Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎം നേതാക്കൾക്ക് തോന്നിയ പോലെ തിരിമറി ചെയ്യാനുള്ളതാണോ സഹകരണ ബാങ്കുകളിലെ പണം? പത്തുവർഷം മുമ്പ് ചാത്തമംഗലം സഹകരണ ബാങ്കിൽനിന്ന് വ്യാജ രേഖകൾ വെച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരൻ ഇപ്പോൾ ബാങ്ക് മാനേജരും ഏരിയാ സെക്രട്ടറിയും; പരാതി പരിശോധിക്കാൻ ജോയിന്റ് രജിസ്റ്റാർക്ക് ഹൈക്കോടതിയുടെ ഉത്തരവ്; സിപിഎം വിഭാഗീയതയിൽ പുറത്തുവരുന്നത് സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ

സിപിഎം നേതാക്കൾക്ക് തോന്നിയ പോലെ തിരിമറി ചെയ്യാനുള്ളതാണോ സഹകരണ ബാങ്കുകളിലെ പണം? പത്തുവർഷം മുമ്പ് ചാത്തമംഗലം സഹകരണ ബാങ്കിൽനിന്ന് വ്യാജ രേഖകൾ വെച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരൻ ഇപ്പോൾ ബാങ്ക് മാനേജരും ഏരിയാ സെക്രട്ടറിയും; പരാതി പരിശോധിക്കാൻ ജോയിന്റ് രജിസ്റ്റാർക്ക് ഹൈക്കോടതിയുടെ ഉത്തരവ്; സിപിഎം വിഭാഗീയതയിൽ പുറത്തുവരുന്നത് സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ

കെ വി നിരഞ്ജൻ

 കോഴിക്കോട്: പിഎസ്‌സിയുടെ വിശ്വാസ്യതവരെ ചോദ്യം ചെയ്യപ്പെട്ട പരീക്ഷാത്തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത് യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിന്റെ പുറത്തായിരുന്നു. അങ്ങനെ ഒരു സംഭവം ഇല്ലായിരുന്നെങ്കിൽ ഈ വിവരങ്ങൾ ആരും അറിയുകയില്ലായിരുന്നു. അതുപോലെ സഹകരണബാങ്കുകളിൽ നിങ്ങൾ നിക്ഷേപിക്കുന്ന പണം എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യം ഇപ്പോൾ ഉയരുന്നത്, കോഴിക്കോട് ചാത്തമംഗലത്തെ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ്. പത്തുവർഷം മുമ്പ് ഇവിടെ നടന്ന ഒരു ക്രമക്കേടിന്റെ വിവരങ്ങൾ, ഇപ്പോൾ സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി പുറത്തുവന്നിരിക്കയാണ്.

ചാത്തമംഗലം ബാങ്കിലെ ക്ലർക്കായിരുന്നു ജീവനക്കാരൻ 2008ൽ ലക്ഷങ്ങൾ അവിടെ നിന്ന് തട്ടിയെടുത്തത് പാർട്ടി ഇടപെട്ട് ഒത്തുതീർക്കയായിരുന്നെന്നാണ് ആരോപണം. അന്നത്തെ ആ ക്ലർക്ക് ഇന്ന് ബ്രാഞ്ച് മാനേജറായി. ലോക്കൽ കമ്മറ്റി അംഗംമാത്രമായിരുന്നു അയാൾ ഇന്ന് ഏരിയാ സെക്രട്ടറിയും കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമാണ്. അതോടെയാണ് കേസിന് രാഷ്ട്രീയമാനം കൈവരുന്നത്. എന്നാൽ സിപിഎം നേതൃത്വവും ബാങ്ക് അധികൃതരും ഇക്കാര്യം നിഷേധിക്കയാണ്. ഇങ്ങനെ ഒരു സംഭവമേ ഇല്ലെന്നാണ് ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ സുന്ദരന്റെ പേരിൽ പുറത്തിറക്കിയ വാർത്താ കുറിപ്പ് വ്യക്തമാക്കുന്നത്.

സംഭവം രാഷ്ട്രദീപിക, വീക്ഷണം എന്നീ പത്രങ്ങളിൽ വാർത്തയായതോടെ സിപിഎമ്മിനകത്ത് വിഷയം ചർച്ചയായിട്ടുണ്ട്. ഇതു സംബന്ധിച്ച് നേരത്തെ തന്നെ പാർട്ടി ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർക്ക് പരാതി നൽകിയിരുന്നെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ചർച്ചചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നുമാണ് എതിർ വിഭാഗം പറയുന്നത്. എന്നാൽ അടുത്തകാലത്തായി പാർട്ടി അച്ചടക്ക നടപടിയെടുത്ത ചിലരാണ് പഴയ വാർത്ത കുത്തിപ്പൊക്കുന്നതെന്നും ഔദ്യോഗിക വിഭാഗം നേതാക്കൾ പറയുന്നു.

ബാങ്കിൽ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിനെക്കുറിച്ച് കോഴിക്കോട് ചാത്തമംഗലം സ്വദേശി എം വേലായുധനാണ് കോടതിയെ സമീപിച്ചത്.സംഭവത്തെക്കുറിച്ച് പരാതിക്കാരനായ വേലായുധനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത് ഇങ്ങനെയാണ്-
2008 ലാണ് ബാങ്കിന്റെ കെട്ടാങ്ങൽ ബ്രാഞ്ചിൽ വൻ തോതിൽ ക്രമക്കേട് നടന്ന വിവരം പുറത്തുവരുന്നത്. ബാങ്കിലെ ജീവനക്കാരനായ ചാത്തമംഗലം വേങ്ങേരിമഠം എടക്കണ്ടിയിൽ വീട്ടിൽ ഇ വിനോദ് കുമാറാണ് വ്യാജരേഖകൾ സമർപ്പിച്ച് ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉൾപ്പെടെ സഹായത്തോടെ വലിയ തോതിൽ ക്രമക്കേട് നടത്തിയത്.

വ്യാജ രേഖകൾ വെച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ലോണുകൾ എടുക്കുമ്പോൾ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന വിനോദ് കുമാറിപ്പോൾ ബ്രാഞ്ച് മാനേജറാണ്. സംഭവങ്ങൾ പുറത്തുവന്നതോടെ ഒരു വർഷത്തേക്ക് ലോംങ്ങ് ലീവ് എടുത്തിരിക്കുകയാണ് ഇപ്പോൾ സിപിഎം കുന്നമംഗലം ഏരിയാ സെക്രട്ടറി കൂടിയായ വിനോദ് കുമാർ. സി പി എം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ വി സുന്ദരന്റെ ഉൾപ്പെടെ അറിവോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം ഉയരുന്നത്.2008 മാർച്ച് പതിനെട്ടിനാണ് വിനോദ് കുമാർ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖകളുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചത്.

ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ നിശ്ചിത ശതമാനം ലോണായി നൽകാവുന്നതാണ്. ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ 85 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. ഫിക്‌സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് എത്രയാണോ അതിനേക്കാൾ രണ്ട് ശതമാനം വരെ കൂടുതൽ പലിശ നിരക്ക് നൽകണമെന്നുമാത്രം. വിനോദ് കുമാറിന് പക്ഷേ ബാങ്കിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ടായിരുന്നില്ല. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് മാത്രം ഉള്ള വിനോദ് കുമാർ അത് ഫിക്‌സഡ് അക്കൗണ്ടാക്കി കാണിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. എസ് ബി അക്കൗണ്ടിൽ തന്നെയാവട്ടെ വളരെ കുറഞ്ഞ തുക മാത്രമെ ഉണ്ടായിരുന്നുള്ളു എന്നത് മറ്റൊരു യാഥാർഥ്യം.

ഇക്കാര്യം വ്യക്തമായ ബാങ്ക് അംഗം കൂടിയായ പരാതിക്കാരൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടയിലാണ് ഇതിന് മുമ്പും വിനോദ് കുമാർ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. 2008 ഫെബ്രുവരിയിൽ 1,60,000 രൂപയും ഭാര്യയുടെ പേരിലുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് നാലര ലക്ഷം രൂപയും പിൻവലിച്ചിരുന്നു. ഭാര്യയുടെ പേരിൽ സേവിങ്‌സ് അക്കൗണ്ട് ഉണ്ടെങ്കിലും അക്കൗണ്ടിൽ ഇത്രയും തുക ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് വിനോദ് കുമാർ തട്ടിപ്പ് നടത്തിയത്. ഈ തുകകൾ തിരിച്ചടയ്ക്കാനായാണ് പന്നീട് ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖയുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ ലോണെടുത്തത്. ഇത്തരത്തിൽ നിരവധി ക്രമക്കേടുകൾ ബാങ്കിൽ നടന്നിട്ടുണ്ടാവും എന്ന് മനസ്സിലാക്കിയാണ് വേലായുധൻ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനമെടുത്തത്.

ബാങ്ക് അധികൃതർക്കും ബാങ്ക് മാനേജ്‌മെന്റ് കമ്മിറ്റിക്കുമെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടാവാതെ വന്നതോടെയാണ് വേലായുധൻ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയത്. കൃത്യമായ രേഖകളും തെളിവുകളുമെല്ലാം വെച്ച് പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ ജോയിന്റ് രജിസ്ട്രാർ നടപടി സ്വീകരിച്ചില്ല. തുടർന്നാണ് അഡ്വക്കേറ്റ് പി പി ജേക്കബ് മുഖാന്തിരം ഹൈക്കോടതിയെ സമീപിക്കുന്നത്.

പ്രധാനപ്പെട്ടൊരു പാർട്ടിയുടെ സെക്രട്ടറി പദവിയിലിരിക്കുന്ന വ്യക്തിയാണ്, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ചിരിക്കുന്നത്. രേഖകളൊന്നുമില്ലാതെ ലോണെടുക്കുകയും സേവിങ്‌സ് അക്കൗണ്ടിൽ ഉള്ളതിലധികം പണം പിൻവലിക്കുകയുമെല്ലാമാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്. ബാങ്കിലെ ഒരു ജീവനക്കാരൻ തന്നെ സ്ഥാപനത്തിലെ പണമെടുത്ത് കൈകാര്യം ചെയ്തിരിക്കുകയാണ്. തികഞ്ഞ വഞ്ചനയാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.

ഇതേ സ്ഥാപനത്തിലെ ഡെപ്പോസിറ്റ് കലക്ഷൻ ഏജന്റായ ചാത്തമംഗലം കൂഴക്കോട് സ്വദേശി ഹണിലാൽ പി കെ കലക്ഷൻ തുക യഥാവിധി അടയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. ഡിവൈഎഫ്ഐ നേതാവുകൂടിയായ ഹണിലാൽ മറ്റ് വഴികളില്ലാതെ കിടപ്പാടം പണയം വെച്ച് പണം ബാങ്കിൽ തിരിച്ചടയ്ക്കുകയായിരുന്നു. പാർട്ടിയുടെ പ്രമുഖ നേതാവായ ഹണിലാലിന്റെ അച്ഛൻ അടുത്ത കാലത്ത് മരണപ്പെടുകയും ചെയ്തു. പണം തിരിച്ചടച്ച സാഹചര്യത്തിൽ ഹണിലാലിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് ഭരണസമിതിയിൽ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടെങ്കിലും 2014 ൽ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

ഡെപ്പോസിറ്റി കലക്ഷൻ ഏജന്റായ ഹണിലാലിന്റെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് അദ്ദേഹത്തെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതായി പ്രസിഡന്റ് ഉത്തരവിറക്കി. ബാങ്കിൽ നിന്ന് വൻ തോതിൽ ക്രമക്കേട് നടത്തി പണം തട്ടിയ വിനോദ് കുമാറും അതിന് കൂട്ടു നിന്ന ബാങ്ക് പ്രസിഡന്റുമെല്ലാം ചേർന്നാണ് ഹണിലാലിനെ പുറത്താക്കിയെന്നതാണ് മറ്റൊരു കാര്യം. ഹണിലാലിനെ പുറത്താക്കിയ സാഹചര്യത്തിൽ വിനോദ് കുമാറിനെയും ജോലിയിൽ നിന്ന് പുറത്താക്കണമെന്നതാണ് ആവശ്യം ഉയരുന്നത്. എന്നാൽ വിനോദ് കുമാറിനെതിരെ കൃത്യമായ തെളിവുകൾ ഉൾപ്പെടെ നൽകിയിട്ടും രാഷ്ട്രീയ സ്വാധീനം കാരണം അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുന്നില്ല. കോടതി ഉത്തരവ് വന്ന സാഹചര്യത്തിൽ ജോയിന്റ് രജിസ്ട്രാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് പരാതിക്കാരനിപ്പോൾ.

സംഭവം വിവാദമായതോടെ വാർത്ത വന്ന പത്രങ്ങൾക്കെതിരെയാണ് സിപിഎം നേതൃത്വം ഉറഞ്ഞുതുള്ളുന്നത്. എല്ലാം കെട്ടിച്ചമച്ചതാണെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. വിനോദ്കുമാർ സെക്രട്ടറിയായശേഷം അച്ചടക്ക നടപടിയെടുത്തവരും, ഏതാനും ആർഎംപി അനുഭാവികളുമാണ് പ്രശ്നത്തിന് പിന്നിലൊന്നാണ് സിപിഎം പറയുന്നു. എന്നാൽ വിവാദ പുരുഷനായ ഇ വിനോദ്കുമാറിനെതിരെ നേരെത്തയും പലതവണ പരാതി ഉയർന്നതായി പാർട്ടിയിലുള്ളവർ തന്നെ സ്ഥിരീകരിക്കുന്നു. ഇപ്പോൾ പ്രമുഖനായ ഒരു മുസ്ലിം ലീഗ് നേതാവിൽനിന്ന് അരലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണവും എതിർ വിഭാഗം ഉയർത്തുന്നുണ്ട്. പക്ഷേ തന്റെ കൈകൾ ശുദ്ധമാണെന്നും സിപിഎമ്മിനെ തകർക്കാനുള്ള നീക്കമാണ് ഇതെന്നുമാണ് വിനോദ് കുമാറിനെ അനുകൂലിക്കുന്നവർ പറയുന്നത്. അതേസമയം പത്രങ്ങളിൽ വാർത്ത വന്നതോടെ പരാതിക്കാരനായ വേലായുധനും ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കയാണ്. നിരവധി ഫോൺകോളുകളും ഭീഷണികളുമാണ് ഇദ്ദേഹത്തിന് നേരെ ഉണ്ടാകുന്നത്.

പക്ഷേ ഇതിൽ പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നം, ബാങ്കുകളിലെ നിക്ഷേപം എത്രകണ്ട് സുരക്ഷിതാമാണ് എന്നതാണ്. എല്ലാവും ചേർന്ന് ഒത്തുകളിച്ച് കാശ് ഈ രീതിയിൽ എടുത്താൽ അത് എങ്ങനെ അറിയാനാണ് എന്നാണ് ചോദ്യം.

പത്രങ്ങളിൽ വാർത്തവന്നതോടെ ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് ഇങ്ങനെയാണ്

ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിനും അതിലെ ജീവനക്കാാർക്കെുമതിരെ 21.08.2019 ന് രാഷ്ടദീപിക പത്രത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

ചാത്തമംഗലം സർവീസ് സഹകരബാങ്കിന്റെ വളർച്ചക്ക് തടയിടാനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുമുള്ള ബോധപൂർവമായ പ്രചാരണമായേ ഇതിനെ കാണാൻ കഴിയൂ. വാർത്തയിൽ പറയുന്നത് 2008ൽ ക്രമക്കേട് നടന്നു എന്നാണ്. 2008ൽ നിന്ന് 2019 ലേക്കുള്ള 11 വർഷക്കാലത്തിനിടയിൽ ഇതുസംബന്ധിച്ച് ഒരാളുടെ പരാതിയും ബാങ്ക് ഭരണസമിതിക്കോ ബന്ധപ്പെട്ടവർക്കോ ലഭിച്ചിട്ടില്ല. 2008നുശേഷം സഹകരണവകുപ്പിന്റെ ഓഡറ്റ് റിപ്പോർട്ടിലോ സഹകരണ ഇൻസ്പെകട്ര്മാരുടെ ഇതുവരെയുള്ള പരിശോധനയിലോ ബാങ്കിൽ യാതൊരു വിധ ക്രമക്കേടും നടന്നതായി കണ്ടെത്തിയിട്ടില്ല.

1963ൽ തുടങ്ങിയ ബാങ്കിന്റെ ക്രമാനുഗതമായ വളർച്ചയിൽ സഹികട്ടെവരുടെ ഭാഗത്തുനിന്ന് ബാങ്കിനെ അപകീർത്തിപ്പെടുത്താനാണ് ഇങ്ങനെ ഒരു വാർത്ത പടച്ചുണ്ടാക്കിയത്. വ്യാജമായതും കെട്ടിച്ചമച്ചതുമായ പരാതിയിലൂടെ ജീവനക്കാരെയും ബങ്ക് ഭരണം നടതതുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയയും മോശമായി ചിത്രീകരിക്കുന്നതനാണ് ശ്രമിക്കുന്നത്. 2008ൽ നിന്ന് 11 വർഷം പിന്നിട്ടപ്പോൾ ഇപ്പോൾ വ്യാജപരാതി ഉയർത്തുന്നത് ബാങ്കിലെ ഭരണസമിതിക്കാരും ജീവനക്കാരുമായ സിപിഎം നേതാക്കളോടുള്ള വ്യക്തിവിദ്വേഷത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ.

കെട്ടിച്ചമച്ചുണ്ടാക്കിയ പരാതി ഹൈക്കോടതിൽ കൊടുത്തത് സ്ഥാപനത്തിനുും ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ പ്രചാരണം നടത്തുന്നത് വേണ്ടിയാണ്. ചാത്തമംഗലം അങ്ങാടിയിൽ സ്വന്തമായി ഭൂമി വാങ്ങി ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം പണിയുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയിൽ ചില തൽപ്പരകക്ഷികൾ അപര നാമത്തിൽ നടത്തിവരുന്ന കള്ള പ്രചരണം ബാങ്കിന്റെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവരും തള്ളിക്കളയണമെന്ന് ബാങ്ക് പ്രസിഡന്റ് വി സുന്ദരൻ പറഞ്ഞു. നിയമപരമായ കാര്യങ്ങൾ ആലോചിച്ച് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP