Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രേഖകളൊന്നുമില്ലാതെ സവാരിക്കിറങ്ങിയ യുവാവിന് പിഴയായി ഒടുക്കേണ്ടി വന്നത് ബൈക്കിന്റെ പകുതി വില; ഗുരുഗ്രാമിലെ സംഭവം കേട്ട് ഞെട്ടുന്നുണ്ടെങ്കിലും പുതുക്കിയ ഫൈൻ നിരക്കുകൾ വന്നതോടെ കൊച്ചുകേരളത്തിലും പിഴ അടയ്ക്കാൻ പലർക്കും മടി; കോടതിയിൽ വച്ചുകാണമെന്ന് വെല്ലുവിളി; പൊല്ലാപ്പാകുമെന്ന് മോട്ടോർ വാഹന വകുപ്പ്; മുങ്ങിയാൽ രക്ഷപ്പെടാമെന്നും വിരുതന്മാർ കരുതരുത്; നിയമം പാലിച്ചാൽ ആരെയും പേടിക്കേണ്ടെന്നും ആശ്വാസവാക്ക്

രേഖകളൊന്നുമില്ലാതെ സവാരിക്കിറങ്ങിയ യുവാവിന് പിഴയായി ഒടുക്കേണ്ടി വന്നത് ബൈക്കിന്റെ പകുതി വില; ഗുരുഗ്രാമിലെ സംഭവം കേട്ട് ഞെട്ടുന്നുണ്ടെങ്കിലും പുതുക്കിയ ഫൈൻ നിരക്കുകൾ വന്നതോടെ കൊച്ചുകേരളത്തിലും പിഴ അടയ്ക്കാൻ പലർക്കും മടി; കോടതിയിൽ വച്ചുകാണമെന്ന് വെല്ലുവിളി; പൊല്ലാപ്പാകുമെന്ന് മോട്ടോർ വാഹന വകുപ്പ്; മുങ്ങിയാൽ രക്ഷപ്പെടാമെന്നും വിരുതന്മാർ കരുതരുത്; നിയമം പാലിച്ചാൽ ആരെയും പേടിക്കേണ്ടെന്നും ആശ്വാസവാക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡൽഹിയിൽ ട്രാഫിക് നിയമ ലംഘനത്തിന് യുവാവ് പിഴയൊടുക്കേണ്ടി വന്നത് വാഹനത്തിന്റെ പകുതി വില എന്ന വാർത്ത ഇപ്പോൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാണ്. ഡ്രൈവിങ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ടേഡ പാർട്ടി ഇൻഷുറൻസ് എന്നിവ അടക്കമുള്ള അടിസ്ഥാന രേഖകളില്ലാതെ, 23,000 രൂപയാണ് പിഴ അടയ്‌ക്കേണ്ടി വന്നത്. ഇത് ഗുരുഗ്രാമിലെ സംഭവം. നമ്മുടെ കൊച്ചുകേരളത്തിലേക്ക് വന്നാലോ, പിഴ അടയ്ക്കാതെ കോടതിയിൽ വച്ച് കാണാമെന്ന് പറഞ്ഞ് ഒഴിയുന്നവർ ഏറെയാണെന്ന കാണാം. പലരുടെയും കൈയിൽ കൂടിയ പിഴത്തുക ഇല്ലാത്തതും പ്രശ്‌നമാണ്. അതുപോലെ തന്നെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ പിഴ വാങ്ങിയെടുക്കാൻ എന്തൊക്കെ വേണമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടെന്ന്ാണ് സൂചന. ഉയർന്ന പിഴ ചുമത്തുന്നുണ്ടെങ്കിലും എന്താണ് തുടർന്ന് സ്വീകരിക്കേണ്ട നടപടി എന്ന കാര്യത്തിൽ, ആശയവ്യക്തതയില്ല.

പിഴയടയ്ക്കാനുള്ള സാവകാശം, കോടതിക്ക് കൈമാറുന്നതിനു മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ട്രാൻസ്പോർട്ട് കമ്മിഷണറാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. നിയമഭേദഗതി നടപ്പായെങ്കിലും അതിനനുസൃതമായി ചട്ടം രൂപവത്കരിച്ചിട്ടില്ല. പെർമിറ്റ്, ലൈസൻസ് വിതരണത്തിന് ഭേദഗതിപ്രകാരമുള്ള നടപടിക്രമങ്ങൾ ചട്ടത്തിലാണ് ഉൾക്കൊള്ളിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ചും അവ്യക്തതയുണ്ട്. ഭേദഗതിപ്രകാരം കാലാവധി തീരുന്നതിന് ഒരുവർഷം മുമ്പ് ഡ്രൈവിങ് ലൈസൻസ് പുതുക്കാം. കാലാവധി കഴിഞ്ഞാലും ഒരുവർഷത്തേക്ക് ടെസ്റ്റില്ലാതെ പുതുക്കാനാകും.

കാലാവധി കഴിഞ്ഞ് സമർപ്പിച്ച അപേക്ഷകരിൽ നിന്നു ചില ഓഫീസുകൾ 1100 രൂപ പിഴ ഈടാക്കിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് അപേക്ഷ സ്വീകരിക്കുന്നത് ചൊവ്വാഴ്ച മുതൽ നിർത്തിവെച്ചിരിക്കുകയാണ്. ഓട്ടോറിക്ഷകളുടെ പെർമിറ്റ് കാലാവധി കഴിഞ്ഞാൽ 10,000 രൂപയാണ് പിഴ. കാലാവധി കഴിഞ്ഞാൽ പിഴയില്ലാതെ പുതുക്കാനുള്ള സമയം അനുവദിച്ചിട്ടില്ല. വയർലെസ്, ബ്ലൂടൂത്ത് സംവിധാനങ്ങളിലൂടെ മൊബൈൽഫോൺ ഉപയോഗിക്കുന്നത് കുറ്റകരമാണോ എന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടില്ല.

കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ

കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും ഇനി വച്ചുപൊറുപ്പിക്കില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്.

പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താൽ വാഹനം നൽകിയ മാതാപിതാക്കൾക്ക് - രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വർഷം തടവും. വാഹനത്തിന്റെ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കും.

വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കൂ. തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്. ഇതുൾപ്പെടെ മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ സെപ്റ്റംബര് ഒന്നുമുതൽ നിലവിൽ വരും

മുങ്ങിയാൽ രക്ഷപ്പെടാം എന്ന് വിരുതന്മാർ കരുതരുത്

പരിശോധന സമയത്ത് തെറ്റായ അഡ്രസ് നൽകി രക്ഷ്‌പ്പെടുന്ന ചില വിരുതന്മാരുണ്ട്. ആ പണി ഇനി നടപ്പില്ല. എല്ലാം മോട്ടോർ വാഹനവകുപ്പ് അറിഞ്ഞേ നടക്കൂ. വാഹനത്തിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയും വിശദാംശങ്ങൾ ഓൺലൈനിൽ പരിശോധിക്കാനുള്ള സംവിധാനം മോട്ടോർവാഹന വകുപ്പിനുണ്ട്. തെറ്റായ വിലാസം നൽകിയാൽ അകത്താകും. വാഹന ഉടമയോട് ഡ്രൈവറെ ഹാജരാക്കാൻ രേഖാമൂലം ആവശ്യപ്പെടാം. തയ്യാറായില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകളിൽ നിയമലംഘനം ഉൾക്കൊള്ളിക്കും. ഡ്രൈവിങ് ലൈൻസിന്റെ കാര്യത്തിലും ഇത്തരത്തിൽ നടപടി സ്വീകരിക്കാം. പിഴയൊടുക്കാതെ ഭാവിയിൽ മറ്റു സേവനങ്ങൾ ലഭിക്കില്ല.

പിഴ അടയ്ക്കാതെ കോടതിയിൽ കാണാം എന്ന വെല്ലുവിളിക്കരുത്

പിഴ അടയ്ക്കാൻ വലിയ വിമുഖതയാണ് ഗതാഗത നിയമലംഘകർ കാട്ടുന്നത്. അഞ്ചിരട്ടി പിഴയാണ് എന്നതാണ് മുഖ്യകാരണം. പിഴ അടയ്ക്കാൻ ഉദ്യോഗസ്ഥർ ഒരാഴ്ച സാവകാശമുണ്ട്. അതിനു ശേഷം കേസാകും. ംസ്ഥാനത്താകെ ഹെൽമറ്റ് ധരിക്കാത്തതിനു 138 കേസുകളും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിനു 149 കേസുകളും ഇതിനകം രജിസ്റ്റർ ചെയ്തതായാണു സൂചന. മോട്ടോർവാഹന നിയമലംഘനങ്ങളുടെ പിഴ പരിശോധനാ സമയത്തോ ഓഫീസിലോ ഒടുക്കുന്നതിന് പകരം കോടതിയിൽ വച്ച് കാണാം എന്ന് പറയുമ്പോൾ സൂക്ഷിക്കുക. വെറുതെ വയ്യാവേലിയാണ് തലയിൽ എടുത്തുവയ്ക്കുന്നത്.

ബസുകളിലും സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നു

ബസുകളിൽ സീറ്റ് ബെൽറ്റ് വേണമെന്ന വ്യവസ്ഥ പുതുക്കിയ മോട്ടോർവാഹന നിയമത്തിൽ കർശനമാക്കി. മോട്ടോർവാഹന നിയമഭേദഗതിയിലെ 194-എ എന്ന വകുപ്പിലാണ് ഈ വ്യവസ്ഥ. ാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപയാണ് പിഴ. ബസുകൾക്ക് സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ആർ.സി. ബുക്കിന്റെ ഉടമ ആയിരംരൂപ അടയ്ക്കണം. ഒരു സീറ്റിന് ബെൽറ്റില്ലെങ്കിലും എല്ലാ സീറ്റിനും ബെൽറ്റില്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ.

14 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാവാഹനങ്ങളിൽ സീറ്റ് ബെൽറ്റോ കുട്ടികൾക്കുള്ള മറ്റു സുരക്ഷാസംവിധാനങ്ങളോ ഇല്ലെങ്കിലും ഈ തുക ഒടുക്കണം. സീറ്റ് ബെൽറ്റ് ലംഘനത്തിന് പിഴ കർശനമാക്കുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാ ബസുകളും ആ ഗണത്തിൽപ്പെടും. ഇതിൽ സ്‌കൂൾബസുകളും ഉണ്ടാവും. ബസുകളിലെ സീറ്റിങ് കപ്പാസിറ്റിയിൽനിന്ന് രണ്ടുസീറ്റ് കുറച്ചശേഷം (ഡ്രൈവറും കണ്ടക്ടറും) ഉള്ള എണ്ണത്തിന്റെ നാലിലൊന്നുപേരെയാണ് നിന്ന് യാത്രചെയ്യാൻ അനുവദിക്കുക. ഉദാഹരണത്തിന്, 48 സീറ്റുള്ള ബസിൽ 11 പേർക്കാണ് അനുമതി. ബസിന് പെർമിറ്റ് കൊടുക്കുമ്പോഴുള്ള വ്യവസ്ഥയാണിത്. സീറ്റൊന്നിന് 600 രൂപയും നിൽക്കുന്ന ഒരു യാത്രക്കാരന് 210 രൂപയുമാണ് ബസിന്റെ രജിസ്ട്രേഷൻ സമയത്ത് പെർമിറ്റ് ഇനത്തിൽ ഈടാക്കുന്നത്.

ഒരു ബസിന്റെ പെർമിറ്റിനുള്ള മാനദണ്ഡത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എങ്കിലും തുടർയാത്ര അനുവദിക്കില്ല. യാത്രക്കാരെ അവിടെയിറക്കി ബസ് കസ്റ്റഡിയിലെടുക്കണം. യാത്രക്കാർക്ക് തുടർയാത്രയ്ക്കുള്ള അവസരമൊരുക്കിയശേഷം വേണം ഇങ്ങനെചെയ്യാൻ. ിൽക്കുന്ന യാത്രക്കാരെ ഒഴിവാക്കണമെങ്കിൽ സംസ്ഥാനസർക്കാർ പ്രത്യേകം ഉത്തരവിറക്കണം. ഉത്തരവ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയുംവേണം. ഈ ഉത്തരവിറക്കുന്നതിനെക്കുറിച്ച് സംസ്ഥാന മോട്ടോർവാഹന വകുപ്പ് ചിന്തിച്ചിട്ടുപോലുമില്ല.

ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിലെ പ്രായോഗിക വശങ്ങൾ പരിശോധിക്കും. ബസ് സർവീസിനെത്തന്നെ ബാധിക്കുന്ന ഇത്തരം വ്യവസ്ഥകൾ ഗതാഗതവകുപ്പ് ഉടൻ ചർച്ചചെയ്യും. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇതുകൊണ്ടുവരാനും ശ്രമിക്കും.

വഴിയിൽ തടഞ്ഞുനിർത്തിയുള്ള പരിശോധന ഇല്ല

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെ കണ്ടെത്തുന്നതിനു വഴിയിൽ വാഹനം തടഞ്ഞുനിർത്തിയുള്ള വാഹനപരിശോധന ഒഴിവാക്കാൻ മോട്ടർ വാഹന വകുപ്പ് നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായം തേടുന്നു. ഇത്തരം സാങ്കേതിക വിദ്യയുള്ള ക്യാമറകൾ കെൽട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ചു നിയമ ലംഘകരെ കണ്ടെത്തുകയാണു ലക്ഷ്യം. അമിതവേഗവും സിഗ്‌നൽ ലൈറ്റ് ലംഘനങ്ങളും കണ്ടെത്താൻ സഹായകമായതാണ് ഇപ്പോൾ കെൽട്രോൺ സ്ഥാപിച്ചിട്ടുള്ള 240 ക്യാമറകൾ.

പുതിയ തരം ക്യാമറകൾ സ്ഥാപിക്കുന്നതോടെ വിവിധ തരം നിയമ ലംഘനങ്ങൾ വേർതരിച്ചു കണ്ടെത്താനാകും. ഹെൽമറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കിൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ അവ കണ്ടെത്തും. സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണെങ്കിൽ അതും. ഹെൽമറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തൻ ക്യാമറ അവ വേർതിരിച്ചറിയും.
ക്യാമറകൾ എടുത്തുമാറ്റാനും സാധിക്കും. അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ വ്യാപകമാകുന്നതോടെ ഇത്തരം ക്യാമറകൾക്കു വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയുകയും സുഗമമാകും. ഓരോ ജില്ലയിലും ഇത്തരം 100 വീതം ക്യാമറകൾ സ്ഥാപിക്കാ0നുള്ള പദ്ധതിയാണു മോട്ടർ വാഹന വകുപ്പ് സർക്കാരിനു കൈമാറിയിട്ടുള്ളത്. ജില്ലകളിൽ ഇതിനായി പ്രത്യേകം കൺട്രോൾ റൂമുകളും ആവശ്യമായി വരും. 1500 കോടിയോളം രൂപ ചെലവു വരുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്.

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി വലിയ വിലകൊടുക്കേണ്ടി വരും

ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയുമായി പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം സെപ്റ്റംബര് ഒന്ന് മുതൽ മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വരും. ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കാനും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉണ്ടാക്കുന്ന വാഹനാപകടങ്ങൾക്ക് രക്ഷകർത്താക്കൾക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്.

ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ ഇനി പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കും. . വാഹനം ഒടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ 10000 രൂപയാണ് നിലവിൽ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴ 10000 രൂപയാണ്.സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ നിലവിലെ പിഴ 100 രൂപ ആണെങ്കിൽ സെപ്റ്റംബർ 1 മുതൽ അത് 1000മാകും. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവിൽ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തിൽ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ - 5000 രൂപ, പെർമിറ്റില്ലാതെ ഓടിച്ചാൽ - 10,000 രൂപ, എമർജൻസി വാഹനങ്ങൾക്ക് മാർഗ്ഗതടസം സൃഷ്ടിച്ചാൽ - 10,000 രൂപയും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ - 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്‌ട്രേഷനും, ലൈസൻസ് എടുക്കാനും ആധാർ നിർബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP