ് എസ്‌ഐയ്ക്ക് മേൽ നടപടിയെടുക്കാൻ പാർട്ടി സമ്മർദ്ദം ശക്തമാക്കിയത്.  ഇതിന്റെ ഭാഗമായി എസ്‌ഐ അമൃത് രംഗനെ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്‌ഐയെ അസിസ്റ്റന്റ് കമ്മിഷണർ വിളിപ്പിച്ചത് എന്നാണ് സൂചന. എസ്‌ഐയ്ക്ക് സ്ഥലം മാറ്റം ഉറപ്പിക്കാനാണ് പാർട്ടി നീക്കം നടത്തുന്നത്. അതേസമയം സ്ഥലം മാറ്റത്തിനു താൻ സന്നദ്ധനാണെന്ന രീതിയിലാണ് എസ്‌ഐ നീങ്ങുന്നത്. തന്റെ ഭാഗത്ത് നിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നു സഹപ്രവർത്തകരോട് എസ്‌ഐ വ്യക്തമാക്കിയതായും സൂചനയുണ്ട്.

അതേസമയം എസ്‌ഐയും സക്കീർ ഹുസൈനും തമ്മിലുള്ള സംഭാഷണം പരിശോധിച്ച് അതിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം. സംഭാഷണങ്ങളിൽ കുഴപ്പമില്ലെങ്കിൽ വകുപ്പ് തല നടപടി എസ്‌ഐയ്ക്ക് എതിരെ വരില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചനകൾ. അതുകൊണ്ട് തന്നെ എസ്‌ഐയെ സ്ഥലംമാറ്റി തത്ക്കാലം മുഖം രക്ഷിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂ കളമശ്ശേരിയിൽ എസ്‌ഐ അമൃത് രംഗൻ എത്തിയിട്ട്. അതിനു മുൻപ് ഇൻഫോ പാർക്ക് പൊലീസ് സ്റ്റെഷനിലായിരുന്നു ജോലി ചെയ്തത്. മലബാർ ഭാഗത്ത് നിന്ന് സ്ഥലം മാറ്റം വാങ്ങിയാണ് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് അമൃത് രംഗൻ എത്തുന്നത്.

കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയാണ് അമൃത് രംഗൻ. സത്യസന്ധനായി പ്രവർത്തിച്ച എസ്‌ഐക്ക് സോഷ്യൽ മീഡിയയിൽ നിന്നടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമൃതരംഗനെ പിന്തുണച്ചു കൊണ്ട് ടി പി സെൻകുമാർ അടക്കമുള്ളവർ രംഗത്തെത്തി. എസ്‌ഐ അമൃത് രംഗന് എന്റെ സല്യൂട്ടെന്ന് സെൻകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസുകാർ പഠിച്ചെങ്കിൽ കേരള പൊലീസ് എത്ര നന്നായേനെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സക്കീർ ഹുസൈനെതിരെ പഴയ വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്. ഇത്തരം ഒരു ഗുണ്ടാനേതാവ് സിപിഎമ്മിന്റെ തലപ്പത്ത് വേണോ എന്ന ചോദ്യങ്ങളും പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്. സക്കീറിനെതിരെയുള്ള അനധികൃത സ്വത്തു സമ്പാദനക്കേസും നിലവിലെ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ വീണ്ടും പൊങ്ങി വന്നിട്ടുണ്ട്. അനധികൃത സ്വത്തു സമ്പാദനത്തിന് പാർട്ടി അന്വേഷണം നേരിടുന്നയാളും യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ ഒരു മാസത്തോളം റിമാൻഡിലായ കാര്യവുമാണ് ഇപ്പോൾ സക്കീറിനെതിരെ വീണ്ടും ഉയർന്നു വന്നിരിക്കുന്നത്.

സ്വത്തു സമ്പാദനക്കേസ് പാർട്ടിയുടെ കളമശേരിയിൽനിന്നു തന്നെയുള്ള നേതാവിന്റെ പരാതിയെ തുടർന്നുണ്ടായതാണ്. സക്കീറിനു സ്വന്തമായി നാലു വീടുകളുണ്ടെന്നും അനധികൃതമായി സമ്പാദിച്ചതാണ് ഇവയെന്നുമായിരുന്നു പരാതി. സി.എം. ദിനേശ്മണി, പി.ആർ. മുരളി എന്നിവരാണ് ഈ പരാതിയിലെ അന്വേഷണ കമ്മിഷൻ. ഭാര്യയുടെ ശമ്പളത്തുക ഉയർന്നതായതിനാൽ തുക നികുതി അടയ്‌ക്കേണ്ടി വരുന്നത് ഒഴിവാക്കാൻ വായ്പയെടുത്തു വേറെ വീടു വാങ്ങി എന്നാണ് പാർട്ടിയെ സക്കീർ അറിയിച്ചത്.

ഗുണ്ടാ കേസിൽപ്പെട്ടതോടെ നഷ്ടമായ കളമശ്ശേരി ഏരിയാകമ്മറ്റി സ്ഥാനം സക്കീറിനു തിരികെ നൽകിയത് അന്വേഷണ കമ്മിഷൻ റിപ്പോട്ട് അനുകൂലമായതിനെ തുടർന്നാണ്. എളമരം കരീം അന്വേഷിച്ച് ഈ കേസിൽ കുറ്റക്കാരനല്ലെന്നു വിധിച്ചതോടെയാണ് സ്ഥാനം തിരികെ ലഭിച്ചത്. പക്ഷെ സക്കീർ ഒന്നാം പ്രതിയായ കേസ് ഇപ്പോഴും കോടതിയിലാണ്. റിമാൻഡിൽ ജയിലായപ്പോൾ ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചത് സക്കീർ റൗഡി പശ്ചാത്തലമുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയും 15 ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്നായിരുന്നു. വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയായിരുന്നു സക്കീർ ഹുസൈൻ.

കേസ് രജിസ്റ്റർ ചെയ്തിട്ടും 20 ദിവസത്തോളം പാർട്ടിതണലിൽ ഒളിവിലായിരുന്നു. സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് എത്തിയതും വിവാദമുണ്ടാക്കി. കളമശേരി എസ്‌ഐയെ സിപിഎം നേതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതാണ് സക്കീറിന് വിനയായത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്നാണ് സക്കീർ ഭീഷണി മുഴക്കുന്നത്. എന്നാൽ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എസ്‌ഐ.മറുപടി നൽകിത്.

 

ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്‌ഐ മറുപടി പറയുന്നുണ്ട്. ഇത് പുറത്ത് വന്നതും സക്കീറിന് ക്ഷീണമായി. ഇപ്പോൾ വിവാദത്തിൽ പാർട്ടി നേരിട്ട് ഇടപെട്ടു തുടങ്ങുകയാണ്. എല്ലാത്തിനും ഒരൊറ്റ ലക്ഷ്യം മാത്രം. സക്കീറിനെ സുരക്ഷിതമായി സംരക്ഷിച്ച് നിർത്തുക. ഇതിനായി എസ്‌ഐയ്ക്ക് മേൽ നടപടിയെടുക്കാനാണ് പാർട്ടി സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP