Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിഷയ്ക്ക് വേണ്ടി രംഗത്തിറങ്ങിയത് ജോസ് കെ മാണിയുടെ സ്തുതിപാഠക വൃന്ദം; എല്ലാവരെയും ഞെട്ടിച്ചു കുടുംബത്തിന് പുറത്തു നിന്നും സ്ഥാനാർത്ഥി മതിയെന്ന് നിർദ്ദേശിച്ചത് ജോസ് കെ മാണി തന്നെ; ഭാര്യയുടെ ആഗ്രഹങ്ങളെ മറികടക്കാൻ ജോസഫിന്റെ തന്ത്രങ്ങൾ പൊളിച്ചും സ്തുതിപാഠകരോട് അകലംപാലിച്ചു ജോസ് തെളിയിച്ചത് മികച്ച രാഷ്ട്രീയക്കാരൻ എന്നു തന്നെ; ട്രോളാൻ കാത്തിരുന്നവർക്കും പി ജെ ജോസഫിനും വമ്പൻ തിരിച്ചടി; മാണിയുടെ പിന്തുടർച്ചാവകാശ യുദ്ധത്തിൽ ആദ്യകടമ്പയും കടന്നു ജോസ് കെ മാണി സൽപേര് ഉയർത്തുമ്പോൾ

നിഷയ്ക്ക് വേണ്ടി രംഗത്തിറങ്ങിയത് ജോസ് കെ മാണിയുടെ സ്തുതിപാഠക വൃന്ദം; എല്ലാവരെയും ഞെട്ടിച്ചു കുടുംബത്തിന് പുറത്തു നിന്നും സ്ഥാനാർത്ഥി മതിയെന്ന് നിർദ്ദേശിച്ചത് ജോസ് കെ മാണി തന്നെ; ഭാര്യയുടെ ആഗ്രഹങ്ങളെ മറികടക്കാൻ ജോസഫിന്റെ തന്ത്രങ്ങൾ പൊളിച്ചും സ്തുതിപാഠകരോട് അകലംപാലിച്ചു ജോസ് തെളിയിച്ചത് മികച്ച രാഷ്ട്രീയക്കാരൻ എന്നു തന്നെ; ട്രോളാൻ കാത്തിരുന്നവർക്കും പി ജെ ജോസഫിനും വമ്പൻ തിരിച്ചടി; മാണിയുടെ പിന്തുടർച്ചാവകാശ യുദ്ധത്തിൽ ആദ്യകടമ്പയും കടന്നു ജോസ് കെ മാണി സൽപേര് ഉയർത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നിഷ ജോസ് കെ മാണിയെ പാലയിൽ സ്ഥാനാർത്ഥിയാക്കിയാൽ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തുവരാൻ കാത്തിരുന്നവർക്ക് കടുത്ത നിരാശയാണ് ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വം. പാർട്ടിക്കുള്ളിൽ കലാപം ഉണ്ടാക്കാൻ കാത്തിരുന്ന പി ജെ ജോസഫിനെയും സൈബർ ലോകത്ത് ട്രോളാൻ കാത്തിരുന്നവരെയും കടത്തിവെട്ട് തികച്ചും രാഷ്ട്രീയമായ വിജയാണ് ജോസ് കെ മാണി പാലയിലെ സ്ഥാനാർത്ഥി നിർണയത്തിലൂടെ നേടിയത്. കുതികാൽവെട്ട് രാഷ്ട്രീയം കണ്ടുപിടിച്ച കേരളാ കോൺഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാൻ എന്തുകൊണ്ടും മിടുക്കൻ താൻ തന്നെയാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.

മാധ്യമലോകത്ത് നിഷയുടെ പേര് ഉയരുകയും അതിനെ അനുകൂലിച്ചു കൊണ്ട് ജോസ് കെ മാണിയുടെ സ്തുതിപാഠക വൃന്ദം രംഗത്തുവരികയും ചെയ്തതോടെ തന്നെ അദ്ദേഹം അപകടം മണത്തിരുന്നു. ഒടു കുടുംബത്തിലെ രണ്ട് പേർ രാഷ്ട്രീയ രംഗത്ത് ഇറങ്ങുന്നത് ഗുണകരമാകില്ലെന്നും ഇത് എൽഡിഎഫ് രാഷ്ട്രീയ ആയുധമാക്കുമെന്നും കണ്ട് തന്ത്രപരമായാണ് പിന്നീട് ജോസ് മുന്നോട്ടു നീങ്ങിയത്. ജനാധിപത്യപരമായ വഴിയിൽ തന്നെയായി പിന്നീടുള്ള കാര്യങ്ങൾ. സ്ഥാനാർത്ഥി നിർണയത്തിന് ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി മാറി നിന്നിടത്തു നിന്ന് തുടങ്ങിയതാണ് അടവുകളുടെ വിജയമാണ് ഇന്നലെ പുലിക്കുന്നേലിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വിജയിച്ചത്.

സാധാരണ സ്റ്റിയറിങ് കമ്മറ്റി ചേർന്ന് പാർട്ടി തലവനെ സ്ഥാനാർത്ഥി നിർണയത്തിന് ചുമതലപ്പെടുത്തുന്ന രീതിയിൽ നിന്നുള്ള മാറ്റമായിരുന്നു ഇത്. പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് സ്വതന്ത്രമായി സ്ഥാനാർത്ഥി നിർണയം നടത്താൻ ഇത് സഹായകമായി. ആഴ്ചകളായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ ജോസ് ടോം പുലിക്കുന്നേൽ, ബേബി ഉഴുത്തുവാൽ എന്നീ കർഷകരിലേക്ക് ജോസ് കെ. മാണി എത്തിയിരുന്നു. ഫിലിപ്പ് കുഴിക്കുളമായിരുന്നു അവസാന പട്ടികയിൽ ഇടംനേടിയ മറ്റൊരാൾ. പിതാവിന്റെ സീറ്റിൽ പുത്രൻ മൽസരിക്കണമെന്നായിരുന്നു പാർട്ടി പ്രവർത്തകരും നേതാക്കളും ആദ്യം മുന്നോട്ടുവെച്ച നിർദ്ദേശം. എന്നാൽ സിപിഎം മുതലെടുപ്പ് നടത്തുമെന്നതിനാൽ രാജ്യസഭാ സീറ്റ് രാജിവെക്കരുതെന്ന കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നിർദ്ദേശം അംഗീകരിച്ച ജോസ് കെ. മാണി മത്സര രംഗത്തുനിന്ന് പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിൽ സാഹചര്യത്തിലാണ് നിഷ ജോസ് കെ. മണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമായത്.

എന്നാൽ മണ്ഡലം പിറവിയെടുത്തതു മുതൽ മരണം വരെ എംഎ‍ൽഎയായിരുന്ന കെ.എം മാണിയുടെ പിൻഗാമിയായി വരേണ്ടത് മരുമകളാണോ മറ്റു മക്കളിൽ ആരെങ്കിലുമാണോ എന്ന ചോദ്യം കുടുംബ സദസ്സുകളിൽ ഉയർന്നു വരാൻ തുടങ്ങിയതോടെ കുടുംബത്തിൽ നിന്ന് ആരും മൽസരിക്കില്ലെന്ന സൂചന ജോസ് കെ. മാണി പാർട്ടി നേതാക്കളെ ധരിപ്പിച്ചിരുന്നു. എന്നാൽ യോഗങ്ങളിൽ നിഷയുടെ സ്ഥാനാർത്ഥിത്വം അദ്ദേഹം നിഷേധിച്ചുമില്ല. പാർട്ടിയിൽ രണ്ട് പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്ന നേതാക്കൾ പാലാ സീറ്റിനായി മൽസരിച്ചാൽ പാർട്ടിയിലുണ്ടാകുമായിരുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാനാണ് ഈ തന്ത്രം പയറ്റിയത്. എല്ലാ ശ്രദ്ധയും നിഷയിൽ കേന്ദ്രീകരിച്ചിരിക്കെയാണ് ഒരു യഥാർത്ഥ കർഷകൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശം പാർട്ടി കോർ കമ്മറ്റിയിൽ ജോസ് കെ. മാണി അവതരിപ്പിച്ചത്.

നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ കർഷകപാർട്ടിയായി പുനരുജ്ജീവിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിനാണ് ജോസ് കെ. മാണി പ്രാധാന്യം നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംഘടിപ്പിച്ച ജില്ലാ, നിയോജക മണ്ഡലം യോഗങ്ങളില പ്രവർത്തകർ പ്രകടിപ്പിച്ച ആവേശത്തിൽ നിന്നാണ് പാർട്ടി പ്രവർത്തകൻ സ്ഥാനാർത്ഥിയാകണമെന്ന തീരുമാനത്തിലേക്ക്‌ േജാസ് കെ. മാണി എത്തിച്ചേർന്നത്. തന്റെ വിശ്വസ്തരായ നാലംഗ സംഘത്തോട് രണ്ടാഴ്ച മുമ്പ് തന്നെ ഈ സാധ്യത അദ്ദേഹം ചർച്ച ചെയ്തിരുന്നു.

പുതിയ തീരുമാനത്തോടെ പാലാ മാണി കുടുംബം കുത്തകയാക്കിവെക്കുന്നുവെന്ന പ്രചരണത്തിന്റെ മുനയൊടിക്കാൻ പാർട്ടിക്കായി. ഇ ജെ അഗസ്തിക്ക് വേണ്ടി നിലകൊണ്ട പി ജെ ജോസഫിനെയും സമർത്ഥമായാണ് ജോസ് കെ മാണി വെട്ടിയത്. ഏറ്റവും സീനിയറായ നേതാവിനെ വെട്ടാൻ പ്രാദേശിക പരിഗണനകളും ജോസ് കെ മാണി ആയുധമാക്കി. ചിഹ്നം നിഷേധിക്കുമെന്ന് പറഞ്ഞിടത്ത് അതിന് പോലും സാധിക്കില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. നിഷ ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ മോഹം ബാക്കിയാണെങ്കിലും അടുത്ത തവണ രാജ്യസഭാ സീറ്റു നൽകുന്നതിലേക്ക് കാര്യങ്ങൾ എത്തിയേക്കും. സ്തുതിപാഠക രാഷ്ട്രീയത്തിൻ താൻ നിന്നു തരില്ലെന്ന കൃത്യമായ സൂചനയും ജോസ് കെ മാണി നൽകി.

കെ.എം. മാണിയുടെ ചിത്രംവച്ച് മത്സരിച്ചാലും ജയം ഉറപ്പെന്ന് ജോസ് ടോം പുലിക്കുന്നേൽ

പാലാ ഉപതിരഞ്ഞെടുപ്പിൽ തനിക്ക് അംഗീകരിക്കാൻ സാധിക്കാത്ത സ്ഥാനാർത്ഥിയായാൽ ചിഹ്നം അനുവദിക്കില്ലെന്നായിരുന്നു പി ജെ ജോസഫിന്റെ വാദം. എന്നാൽ, ഈ തന്ത്രത്തെയും സമർത്ഥമായി മറികടക്കാൻ ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിച്ചു. പി ജെ ജോസഫ് സ്ഥാനത്തു നിന്നും നീക്കിയ വ്യക്തിയെ തന്നെ സ്ഥാനാർത്ഥിയാക്കാനും ജോസ് കെ മാണിക്ക് സാധിച്ചത് രാഷ്ട്രീയ വിജയമാണ്. രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാകുമോ എന്നകാര്യത്തിൽ ആശങ്കയില്ലെന്നാണ് ജോസ് ടോം പുലിക്കുന്നേൽ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പറയുന്ന ചിഹ്നത്തിൽ മത്സരിക്കുമെന്നും പാലായിൽ കെ.എം. മാണിയുടെ ചിത്രംവച്ച് മത്സരിച്ചാലും ജയം ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കണമെന്ന് ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. നിഷ ജോസ് കെ. മാണിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു താനടക്കം ആവശ്യപ്പെട്ടത്. രണ്ടില ചിഹ്നത്തിൽ മത്സരിക്കണമെന്ന് ഒരു വാശിയുമില്ല. രണ്ടില ചിഹ്നം ലഭിക്കാൻ ആരുടെ മുന്നിലും തലകുനിക്കാൻ പാർട്ടി തയ്യാറല്ല. കെ.എം മാണിയുടെ പിന്തുടർച്ച ആർക്കാണെന്ന് പാലായിലെ വോട്ടർമാർ തീരുമാനിക്കും. അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ലെന്നും ജോസ് ടോം പറഞ്ഞു.

അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യു.ഡി.എഫ്. തീരുമാനം അംഗീകരിക്കുന്നതായി പി.ജെ. ജോസഫ് പറഞ്ഞിട്ടുണ്ട്. എന്നാൽ ടോമിന് രണ്ടില ചിഹ്നം അനുവദിക്കുമോ എന്ന ചോദ്യത്തിന് പി.ജെ. ജോസഫ് വ്യക്തമായ മറുപടി നൽകിയില്ല. യുഡിഎഫ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സഹകരിക്കുമെന്നും നേരത്തെ വ്യക്തമാക്കിയതാണ്. എല്ലാവശങ്ങളും യു.ഡി.എഫിൽ ചർച്ച ചെയ്തു. ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞെങ്കിൽ ചിഹ്നം സംബന്ധിച്ച് കൂടുതൽ ചർച്ച വേണ്ടല്ലോയെന്നും പി.ജെ. ജോസഫ് പറഞ്ഞു. പാലായിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരിപാടികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജോസ് ടോമിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് ശ്രമിക്കുമെന്നും, തിരഞ്ഞെടുപ്പല്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, നിഷ ജോസ് കെ. മാണി സ്ഥാനാർത്ഥിയാകുന്നതിനെ പി.ജെ. ജോസഫ് എതിർത്തതിനെ തുടർന്നാണ് ഒത്തുതീർപ്പു സ്ഥാനാർത്ഥിയായി ജോസ് ടോമിനെ ജോസ് വിഭാഗം നിർദ്ദേശിച്ചത്. ആദ്യഘട്ടത്തിൽ ജോസ് ടോമിനെ അംഗീകരിക്കാൻ ജോസഫ് വിസമ്മതിച്ചെങ്കിലും യുഡിഎഫ് ഇടപെടൽ നിർണായകമായി. 

അസ്ത്രങ്ങൾ എല്ലാം നഷ്ടമായി പി ജെ ജോസഫ്

നിഷ സ്ഥാനാർത്ഥിയാകുമെന്ന് കരുതി ആയുധങ്ങൾ ഒരുക്കിവെച്ച പി ജെ ജോസഫിന് കടത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ തീരുമാനം. നിഷ ജോസ് കെ മാണിയെ അംഗീകരിക്കില്ല എന്ന് പറഞ്ഞതിന് പിന്നാലെ പുതിയ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നിലിനേയും അംഗീകരിക്കില്ല എന്ന പിജെ ജോസഫിന്റെ വാദും ഇതോടെ നിലനിൽക്കില്ലെന്ന് ഉറപ്പായി. പാർട്ടി ഭരണഘടയിൽ ഇത് സംബന്ധിക്കുന്ന കാര്യം വ്യക്തമായി പറയുന്നുണ്ട് എന്നത് തന്നയാണ് പിജെ ജോസഫിന് വിനയാകുന്നത്. ഇതോടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ ജോസ് ടോം പുലിക്കുന്നേൽ തന്നെ ജനവിധി തേടും എന്ന് ഉറപ്പായി. പാർട്ടി സ്ഥാനാർത്ഥിയേയും ചിഹ്നവും നൽകേണ്ടത പാർ്ടി ചെയർമാനല്ല മറിച്ച് സ്റ്റിയറിങ് കമ്മിറ്റി ആണ് എന്നതാണ് ജോസഫിന് തിരിച്ചടിയാകുന്നത്. 96 അംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ 64പേരുടെ പിന്തുണ ജോസ് കെ മാണിക്ക് ആണന്ന് വന്നതോടെ പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വം ജോസഫും അംഗീകരിച്ചു.

നിഷയ്ക്ക് വിജയസാധ്യതയില്ലെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് വെട്ടണം എന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ജോസഫ് നിലപാട് എടുത്തത്. അപ്പോൾ 7അംഗ സമിതി കൂടിയാണ് ജോസ് ടോമിന്റെ പേര് നിർദ്ദേശിച്ചത് പിന്നാലെയാണ് ഇത് അംഗീകരിക്കില്ല എന്ന തീരുമാനത്തിലേക്ക് പിജെ ജോസഫ് എത്തിയത്. അതേ സമയം പാർട്ടി ഭരണഘടന അനുസരിച്ച് പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിലോ ചിഹ്നം അനുവദിക്കുന്നതിലോ ജോസഫിന് യാതൊരു അധികാരവുമില്ല. പാർട്ടി ഭരണഘടനയിലെ 16ാം പേജിൽ പറയുന്നത് അനുസരിച്ച് തെരഞ്ഞെടുപ്പുകളിൽ പാർ്ട്ടി സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് ചെയർമാന് അല്ല മറിച്ച് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയാണ്. അത് തന്നെയാണ് പാർ്ട്ടി സ്ഥാനാർത്ഥിക്ക് ചിഹ്നം ലഭിക്കുന്നതിനുമുള്ള മാനദണ്ഡം എന്നിരിക്കെ ഇപ്പോൾ സ്ഥാനാർത്ഥിയായി തീരുമാനിച്ച ജോസ് ടോം പുലിക്കുന്നേലിനെ അംഗീകരിക്കില്ല എന്ന പിജെ ജോസഫിന്റെ വാദം പൊളിയുകയാണ്.

സ്ഥാനാർത്ഥിയെ നിർണയിക്കുന്നതും ചിഹ്നം അനുവദിക്കുന്നതും സ്റ്റിയറിങ് കമ്മിറ്റി ആണെന്നിരിക്കെ ഇപ്പോൾ തീരുമാനിച്ചത് അനുസരിച്ച് 99 അംഗ സ്റ്റിയറിങ് കമ്മിറ്റിയാണ്. അതിൽ ഇപ്പോൾ 96 അംഗങ്ങളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും ജോസ് കെ മാണിക്ക് ഒപ്പമാണ്. കൃത്യമായി പറഞ്ഞാൽ 64 അംഗങ്ങളുടെ പിന്തുണ ജോസ് കെ മാണി വിഭാഗ്തതിന് ആണ്. 28പേരുടെ പിന്തുണ മാത്രമെ ജോസഫിന് ഉള്ളു. അത്കൊണ്ട് തന്നെ ജോസഫ് ഉന്നയിക്കുന്ന എതിർപ്പ് നിലനിൽക്കില്ല. ഇപ്പോൾ ജോസഫ് വീണ്ടും ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം മാണി വിരുദ്ധരാണ്. ഇവർ തന്നെയാണ് യുഡിഎഫിന് പാലയിൽ ഉള്ള സാധ്യതകൾ ഇല്ലാതാക്കുന്നത് എന്നും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ അഭിപ്രായം. ഭരണഘടന അനുശാസിക്കുന്ന നിയമം തനിക്ക് എതിരാണ് എന്ന് മനസ്സിലായതിന് പിന്നാലെ ജോസഫും സ്ഥാനാർത്ഥിയെ അംഗീകരിക്കുകയായിരുന്നു.

കെ.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേൽ മാണി കുടുംബത്തിന്റെ വിശ്വസ്തനും മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമാണ്. പാലാ ബാറിലെ അഭിഭാഷകനായ അദ്ദേഹം മുൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP