Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിഫബിയുടെ സമ്പൂർണ ഓഡിറ്റിന് സിആൻഡ് എജി അനുമതി നിഷേധിച്ചുവോ? സർക്കാർ ഓഡിറ്റിന് മാത്രമാണോ സിആൻഎജി ഓഡിറ്റ്? ആരോപണങ്ങൾ പാടേ തള്ളി ധനമന്ത്രി; സിആൻഡ് എജി ഓഡിറ്റ് നടക്കുന്നതിനിടെ വന്ന വാർത്ത തമാശ; സഞ്ചിത നിധിയിൽ നിന്ന് പണം കിട്ടുന്ന സ്ഥാപനത്തിന്റെ കണക്കുകൾ പരിശോധിക്കാൻ അവർക്ക് അധികാരമുണ്ട്; പരിശോധനാവകാശം നിഷേധിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നും ഐസക്

കിഫബിയുടെ സമ്പൂർണ ഓഡിറ്റിന് സിആൻഡ് എജി അനുമതി നിഷേധിച്ചുവോ? സർക്കാർ ഓഡിറ്റിന് മാത്രമാണോ സിആൻഎജി ഓഡിറ്റ്? ആരോപണങ്ങൾ പാടേ തള്ളി ധനമന്ത്രി; സിആൻഡ് എജി ഓഡിറ്റ് നടക്കുന്നതിനിടെ വന്ന വാർത്ത തമാശ; സഞ്ചിത നിധിയിൽ നിന്ന് പണം കിട്ടുന്ന സ്ഥാപനത്തിന്റെ കണക്കുകൾ പരിശോധിക്കാൻ അവർക്ക് അധികാരമുണ്ട്; പരിശോധനാവകാശം നിഷേധിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നും ഐസക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിയുടെ സമ്പൂർണ ഓഡിറ്റിന് സിആൻഡ് എജി അനുമതി സർക്കാർ നിഷേധിച്ചെന്ന ആരോപണത്തെ ചൊല്ലി വിവാദം പുകയുന്നു. സിആൻഡ്എജി ഓഡിറ്റ് സർക്കാർ ഓഡിറ്റിന് മാത്രമാണെന്നാണ് വാർത്തകൾ വന്നത്. വന്മുടക്കുമുതൽ ഉള്ളതിനാൽ സമ്പൂർണ്ണ ഓഡിറ്റ് വേണമെന്ന് സിആൻഡി എജി ആവശ്യപ്പെട്ടിരുന്നു, മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും മറുപടി ഉണ്ടായില്ലെന്നും നിക്ഷേപകർക്ക് തെറ്റായ സന്ദേശം നൽകുമെന്ന വിചിത്രവാദം സർക്കാർ ഉന്നയിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. കിഫ്ബിയുടെ ഓഡിറ്റിങ് നടത്തുന്നത് ശ്രീധർ ആൻഡ് കോ എന്ന ഒരു സ്വകാര്യ ഓഡിറ്റർ ആണെന്നും സിആൻഡ് എജിക്ക് റോൾ ഇല്ലെന്നുമാണ് ആരോപണം. എന്നാൽ, ആരോപണങ്ങൾ ധനമന്ത്രി തോമസ് ഐസക്ക് നിഷേധിച്ചു.

കിഫ്ബിഓഡിറ്റ് സി ആൻഡ് എജി ഓഡിറ്റിന് വിധേയമാണെന്ന് ധനമന്ത്രി പറഞ്ഞു. സർക്കാർ നൽകുന്ന നികുതി വിഹിതം സംബന്ധിച്ച ഓഡിറ്റിനു മാത്രമേ സി ആൻഡ് എജിക്ക് അധികാരമുണ്ടാകൂവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സഞ്ചിതനിധിയിൽ നിന്നും പണം കിട്ടുന്ന സ്ഥാപനമായതിനാൽ അതിന്റെ കണക്കുകൾ പരിശോധിക്കാൻ സി ആൻഡ് എജിക്ക് അധികാരമുണ്ടെന്നും ധനമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സി ആൻഡ് എജിക്ക് കിഫ്ബി വരവു-ചെലവുകൾ ഓഡിറ്റ് ചെയ്യുന്നതിന് അധികാരമുണ്ട്. അവർ തങ്ങളുടെ അധികാരം ഉപയോഗിച്ച് ഓഡിറ്റ് നടത്താൻ തീരുമാനിക്കുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായി ഏജിയുടെ രണ്ട് ടീം കിഫ്ബിയിൽ പരിശോധന നടത്തുകയും സംശയങ്ങൾ ഓഡിറ്റ് ക്വറികളായി അധികാരികൾക്ക് നൽകുകയും ചെയ്തു. അവയ്ക്ക് കിഫ്ബി അധികാരികൾ മറുപടിയും നൽകിയിട്ടുണ്ട്. ഈ ക്വറികളിലൊന്നും പൂർണ്ണവിവരം തന്നില്ലെന്ന ആക്ഷേപം ഓഡിറ്റ് ടീം ഉന്നയിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കെ കിഫ്ബി സി ആൻഡ് എജി ഓഡിറ്റിന് പുറത്താണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പശ്ചാത്തലസൗകര്യ സൃഷ്ടിയിൽ വലിയ സംഭാവനകൾ നൽകുന്ന ഒരു നൂതന സംരംഭമാണ് കിഫ്ബി. കിഫ്ബി പുലർത്തുന്ന സുതാര്യതയും തെളിമയും ആവർത്തിച്ച് വ്യക്തമാക്കപ്പെട്ടതാണെന്നും തോമസ് ഐസക് പറഞ്ഞു.

ഡോ:തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

കിഫ്ബി സംബന്ധിച്ച് വീണ്ടും സ്‌തോഭജനകമായ ബ്രേക്കിങ് വാർത്തകൾ വരികയാണ്. കിഫ്ബി കണക്കുകൾ സി ആൻഡ് എജി ഓഡിറ്റിന് വിധേയമാണോയെന്ന പ്രശ്‌നമാണ് പുതിയ വാർത്തകൾക്ക് ആധാരം. വിവരാവകാശ രേഖകൾ പ്രകാരം കിഫ്ബിക്ക് സർക്കാർ നൽകുന്ന നികുതി വിഹിതം സംബന്ധിച്ച ഓഡിറ്റിനു മാത്രമേ സി ആൻഡ് എജിക്ക് അധികാരമുണ്ടാകൂവെന്നും, ഇത് നിയമസഭയിൽ സർക്കാർ പറഞ്ഞതിനു വിഭിന്നമാണെന്നുമാണ് വാർത്ത ചൂണ്ടിക്കാണിക്കുന്നത്. വിദേശവായ്പയടക്കം കിഫ്ബിയുടെ വരുമാനത്തിന് എല്ലാം സർക്കാർ ഉത്തരവാദിയാണെന്ന ഓർമ്മപ്പെടുത്തലും വാർത്തയിൽ ചേർത്തിട്ടുണ്ട്. അത് ഉപയോഗിച്ച് ചെയ്യുന്ന ചെലവുകളൊന്നും ഓഡിറ്റിന് വിധേയമല്ലെന്ന ധ്വനിയാണ് വാർത്ത ജനിപ്പിക്കുന്നത്.

തമാശ സി ആൻഡ് എജി ഓഡിറ്റ് നടന്നുകൊണ്ടിരിക്കെയാണ് ഇത്തരമൊരു വാർത്ത എന്നതാണ്. സി ആൻഡ് എജിയുടെ അധികാരവും ഉത്തരവാദിത്വവും മറ്റും നിർണ്ണയിക്കുന്ന ഡി.പി.സി. നിയമം 1971 ലെ 14(1) വകുപ്പ് പ്രകാരം സർക്കാരിന്റെ സഞ്ചിതനിധിയിൽ നിന്നും ഗ്രാന്റോ വായ്പയോ ലഭിക്കുന്ന ഏതൊരു അഥോറിറ്റിയും സ്ഥാപനവും സി ആൻഡ് എജിക്ക് ഓഡിറ്റ് ചെയ്യാം. ആരുടെയും അനുവാദം വേണ്ട. എല്ലാ വരവ്-ചെലവ് കണക്കുകളും പരിശോധിക്കാനുള്ള അധികാരമാണ് ഈ വ്യവസ്ഥ സി ആൻഡ് എജിക്ക് നൽകുന്നത്. ഇതിന് ആരുടേയും അനുവാദം ആവശ്യമില്ല. സംസ്ഥാന സർക്കാർ നൽകിയ കത്തിലും ഇത് വിശദമാക്കി. കിഫ്ബി നിയമം അനുശാസിക്കുന്ന ഓഡിറ്റുകൾ സംബന്ധിച്ച് വിശദീകരിച്ചതിനുശേഷം വ്യക്തമായി പറഞ്ഞു. സഞ്ചിതനിധിയിൽ നിന്നും പണം കിട്ടുന്ന സ്ഥാപനമായതിനാൽ അതിന്റെ കണക്കുകൾ പരിശോധിക്കാൻ സി ആൻഡ് എജിക്ക് അധികാരമുണ്ട്. അത് ആ ഓഫീസിന് തീരുമാനിക്കാവുന്നതാണ് എന്നാണ് ചൂണ്ടിക്കാണിച്ചത്. ഈ അധികാരം ഉപയോഗിച്ചുള്ള ഓഡിറ്റാണ് നിലവിൽ നടക്കുന്നത്.

കിഫ്ബി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന സ്റ്റാറ്റിയൂട്ടറി ഓഡിറ്റുണ്ട്. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിഭിന്നമായി ഇവിടെ ഓരോ പാദത്തിലും പരിശോധനയും റിപ്പോർട്ടുമാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. ഈ ഓഡിറ്റ് ഫേമിനെ ഏൽപ്പിക്കാനാണ് സർക്കാർ നിശ്ചയിച്ചത്. ഈ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് സി ആൻഡ് എജി ഓഡിറ്റിന് പകരമല്ല.സി ആൻഡ് എജി ഓഡിറ്റിനെ ഒരുതരത്തിലും പരിമിതപ്പെടുത്തുന്നുമില്ല. സഞ്ചിതനിധിയിൽ നിന്നും സഹായം വാങ്ങുന്ന സ്ഥാപനത്തിന്റെ എല്ലാ വരവു-ചെലവു കണക്കുകളും സി ആൻഡ് എജിക്ക് പരിശോധിക്കാമെന്നതാണ് സംശയരഹിതമായ വ്യവസ്ഥ.

വാർത്തയിൽ ധ്വനിപ്പിക്കുന്നവിധമല്ല കാര്യങ്ങൾ എന്നു വ്യക്തമല്ലേ? സി ആൻഡ് എജിക്ക് കിഫ്ബി വരവു-ചെലവുകൾ ഓഡിറ്റ് ചെയ്യുന്നതിന് അധികാരമുണ്ട്. അവർ പ്രസ്തുത അധികാരം ഉപയോഗിച്ച് ഓഡിറ്റ് നടത്താൻ തീരുമാനിക്കുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായി ഏജിയുടെ രണ്ട് ടീം കിഫ്ബിയിൽ പരിശോധന നടത്തുകയും സംശയങ്ങൾ ഓഡിറ്റ് ക്വറികളായി അധികാരികൾക്ക് നൽകുകയും ചെയ്തു. അവയ്ക്ക് കിഫ്ബി അധികാരികൾ മറുപടിയും നൽകിയിട്ടുണ്ട്. ഈ ക്വറികളിലൊന്നും പൂർണ്ണവിവരം തന്നില്ലെന്ന ആക്ഷേപം ഓഡിറ്റ് ടീം ഉന്നയിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കെ കിഫ്ബി സി ആൻഡ് എജിഓഡിറ്റിന് പുറത്താണെന്നും പൂർണ്ണമായ ഓഡിറ്റിന് അധികാരം കൊടുക്കുന്നില്ലെന്നോ ധ്വനിപ്പിക്കുന്ന വാർത്തകൾ ദുരുപദിഷ്ടിതമാണെന്ന് പറയാതെ വയ്യ.

മറ്റുപല സ്ഥാപനങ്ങളിലും ഇല്ലാത്ത വിപുലമായ കണക്ക് പരിശോധന സംവിധാനങ്ങൾ കിഫ്ബിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സി ആൻഡ് എജിക്ക് കിഫ്ബിയുടെ വരവു-ചെലവു കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് പൂർണ്ണ അധികാരമുണ്ട്. ഇതുപ്രകാരമുള്ള ഓഡിറ്റ് നടക്കുകയും ചെയ്യുന്നു. രണ്ടാമത്തേത്, കിഫ്ബി നിയമം അനുശാസിക്കുന്ന സ്റ്റാറ്റിയൂട്ടറി ഓഡിറ്റാണ്. സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങളിൽ ക്വാർട്ടർലി ഓഡിറ്റ് നടക്കുന്ന ഏകസ്ഥാപനമാണ് കിഫ്ബി. ഈ റിപ്പോർട്ട് ഇന്റേണൽ ഓഡിറ്റിനും വിധേയമാക്കുന്നുണ്ട്. ഇതാണ് മൂന്നാമത്തെ സംവിധാനം. ഇതിനെല്ലാം പുറമേ കഴിഞ്ഞ കിഫ്ബി ബോർഡ് മറ്റൊരു തീരുമാനംകൂടി കൈക്കൊണ്ടിട്ടുണ്ട്. ഒരു ഇന്റർനാഷണൽ പീർ റിവ്യു ഓഡിറ്ററിനെ നിയോഗിക്കാൻ നിശ്ചയിച്ചു. കിഫ്ബി അന്തർദേശീയ വിപണിയിൽ നിന്നും വായ്പ വാങ്ങുകയും തിരിച്ചടയ്ക്കുകയുമൊക്കെ ചെയ്യുന്ന സ്ഥാപനമാണ്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽക്കൂടിയാണ് ഈ തീരുമാനം.

കിഫ്ബിയിൽ നിയമ പ്രകാരമുള്ള ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷൻ കേരളത്തിൽ യൂണീക്കായ ഒരു ഓഡിറ്റ് സംവിധാനമാണ്. സെബി റെഗുലേഷൻസിന്റെയും മറ്റും പശ്ചാത്തലത്തിലാണ് എഫ്ടിഎസി സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള കമ്മീഷന്റെ അധ്യക്ഷൻ മുൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായ ശ്രീ. വിനോദ് റായിയാണ്. കിഫ്ബി എഫ്ടിഎസിന് ഓരോ പാദത്തിലും റിപ്പോർട്ട് നൽകും. ആറു മാസത്തിലൊരിക്കൽ എഫ്ടിഎസി കിഫ്ബി റിപ്പോർട്ടുകൾ പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. അതിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഫിഡലിറ്റി സർട്ടിഫിക്കറ്റ് നിയമസഭയിൽ വയ്ക്കുകയും സി ആൻഡ് എജിക്ക് നൽകുകയും ചെയ്യും. ഫിഡലിറ്റി സർട്ടിഫിക്കറ്റും ഓഡിറ്റഡ് സ്റ്റേറ്റ്‌മെന്റും നിയമസഭയിലെ പരിശോധനയ്ക്കും വിലയിരുത്തലിനും വിധേയമാണ്.

കിഫ്ബി കേരളത്തിന്റെ പശ്ചാത്തലസൗകര്യ സൃഷ്ടിയിൽ വലിയ സംഭാവനകൾ നൽകുന്ന ഒരു നൂതന സംരംഭമാണ്. ഇതിന്റെ എല്ലാവശങ്ങളും സംബന്ധിച്ച് കേരള നിയമസഭ സുദീർഘമായി എത്രയോ തവണ ചർച്ച ചെയ്തതാണ്. കിഫ്ബി പുലർത്തുന്ന സുതാര്യതയും തെളിമയും ആവർത്തിച്ച് വ്യക്തമാക്കപ്പെട്ടതുമാണ്. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ പരിശോധന നടന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സി ആൻഡ് എജിക്ക് പരിശോധനാവകാശം നിഷേധിച്ചൂവെന്നോ പരിമിതപ്പെടുത്തിയെന്നോ സൂചിപ്പിക്കുന്ന വാർത്തകൾ ദൗർഭാഗ്യകരമാണെന്നു മാത്രം പറയട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP