Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജോസഫിനെ ഏഴയലുപക്കത്ത് അടുപ്പിക്കാതെ ജോസ് കെ മാണി; എന്ത് നിശ്ചയിച്ചാലും എതിർക്കാൻ ജോസഫ് പക്ഷം; ജോസ് കെ മാണി മത്സരിക്കാനുള്ള നീക്കം തടഞ്ഞ് കോൺഗ്രസ് നേതാക്കൾ; നിഷാ ജോസ് കെ മാണി തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും യുഡിഎഫ് വൃത്തങ്ങൾ; ഇജെ അഗസ്തിക്ക് വിനയാകുന്നത് ജോസഫുമായുള്ള ബന്ധം;മാണിയുടെ രണ്ടാമത്തെ മകൾ സാലി ജോസഫിന്റെ പേരും ചർച്ചകളിൽ; ഒടുവിൽ സജീവ പരിഗണനയിലേക്ക് വരുന്നത് കർഷക കോൺഗ്രസ് പ്രസിഡന്റ് ബേബി ഉഴുതുവാലിന്റെ പേരു തന്നെ

പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജോസഫിനെ ഏഴയലുപക്കത്ത് അടുപ്പിക്കാതെ ജോസ് കെ മാണി; എന്ത് നിശ്ചയിച്ചാലും എതിർക്കാൻ ജോസഫ് പക്ഷം; ജോസ് കെ മാണി മത്സരിക്കാനുള്ള നീക്കം തടഞ്ഞ് കോൺഗ്രസ് നേതാക്കൾ; നിഷാ ജോസ് കെ മാണി തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും യുഡിഎഫ് വൃത്തങ്ങൾ; ഇജെ അഗസ്തിക്ക് വിനയാകുന്നത് ജോസഫുമായുള്ള ബന്ധം;മാണിയുടെ രണ്ടാമത്തെ മകൾ സാലി ജോസഫിന്റെ പേരും ചർച്ചകളിൽ; ഒടുവിൽ സജീവ പരിഗണനയിലേക്ക് വരുന്നത് കർഷക കോൺഗ്രസ് പ്രസിഡന്റ് ബേബി ഉഴുതുവാലിന്റെ പേരു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ആലോചനകളും ചർച്ചകളും വ്യാഴാഴ്ചയും പലവഴി നടന്നെങ്കിലും കേരള കോൺഗ്രസിലെ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെ. അതിനിടെ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയെയാകും അംഗീകരിക്കുകയെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ അംഗമായ ജോസ് കെ മാണി മത്സരിക്കരുതെന്നും ഭാര്യ നിഷാ ജോസ് കെ മാണി മത്സരിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. നിഷാ ജോസ് കെ മാണി മത്സരിച്ച് തോറ്റാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസും യുഡിഎഫും. പിജെ ജോസഫ് പാലം വലിക്കുമെന്ന ഭയാണ് ഇതിന് കാരണം. ഇതോടെ മൂന്നാമതൊരാളുടെ പേരിലേക്ക് ചർച്ച എത്തുകയാണ്. കർഷക കോൺഗ്രസിന്റെ പ്രസിഡന്റ് കൂടിയായ ബേബി ഉഴുതുവാൽ കേരളാ കോൺഗ്രസിന്റെ പാലായിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

ജോസ് കെ മാണിയും പിജെ ജോസഫും ഏറ്റുമുട്ടലിന്റെ പാതയിലാണ്. പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജോസഫിനെ ഏഴയലുപക്കത്ത് അടുപ്പിക്കാതെ ജോസ് കെ മാണി മുന്നോട്ട് പോകുന്നത്. അതുകൊണ്ത് കന്നെ എന്ത് നിശ്ചയിച്ചാലും എതിർക്കാൻ ജോസഫ് പക്ഷവും തീരുമാനിച്ചിട്ടുണ്ട്. പരസ്യ പ്രതികരണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന യു.ഡി.എഫ്. നേതാക്കളുടെ നിർദ്ദേശവും ഇരുവിഭാഗവും കാര്യമാക്കിയില്ല. ഭിന്നത രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വ്യാഴാഴ്ച നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ. അതേസമയം, കേരള കോൺഗ്രസ് ചെയർമാൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കത്തിൽ വെള്ളിയാഴ്ചത്തെ കോടതിവിധി യു.ഡി.എഫ്. നേതാക്കൾ കാത്തിരിക്കുകയാണ്. ജോസ് കെ.മാണിയും പി.ജെ.ജോസഫും നേരിട്ട് ചർച്ചനടത്തുന്നതിനായി ചില യു.ഡി.എഫ്.നേതാക്കൾ നടത്തിയ നീക്കവും ഫലം കണ്ടില്ല. നേരിട്ടുള്ള ചർച്ചയുടെ ആവശ്യമില്ലെന്നാണ് ഇരുപക്ഷത്തെയും നേതാക്കൾ പറഞ്ഞത്.

കോൺഗ്രസിലെയും മറ്റു ഘടകകക്ഷികളിലെയും നേതാക്കളെ പ്രത്യേകമായി കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ബോധ്യപ്പെടുത്തി പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും രണ്ടു പക്ഷങ്ങളും നടത്തുന്നുണ്ട്. സമവായമുണ്ടാക്കാൻ ജോസ് കെ.മാണി സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശം യു.ഡി.എഫിലെ ചില നേതാക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, നിഷാ ജോസിനെ സ്ഥാനാർത്ഥി ആക്കണമെന്നതിൽനിന്ന് ജോസ് കെ.മാണി വിഭാഗം മാറിയിട്ടില്ല. നിഷ മത്സരിക്കണമെന്ന് കേരള കോൺഗ്രസ് വനിതാ വിഭാഗം യോഗം ചേർന്ന് പ്രമേയം പാസാക്കി. പൊതുസമ്മതനായ സ്ഥാനാർത്ഥിയെന്ന ആവശ്യത്തിൽനിന്ന് ജോസഫ് വിഭാഗം പിന്നോട്ടുപോകാൻ തയ്യാറല്ല.ജോസ് കെ.മാണിയോടൊപ്പം നിൽക്കുന്നവരിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമെന്ന് പറഞ്ഞ് ജോസ് വിഭാഗം ഇത് അവഗണിക്കുകയാണ്. ഇതിനിടെയാണ് കെ.എം. മാണിയുടെ രണ്ടാമത്തെ മകൾ സാലി ജോസഫിന്റെ പേരും പാർട്ടികേന്ദ്രങ്ങളിൽ ചർച്ചയായത്. കെ.എം. മാണിയുടെ കുടുംബത്തിൽനിന്നു തന്നെ ഒരാൾ മത്സരിക്കണമെന്ന വാദം വീണ്ടും സജീവമായതോടെയാണിത്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി. ജോസഫ് മേനാച്ചേരിയുടെ ഭാര്യയായ സാലി പഠനകാലത്ത് കോളജ് യൂണിയൻ പ്രവർത്തനങ്ങളിലും വിദ്യർഥി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.

കെ.എം. മാണിയും പാലായുമായുള്ള ബന്ധം വൈകാരികമാണെന്നും മാണിയുടെ കുടുംബത്തിൽ നിന്നുള്ള ഒരാൾ തന്നെ മത്സരിക്കണമെന്നുമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നത്. ആദ്യം നിഷാ ജോസ് കെ. മാണിയുടെ പേര് സജീവചർച്ചയായെങ്കിലും ജോസഫ്-ജോസ് വിഭാഗങ്ങളുടെ തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിഷയ്ക്കു പകരം കുടുംബത്തിൽനിന്നു മറ്റൊരാളെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയർന്നുവന്നു. എന്നാൽ സാലി ജോസഫ് മത്സരിക്കില്ലെന്നാമ് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യു.ഡി.എഫ്. നേതൃയോഗത്തിൽ കേരള കോൺഗ്രസ്(എം) മുൻ കോട്ടയം ജില്ലാ പ്രസിഡന്റും മുതിർന്ന നേതാവുമായ ഇ.ജെ. ആഗസ്തിയുടെ പേരാണ് പ്രധാനമായും പരിഗണിച്ചത്. ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളത്തിന്റെയും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാലിന്റെയും പേരുകളും പരിഗണിക്കപ്പെട്ടു. ഇതിൽ ബേബി ഉഴുത്തുവാലിനോടാണ് ജോസ് കെ മാണിക്ക് കൂടുതൽ താൽപ്പര്യം. നിലവിലെ സാഹചര്യത്തിൽ ബേബി സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

യുഡിഫ് മൊത്തത്തിലും കേരള കോൺഗ്രസിലെ വിവിധ വിഭാഗങ്ങൾക്കിടെയിലും വിവാദങ്ങൾക്കതീതനാണ് ബേബി. സ്ഥാനമാനങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും പിന്നാലെ പായാതെ നിസ്വാര്ഥതയോടെ കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്ന ബേബി മാർക്‌സിസ്റ്റ് പാർട്ടി അണികൾക്ക് പോലും സുസമ്മതനാണ്. പ്രശസ്തവും പൗരാണികവും ആയ ഉഴുതുവാൽ കുടുംബം ആണ് അദ്ദേഹത്തിന്റേത്. കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ പ്രശസ്തമായ വള്ളമറ്റം കുടുംബമാണ് അമ്മവീട്.

എകെസിസി പ്രസിഡന്റ് ആയിരുന്ന ആന്റണി വള്ളമറ്റം അമ്മാവനാണ്. രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ഡെയ്‌സിയാണ് ഭാര്യ. കേരള കോൺഗ്രസിന്റെ കർഷക സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം സംസ്ഥാനമൊട്ടാകെ വേരുകളുള്ള നേതാവാണ്. മാണിക്കൊപ്പം എക്കാലവും നിസ്വാർത്ഥമായി നിന്നിട്ടുള്ള ഇദ്ദേഹം പാലായിലെ മുക്കിനും മൂലക്കും സുപരിചിതനാണ്. പ്രധാന ഗുണം മറ്റു സ്ഥാനാര്തികൾ അനുഭവിക്കുന്ന ശത്രുദോഷം ഇല്ല എന്നതാണ്. സൗമ്യനും സൽസ്വഭാവിയും സർവ്വ സമ്മതനുമാണ് ബേബി. അതുകൊണ്ട് തന്നെ വിജയമുറപ്പിക്കാൻ ബേബിയാണ് നല്ലതെന്ന് ജോസ് കെ മാണി വിലയിരുത്തുന്നു.

ബിജെപിയുടെ ഇടപെടൽ കൂടി കണ്ടാണ് ഈ നീക്കം. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ക്രൈസ്തവർക്ക് സ്വാധീനം കൂടുതലുള്ള പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തങ്ങൾ അപകടം മണത്തതാണെന്ന് മാണി വിഭാഗം നേതാക്കൾ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വൈദികരെയും കന്യാസ്ത്രീകളെയും സൃഷ്ടിച്ച മണ്ഡലമായ പാലായിൽ സംഘപരിവാറിന് പ്രത്യേക താൽപര്യമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത തങ്ങൾക്ക് നേരെയും ഉണ്ടായേക്കാമെന്ന് ക്രൈസ്തവ സമുദായ നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതിനാൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം കേരളാ കോൺഗ്രസിൽ സജീവമാണ്. എന്നാൽ രാജ്യസഭാ അംഗമെന്നതിനാൽ മത്സരിക്കാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. നിഷാ ജോസ് കെ മാണിയുടെ പേരും അതുകൊണ്ട് അതിശക്തമായി ഉയരുന്നു. ഇജെ അഗസ്തിയേയും പരിഗണിച്ചിരുന്നു. പാലായിൽ കെ എം മാണിയുടെ മരണമുയർത്തുന്ന സഹതാപം ആഞ്ഞു വീശുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആര് കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായാലും ജയിക്കുമെന്നാണ് വിലയിരുത്തൽ. ഇങ്ങനെ മാണിയുടെ പേരിൽ ജയിച്ച ശേഷം പിജെ ജോസഫിനൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎ കൂറുമാറിയാൽ അത് പാർട്ടിയിൽ വലിയ പ്രതിസന്ധിയായി മാറും. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിൽ കരുതലോടെ തീരുമാനം എടുക്കാൻ ചർച്ചകൾ പുരോഗമിക്കുന്നത്. എന്തു വന്നാലും പിജെ ജോസഫിന്റെ നിർദ്ദേശമൊന്നും അംഗീകരിക്കില്ലെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം. ഇത് യുഡിഎഫിനേയും അറിയിച്ചിട്ടുണ്ട്. കോൺഗ്രസും ഇതിന് അംഗീകാരം നൽകി. ഇതോടെയാണ് ആരാകും സ്ഥാനാർത്ഥിയെന്ന ചർച്ചകൾ സജീവമാകുന്നത്.

മുതിർന്ന നേതാവ് ഇജെ അഗസ്തിയെ പാലായിൽ മത്സരിപ്പിക്കാനായിരുന്നു ജോസ് കെ മാണി ആഗ്രഹിച്ചിരുന്നത്. പാലാക്കാരല്ലാത്ത ആരേയും മത്സരിപ്പിക്കാൻ കഴിയില്ല. അല്ലാത്ത പക്ഷം നിരവധി നേതാക്കൾ ജോസ് കെ മാണിക്കൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ഇജെ അഗസ്തിയെ പരിഗണിച്ചത്. എല്ലാവരും അംഗീകരിക്കുമെന്നും കരുതി. ഇതിനിടെയാണ് അഗസ്തിയെ പിജെ ജോസഫ് തന്റെ സ്വന്തം സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമൊക്കെയായിരുന്നു അഗസ്തി. എന്നാൽ അഗസ്തിയെ കൂടെ കൂട്ടി കേരളാ കോൺഗ്രസ് എമ്മിനെ ദുർബ്ബലമാക്കാൻ പിജെ ജോസഫ് ശ്രമിക്കുന്നുണ്ട്. സിഎഫ് തോമസിനെ പോലുള്ളവരുടെ സഹായത്തോടെയാണ് ഇത്. കോട്ടയത്തെ ചില കോൺഗ്രസുകാരും ഇതിന് ചുക്കാൻ പിടിക്കുന്നു. കോട്ടയത്ത് കേരളാ കോൺഗ്രസിനെ തകർക്കാനാണ് ഇത്. അഗസ്തി ജയിച്ച് എംഎൽഎയായാൽ പിജെ ജോസഫിനൊപ്പം പോകുമെന്ന ഭയം സജീവമാണ്.

നിലവിൽ അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രിനുള്ളത്. ഇതിൽ മൂന്ന് പേർ പിജെ ജോസഫും സി എഫ് തോമസും മോൻസ് ജോസും ഒരു വിഭാഗത്തിലാണ്. റോഷി അഗസ്റ്റിനും ജയരാജും മാണി ഗ്രൂപ്പിലും. അതുകൊണ്ട് തന്നെ പാർട്ടി പിടിക്കാനുള്ള ബലാബലത്തിൽ പാലാ തെരഞ്ഞെടുപ്പും നിർണ്ണായകമാണ്. ഇവിടെ ജയിക്കുന്ന എംഎൽഎയും ജോസഫിനൊപ്പം നിന്നാൽ പാർലമെന്ററീ പാർട്ടിയിൽ ബഹുഭൂരിപക്ഷവും മാണി ഗ്രൂപ്പിന് എതിരാകും. ഇജെ അഗസ്തി ജയിച്ചാൽ ഇത് സംഭവിക്കാൻ സാധ്യത ഏറെയാണ്. പാർട്ടിക്ക് നല്ലത് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കുന്നതാണ് നല്ലതെന്ന വികാരം അതിശക്തമാണ്. എന്നാൽ രാജ്യസഭാ അംഗമായ ജോസ് കെ മാണിയെ മത്സരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ അംഗത്വം രാജിവച്ചാൽ അത് യുഡിഎഫിന് നഷ്ടമാകും. നിയമസഭയിലെ അംഗ സഖ്യ അനുസിരിച്ച് ഇടതുപക്ഷത്തിന് മാത്രമേ ജയിക്കാൻ കഴിയൂ. ജോസ് കെ മാണി വാശിയോടെ നേടിയെടുത്തതാണ് രാജ്യസഭാ സീറ്റ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ഈ നിലപാട് കാരണം ജോസ് കെ മാണിക്ക് പാലയിൽ മത്സരിക്കാനാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ഈ വിഷയം വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP