Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുവാദം നൽകിയിട്ടും രാഹുൽ ഗാന്ധിയെ കാണാൻ കഴിയാത്ത കലിപ്പുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ; എൽ.ഡി.എഫ് എംഎൽഎയക്ക് മുന്നിൽ വിലങ്ങുതടിയായത് ആര്യാടന്മാരെന്ന് ആരോപണം; തനിക്ക് എട്ടുമണിക്ക് അപ്പോയ്മെന്റ് തന്ന രാഹുൽഗാന്ധി 8.45നും ഉറങ്ങുകയായിരുന്നുവെന്ന് അൻവർ; എംഎൽഎയുടെ പുതിയ നാടകമെന്ന് ആര്യാടൻ ഷൗക്കത്തും

അനുവാദം നൽകിയിട്ടും രാഹുൽ ഗാന്ധിയെ കാണാൻ കഴിയാത്ത കലിപ്പുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ; എൽ.ഡി.എഫ് എംഎൽഎയക്ക് മുന്നിൽ വിലങ്ങുതടിയായത് ആര്യാടന്മാരെന്ന് ആരോപണം; തനിക്ക് എട്ടുമണിക്ക് അപ്പോയ്മെന്റ് തന്ന രാഹുൽഗാന്ധി 8.45നും ഉറങ്ങുകയായിരുന്നുവെന്ന് അൻവർ; എംഎൽഎയുടെ പുതിയ നാടകമെന്ന് ആര്യാടൻ ഷൗക്കത്തും

ജംഷാദ് മലപ്പുറം

 മലപ്പുറം: രാഹുൽഗാന്ധിയെ കാണാൻ ഔദ്യോഗികമായി അനുവാദം നൽകിയിട്ടും സ്ഥലത്തെത്തിയപ്പോൾ കാണാൻ അനുവദിക്കാത്തതിന്റെ കലിപ്പുമായി നിലമ്പൂരിലെ എൽ.ഡി.എഫ് എൽഎൽഎ പി.വി.അൻവർ. രാഹുൽ ഗാന്ധിയെ കാണാനെത്തിയ എംഎൽഎയക്ക് മുന്നിൽ വിലങ്ങുതടിയായത് കോൺഗ്രസ് നേതാവ് ആര്യാടന്മുഹമ്മദും, മകൻ ഷൗക്കത്തുമാണെന്ന് പരോക്ഷ പരാമർശവുമായി അൻവർ തന്നെ രംഗത്തുവന്നു. നിലമ്പൂരിൽ അൻവറിനോട് മത്സരിച്ചു പരാജയപ്പെട്ടതിനെ തുടർന്നു ഇരുവിഭാഗവും കടുത്ത ശത്രുതയിലാണ്. ഇതിനാലാണ് അൻവറിന്റെ മമ്പാടുവെച്ചുള്ള കൂടിക്കാഴ്ച മറ്റു കോൺഗ്രസ് നേതാക്കളുമായുള്ള സ്വാധീനം ഉപയോഗിച്ചു തടസപ്പെടുത്താൻ ശ്രമിച്ചതെന്നാണ് ആരോപണം. എന്നാൽ രാഹുൽഗാന്ധി മീറ്റിംഗിലായിരുന്നുവെന്നും 15മിനുട്ട് കൂടി കാത്തിരിക്കാൻ പറഞ്ഞിട്ടും ഇതിന് മുതിരാതെ അൻവർ ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ ഇതു സംബന്ധിച്ചു നൽകുന്ന മറുപടി. ഇത് അൻവറിന്റെ അടുത്ത നാടകമാണെന്ന് പറഞ്ഞ് ആര്യാടൻ ഷൗക്കത്തും രംഗത്തുവന്നിട്ടുണ്ട്.

കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, ആര്യാടൻ മുഹമ്മദ്, കെ.പി.അനിൽകുമാർ, വി.വി.പ്രകാശ് എന്നിവർ സ്ഥലത്തുള്ളപ്പോഴാണ് ഇന്നലെ രാവിലെ മമ്പാട്വെച്ച് രാഹുൽഗാന്ധിയെ കാണാൻ അൻവർ എത്തിയത്. ഇതുസംബന്ധിച്ചു അൻവർ പറയുന്നത് ഇങ്ങിനെയാണ്. ബഹു.വയനാട് എംപി.ശ്രീ.രാഹുൽ ഗാന്ധിയെ കാണാൻ സമയം ചോദിച്ചിരുന്നു. രാവിലെ 8 മണിക്ക് സമയം അനുവദിച്ചിട്ടുള്ളതായി വ്യക്തമാക്കി കൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഇന്നലെ അറിയിപ്പ് എത്തിയിരുന്നു.മമ്പാട് ടാണയിൽ എത്തി കാണണമെന്നാണ് അറിയിച്ചിരുന്നത്.അത് പ്രകാരം 7:45-ന് തന്നെ മമ്പാട് എത്തി.8:45 വരെ അദ്ദേഹത്തെ കാണാനായി കാത്തിരുന്നെങ്കിലും,ഉണർന്നിട്ടില്ല എന്ന അറിയിപ്പാണ് ലഭിച്ചത്.

എപ്പോൾ കാണാനാകും എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം നൽകാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ല.പ്രളയദുരിതം അനുഭവിക്കുന്ന കൈപ്പിനി പ്രദേശത്തുള്ള ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം 9 മണിക്ക് കൈപ്പിനിയിൽ വച്ച് വിളിച്ചിരുന്നു.പുനർനിർമ്മാണത്തിന്റെ ഭാഗമായി,കൈപ്പിനിയിലെ ബഷീർ എന്ന വ്യക്തിക്കായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ഈ സമയത്ത് തീരുമാനിച്ചിരുന്നു.ഇത് രണ്ടും ഒഴിവാക്കാൻ കഴിയാത്തതിനാൽ,മമ്പാട് നിന്നും മടങ്ങേണ്ടി വന്നു. പ്രളയം തകർത്തെറിഞ്ഞ മണ്ഡലമാണ് നിലമ്പൂർ.61 പേർക്ക് നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനാളുകൾ ഭവനരഹിതരായിട്ടുണ്ട്.പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ,പിന്തുണ അഭ്യർത്ഥിക്കാനാണ് എംപിയുടെ അപ്പോയിന്മെന്റ് ആവശ്യപ്പെട്ടിരുന്നത്.

ആൾനാശം ഒന്നും ഉണ്ടായിട്ടില്ലാത്ത, വണ്ടൂർ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം എംപി ഇന്ന് മമ്പാട് വച്ച് വിളിച്ച് ചേർത്തിരുന്നു. ഏറനാട് മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ഇന്നലെ അരീക്കോട്ടും എംപി വിളിച്ച് ചേർത്തിരുന്നു. നിലമ്പൂരിൽ ഇത്തരത്തിൽ ഒരു യോഗം വിളിച്ചിട്ടില്ല. കഴിഞ്ഞ തവണ എത്തിയപ്പോൾ ഉൾപ്പെടെ, നിലമ്പൂരിലെ സ്ഥിതിഗതികൾ എംപി.എന്ന നിലയ്ക്ക് അദ്ദേഹം അന്വേഷിച്ചില്ല.അതിനാലാണ് ഇത്തവണ മുൻകൂട്ടി അനുവാദം വാങ്ങി അദ്ദേഹത്തെ കാണുവാൻ ശ്രമിച്ചത്. സ്വന്തം മണ്ഡലത്തിൽ നടക്കുന്നത് എന്തെന്ന് എംപിക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണ്. ചുറ്റും നടക്കുന്ന ഉപഗ്രഹങ്ങളായ നേതാക്കൾ പറയുന്നതിൽ മാത്രമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപിയുടെ റോൾ ഒതുങ്ങിയിരിക്കുന്നു.

എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കല്ല,നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എംപിയുടെ മുന്നിൽ അവതരിപ്പിക്കാനാണ് അദ്ദേഹത്തെ തേടി പോയത്.നിലമ്പൂരിലെ ജനങ്ങൾ അദ്ദേഹത്തിനോട്,അല്ലെങ്കിൽ അദ്ദേഹം വിശ്വസിക്കുന്ന നേതാക്കളോട് എന്ത് തെറ്റ് ചെയ്തു എന്ന് മനസ്സിലാകുന്നില്ല.മികച്ച ഭൂരിപക്ഷം നൽകിയ നിലമ്പൂരിലെ ജനങ്ങളോട് ധാർമ്മികമായി എംപിക്ക് യാതൊരുവിധ ബാധ്യതകളുമില്ലേ? എല്ലാ നഷ്ടപ്പെട്ട നിലമ്പൂരിലെ ജനങ്ങൾ ഇനി എന്ത് വേണം?ഡൽഹിയിലേക്ക് എത്തണോ? ഓഫീസ് ഉദ്ഘാടനം മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്ന നിങ്ങൾ ഒന്ന് ഓർക്കണം. ചവിട്ടി നിൽക്കുന്ന മണ്ണിൽ ഇന്നും കുറച്ച് മൃതദേഹങ്ങൾ കണ്ടെടുക്കാനാകാതെ,ബാക്കിയുണ്ട്.

രാഷ്ട്രീയം കാണിക്കേണ്ടത് ദുരന്തമുഖത്തല്ല.ഇന്നത്തെ കൂടിക്കാഴ്‌ച്ച നടക്കാതെ പോയത് ചില തൽപ്പര കക്ഷികളുടെ ശ്രമങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമായ ധാരണയുണ്ട്.അവരിൽ പലരേയും മമ്പാട് കാണുകയും ചെയ്തിരുന്നു.പ്രളയം തുടങ്ങിയ നാൾ മുതൽ ഇന്ന് വരെ ജനങ്ങൾക്കൊപ്പം ഉണ്ട്.കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്.ഇനിയും അത് അങ്ങനെ തന്നെ തുടരും.ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാൻ അറിയാം.

ഡിസാസ്റ്റർ ടൂറിസത്തിനിടയിൽ,ഡിസാസ്റ്റർ മാനേജ്മെന്റിനൊന്നും ഒരു സ്ഥാനവുമില്ലെന്ന് വ്യക്തമായി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അൻവർ ഇത്തരത്തിൽ പ്രതികരിച്ചത്. ഇതിനു പുറമെ രാഹുൽ ഗാന്ധി എംപി അപ്പോയിന്മെന്റ് തന്നതിന്റെ തെളിവ് ചോദിക്കുന്നവർക്കായി സമർപ്പിക്കുന്നുവെന്ന് പറഞ്ഞ് രാഹുൽഗാന്ധി കാണാൻ അനുവാദം നൽകി നൽകി ഇമെയിൽ സന്ദേശവും അൻവർ തന്റെ ഫേസ്‌ബുക്കിലൂടെ പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്. 8 മണിക്ക് സമയം അനുവദിച്ചിടത്ത്,8:45-നും അദ്ദേഹം എഴുന്നേറ്റില്ല എന്നതിൽ ഞാനല്ല ഉത്തരവാദിയെന്നും ഈ പോസ്റ്റിൽ പറയുന്നു.

അൻവറിന്റെ പുതിയ നാടകമെന്ന് ആര്യാടൻ ഷൗക്കത്ത്

എന്നാൽ ഇത് നിലമ്പൂർ എംഎ‍ൽഎയുടെ പുതിയ നാടകമാണെന്ന ആരോപണവുമായി ആര്യാടൻ ഷൗക്കത്തും രംഗത്തുവന്നു. രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം ചോദിച്ചത് ഒരു പോസ്റ്റ് ആയി ഫേസ്‌ബുക്കിൽ അൻവർ വന്നപ്പോഴേ തോന്നിയിരുന്നു ഇത് കാണാൻ വേണ്ടിയല്ല ഒരു നാടക അരങ്ങേറ്റമാണ് എന്ന് ഷൗക്കത്ത് പറയുന്നു. സ്വന്തം മുഖ്യമന്ത്രിയെ കാണാൻ പോലും രണ്ടും മൂന്നും ദിവസം കാത്തിരിക്കേണ്ടി വരുന്ന എം എൽ എ ക്ക് രാഹുൽജിയെ കാണാൻ 15 മിനുട്ട് ഇരിക്കാൻ സമയമില്ലാതെ തിരക്കുള്ള ദിവസമായിരുന്നുവെന്നും ഷൗക്കത്ത് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഷൗക്കത്തിന്റെ വിശദീകരണം ഇങ്ങിനെ: രാഹുൽജി ഒരു അടിയന്തിര യോഗത്തിലാണെന്നും 15 മിനിറ്റ് കൊണ്ട് വരുമെന്നും അവിടെയുള്ള നേതാക്കളെല്ലാം പറഞ്ഞിട്ടും രാഹുൽജിയെ കാണാതെ പോയത് നാടകത്തിന്റെ അടുത്ത രംഗമായിട്ടേ കാണാനാവൂ .പ്രളയം തകർത്തെറിഞ്ഞ നിലമ്പൂരിന്റെ അതിജീവന പ്രക്രിയയിൽ രാഹുൽജി എടുത്ത ആർജ്ജവം സർക്കാർ കാണിച്ചിരുന്നെന്ക്കിൽ ഇനിയും 11 ജീവനുകൾ ഇന്നും മണ്ണിനടിയിൽ അവശേഷിക്കുമായിരുന്നില്ല . മുഖ്യമന്ത്രിയും പരിവാരങ്ങളും വന്നു കവളപ്പാറയിൽ പോലും പോകാതെ 7 മിനിറ്റ് പ്രസംഗിച്ചു മടങ്ങിയത് രാഹുൽഗാന്ധി വന്നു രണ്ട് ദിവസം കഴിഞ്ഞാണെന്നു മറക്കരുത് രാഹുൽജി വന്ന രാത്രി തന്നെ ജില്ലാ ഭരണകൂടത്തിന്റെ യോഗം വിളിച്ചു ഞാൻ രണ്ട് ഹിറ്റാച്ചി മാത്രമേ അവിടെ കണ്ടോളു വെന്ന് യോഗത്തിൽ പറഞ്ഞതിന്റെ പിറ്റേദിവസമാണ് തിരച്ചിൽ ഊർജ്ജിതമായത് കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിയതെന്നും മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തത് മറക്കരുത് അന്ന് മുഖ്യമന്ത്രിയുമായും പിന്നീട് പ്രധാനമന്ത്രിയുമായും ഈ കാര്യം ചർച്ചചെയ്തതും രാഹുൽഗാന്ധി തന്നെ.

അതേ സമയം 11നും 15നും മന്ത്രി കെ ടി ജലീൽ ഇതിന്നായി മലപ്പുറത്തു വിളിച്ചു ചേർത്ത രണ്ട് യോഗത്തിലും നിലമ്പൂർ എം എൽ എ പങ്കെടുത്തില്ല എന്നതും അദ്ദേഹത്തിന്റെ ഉത്തരവാദിത്തം വെളിവാക്കുന്നതാണ് കേരളചരിത്രത്തിൽ ആദ്യമായി ഇത്രയും പേർ മണ്ണിലകപ്പെട്ടിട്ടും മൂന്ന് ദിവസമായിട്ടും ഒരു മന്ത്രിപോലും എത്തിനോക്കിയില്ല എന്നതും വേദനയോടെയാണ് നിലമ്പൂരുകാർ ഇപ്പോഴും ഓർക്കുന്നത്
റീ ബിൽഡ് നിലമ്പൂർ എന്ന പേരിൽ നിലമ്പൂരിനെ പുനഃസൃഷ്ടിക്കാനൊരുങ്ങുമ്പോൾ നിലമ്പൂരിന്റെ എം പി യെ മറന്നു പോയിക്കാണും ! എം പി യെ അറിയിച്ചിരുന്നോ അതോ അറിയിച്ചിട്ടും അദ്ദേഹം സമ്മതിച്ചില്ലേ?

സമ്മദം ചോദിച്ചിരുന്നുവെങ്കിൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് കാണുമായിരുന്നില്ലേ 22 ദിവസം കഴിഞ്ഞു . ഇപ്പോഴാണോ റീ ബിൽഡ് സഹായം വേണമെന്നോർത്തത്! ഇത്ര ദിവസമായിട്ടും സർക്കാരിന്റ എന്ത് സഹായമാണ് നിലമ്പൂരിനു ലഭിച്ചത് സുമനസ്സുകളുടെ സഹായമില്ലായിരുന്നെങ്കിൽ നിലമ്പൂരിന്റെ അവസ്ഥ എന്താകുമായിരുന്നു . പിന്നെ വണ്ടൂർ മണ്ഡലം ജനപ്രതിനിധികളുടെ യോഗം വിളിച്ചു രാഹുൽ പങ്കെടുത്തു .നിലമ്പൂരിൽ വിളിച്ചില്ല. സുഹൃത്തെ വണ്ടൂരിൽ യോഗം വിളിച്ചത് അവിടെത്തെ എം എൽ എ അനിൽകുമാറാണ് രാഹുൽജി പങ്കെടുക്കുമെന്നറിയിച്ചിട്ടും ആ യോഗം നിങ്ങൾ ഇടതുപക്ഷ മെമ്പർമാർ ബഹിഷ്‌കരിച്ചു. ആരാണ് രാഷ്ട്രീയം കണ്ടത്? ബഹിഷ്‌കരിച്ച നിങ്ങളോ എല്ലാവരെയും വിളിച്ചു ചേർത്ത അനിൽകുമാർ എം എൽ എയോ? എന്നിട്ടാണോ നിലമ്പൂരിൽ യോഗം വിളിക്കാത്ത കാര്യം പറയുന്നത് നിങ്ങൾ വിളിക്കു രാഹുലിന്റെ തീയതി മുൻകൂട്ടി വാങ്ങൂ ഞങ്ങൾ പങ്കെടുക്കും

ബഹിഷ്‌കരിക്കല്ല. ചുറ്റും നടക്കുന്ന ഉപഗ്രഹങ്ങൾ പറയുന്നതിൽ മാത്രമായി വയനാട് എംപി മാറിയെന്നാക്ഷേപിക്കുന്ന അൻവർ അറിയേണ്ടത് അങ്ങിനെ ഉപഗ്രഹങ്ങളുണ്ടെങ്കിൽ അതിൽ ഒരാൾ സീതാറാം യെച്ചൂരിയും മറ്റൊരാൾ ഡി രാജയുമാണെന്നാണ് ഇയ്യിടെ കാശ്മീരിലേക്കും മാത്രമല്ല ഇന്ത്യൻ മതരീരപേക്ഷതക്ക് , ജനാധിപത്യം വീണ്ടെടുക്കാൻ ഫാസിസത്തിന്നെതിരെയുള്ള പോരാട്ടത്തിൽ എപ്പോഴും രാഹുല്ജിയുടെ കൂടെ കാണുന്നത് ഇവരെയണ് ഇവർ അൻവറിനു ഉപഗ്രഹങ്ങളെങ്കിലും ഞങ്ങൾ ഇവരെ ബഹുനിക്കുന്നു. ഡിസാസ്റ്റർ ടൂറിസത്തിനിടയിൽ ഡിസാസ്റ്റർ മാനേജ്മെന്റിനൊന്നും ഒരു സ്ഥാനാവില്ലെത്രെ ഡിസാസ്റ്റർ ടുറിസം നന്നായി അറിയാവുന്ന എം എൽ എ ആരെന്ന് ചോദിച്ചാൽ അഭിമാനപൂർവം നമ്മൾ പറയും ഒരു പേര്.....

കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കും ചീങ്കണ്ണി പാറയിലെ വെള്ളം കെട്ടിനിർത്തിയ തടയണയും ഡിസാസ്റ്റർ മാനേജ്മെന്റുകാർ അടപ്പിച്ചത് അതു കൊണ്ടാണല്ലോ. ശരിയാ ഇവിടെയൊക്കെ ഡിസാസ്റ്റർ മാനേജ്മെന്റിനു ഒരു സ്ഥാനവുമില്ല. അതുകൊണ്ടാണല്ലോ ഹൈക്കോടതി തന്നെ ഇടപെടേണ്ടിവന്നതെന്നും ഷൗക്കത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP