Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുപ്രീം കോടതിയെ കാണിച്ച് ബോധ്യപ്പെടുത്തിയ സഭാ ഭരണഘടന പിണറായി സർക്കാരിനെ കാണിക്കില്ലെന്ന ഉറച്ച നിലപാടിൽ ഓർത്തഡോക്സ് സഭ; ഭരണഘടനയുടെ അസ്സൽ പകർപ്പ് ഇല്ലെന്നും ഉണ്ടെന്നും രണ്ട് തരത്തിൽ കോടതി കേസുകളിൽ സത്യവാങ് മൂലം നൽകിയത് ചർച്ചയാക്കാൻ യാക്കോബായക്കാരും; ഓർത്തഡോക്സ് സഭയുടെ 'വിശ്വസ്ത കുഞ്ഞാടായി കുപ്പായമിട്ട്' വീണാ ജോർജ് നടത്തിയ പ്രസ്താവനയിൽ സിപിഎമ്മിന് നിരാശ; സുപ്രീംകോടതിയിൽ സർക്കാർ വിയർക്കും; സഭാ തർക്കത്തിൽ ഒത്തുതീർപ്പ് സാധ്യത അടയുമ്പോൾ

സുപ്രീം കോടതിയെ കാണിച്ച് ബോധ്യപ്പെടുത്തിയ സഭാ ഭരണഘടന പിണറായി സർക്കാരിനെ കാണിക്കില്ലെന്ന ഉറച്ച നിലപാടിൽ ഓർത്തഡോക്സ് സഭ; ഭരണഘടനയുടെ അസ്സൽ പകർപ്പ് ഇല്ലെന്നും ഉണ്ടെന്നും രണ്ട് തരത്തിൽ കോടതി കേസുകളിൽ സത്യവാങ് മൂലം നൽകിയത് ചർച്ചയാക്കാൻ യാക്കോബായക്കാരും; ഓർത്തഡോക്സ് സഭയുടെ 'വിശ്വസ്ത കുഞ്ഞാടായി കുപ്പായമിട്ട്' വീണാ ജോർജ് നടത്തിയ പ്രസ്താവനയിൽ സിപിഎമ്മിന് നിരാശ; സുപ്രീംകോടതിയിൽ സർക്കാർ വിയർക്കും; സഭാ തർക്കത്തിൽ ഒത്തുതീർപ്പ് സാധ്യത അടയുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കം ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സർക്കാരിന് വീണ്ടും തിരിച്ചടി. മലങ്കര സഭയിലെ തർക്ക വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി ഓർത്തഡോക്സ് സഭ നൽകിയിട്ടുണ്ട്. ്. 2017 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ, സഭാ തർക്കം പരിഹാരിക്കാൻ സംസ്ഥാന സർക്കാർ മന്ത്രിസഭാ രൂപീകരിക്കുകയാണ് ചെയ്തതെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കേന്ദ്ര സേനയുടെ സഹായത്തോടെ കോടതി വിധി നടപ്പിലാക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളികളിൽ പൊലീസിന്റെ സഹകരണത്തോടെ സർക്കാർ സമാന്തര ഭരണം നടത്തുകയാണ്. 2018 ലും 2019 ലും പാത്രിയർക്കീസ് ബാവ മാർ അപ്രേം ദ്വിതീയൻ കേരളത്തിൽ എത്തിയപ്പോൾ സംസ്ഥാനം അതിഥിയാക്കി. ഇത് സമാന്തര ഭരണം ഉറപ്പാക്കാനാണെന്നും ഓർത്തഡോക്സ് വിഭാഗം ഹർജിയിൽ ആരോപിക്കുന്നു. 1934 സഭാ ഭരണഘടനയുടെ അസ്സൽ ഹാജരാക്കണമെന്ന ആവശ്യപ്പെട്ട് മന്ത്രിസഭ ഓർത്തഡോക്സ് സഭ നേതത്വത്തിന് കത്ത് നൽകിയിരുന്നു. സഭയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടാവില്ലന്ന് അന്നേ സഭാനേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇത് ഹാജരാക്കുന്നതിന് ഇന്ന് വൈകിട്ട് 4 വരെയായിരുന്നു സർക്കാർ സമയപരിധി നിശ്ചയിച്ചിരുന്നത്. സമയപരിധി കഴിഞ്ഞിട്ടും ഓർത്തഡോക്സുകാർ മന്ത്രിസഭ ഉപസമിതിക്കുമുമ്പിൽ ഹാജരായില്ല.

സഭാനേതൃത്വം മുൻ നിലപാടിൽ നിന്നും യാതൊരുവിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലന്നാണ് ഇതിൽ നിന്നും വ്യക്തമാക്കിയിരിക്കുന്നത്. സുപ്രിം കോടതി സഭ കേസ്സിൽ അന്തിമവിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നുമാണ് ഓർത്തഡോക്സ് സഭാനേതൃത്വത്തിന്റെ നിലപാട്. ഈ സ്ഥിതിയിൽ ഏതുവിധേനയും ഒത്തുതാർപ്പുണ്ടാക്കി യാക്കോബായ പക്ഷത്തെ തൃപ്തിപ്പെടുത്തുന്നതിനായിരുന്നു സർക്കാർ നീക്കം. ഇതാണ് ഇപ്പോൾ ഏതാണ്ട് പൂർണ്ണമായും വഴിയടഞ്ഞ സ്ഥിതിയിൽ എത്തി നിൽക്കുന്നത്. ഇതിന് പിന്നാലെയാണ് ഹർജി കൊടുത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തെ കേസിൽ കക്ഷി ചേർക്കണമെന്നും ഹർജിയിലുണ്ട്. കേരളത്തിൽ തർക്കത്തെ തുടർന്ന് ഒൻപത് പള്ളികൾ പൂട്ടിക്കിടക്കുന്നു. പള്ളികൾ വിട്ടുതരണമെന്നാവശ്യപ്പെട്ട് കത്ത് മന്ത്രിസഭയ്ക്ക് കൈമാറുകയായിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. യാക്കോബായ സഭ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നും ഓർത്തഡോക്സ് സഭ ഹർജിയിൽ ആരോപിച്ചു.

കേരളത്തിലെ ഒൻപത് പള്ളികൾ പൂട്ടി കിടക്കുകയാണ്. പള്ളികൾ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ നൽകിയ കത്ത് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറുകയാണ് സർക്കാർ ചെയ്തത്. യാക്കോബായ വിഭാഗത്തിന്റെ 2002 ലെ ഭരണഘടന സുപ്രീം കോടതി അസാധു ആക്കിയിരുന്നതാണ്. യാക്കോബായ സഭ ഇപ്പോൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായിയാണെന്നും ഓർത്തോഡോക്സ് സഭ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ പ്രബലരായ രണ്ട് വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓർത്തഡോക്സ് വിഭാഗവും. മലങ്കര സഭയിലാണ് രണ്ട് വിഭാഗങ്ങളും ഉൾപ്പെടുന്നത്. 1912 ലാണ് മലങ്കര സഭ രണ്ട് വിഭാഗങ്ങളായി പിളരുന്നത്. ഒരു വിഭാഗം യാക്കോബായയും രണ്ടാമത്തേത്ത് ഓർത്തഡോക്സും. 1959 ൽ ഇരു വിഭാഗങ്ങളും യോജിച്ചു.

എന്നാൽ, ഈ യോജിപ്പ് 1972-73 വരെയാണ് നിലനിന്നത്. പിളർപ്പ് രൂക്ഷമായ ശേഷം പള്ളികളുടെ പേരിലും സ്ഥാവര ജംഗമ വസ്തുക്കളുടെ പേരിലും യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടായി. അധികാരം ഉപയോഗിച്ച് ദേവാലയങ്ങളിൽ അവകാശം സ്ഥാപിച്ചെടുക്കാൻ ഇരു വിഭാഗങ്ങളും പരിശ്രമിച്ചു. പിന്നീട് വിഷയം കോടതിയിലേക്ക് നീങ്ങി. 1,064 ദേവാലയങ്ങളാണ് സഭാ തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പതിനഞ്ച് ദേവാലയങ്ങൾ തർക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. 200 ഓളം ദേവാലയങ്ങൾക്ക് വേണ്ടിയുള്ള തർക്കം വളരെ രൂക്ഷമാണ്. ഇരു വിഭാഗങ്ങളും ഈ സ്ഥലങ്ങളിൽ ശക്തരായ സാന്നിധ്യമാണ്. ഈ സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭ സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

സഭ തർക്കത്തിൽ പ്രധാന വിഷയമായിരുന്ന 1934-ലെ ഭരണഘടനയുടെ അസ്സൽ പതിപ്പ് തങ്ങളുടെ കൈവശം ഉണ്ടെന്ന് യാക്കോബായ സഭാനേതൃത്വം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് പിടിവള്ളിയാക്കിയാണ് ഓർത്തഡോക്സ് സഭയോട് കൈവശമുള്ള ഭരണഘടനയുമായി എത്താൻ മന്ത്രിസഭാ ഉപസമിതി ആവശ്യപ്പെട്ടത്. ഇത് പ്രകാരം കാര്യങ്ങൾ മുന്നോട്ടുപോയാൽ അത് യാക്കോബായ പക്ഷത്തിന് ഗുണകരമാവുമെന്നും ഇതുവഴി ഇക്കൂട്ടരുടെ പ്രീതി നിലനിർത്താനാവുമെന്നുമായിരുന്നു സർക്കാർ കണക്കൂട്ടൽ. എന്നാൽ ഓർത്തഡോക്സ് പക്ഷം കടുകിട വിട്ടുവാഴ്ചയ്ക്ക് തയ്യാറാവാതിരുന്നതോടെ ഈ വഴിക്കുള്ള നീക്കം തുടക്കത്തിലെ പാളി.

വിവിധ തിരുത്തലുകൾ വരുത്തിയ ഏഴ് തരം ഭരണഘടന സർക്കാരിന്റെ മുൻപിൽ ലഭിച്ചതോടെയാണ് ഏതാണ് ഇതിൽ യഥാർത്ഥ ഭരണഘടനയെന്ന് കണ്ടെത്തുന്നതിന് സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന. അതു കൊണ്ട് തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ചേംബറിൽ 1934ലെ സഭാ ഭരണഘടനയുടെ അസ്സലുമായി ഓർത്തഡോക്സ് സഭയുടെ മാർത്തോമ ബസേലിയോസ് പൗലോസ് കാതോലിക്ക ബാവയോട് നേരിട്ട് ഹാജരാകുവാൻ സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

ഓർത്തഡോക്സ് സഭയ്ക്ക് നൽകിയ സമയ പരിധി അവസാനിച്ചിട്ടും അസ്സൽ ഹാജരാക്കാൻ തയ്യാറാകാത്തത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പിറവം കോതമംഗലം മണർകാട് അടക്കമുള്ള പള്ളികളിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് ഉത്തരവാദിത്വമുള്ള സർക്കാർ അത് മാത്രം നടപ്പിൽ വരുത്തി തരുവാൻ ശ്രമിച്ചാൽ മതിയെന്നും 1934ന്റെ അസ്സൽ പരിശോധിക്കേണ്ടത് സർക്കാരല്ല എന്ന നിലപാടുമാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചിട്ടുള്ളത്.

അതു കൊണ്ട് തന്നെ സുപ്രീം കോടതിയെ കാണിച്ച് ബോധ്യപ്പെടുത്തിയ സഭാ ഭരണഘടന കേരള സർക്കാരിനെ കാണിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഓർത്തഡോക്സ് സഭ. ഭരണഘടനയുടെ അസൽപകർപ്പ് ഇല്ലന്നും ഉണ്ടെന്നും രണ്ട് തരത്തിൽ കോടതികേസുകളിൽ സത്യവാങ് മൂലം നൽകിയ ഓർത്തഡോക്സ് പക്ഷത്തെ നീക്കം ചർച്ചയാക്കി വിഷയം വീണ്ടും കോടതിയിലെത്തിക്കുന്നതിനുള്ള നീക്കം യാക്കോബായ പക്ഷത്ത് ശക്തമാണ്. വടവ്കോട് പള്ളി കേസിൽ ഈ ഭരണഘടനയ്ക്ക് ഒർജിനൽ ഇല്ലെന്നും താൻ കണ്ടിട്ടില്ലെന്നും, കോഴിപ്പിള്ളി പള്ളി കേസിൽ ഒർജിനൽ ഉണ്ട്, പക്ഷേ തൊട്ടാൽ പൊടിയും. ഫോട്ടോ എടുക്കാനും കഴിയില്ല എന്ന വിചിത്രവാദവുമാണ് ഓർത്തഡോക്സ് പക്ഷത്തെ അഭിഭാഷകർ സ്വീകരിച്ചത് എന്നാണ് യാക്കോബായ പക്ഷം ചൂണ്ടിക്കാട്ടുന്നത്.

സഭാ സെക്രട്ടറി തന്നെ ഇത്തരം പരസ്പര വിരുദ്ധ മൊഴികൾ വിവിധ കോടതികളിൽ നൽകിയതുകൊണ്ട് തന്നെ ഈ ഭരണഘടനയുടെ നിജ സ്ഥിതി വിധി നടത്തിപ്പിന് മുൻപ് സർക്കാരിന് ബോധ്യപ്പെടേണ്ടതുണ്ടെന്നും അതിനാലാണ് ഓർത്തഡോക്സ് പക്ഷത്തോട് 1934-ലെ ഭരണഘടന ഹാതരാക്കാൻ നിർദ്ദേശിച്ചതെന്നുമാണ് സർക്കാർ പക്ഷത്തുനിന്നും ഇപ്പോൾ പുറത്തുവരുന്ന ന്യായവാദങ്ങൾ. അസൽ ഹാജരാക്കാതെ യാക്കോബായ പള്ളികളും സ്വത്തുക്കളും തട്ടിയെടുക്കുവാൻ ശ്രമിച്ചതിന് ഓർത്തഡോക്സ് സഭാ അധികാരികളുടെ പേരിൽ വിവിധ കോടതികളിൽ കേസ്സ് നിലനിൽക്കുന്നുണ്ടെന്നുള്ള വാദഗതിയും ഇക്കാര്യത്തിൽ അനുകൂല ഘടകമെന്നാണ് യാക്കോബായ പക്ഷത്തിന്റെ വാദം.

വടകര, ചാത്തമറ്റം, പന്നൂർ, ചേലക്കര, മേപ്രാൽ, കത്തിപ്പാറത്തടം തുടങ്ങി പന്ത്രണ്ട് യാക്കോബായ പള്ളി ഭാരവാഹികൾ നൽകിയ ക്രിമിനൽ കേസ് നിലനിൽക്കുന്നുണ്ട്. കേരളാ ഹൈക്കോടതി തന്നെ 1934ന്റെ കേസിൽ ഓർത്തഡോക്സ് സഭ അസ്സൽ ഹാജരാക്കാതിരിക്കുന്നത് നിങ്ങൾക്ക് ദോഷകരമായ ഉത്തരവ് ഉണ്ടാകുമെന്ന് ഭയന്നിട്ടല്ലേയെന്ന നിരീക്ഷണം നടത്തിയതും സർക്കാരിന് ഇക്കാര്യത്തിൽ പിടിവള്ളിയാണ്. ഓർത്തഡോക്സ് സഭയുടെ കോട്ടയത്തുള്ള ദേവലോകം അരമനയിൽ 1934ന്റെ അസ്സൽ തേടി മൂന്ന് പ്രാവശ്യവും പൊലീസ് എത്തിയെന്നാണ് അറിയുന്നത്.ഈയവസരത്തിലെല്ലാം അസ്സൽ രേഖ ഇല്ലെന്നായിരുന്നു അരമനയിലെ ഉത്തരവാദിത്വപ്പെട്ടവർ പൊലീസിനെ അറിയിച്ചത്.

നൂറിലേറെ വർഷം പഴക്കമുള്ള സഭാ തർക്കം കലുഷിതമായത് ഇക്കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെയാണെന്നത് സർക്കാർ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. 2017 ജൂലൈ 3-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കേരളത്തിലെ യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ കൂടി ലഭിച്ചത്. ഇതിനെ തുടർന്ന് നിരവധി യാക്കോബായ പള്ളികളിൽ നിന്ന് വിശ്വാസികൾ ഇറങ്ങി പോകേണ്ടതായ സാഹചര്യം ഉടലെടുത്തു. മൃതദേഹങ്ങളെ ആചാരപരമായ കൂദാശകൾ നൽകാൻ കഴിയാതെ വഴിയിൽ തടയുന്ന സ്ഥിതിവിശേഷങ്ങളുണ്ടായി.

കഴിഞ്ഞ ദിവസം യാക്കോബായ വിശ്വാസിനിയുടെ സംസ്‌ക്കാരം ഓർത്തഡോക്സ് വിഭാഗം തടഞ്ഞതിനെ തുടർന്ന് മൃതശരീരം മെഡിക്കൽ കോളേജിന് നൽകിയത് കണ്യാട്ട്നിരപ്പിലാണ്. തർക്കങ്ങൾ മൂർച്ഛിച്ചപ്പോൾ സർക്കാർ പ്രശ്ന പരിഹാരത്തിന് ലക്ഷ്യമിട്ടാണ് മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയിൽ ഉപസമിതി രൂപീകരിച്ചത്. ഈ സമിതിയുമായി യാക്കോബായ സഭ ചർച്ചകൾക്ക് തയ്യാറായിട്ടും ഇതിനോട് ഓർത്തഡോക്സ് സഭ മുഖം തിരിച്ചതിനാൽ സമിതിയിലും പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞിരുന്നില്ല. അതിനിടയിലാണ് ഓർത്തഡോക്സ് സഭ സർക്കാരിനെ കക്ഷിയാക്കി കോടതിയിൽ ഹർജി നൽകിയത്.

സുപ്രീം കോടതി വിധി നടപ്പാക്കി തരാതെ സർക്കാർ കബളിപ്പിക്കുന്നു എന്നതാണ് ഓർത്തഡോക്സ് സഭ കോടതിയിൽ ഉന്നയിച്ച വാദം. അതേ സമയം പൂർണ്ണമായും അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിൽ നിലനിൽക്കുന്ന പള്ളികളും സ്വത്തുക്കളും തട്ടിയെടുക്കാൻ മാത്രമാണ് ഓർത്തഡോക്സ് സഭ ഈ ഭരണഘടന ആവശ്യാനുസരണം തിരുത്തി കോടതിയിൽ ഹാജരാക്കി, അനുകൂല വിധി നേടിയതെന്നാണ് യാക്കോബായ സഭയുടെ ആരോപണം. ഇതിനിടെ കഴിഞ്ഞ ദിവസം സഭാതർക്കവുമായി ബന്ധപ്പെടുത്തി ഇടത് പക്ഷത്തെ വീണാ ജോർജ് എംഎ‍ൽഎ ഓർത്തഡോക്സ് സഭയുടെ വിശ്വസ്ത കുഞ്ഞാടായി കുപ്പായമിട്ട് നടത്തിയ പ്രസ്താവനയിൽ ഇടത് പക്ഷ നേതാക്കൾ കടുത്ത അമർഷത്തിലാണ്.

പ്രശ്നം കൈവിട്ട് പോയതോടെ താൻ സഭാ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞ് വീണ ജോർജ് എംഎ‍ൽഎ മലക്കം മറിഞ്ഞു. സർക്കാരിന്റെ നീക്കങ്ങളോട് സഹരിക്കുന്നതിന് യാക്കോബായ സഭയ്ക്ക് മടിയില്ല. എന്നാൽ ഓർത്തഡോക്സ് സഭ 1934 ഭരണഘടനയുടെ അസ്സൽ ഹാജരാക്കാതെ വ്യാജമായി സൃഷ്ടിച്ച രേഖ വച്ച് വിശ്വാസികളെ കബളിപ്പിച്ച് ഇനി ഒരു പള്ളികളും കൈയേറുവാൻ അനുവദിക്കുകയില്ലെന്നാണ് യാക്കോബായ സഭാ നിലപാട്. ഭരണഘടനയുടെ അസ്സൽ ഓർത്തഡോക്സ് സഭ നൽകിയില്ലെങ്കിൽ അത് കണ്ടെത്തുവാൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അതേ സമയം 1934 ഭരണഘടനയുടെ ഭേദഗതിയും യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തമാരും അംഗീകരിച്ചതാണെന്നാണ് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ സർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP