Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ കക്ഷിനേതാവ് സ്ഥാനത്ത് അധിർ ചൗധരി പരാജയമായപ്പോൾ സോണിയക്ക് മുമ്പിൽ പകരം ഉയർന്ന ഏക പേര് തരൂരിന്റേത്; ഭരണമുള്ള രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വങ്ങൾ ആവശ്യപ്പെട്ടതും തരൂർ നേതാവാകണമെന്ന്; തനിക്ക് മുകളിൽ തരൂർ വളരുമെന്ന് ആന്റണിയും ആശങ്കപ്പെട്ടോ? മുഖ്യമന്ത്രി പദവി മോഹിക്കുന്നവരുടെ ആശങ്കകളും കോൺഗ്രസ് ഗ്രൂപ്പുകളെ ഒരുമിപ്പിച്ചു; മോദി വിമർശകനായ തരൂരിനെ മോദി അനുകൂലിയാക്കാൻ കോൺഗ്രസ് നേതാക്കൾ കച്ചകെട്ടി ഇറങ്ങുന്നതിന്റെ പിന്നിലെ കാരണങ്ങൾ ഇങ്ങനെ

ലോക്‌സഭാ കക്ഷിനേതാവ് സ്ഥാനത്ത് അധിർ ചൗധരി പരാജയമായപ്പോൾ സോണിയക്ക് മുമ്പിൽ പകരം ഉയർന്ന ഏക പേര് തരൂരിന്റേത്; ഭരണമുള്ള രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വങ്ങൾ ആവശ്യപ്പെട്ടതും തരൂർ നേതാവാകണമെന്ന്; തനിക്ക് മുകളിൽ തരൂർ വളരുമെന്ന് ആന്റണിയും ആശങ്കപ്പെട്ടോ? മുഖ്യമന്ത്രി പദവി മോഹിക്കുന്നവരുടെ ആശങ്കകളും കോൺഗ്രസ് ഗ്രൂപ്പുകളെ ഒരുമിപ്പിച്ചു; മോദി വിമർശകനായ തരൂരിനെ മോദി അനുകൂലിയാക്കാൻ കോൺഗ്രസ് നേതാക്കൾ കച്ചകെട്ടി ഇറങ്ങുന്നതിന്റെ പിന്നിലെ കാരണങ്ങൾ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയുമായി ബന്ധപ്പെട്ടു ശശി തരൂർ എംപിക്ക് നേരെ കോൺഗ്രസിനുള്ളിൽ നടക്കുന്ന പടയൊരുക്കങ്ങൾക്ക് വിഭിന്ന മാനങ്ങൾ. നിനച്ചിരിക്കാതെ തരൂരിനെതിരെ വന്ന പടയൊരുക്കത്തിൽ കോൺഗ്രസിലെ പവർഫുൾ നേതാക്കളായി വിലസുന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും പങ്കുണ്ടെന്ന വിധത്തിലാണ് കോൺഗ്രസിനുള്ളിൽ നിന്നും വാർത്തകൾ വരുന്നത്. ലോകസഭയിലെ പ്രതിപക്ഷ നേതൃപദവിക്കും ഇനി വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിക്കുന്ന മുഖ്യമന്ത്രി പദവിയുമായും തരൂർ വിവാദങ്ങൾക്ക് ബന്ധം വരുന്നതുകൊണ്ടാണ് ഗ്രൂപ്പ് വഴക്കുകൾക്ക് അതീതമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ ആഞ്ഞടിക്കുന്നത്.

നിലവിലെ കോൺഗ്രസിന്റെ അസ്ഥിര അവസ്ഥയിൽ ശശി തരൂർ പോലുള്ള ഒരു നേതാവിന് കുതിച്ചു കയറാൻ ഒരുങ്ങുന്ന സാഹചര്യം നിലനിൽക്കുന്നതായാണ് കോൺഗ്രസിനുള്ളിലെ വിലയിരുത്തൽ. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്ത് പരാജയമായി മാറിക്കഴിഞ്ഞ അധിർ ചൗധരിയെ തൽസ്ഥാനത്ത് നിന്നും നീക്കാൻ സോണിയാ ഗാന്ധിയിൽ സമ്മർദ്ദം ശക്തമാണ്. ഈ പോസ്റ്റിലേക്ക് നിലവിൽ ഒരേ ഒരു പേർ മാത്രമേയുള്ളൂ. അത് ശശി തരൂരിന്റെതാണ്. ഒരിക്കൽ തരൂരിനെ വെട്ടാൻ അധിർ ചൗധരിയുടെ പേര് കൊണ്ടുവന്ന ആന്റണിയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ഈ ഘട്ടത്തിൽ വീണ്ടും മറ്റൊരു പേര് നിർദ്ദേശിക്കാൻ ബുദ്ധിമുട്ടുകളുണ്ട്. അത് മാത്രമല്ല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ സർവസമ്മത നേതാവിന്റെ റോളിലേക്ക് തരൂരിന്റെ പേരും വരാൻ സാധ്യതകൾ ഏറെയാണ്. അത് കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് മാറ്റം വരുത്തും.

തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സോണിയാ ഗാന്ധിയോ രാഹുലോ നിർദ്ദേശിച്ചാൽ പല കോൺഗ്രസ് നേതാക്കളുടെയും ചിറക് അരിയുന്നതിന് അത് തുല്യമാവുകയും ചെയ്യും. വരുന്ന യുഡിഎഫ് മുഖ്യമന്ത്രി ആരെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ രമേശ് ചെന്നിത്തല എന്ന് ഉത്തരം പറയാൻ കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും നിലവിലെ സാഹചര്യത്തിൽ തയ്യാറല്ല. അധികാരത്തിൽ വന്നാൽ പ്രതിപക്ഷ നേതാവിന് തന്നെയല്ലേ മുഖ്യമന്ത്രി സ്ഥാനത്തിനു അർഹത എന്ന് ചോദിച്ചാൽ അത് എവിടെയും എഴുതി വച്ചിട്ടില്ലല്ലോ എന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ ഉത്തരം പറയുന്നത്. അതിനും അപ്പുറം ഉമ്മൻ ചാണ്ടിയുടെ പേര് ഇതേ കോൺഗ്രസ് നേതാക്കൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. നിലവിൽ കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം വിവിധ കാരണങ്ങളാൽ തിളച്ചു കൊണ്ടിരിക്കുകയാണ്.

ഈ തിളയ്ക്കലിൽ ശശി തരൂർ പോലുള്ള നേതാക്കൾക്ക് ഇതുവരെ സ്ഥാനമില്ലായിരുന്നു. പക്ഷെ നിലവിലെ അസ്ഥിര അവസ്ഥയിൽ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ശേഷിയുമില്ല. ഈ അവസ്ഥയിൽ ലോകസഭയിലെ പ്രതിപക്ഷ നേതാവായും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും ഉയരാൻ ശേഷിയുള്ള ഒരേയൊരു നേതാവായി തരൂർ മാറിക്കൊണ്ടിരിക്കുകയാണ്. തരൂരിനെ വെട്ടാൻ ഇപ്പോഴും മുൻപന്തിയിലുള്ള എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും പോലുള്ള നേതാക്കൾ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇതുകൊണ്ട് തന്നെയാണ് മോദിയെ എപ്പോഴും കുറ്റം പറയുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന തരൂരിന്റെ അഭിപ്രായപ്രകടനത്തിൽ പിടിച്ച് തരൂരിനെതിരെ ആഞ്ഞടിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഗ്രീൻ സിഗ്‌നൽ ലഭിക്കുകയും ചെയ്യുന്നത്. തരൂരിനെതിരെ ശക്തമായി രംഗത്ത് വന്നവരിൽ ഒരാൾ ആന്റണിയുടെ മനസാക്ഷി സൂക്ഷിപ്പായ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു തരൂരിന്റെ മോദി അനുകൂല നിലപാട് അപലപനീയമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്ന് കെ.മുരളീധരൻ പറയുന്നതും മോദിയെ മഹത്വവത്ക്കരിക്കുകയല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്ന് ബെന്നി ബെഹനാൻ പറയുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. അടിയന്തരമായി ഇടപെടണമെന്ന് ടി.എൻ.പ്രതാപനെ പോലുള്ളവർ സോണിയ ഗാന്ധിക്ക് കത്തയക്കുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. ആരുപറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവെക്കാനാവില്ലെന്നാണ് തരൂരിനെതിരെ രംഗത്ത് വന്ന ചെന്നിത്തല പ്രതികരിച്ചത്. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. ആയിരം തെറ്റുകൾ ചെയ്തതിന് ശേഷം ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ല. മോദിയുടെ ഭരണവും അദ്ദേഹത്തിന്റെ നടപടികളും ഇന്ത്യയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിൽ അസ്വീകാര്യമായവയാണ്. ഇത്തരം നിലപാടുകളെ പർവതീകരിച്ച് കാണിക്കേണ്ട ആവശ്യമില്ല- ചെന്നിത്തല പറയുന്നു.

കോൺഗ്രസിലെ വൻ മീനുകൾ മുതൽ പരൽ മീനുകൾ വരെയുള്ളവർ നിലവിൽ തരൂരിന് എതിരാണെന്നാണ് നിലവിലെ വിവാദം വിരൽ ചൂണ്ടുന്നത്. തരൂർ ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയാലും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന പേരിൽ ഉയർത്തിക്കാട്ടപ്പെട്ടാലും കേരളത്തിലെ കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് ഒന്നും ശുഭകരമല്ല. അതുകൊണ്ട് തന്നെ നിലവിൽ ബിജെപി അനുകൂലി, മോദി അനുകൂലി എന്ന ഇമേജാണ് ഇവർ ഇപ്പോൾ തരൂരിന് ചാർത്തിക്കൊടുക്കാൻ ശ്രമിക്കുന്നത്. ആന്റണിക്ക് ഒപ്പം നിന്ന് തരൂരിനെ വെട്ടാൻ ശ്രമിക്കുന്ന കെ.സി.വേണുഗോപാലിന്റെ ആത്യന്തിക ലക്ഷ്യം കേരളത്തിലെ മുഖ്യമന്ത്രി പദവിയാണ്. അത് നേടിയെടുക്കാൻ ഒട്ടനവധി വൈതരണികൾ മുന്നിലുണ്ട്. ഇത് ചാടിക്കടക്കാൻ ശ്രമിക്കുമ്പോഴാണ് തരൂരിന്റെ പേര് കൂടി ഉയർന്നു വരുന്നത്. പ്രതിപക്ഷ നേതാവായി തരൂർ എത്തുന്നത് വേണുഗോപാലിന് സ്വീകാര്യമല്ല. കേരളത്തിലെ നേതാവ് എന്ന രീതിയിൽ തരൂർ തനിക്ക് വലിയ ഭീഷണിയാണെന്നാണ് വേണുഗോപാൽ അടുപ്പമുള്ളവരോടു പറഞ്ഞിരിക്കുന്നതും.

തരൂരിന്റെ മോദി അനുകൂല പ്രസ്താവന പെട്ടെന്ന് വിവാദമായതിന് പിന്നിൽ ലോകസഭയിലെ പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട പ്രശ്‌നം കൂടി പുകയുന്നുണ്ട്. നിലവിലെ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയെ മാറ്റി പകരം ശശി തരൂരിനെ നിയോഗിക്കണമെന്ന് വീണ്ടും സോണിയാ ഗാന്ധിക്ക് മുന്നിൽ ആവശ്യം ഉയർന്നിരിക്കുകയാണ്. മുൻപ് തരൂരിനെ നൈസായി വെട്ടിയ ആന്റണിയുടെയും കെ.സി.വേണുഗോപാലിന്റെയും ബുദ്ധി നിലവിൽ ഏശാൻ പ്രയാസമാണ്. കശ്മീർ വിഷയത്തിൽ അധിർ കോൺഗ്രസിനെ സഭയിൽ പ്രതിരോധത്തിലാക്കിയിരുന്നു. കശ്മീർ ആഭ്യന്തര വിഷയം മാത്രമാണോ എന്ന ചോദ്യമാണ് കോൺഗ്രസിനെ വെട്ടിലാക്കിയത്. കശ്മീർ വിഭജന ചർച്ചയിൽ നടന്ന പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശത്തെ പാർലമെന്ററി പാർട്ടി നേതാവ് സോണിയാഗാന്ധി, മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ഞെട്ടലോടെയാണ് സ്വീകരിച്ചത്. കശ്മീർ വിഭജനത്തെ നാസി കോൺസൻട്രേഷൻ ക്യാമ്പിനോട് അധിർ ഉപമിച്ചതും നേതൃത്വത്തിന് രസിച്ചിട്ടില്ല. നിലവിൽ പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭയിലെ പ്രകടനം പരിതാപകരമായ അവസ്ഥയിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് തരൂരിന്റെ പ്രകടനവും മുൻപത്തെ പരാമർശവും കടന്നുവരുന്നത്.

പാർട്ടി ആവശ്യപ്പെട്ടാൽ പ്രതിപക്ഷ കക്ഷി നേതാവ് സ്ഥാനം സന്തോഷ പൂർവ്വം ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് ശശി തരൂർ അന്ന് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന് ആപദവി നൽകിയില്ല. ബിജെപിക്ക് മൃഗീയ ആധിപത്യമുള്ള ലോക്‌സഭയിൽ നിരന്തരം ഡിബേറ്റുകളിൽ പങ്കെടുത്തും ചോദ്യങ്ങൾ ഉന്നയിച്ചും യഥാർത്ഥ പ്രതിപക്ഷത്തിന്റെ റോൾ നിർവ്വഹിക്കുന്നത് കേരളത്തിൽ നിന്നും എംപിമാരാണ്. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച പെർഫോമൻസാണ് ശശി തരൂരിന്റേത്. രണ്ടുമാസംനീണ്ട സമ്മേളന കാലയളവിൽ ശശി തരൂർ 54 ചോദ്യങ്ങളുന്നയിച്ചിരുന്നു. മികച്ച നിലയിൽ തന്നെ തരൂർ പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം സഭ ഒന്നാതെ ശ്രദ്ധിക്കുന്ന അവസ്ഥയിൽ എത്തിയിരുന്നു. ശശി തരൂരിനെ കക്ഷി നേതാവ് സ്ഥാനത്തേക്ക് മാറ്റിയാൽ അത് പാർട്ടിക്ക് കൂടുതൽ ഊർജ്ജം പകരുമായിരുന്നു. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തന്നെയാണ് തരൂരിന്റെ വരവിനു ഉടക്കിട്ടത്.

പ്രതിപക്ഷ നേതാവായി കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായി അധിർ രഞ്ജൻ ചൗധരിയെ മാറ്റി പകരം ശശി തരൂരിനെ നിയോഗിക്കണമെന്ന് ഇപ്പോൾ വീണ്ടും കോൺഗ്രസിനുള്ളിൽ തന്നെ ആവശ്യം ഉയരുകയാണ്. കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായി എല്ലാവരും ആദ്യം നിർദ്ദേശിച്ചത് രാഹുൽ ഗാന്ധിയെയായിരുന്നു. എന്നാൽ പദവി ഏറ്റെടുക്കാൻ രാഹുൽ വിസമ്മതം മൂളിയപ്പോൾ അടുത്ത പേരായി അന്ന് ഉയർന്നു വന്നത് തരൂരിന്റെ പേരായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കയും വരെ ഈ കാര്യത്തിൽ അനുകൂലമായ അവസ്ഥയായിരുന്നു. പക്ഷെ അന്ന് തരൂരിന്റെ ഗോൾഡൻ ചാൻസ് വെട്ടിക്കളഞ്ഞതിന് പിന്നിൽ കോൺഗ്രസിന്റെ ഉന്നത നേതാവ് ആന്റണിയുടെയും കെ.സി.വേണുഗോപാലിന്റെയും പങ്ക് ശക്തമായിരുന്നു. പക്ഷെ തരൂരിനെ അനുകൂലിക്കാൻ കേരളത്തിൽ നിന്ന് വിരലിൽ എണ്ണാവുന്ന ഒരു എംപിപോലുമില്ലായിരുന്നു. എന്നാൽ കേരളം കഴിഞ്ഞാൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരുള്ള പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ സുനിൽ ജാഖർ പോലുള്ള ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തതാണ്.

പക്ഷെ പത്തൊമ്പത് എംപിമാരുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിക്കളയാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തയ്യാറായില്ല. അതുകൊണ്ട് തന്നെയാണ് അപ്രധാന രീതിയിൽ കോൺഗ്രസിൽ നിലകൊണ്ട ബംഗാളിലെ ഏക കോൺഗ്രസ് എംപിയായ അധിർ ചൗധരിയെപോലുള്ള ഒരു നേതാവ് പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുന്നത്. പക്ഷെ അധിറിന്റെ ലോക്‌സഭയിലെ പ്രകടനം സോണിയ അടക്കമുള്ള നേതാക്കൾക്ക് രസിക്കാത്തതു കൊണ്ട് തന്നെ ഒരു മാറ്റം അനിവാര്യമാണെന്ന് കരുതുന്നവർ കോൺഗ്രസ് നേതൃത്വത്തിൽ തന്നെ ഏറെയാണ്. ഈ ഘട്ടത്തിലാണ് തരൂരിന്റെ പേര് മുൻ നിരയിലേക്ക് കുതിക്കുന്നതും. തരൂരിനെ വെട്ടാൻ ആയുധങ്ങൾ ഏറെയില്ലാത്ത അവസ്ഥയിലാണ് മോദിയെ എപ്പോഴും കുറ്റം പറയുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നാ തരൂരിന്റെ അഭിപ്രായപ്രകടനം കത്തുന്നത്. ഇതോടെയാണ് ആന്റണിയും വേണുഗോപാലും അടക്കമുള്ള നേതാക്കൾ രഹസ്യമായി തരൂരിനെതിരെയുള്ള കരുനീക്കം ഊർജ്ജിതപ്പെടുത്തിയത്.

തരൂരിന് മോദി അനുകൂല ഇമേജ് ചാർത്തികൊടുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി ശ്രമിക്കുന്നുണ്ടെങ്കിലും തരൂർ മോദി അനുകൂലിയാണോ എന്ന് ചോദിച്ചാൽ അല്ലെന്നു ഉത്തരം നൽകേണ്ടി വരും. തരൂരിനെ കോൺഗ്രസ് അനുഭാവിയാക്കാൻ കോൺഗ്രസ് നേതാക്കൾ ഉയർത്തിക്കാട്ടുന്നത് സുനന്ദ പുഷ്‌കർ കേസാണ്. സുനന്ദ കേസിൽ പൊലീസ് കോടതിയിൽ തരൂരിനെ പ്രതിയാക്കി കുറ്റപത്രം കൊടുത്തു കഴിഞ്ഞു. കേസിന്റെ വാദവും ആരംഭിച്ചു. ഇനി ഈ വിഷയത്തിൽ വിധി പറയേണ്ടത് കോടതിയാണ്. മോദിയെ നിശിതമായി വിമർശിച്ചു തരൂർ പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. മോദിയെ വിമർശിച്ചതിന് രണ്ടു കേസുകളാണ് ബിജെപി തരൂരിനെതിരായി നൽകിയിട്ടുള്ളത്. മോദി ശിവലിംഗത്തിലെ തേളാണെന്ന് പരാമർശത്തിന് ഡൽഹിയിലും ബിജെപി ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കും എന്ന ആരോപണത്തിന് കൽക്കത്തയിലും തരൂരിനെതിരെ കേസുകൾ നൽകിയിട്ടുണ്ട്. ഇതിൽ കൊൽക്കത്ത കോടതിയുടെ അറസ്റ്റ് വാറന്റിന് തരൂർ ജാമ്യം എടുത്തിട്ടുണ്ട്. ചിദംബരത്തിന്റെ അറസ്റ്റിനെത്തുടർന്നാണ് തരൂർ ബിജെപിയെ പേടിക്കുന്നുവെന്നു കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. പക്ഷെ കഴിഞ്ഞ അഞ്ച് വർഷം പാർലമെന്റിനകത്തും പുറത്തും ബിജെപിയെ ശക്തമായി തരൂർ എതിർത്തിട്ടുണ്ട്.

ഇതിനുപരിയാണ് ബിജെപി തരൂരിനെതിരെയും തരൂർ ബിജെപിക്കെതിരെയും നൽകിയ മാനനഷ്ടക്കേസുകൾ. ബിജെപിക്ക് എതിരെ പ്രസംഗിച്ചതിന്റെ പേരിൽ തരൂരിന്റെ ഓഫീസ് ആക്രമിച്ചതും ബിജെപിയാണ്. ഇന്ത്യയിൽ ഒരേ ഒരു എംപിയുടെ ഓഫീസ് മാത്രമാണ് ബിജെപി ഈ രീതിയിൽ ആക്രമിച്ചത്. മോദിയുടെ ഭരണപരാജയത്തെ നഖശിഖാന്തം വിമർശിച്ചു കൊണ്ട് 400 ലധികം പേജുകളുള്ള Paradoxical Prime Minister എന്ന പുസ്തകമെഴുതിയത്. ഇന്ത്യയിലെ ഹിന്ദു ബിജെപിയുടെ മത തീവ്രവാദിയല്ലെന്നും മതേതരവാദിയാണെന്നും വ്യക്തമാക്കുന്ന Why I am a Hindu എന്ന പുസ്തകമെഴുതി ബിജെപി ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരത്തെ തുറന്ന് കാട്ടിയതും തരൂർ തന്നെയാണ്.

ഇപ്പോൾ പടർന്നു കയറുന്ന വിവാദത്തിന് പുറകിലെന്താണ്? തരൂർ മാത്രമല്ല ജയറാം രമേശും, അഭിഷേക് സിങ്വിയും തരൂരിനെ കൂടാതെ മോദിയെ പിന്തുണയ്ക്കുന്ന പ്രസ്താവന നടത്തിയിട്ടുണ്ട്. ബിജെപി സർക്കാരിനെയും അവരുടെ ഭരണപരമായ നടപടികളെയും കണ്ണുമടച്ചെതിർക്കുന്ന കോൺഗ്രസ്സ് സമീപനത്തിൽ വ്യതിയാനം വരുത്തണമെന്നാണ് ജയറാം രമേശും, അഭിഷേക് സിങ്വിയും ആവശ്യപ്പെട്ടത്. പലപ്പോഴും ഈ സമീപനം മൂലം കോൺഗ്രസ്സ് ഹിന്ദി ബൽറ്റിൽ പ്രതിസന്ധിയിലാവുകയും പിളർപ്പിനെ നേരിടേണ്ടി വരികയും ചെയ്യുന്നു. കാശ്മീർ വിഷയത്തിൽ സിന്ധ്യയുടെ അഭിപ്രായവും രാജ്യസഭയിലെ കോൺഗ്രസ്സ് വിപ്പ് രാജിവച്ചതും ഹരിയാനയിലെ ഹൂഡയുടെ നിലപാടുമാണ് അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഈ വ്യത്യസ്ത അഭിപ്രായം പുറത്ത് വന്നപ്പോഴാണ് തരൂരും പ്രതികരിച്ചതും. ഇതാണ് താനും അഞ്ച് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതെന്നും അന്ന് താൻ ബിജെപിയിലേക്ക് പോകുന്നു എന്ന് പറഞ്ഞവർ ഇപ്പോഴെങ്കിലും യാഥാർത്ഥ്യം തിരിച്ചറിഞ്ഞല്ലോ എന്നും തരൂർ പറഞ്ഞു. തരൂരിന്റെ ഈ പ്രസ്താവനയാണ് തരൂരിനെതിരെയുള്ള ഗൂഡനീക്കങ്ങളുടെ ഭാഗമായി ആഞ്ഞടിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം എടുത്തുപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP