Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; ലാലുവിന്റെ വൃക്കകൾക്ക് 63 ശതമാനവും തകരാറ് സംഭവിച്ചെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ; രക്തത്തിലെ അണുബാധയ്‌ക്കൊപ്പം പ്രമേഹവും രക്തസമ്മർദം വലയ്ക്കുന്നു; ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായി വിലസിയ യാദവ നേതാവ് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മരണത്തോട് മല്ലിട്ടു കഴിയുന്നു

കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; ലാലുവിന്റെ വൃക്കകൾക്ക് 63 ശതമാനവും തകരാറ് സംഭവിച്ചെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ; രക്തത്തിലെ അണുബാധയ്‌ക്കൊപ്പം പ്രമേഹവും രക്തസമ്മർദം വലയ്ക്കുന്നു; ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായി വിലസിയ യാദവ നേതാവ് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മരണത്തോട് മല്ലിട്ടു കഴിയുന്നു

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന്റെ വൃക്കകൾക്ക് ഗുരുതര തകരാറാണ് സംഭവിച്ചിട്ടുള്ളത്. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കഴിയുന്ന ലാലുവിന്റെ വൃക്കകൾക്ക് 63 ശതമാനവും തകരാറ് സംഭവിച്ചതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പി.കെ. ഝാ അറിയിച്ചു. ഒരാഴ്ചയായി ലാലുവിന്റെ ആരോഗ്യനില അസ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു.

രക്തത്തിൽ അണുബാധയുണ്ട്. ചെറിയ തടിപ്പ് പോലെ കാണപ്പെട്ടത് പിന്നീട് വലുതായതിനെ തുടർന്ന് നീക്കം ചെയ്തു. അൻപതു ശതമാനം പ്രവർത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോൾ 37 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചതും വൃക്കയുടെ പ്രവർത്തനത്തെ ബാധിച്ചു. പ്രമേഹം, രക്തസമ്മർദം, വൃക്കയുടെ തകരാറ് എന്നിവ അദ്ദേഹത്തെ അലട്ടുന്നുണ്ട്. വൃക്കയുടെ 63 ശതമാനം പ്രവർത്തനവും തകരാറിലാണെന്ന് ലാലുവിനെ ചികിത്സിക്കുന്ന ഡോ. പി.കെ. ഝാ അറിയിച്ചു. രക്തത്തിൽ അണുബാധയുണ്ടെന്നും കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യനില മോശമായിത്തുടരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കാലിത്തീറ്റ കുംഭകോണക്കേസിൽ 14 വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2017 ഡിസംബർ 23 മുതൽ ജയിലിലാണ് ലാലു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു വർഷമായി അദ്ദേഹം രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. ആരോഗ്യം മോശമായതിനെ തുടർന്ന് ജയിലിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച ലാലു പ്രസാദ് യാദവിന് ലഭിക്കുന്നത് മോശം പരിചരണമെന്ന് മകൻ തേജ്വസി യാദവ് നേരത്തെ ആരോപിച്ചിരുന്നു. ലാലു പ്രസാദ് യാദവിനെ കാണാൻ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്നും യുദ്ധത്തടവുകാരനേക്കാളും മോശമായിട്ടാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും തേജ്വസി ആക്ഷേപം ഉന്നയിക്കുകയുണ്ടായി.

കാലിത്തീറ്റ കുംഭകോണക്കേസുകളിൽ ശിക്ഷ അനുഭവിക്കവേ ലാലു പ്രസാദ് യാദവ് സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ലാലുവിന് ജാമ്യാപേക്ഷ നൽകാൻ പാടില്ലെന്ന് കാണിച്ച് സിബിഐ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കാലിത്തീറ്റ കുംഭകോണക്കേസിൽ തനിക്ക് മൂന്നര വർഷത്തെ ജയിൽവാസമാണ് ലഭിച്ചതെന്നാണ് ലാലു പ്രചരിപ്പിക്കുന്നതെന്നും എന്നാൽ ശിക്ഷകളെല്ലാം കൂടി പരിഗണിക്കുമ്പോൾ 27.5 വർഷത്തെ തടവ് ശിക്ഷയാണ് അദ്ദേഹത്തിന്റേതെന്നു സിബിഐ. കോടതിയിൽ ചൂണ്ടിക്കാട്ടി. ലാലുവിന്റെ ആവശ്യത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും സിബിഐ പറഞ്ഞിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ഏഴു വർഷം തടവുശിക്ഷയും വിധിച്ചിരുന്നു. 60 ലക്ഷം രൂപയുടെ പിഴയും ലാലുവിനെതിരെ ചുമത്തി. ഇതോടെ നാലു കേസുകളിലുമായി ലാലു അടക്കേണ്ട പിഴത്തുക 60 ലക്ഷമായി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 1995 ഡിസംബറിനും 1996 ജനുവരിക്കുമിടയിൽ ദുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ വകമാറ്റി ചെലവഴിച്ച കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. മൊത്തം ആറു കേസുകളാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടുള്ളത്. ഐ.പി.സി വകുപ്പുപ്രകാരം ഏഴു വർഷവും അഴിമതി നിരോധനനിയമപ്രകാരം ഏഴു വർഷവുമാണ് തടവുശിക്ഷ വിധിച്ചത്. ഇത് രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP