Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി നടപ്പിലാക്കാത്തതിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് പോയാൽ റിട്ടയർ ചെയ്യുന്നത് വരെ അപ്പീലുമായി തള്ളി നീക്കും; പകരം നടത്തിയത് വോളന്ററി റിട്ടയർമെന്റ് വേണമെന്ന് പറഞ്ഞ് ട്രിബ്യൂണലിനെ സമീപിക്കൽ; ജേക്കബ് തോമസ് എന്തു പറഞ്ഞാലും എതിർത്തു പറഞ്ഞ് ശീലിച്ച സർക്കാർ നോ പറഞ്ഞതോടെ പിണറായി വീണ്ടും മുൻ വിജിലൻസ് ഡയറക്ടർ കുഴിച്ച കുഴിയിൽ; ഇനി സർക്കാരിന് മുമ്പിലുള്ള ഏക വഴി ജേക്കബ് തോമസിനെ ഡിജിപിയായോ വിജിലൻസ് ഡയറക്ടറായോ തിരിച്ചെടുക്കുക മാത്രം

അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി നടപ്പിലാക്കാത്തതിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് പോയാൽ റിട്ടയർ ചെയ്യുന്നത് വരെ അപ്പീലുമായി തള്ളി നീക്കും; പകരം നടത്തിയത് വോളന്ററി റിട്ടയർമെന്റ് വേണമെന്ന് പറഞ്ഞ് ട്രിബ്യൂണലിനെ സമീപിക്കൽ; ജേക്കബ് തോമസ് എന്തു പറഞ്ഞാലും എതിർത്തു പറഞ്ഞ് ശീലിച്ച സർക്കാർ നോ പറഞ്ഞതോടെ പിണറായി വീണ്ടും മുൻ വിജിലൻസ് ഡയറക്ടർ കുഴിച്ച കുഴിയിൽ; ഇനി സർക്കാരിന് മുമ്പിലുള്ള ഏക വഴി ജേക്കബ് തോമസിനെ ഡിജിപിയായോ വിജിലൻസ് ഡയറക്ടറായോ തിരിച്ചെടുക്കുക മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് എന്തു പറഞ്ഞാലും അത് ചെയ്യാതിരിക്കുകയാണ് പിണറായി സർക്കാരിന്റെ രീതി. സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിട്ട് പോലും അത് അംഗീകരിച്ചില്ല. വിരമിക്കാൻ അവസരം നൽകരുതെന്ന് കാട്ടി കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. ഒടുവിൽ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ അനുകൂല ഉത്തരവ് ജേക്കബ് തോമസിന് കിട്ടി. സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടാനോ ജേക്കബ് തോമസ് തയ്യാറയില്ല. ഇതിനിടെ സ്വയം വിരമിക്കലിന് അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് ജേക്കബ് തോമസ് വീണ്ടും കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെത്തി. ഇതോടെ സർക്കാർ മലക്കം മറിഞ്ഞു. ഇപ്പോൾ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പിണറായി സർക്കാർ.

അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി നടപ്പിലാക്കാത്തതിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് പോയാൽ റിട്ടയർ ചെയ്യുന്നത് വരെ അപ്പീലുമായി സർക്കാർ തള്ളി നീക്കുമെന്ന് ജേക്കബ് തോമസ് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അതിസമർത്ഥമായ നീക്കം നടത്തിയത്. വോളന്ററി റിട്ടയർമെന്റ് വേണമെന്ന് പറഞ്ഞ് ട്രിബ്യൂണലിനെ സമീപിച്ചതോടെ സർക്കാർ അത് പറ്റില്ലെന്ന് പറയുകയായിരുന്നു. ജേക്കബ് തോമസ് എന്തു പറഞ്ഞാലും എതിർത്തു പറഞ്ഞ് ശീലിച്ച സർക്കാർ ഇവിടേയും നോ പറഞ്ഞു. ഇതോടെ പിണറായി സർക്കാർ വീണ്ടും മുൻ വിജിലൻസ് ഡയറക്ടർ കുഴിച്ച കുഴിയിൽ വീഴുകയാണ്. ഇനി സർക്കാരിന് മുമ്പിലുള്ള ഏക വഴി ജേക്കബ് തോമസിനെ ഡിജിപിയായോ വിജിലൻസ് ഡയറക്ടറായോ തിരിച്ചെടുക്കുക മാത്രമാണെന്നാണ് വിലയിരുത്തൽ.

വിരമിക്കൽ അപേക്ഷയുമായി അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ജേക്കബ് തോമസ് എത്തിയതോടെ സർക്കാർ നിലപാടു മാറ്റി. ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാനാകും നീക്കം. ഇത് സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡിമിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്നാണ് ഫയലിൽ പറയുന്നത്. ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലിൽ സർക്കാർ അന്തിമ തീരുമാനം എടുക്കും. കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ജേക്കബ് തോമസിന്റെ സസ്പെൻഷൻ റദ്ദ് ചെയ്ത് തിരിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുവരെ ഇതിൽ തുടർ നടപടികൾ ഉണ്ടായിരുന്നില്ല. തുടർന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതിൽ വാക്കാൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയൽ കൈമാറിയത്.

തന്ത്രപരമായ നീക്കമാണ് ജേക്കബ് തോമസ് നടത്തിയത്. ഇതിൽ സർക്കാർ തീർത്തും വെട്ടിലായി. ഇതോടെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. വിരമിക്കാൻ അവസരം നേടി ഹർജി നൽകിയ ഉദ്യോഗസ്ഥൻ ഇത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഐപിഎസിലെ കേരളത്തിലെ ഏറ്റവും സീനിയറാണ് ജേക്കബ് തോമസ്. സീനിയോറിട്ടിക്ക് അനുസരിച്ചുള്ള നിയമനം നൽകണമെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് മേധാവി സ്ഥാനമോ വിജിലൻസ് ഡിജിപി സ്ഥാനമോ ജേക്കബ് തോമസിന് നൽകേണ്ടി വരും. ഇതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്. ഈ നിയമനങ്ങൾ നൽകാതെ അപ്രധാന കസേര നൽകിയാൽ അതിനേയും ജേക്കബ് തോമസ് നിയമവഴിയിൽ ചോദ്യം ചെയ്യും. അപ്പോൾ എന്തുകൊണ്ട് സീനിയോറിട്ടി ബാധകമാക്കിയില്ലെന്ന് വ്യക്തമാക്കേണ്ടി വരും.

എന്നാൽ ഇത് കോടതിയലക്ഷ്യത്തെ നേരിടാനുള്ള നീക്കമായും വിലയിരുത്താം. മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നാണ് സർക്കാർ നിലപാട്. അപ്പീൽ പോകുന്ന വിഷയത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ജേക്കബ് തോമസിനെതിരെ അഴിമതി കേസ് നിലനിൽക്കുന്നതും ആഭ്യന്തര സെക്രട്ടറി കൈമാറിയ ഫയലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫയൽ ചീഫ് സെക്രട്ടറി തന്റെ ശുപാർശയോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറും. വരും ദിവസങ്ങളിൽ സർക്കാർ നിലപാട് ഈ വിഷയത്തിൽ നിർണായകമാവും. നിലവിൽ രണ്ട് വർഷത്തോളമായി ജേക്കബ് തോമസ് സർവീസിന് പുറത്താണ്.

വി.ആർ.എസിന് അപേക്ഷിച്ചെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. തിരിച്ചെടുക്കുകയാണെങ്കിൽ എന്ത് തസ്തികയാണ് ജേക്കബ് തോമസിന് നൽകുക എന്നതും ശ്രദ്ധേയമാണ്. തിരിച്ചെടുക്കേണ്ടി വന്നാൽ അപ്രധാനമായ തസ്തിക നൽകാനാവും സർക്കാർ ശ്രമിക്കുകയെന്നാണ് സൂചന. എറണാകുളത്തെ സ്ഥാനാർത്ഥിയായി ജേക്കബ് തോമസിനെ ബിജെപി പരിഗണിക്കുന്നുണ്ട്. ഇത് പിണറായിക്കും അറിയാം. വിരമിക്കൽ തീരുമാനത്തിന് ശുപാർശ നൽകിയത് ഇതിന് വേണ്ടിയാണെന്നും പിണറായി കണക്കു കൂട്ടി. ഇതുകൊണ്ടാണ് തിരിച്ചെടുക്കാൻ തീരുമാനിച്ചതും. ഫലത്തിൽ ജേക്കബ് തോമസിന്റെ തന്ത്രത്തിന്റെ കുഴിയിൽ വീഴുകയാണ് പിണറായി ചെയ്തത്.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇടതുപക്ഷത്തിന്റെ ആവേശമായിരുന്നു ജേക്കബ് തോമസ് എന്ന മുതിർന്ന ഐപിഎസുകാരൻ. വിജിലൻസിൽ എഡിജിപിയായി അദ്ദേഹം നടത്തിയ നീക്കങ്ങൾക്ക് സിപിഎം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. വിജിലൻസിലെ തത്തയെ ഉമ്മൻ ചാണ്ടി പുകച്ച് പുറത്തു ചാടിച്ചപ്പോൾ കള്ളക്കണ്ണീരുമായി മുതലെടുപ്പ് നടത്തി. പിണറായി അധികാരത്തിലെത്തിയപ്പോൾ ീ തത്തെ കൂടെ കൂട്ടിയെന്നും വരുത്തി. പക്ഷേ പതിയ കൈവിട്ടു. ഒടുവിൽ പ്രധാന ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഒഖിയിലെ വിവാദത്തിലായിരുന്നു ആദ്യ സസ്‌പെൻഷൻ. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്ന്, ഓഖി ചുഴലിക്കാറ്റിൽ കൈക്കൊണ്ട നടപടികളെ ചോദ്യംചെയ്ത് ജേക്കബ് തോമസ് വിമർശിച്ചിരുന്നു. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അവർക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതിവിരുദ്ധരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണിത്. ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നുവെന്നും സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ജേക്കബ് തോമസ് ചോദിച്ചിരുന്നു.

ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ്. ഉദ്യോഗസ്ഥനു ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ആദ്യം ഉത്തരവിട്ടത്. അഖിലേന്ത്യാ സർവീസ് നിയമം 3(1എ) പ്രകാരമാണു നടപടി. സംസ്ഥാനതാത്പര്യത്തിനു വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സർവീസിൽനിന്നു നീക്കാമെന്ന് ഇതുസംബന്ധിച്ച ചട്ടത്തിൽ പറയുന്നു. അന്ന് ജേക്കബ് തോമസ് ഡയറക്ടറായിരുന്നു. പിണറായി അധികാരത്തിലെത്തിയപ്പോൾ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കിയിരുന്നു. എന്നാൽ അധികാരത്തിൽ നടപടികളുമായി ജേക്കബ് തോമസ് മുന്നോട്ട് പോയി. പല സിപിഎമ്മുകാരും അഴിമതി കുരുക്കിലായി. ഇതോടെ തത്തയെ പിണറായിക്ക് ഉള്ളക്കൊള്ളനാകാതെയായി. അങ്ങനെ ജേക്കബ് തോമസിനെ ഐഎംജിയുടെ മൂലയ്ക്കിരുത്തി. അപ്പോൾ അദ്ദേഹം ഇടപെടലുകൾ തുടങ്ങി. കേരളം ഏറ്റവും ശ്രദ്ധിക്കുന്ന ഐപിഎസ് ഓഫീസർ ഓഖിയിൽ പറഞ്ഞത് സർക്കാരിനെതിരായ വിമർശനമായി. അതിരുകടന്ന ഉദ്യോഗസ്ഥനെ പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ജേക്കബ് തോമസ് പുറത്തായി.

പ്രതിപക്ഷവും ജേക്കബ് തോമസിന് ശത്രുക്കളാണ്. ബാർ കോഴയും പാറ്റൂർ ഭൂമി ഇടപാടുമെല്ലാം പൊളിച്ചത് ജേക്കബ് തോമസാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഭരണത്തിലെ മധുവിധു അവസാനിച്ചതോടെ ഐഎംജി ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസിനെ വരുതിയിൽ നിർത്താൻ സർക്കാർ നീക്കം ശക്തമാക്കിയിരുന്നു. ഇതൊന്നും ഫലം കണ്ടില്ല. ഇതിന്റെ പ്രതിഫലനമാ.ിരുന്നു സസെപ്ൻഷൻ. ഈ സർക്കാർ അധികാരമേറ്റയുടൻ നടത്തിയ ആദ്യ ഉന്നത നിയമനങ്ങളിൽ ഒന്നാണു ജേക്കബ് തോമസിന്റേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു കെ.എം.മാണിക്കെതിരായ ബാർ കേസ് പുരോഗമിക്കവേ എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസിൽ നിന്നു മാറ്റിയിരുന്നു. പകരം ശങ്കർ റെഡ്ഡിയെയാണു ഡയറക്ടറാക്കിയത്. പിണറായി അധികാരത്തിലെത്തിയപ്പോൾ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായി.

ചുമതലയേറ്റദിവസം ചുവപ്പും മഞ്ഞയും കാർഡുകൾ കീശയിൽനിന്ന് എടുത്തുകാട്ടിയ ജേക്കബ് തോമസ്, അഴിമതിക്കാർക്ക് പുറത്തേക്കുവഴി കാണിക്കുമെന്ന് പറഞ്ഞിരുന്നു. ഉന്നതർ പ്രതിയായ ടൈറ്റാനിയം, പാമോലിൻ കേസുകൾ, വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മൈക്രോ ഫിനാൻസ് കേസിൽ എഫ്.ഐ.ആർ, ഉന്നതരെ പ്രതിയാക്കി കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയന്വേഷണം, സ്പോർട്സ് കൗൺസിൽ അഴിമതിയന്വേഷണം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ അന്വേഷണം, കെ.എം.മാണി പ്രതിയായ ബാർ കോഴക്കേസിൽ തുടരന്വേഷണം തുടങ്ങി വില്ലേജ് ഓഫീസുകളിലെ അഴിമതിയന്വേഷണങ്ങൾ വരെ നീളുന്നതാണ് വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങൾ. 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഫയർഫോഴ്‌സ് മേധാവി, വിജിലൻസ് എ.ഡി.ജി.പി. തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ മേലങ്കിയില്ലെങ്കിലും അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നു ജേക്കബ് തോമസ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP