Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരൺ സിങ് രൂപീകരിച്ച ഭാരതീയ ക്രാന്തിദളിലൂടെ രാഷ്ട്രീയം തുടങ്ങി; മുത്തലാഖ് നിയമം പാസാക്കിയപ്പോൾ രാജീവ് ഗാന്ധിയുമായി ഉടക്കി കോൺഗ്രസ് വിട്ടു; വി പി സിംഗിന്റെ നേതൃത്വത്തിൽ ജനതാദൾ സർക്കാർ രൂപം കൊണ്ടപ്പോൾ കേന്ദ്രമന്ത്രിയായി; ജനതപാർട്ടി വഴി ബിജെപിയിൽ എത്തിയ ശേഷം പുറത്തുപോയത് 2007ൽ; മോദി പ്രധാനമന്ത്രി ആയപ്പോൾ കാലഘട്ടം ആവശ്യപ്പെടുന്ന നേതാവെന്ന പുകഴ്‌ത്തി ഗുഡ്ബുക്കിൽ ഇടംപിടിച്ചു; പുതിയ കേരള ഗവർണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാനെ അറിയാം..

ചരൺ സിങ് രൂപീകരിച്ച ഭാരതീയ ക്രാന്തിദളിലൂടെ രാഷ്ട്രീയം തുടങ്ങി; മുത്തലാഖ് നിയമം പാസാക്കിയപ്പോൾ രാജീവ് ഗാന്ധിയുമായി ഉടക്കി കോൺഗ്രസ് വിട്ടു; വി പി സിംഗിന്റെ നേതൃത്വത്തിൽ ജനതാദൾ സർക്കാർ രൂപം കൊണ്ടപ്പോൾ കേന്ദ്രമന്ത്രിയായി; ജനതപാർട്ടി വഴി ബിജെപിയിൽ എത്തിയ ശേഷം പുറത്തുപോയത് 2007ൽ; മോദി പ്രധാനമന്ത്രി ആയപ്പോൾ കാലഘട്ടം ആവശ്യപ്പെടുന്ന നേതാവെന്ന പുകഴ്‌ത്തി ഗുഡ്ബുക്കിൽ ഇടംപിടിച്ചു; പുതിയ കേരള ഗവർണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാനെ അറിയാം..

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പി സദാശിവം ഗവർണർ പദവി ഒഴിയുമ്പോൾ പകരക്കാരനായി കേന്ദ്രസർക്കാർ നിയമിച്ചത് മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിലെ മുസ്ലിം സമുദായത്തിലെ വിപ്ലവകാരിയുമായ ആരിഫ് മുഹമ്മദ് ഖാനാണ്. മുസ്ലിം സമുദായം ശക്തമായുള്ള കേരളത്തിൽ ഒരു മുസ്ലിം സമുദായക്കാരനെ ഗവർണറായി നിയമിച്ച ബിജെപി സർക്കാറിന്റെ നീക്കം എന്താണെന്നത് വഴിയെ കണ്ടു തന്നെ അറിയണം. മുത്തലാഖ് വിഷയത്തിൽ അടക്കം മോദി സർക്കാറിനെ ശക്തമായി പിന്തുണച്ചിരുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. സമുദായത്തിനുള്ളിൽ നിന്നും പരിഷ്‌ക്കരണങ്ങൾ കൊണ്ടു വരാൻ ആഗ്രഹിച്ച നേതാവ് കൂടിയാണ് അദ്ദേഹം.

1986ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽ ഊർജമന്ത്രിയായിരിക്കേ, മുസ്ലിം സ്ത്രീകൾക്കുള്ള അവകാശങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ചു രാജിവച്ചതു വലിയ വാർത്തയായിരുന്നു. അന്ന് അദ്ദേഹം നിലപാടുകളുടെ നേതാവ് എന്നാണ് അറിയപ്പെട്ടത്. ഉത്തർപ്രദേശിൽ ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് സർവകലാശാലയിലും ലഖ്‌നൗ സർവകലാശാലയിലുമായാണ് പഠനം പൂർത്തിയാക്കിയത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിങ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ അംഗമായാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.

1977-ൽ 26-ാം വയസ്സിൽ അദ്ദേഹം യുപി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസിനൊപ്പം ചേർന്നു പ്രവർത്തിച്ചു. 1980-ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1980-ലും 84-ലും കാൻപൂരിൽ നിന്നും ബറൈച്ചിൽ നിന്നും അദ്ദേഹം ലോക്‌സഭയിലെത്തി. 1986ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽ ഊർജമന്ത്രിയായിരിക്കേ, മുസ്ലിം സ്ത്രീകൾക്കുള്ള അവകാശങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ചു രാജിവച്ചതു വലിയ സംഭവമായിരുന്നു. സെഡ്.ആർ.അൻസാരിയടക്കം പല പ്രമുഖരും പ്രകീർത്തിച്ചപ്പോൾ ബില്ലുമായി മുന്നോട്ടുപോകുന്നതു കോൺഗ്രസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നു പാർട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയോടു ചൂണ്ടിക്കാട്ടാനും വഴങ്ങില്ലെന്നു കണ്ടപ്പോൾ മന്ത്രിപദം രാജിവയ്ക്കാനും ആരിഫ് മടിച്ചില്ല.

ആദർശപരമായ കാരണങ്ങളാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയും തിളക്കമാർന്ന മറ്റൊരു രാജിയില്ലെന്ന് അന്നു മാധ്യമങ്ങൾ ഒന്നടങ്കം ആരിഫിനെ പ്രകീർത്തിച്ചു. രാജീവ് ഗാന്ധിയുമായി ഉടക്കി രാജിവെച്ച ശേഷം ജനതാദളിൽ ചേർന്ന അദ്ദേഹം 1989-ൽ ദൾ സ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്‌സഭയിലെത്തി. 89-ൽ ജനതാദൾ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്രമന്ത്രിയായി. വി പി സിങ് സർക്കാറിലെ ശക്തനായ മന്ത്രിയായിരുന്നു അദ്ദേഹം.

1998-ൽ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്‌പിയിലെത്തി. ബറൈച്ചിൽ നിന്ന് തന്നെ മത്സരിച്ച് വീണ്ടും ലോക്‌സഭയിലെത്തി. 2004-ൽ അദ്ദേഹം ബിഎസ്‌പി വിട്ട് ബിജെപിയിൽ ചേർന്നു. മത്സരിച്ചെങ്കിലും തോറ്റു. തുടർന്ന് അദ്ദേഹം 2007ൽ ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. നരേന്ദ്ര മോദി കാലഘട്ടത്തിന്റെ നേതാവാണെന്ന് പുകഴ്‌ത്തി സംസാരിച്ച ആരിഫ് മുഹമ്മദ് ഖാനെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുമെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കേരളാ ഗവർണറാക്കാൻ മോദി സർക്കാർ തീരുമാനിച്ചത്. ആരിഫ് വ്യോമയാനം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ടെക്സ്റ്റ് ആൻഡ് കോണ്ടക്സ്റ്റ്, ഖുറാൻ ആൻഡ് കണ്ടംപററി ചലഞ്ചസ് തുടങ്ങിയവ ആരിഫിന്റെ രചനകളാണ്.

സെപ്റ്റംബർ നാലിനാണു സദാശിവത്തിന്റെ കാലാവധി പൂർത്തിയാകുന്നത്. ജനകീയനായ ഗവർണറായാണു പി.സദാശിവം അധികാരകാലയളവു പൂർത്തിയാക്കുന്നത്. സർക്കാരുമായി കാര്യമായ തർക്കങ്ങളുണ്ടായില്ല. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് സദാശിവത്തോട് താൽപര്യമില്ലായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വഴങ്ങാതെ, മറ്റു പാർട്ടികളോട് അനുഭാവം പ്രകടിപ്പിക്കുന്ന ആളായാണ് നേതൃത്വം അദ്ദേഹത്തെ വിലയിരുത്തിയത്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം പുറത്തുപോകേണ്ടിവന്ന ഷീല ദീക്ഷിത്തിനു പകരമായാണു തമിഴ്‌നാട് ഈറോഡ് സ്വദേശിയായ സദാശിവം ഗവർണറായത്. ഇന്ത്യയുടെ നാൽപതാം ചീഫ് ജസ്റ്റിസ് പദവിയിൽനിന്നു വിരമിച്ചപ്പോഴാണ് 2014 സെപ്റ്റംബർ 5ന് കേരള ഗവർണറായത്. സുപ്രീംകോടതിയിലെ 40 മുൻ ചീഫ് ജസ്റ്റിസുമാരിൽ ഗവർണറാകുന്ന ആദ്യയാളാണു സദാശിവം.

സദാശിവം ഒഴിയുന്ന പദവിയിലേക്ക് ബിജെപി പുതിയ ഗവർണറെ നിയമിക്കുമ്പോൾ അത് രാഷ്ട്രീയമായി ചരടുവലികളുടെ തുടക്കമാണോ എന്ന ആശങ്കയും ശക്തമാണ്. മുസ്ലിം സമുദായത്തിൽ നിന്നൊരാളെ ഗവർണറാക്കുമ്പോൾ അത് രാഷ്ട്രീയമായി ബിജെപിക്ക് ന്യൂനപക്ഷങ്ങൾക്കിടയിൽ വേരോട്ടമുണ്ടാകാൻ സാഹായകമാകുമോ എന്നാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP