Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നേരറിയാൻ സിബിഐ' പോലെ സത്യം തെളിക്കുന്ന മമ്മൂട്ടി സിനിമകളാണ് മനസിൽ ഓടിയെത്തുന്നത്; ഈ സിബിഐ വെറും കൂട്ടിലടച്ച തത്ത; ഞങ്ങളുടെ കണ്മുമ്പിൽ വച്ച് ശ്രീജിവിനെ കൊന്ന സംഭവത്തിൽ ഇപ്പോൾ കൊടുത്തതുകൊഞ്ഞനം കുത്തുന്ന റിപ്പോർട്ട്; പൊലീസ് കംപെയിന്റ്‌സ് അഥോറിറ്റി കസ്റ്റഡി മരണമെന്ന് കണ്ടെത്തിയ സംഭവമാണ് ആത്മഹത്യയാക്കിയത്; ഏഴുനാളായി ഞാൻ ഭക്ഷണമില്ലാതെ സമരം തുടങ്ങിയിട്ട്; കൊല്ലപ്പെട്ടാൽ അതിന് പിന്നിൽ സിപിഎമ്മായിരിക്കും; ശ്രീജിത്ത് മറുനാടനോട്

'നേരറിയാൻ സിബിഐ' പോലെ സത്യം തെളിക്കുന്ന മമ്മൂട്ടി സിനിമകളാണ് മനസിൽ ഓടിയെത്തുന്നത്; ഈ സിബിഐ വെറും കൂട്ടിലടച്ച തത്ത; ഞങ്ങളുടെ കണ്മുമ്പിൽ വച്ച് ശ്രീജിവിനെ കൊന്ന സംഭവത്തിൽ ഇപ്പോൾ കൊടുത്തതുകൊഞ്ഞനം കുത്തുന്ന റിപ്പോർട്ട്; പൊലീസ് കംപെയിന്റ്‌സ് അഥോറിറ്റി കസ്റ്റഡി മരണമെന്ന് കണ്ടെത്തിയ സംഭവമാണ് ആത്മഹത്യയാക്കിയത്; ഏഴുനാളായി ഞാൻ ഭക്ഷണമില്ലാതെ സമരം തുടങ്ങിയിട്ട്; കൊല്ലപ്പെട്ടാൽ അതിന് പിന്നിൽ സിപിഎമ്മായിരിക്കും; ശ്രീജിത്ത് മറുനാടനോട്

എം മനോജ് കുമാർ

 തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന സിബിഐ കണ്ടെത്തൽ വലിയ വഞ്ചനയാണെന്ന് സഹോദരൻ ശ്രീജിത്ത്. സിബിഐയും പൊലീസും ഒത്തുകളിച്ചതായും ശ്രീജിത്ത് മറുനാടനോട് ആരോപിച്ചു. ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നും തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് മറുനാടനോടു പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്. ശ്രീജീവിന്റെ മരണം കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് വർഷങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ ശ്രീജിത്ത് സമരം തുടരുകയാണ്. ഈ സമരം ആയിരത്തി നാനൂറു ദിവസത്തിലേക്ക് അടുക്കുമ്പോഴാണ് ശ്രീജിവിന്റെത് കസ്റ്റഡി മരണമല്ലെന്നു കണ്ടെത്തി സിബിഐ സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകുന്നത്. ഈ വിവാദ റിപ്പോർട്ടിനെ തുടർന്നാണ് മറുനാടനോട് ശ്രീജിത്ത് മനസ് തുറന്നത്.

ശ്രീജീവിന്റെത് കസ്റ്റഡി മരണം തന്നെയാണെന്ന് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് തന്നെ സർക്കാരിനു അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കെയാണ് ഇതിനു നേർ വിപരീതമായി കസ്റ്റഡി മരണമല്ലെന്നു സിബിഐ കണ്ടെത്തുകയും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുള്ളത്. കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നു എന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സിബിഐ ഉയർത്തിക്കാട്ടുന്നു.

ശ്രീജിവിന്റെത് കസ്റ്റഡി മരണമല്ല ആത്മഹത്യയാണെന്ന വിവരം മാധ്യമങ്ങൾ പറഞ്ഞാണ് അറിയുന്നത്. പൊലീസ് കംപ്ലെയിന്റ്‌റ് അഥോറിറ്റി ചെയർമാൻ നടത്തിയ അന്വേഷണത്തിൽ ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് തങ്ങളുടെ കയ്യിലുമുണ്ട്. അതൊരു ആധികാരിക രേഖയായി തന്നെ ഞങ്ങൾ കരുതുന്നു. കൺമുന്നിൽ വെച്ച് ശ്രീജീവിനെ കൊന്ന ശേഷം ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന റിപ്പോർട്ട് ആണ് സിബിഐ നൽകിയത്-ശ്രീജിത്ത് ആരോപിക്കുന്നു. 'സിബിഐയും പൊലീസും തമ്മിൽ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ ഒത്തുകളിച്ചോ എന്ന് ചോദിച്ചാൽ ഈ മരണത്തിൽ സിബിഐ അന്വേഷണം നടന്നോ എന്ന് പോലും ഞങ്ങൾക്ക് സംശയമുണ്ട്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥർ എന്ന് പറഞ്ഞു രണ്ടു മൂന്നു പേർ ഇവിടെ വന്നു. പൊലീസിന്റെ തന്നെ ആളുകളാണ് സിവിൽ ഡ്രസ്സിൽ എനിക്ക് ചുറ്റിലുമുണ്ടായിരുന്നത്. സിപിഎമ്മിനോട് രാഷ്ട്രീയ അനുഭാവമുള്ള ആളുകളും പാർട്ടിക്കാരും ആ സമയത്ത് ഇവിടെയുണ്ടായിരുന്നു. സിബിഐ വന്നപ്പോൾ സപ്പോർട്ടിന് സർക്കാരിന്റെ ആളുകൾ തന്നെയാണ് അന്നിവിടെയുണ്ടായിരുന്നത്. എല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം എന്നാണ് പറഞ്ഞത്. ഇവർ സിബിഐ ഉദ്യോഗസ്ഥരാണോ എന്ന് എനിക്ക് തന്നെ വ്യക്തതയില്ല.'

'ഇവിടെ ഭരണത്തിൽ ഇരിക്കുന്നവർ സഹോദരന്റെ കസ്റ്റഡി മരണത്തിൽ നീതി തേടിയിരിക്കുന്ന ഞങ്ങളെ വഞ്ചിക്കുകയാണ്. ഹൈക്കോടതി ജഡ്ജി നടത്തിയ ആധികാരിക റിപ്പോർട്ട് അല്ലാതെ വേറെയൊന്നും ഞങ്ങളുടെ കയ്യിലില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ പറയുന്നത് പോലും ശ്രദ്ധ വേണം എന്ന് തോന്നുന്നു. ഈ റിപ്പോർട്ട് വന്നതായി മാധ്യമങ്ങൾ ആണ് പറഞ്ഞത്. എന്തായാലും ഭയങ്കരമായ രീതിയിൽ വഞ്ചനയാണ് നീതി തേടി സമരം തുടരുന്ന ഞങ്ങളോട് സർക്കാർ കാണിക്കുന്നത്. ഇന്നലെയും സെക്രട്ടറിയേറ്റിൽ പോയതാണ്. ശ്രീജീവിന്റെ കാര്യത്തിലുള്ള അന്വേഷണ റിപ്പോർട്ട് വന്നിട്ടില്ല എന്നാണ് അവർ പറഞ്ഞത്. എന്തായാലും ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടിയുള്ള എന്റെ സമരം തുടരും.

നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന് എന്റെ ജീവനെന്തു സംഭവിക്കുമെന്നു പറയാൻ കഴിയില്ല. എങ്കിലും ഞാൻ ജനങ്ങളോട് പറയുകയാണ്. ഈ സർക്കാർ സംവിധാനങ്ങൾ ജനങ്ങളെ വലിയ രീതിയിൽ ചൂഷണം ചെയ്യുകയാണ്. ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടുന്ന എന്നോടു വലിയ വഞ്ചനയാണ് സർക്കാർ കാട്ടിയത്. എന്തായാലും ഞാൻ സർക്കാരിനു പരാതി നൽകും. ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സർക്കാരിനു കഴിയുമെങ്കിൽ ആ കാര്യം സർക്കാർ ഞങ്ങൾക്ക് ചെയ്ത് തരണം. സിബിഐയ്ക്ക് അന്വേഷണം വിട്ടത് ഈ സർക്കാർ ആയതിനാലാണ് എതിർ റിപ്പോർട്ട് നൽകിയപ്പോൾ സർക്കാർ സഹായം തേടുന്നത്.'

'ശ്രീജീവിന്റെത് കസ്റ്റഡി മരണമാണെന്ന റിപ്പോർട്ട്, ഒരു ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ കയ്യിലുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ സർക്കാർ ചെയ്യണം. എനിക്ക് നിയമപരമായ കാര്യങ്ങൾ ഒന്നും അറിയില്ല. എന്തായാലും നിയമപരമായി കാര്യങ്ങൾ അറിയുന്നവരോടു സിബിഐ അന്വേഷണ റിപ്പോർട്ടിൽ എന്ത് ചെയ്യാൻ കഴിയും എന്ന് ഞാൻ അന്വേഷിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ മുഴുവൻ സർക്കാരിന്റെ വഞ്ചനയ്ക്ക് ഇരയായവരാണ്. സിബിഐ റിപ്പോർട്ടുമായി ബന്ധപ്പെട്ടു ഏതെങ്കിലും രീതിയിൽ മുന്നോട്ടു പോകാൻ കഴിയുമെങ്കിൽ ഞാൻ മുന്നോട്ടു പോകും. ഞാൻ സെക്രട്ടറിയറ്റിനു മുന്നിൽ കിടന്നു മരിക്കേണ്ടി വന്നാലും സമരവുമായി ഞാൻ മുന്നോട്ട് പോകും. ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ പ്രതിയായ പൊലീസുകാരൻ സിപിഎമ്മുകാരനാണ്. സർക്കാരിന്റെ സഹായം, അന്വേഷണ ഏജൻസികളുടെ സഹായം ഇവർക്ക് ലഭിക്കുന്നുണ്ട്.'

'സർക്കാർ ഭയങ്കരമായ രീതിയിൽ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇന്നലെയും ശ്രീജിവിന്റെ കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ആഭ്യന്തരവകൂപ്പിന്റെ ചാർജുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. പക്ഷെ സിബിഐ അന്വേഷണ റിപ്പോർട്ടിന്റെ വാർത്ത ഇന്നാണ് വന്നത്. വർഷങ്ങൾ ആയി സമരം ചെയ്യുന്ന എന്നെ മാനസികമായി പീഡിപ്പിക്കാനാണ് ഇപ്പോഴും പൊലീസ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ആളുകളും ഇവിടെ വന്നു എന്നെ മാനസികമായ രീതിയിൽ എന്നെ ആക്രമിക്കുന്നു. എന്റെ മനസും ശരീരവും തളർന്ന നിലയിലാണ്. സിബിഐ ഒരു കൂട്ടിലിട്ട തത്ത എന്ന പരാമർശം ശരിവയ്ക്കുന്നതാണ് ശ്രീജീവിന്റെ കാര്യത്തിൽ നൽകിയിരിക്കുന്ന അന്വേഷണ റിപ്പോർട്ടും. നേരറിയാൻ സിബിഐ പോലുള്ള മമ്മൂട്ടി സിനിമകളാണ് സിബിഐ എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ വരുന്നത്. ഇതേ സിബിഐ തന്നെയാണ് കസ്റ്റഡി മരണം ആത്മഹത്യയാക്കുന്നതും.'

'ഭരണ സംവിധാനങ്ങളിൽ തുടരുന്നവർ ഒരു സ്ഥലത്ത് നന്മയുടെ ദേവദൂതന്മാർ ആകുമ്പോൾ മറ്റൊരു ഭാഗത്ത് ആളുകളെ പീഡിപ്പിക്കുന്നു. ഇത് ഒരു തരം കബളിപ്പിക്കലാണ്. എന്തായാലും ശ്രീജീവിന്റേത് കസ്റ്റഡി മരണം ആണെന്നുള്ള കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ഈ സമരം തുടരും. എത്ര കാലം തന്നെ വേണമെങ്കിലും ഈ സമരം തുടരും. അതായത് നീതി ലഭിക്കും വരെ. സിബിഐ റിപ്പോർട്ടിൽ സുപ്രീംകോടതിയെ സമീപിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന കാര്യവും ആലോചിക്കും. ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് ഭക്ഷണമില്ലാതെ ഞാൻ സമരം ചെയ്യുന്നത്. കഴിഞ്ഞ ഏഴു ദിവസവും ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. എന്തായാലും എനിക്ക് ആലോചിക്കാൻ സമയം വേണം. സർക്കാരിൽ നിന്ന് ഇത് സംബന്ധിച്ച് വ്യക്തത തേടിയ ശേഷം ഭാവി നടപടികൾ ആലോചിക്കും. എന്തായാലും ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ അതിനു പിന്നിൽ സിപിഎമ്മാണെന്ന് പൊതുജനങ്ങളെ നിങ്ങൾ മനസിലാക്കണം'-ശ്രീജിത്ത് പറയുന്നു.

2014 മെയ്‌ 19 നാണ് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയിൽ എടുത്തത്. മെയ്‌ 21ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് ശ്രീജിവ് മരിച്ചു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ അതിക്രൂര മർദ്ദനത്തിന് ശ്രീജീവ് ഇരയായെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരനായ ശ്രീജിത്ത് അനിശ്ചിതകാല സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. ഈ സമരം വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോൾ തുടരുകയാണ്.

സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ട് വർഷത്തിലേറെയായി സമരം നടത്തിയിരുന്ന ശ്രീജിത്ത് സിബിഐ അന്വേഷണം തുടങ്ങിയപ്പോൾ സമരം അവസാനിപ്പിച്ചിരുന്നു. ജനുവരി 31 ന് സമരം അവസാനിപ്പിച്ച ശ്രീജിത്ത് പക്ഷെ പിന്നീട് 2018 ഫെബ്രുവരി നാലിന് സമരം പുനരാരംഭിക്കുകയായിരുന്നു. ശ്രീജിവിന്റെത് കസ്റ്റഡി മരണം എന്ന് പ്രതിഷേധം ശക്തമായപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്ന് കേസന്വേഷണം സിബിഐക്ക് ഇടത് സർക്കാർ കൈമാറുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ആണ് സിബിഐ ഇപ്പോൾ കോടതിക്ക് കൈമാറിയത്. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP