Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അംഗത്വ ഫീസ് അടയ്ക്കാത്ത ആൾക്ക് ജനറൽ സെക്രട്ടറി വക മെമ്പർഷിപ്പ്! ജനറൽ സെക്രട്ടറിയുടെ പേര് വെട്ടി ജില്ലാ കമ്മറ്റിയും! മുതലാളിമാർ ശിക്ഷിക്കുന്നു; തൊഴിലാളി സംഘടനയിലും ഏറ്റുവാങ്ങുന്നത് അത് തന്നെ! വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയെന്ന് ആരോപിച്ച് ജനറൽ സെക്രട്ടറി സി നാരായണൻ; വ്യാജ ആരോപണം വോട്ട് പിടിക്കാനുള്ള തന്ത്രമെന്ന് ജില്ലാ കമ്മറ്റിയും; പത്രപ്രവർത്തക യൂണിയനിൽ നടക്കുന്നത് തൊഴിലാളി സംഘടനകളിൽ ആരും ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിവാദം: കെയുഡബ്ല്യുജെയിൽ തമ്മിൽ തല്ല്

അംഗത്വ ഫീസ് അടയ്ക്കാത്ത ആൾക്ക് ജനറൽ സെക്രട്ടറി വക മെമ്പർഷിപ്പ്! ജനറൽ സെക്രട്ടറിയുടെ പേര് വെട്ടി ജില്ലാ കമ്മറ്റിയും! മുതലാളിമാർ ശിക്ഷിക്കുന്നു; തൊഴിലാളി സംഘടനയിലും ഏറ്റുവാങ്ങുന്നത് അത് തന്നെ! വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയെന്ന് ആരോപിച്ച് ജനറൽ സെക്രട്ടറി സി നാരായണൻ; വ്യാജ ആരോപണം വോട്ട് പിടിക്കാനുള്ള തന്ത്രമെന്ന് ജില്ലാ കമ്മറ്റിയും; പത്രപ്രവർത്തക യൂണിയനിൽ നടക്കുന്നത് തൊഴിലാളി സംഘടനകളിൽ ആരും ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിവാദം: കെയുഡബ്ല്യുജെയിൽ തമ്മിൽ തല്ല്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അംഗത്വം ജില്ലാ കമ്മറ്റി റദ്ദ് ചെയ്‌തെന്ന വിവാദം പത്രക്കാർക്കിടയിൽ ചർച്ചയാകുന്നു. എന്നാൽ യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണന്റെ അംഗത്വം റദ്ദ് ചെയ്തിട്ടില്ലെന്നാണ് കണ്ണൂർ ജില്ലാ കമമറ്റി പറയുന്നത്. യൂണിയൻ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാനുള്ള തന്ത്രമാണിതെന്നും കണ്ണൂർ ജില്ലാ കമ്മറ്റി വിശദീകരിക്കുന്നു. തന്റെ അംഗത്വം കണ്ണൂർ ജില്ലാ കമ്മറ്റി റദ്ദാക്കിയെന്ന സൂചനയുമായി നാരായണൻ കെ യു ഡബ്ല്യൂ ജെയുടെ സംസ്ഥാന കമ്മറ്റി വാട്‌സാപ്പിൽ വിശദീകരണമിട്ടിരുന്നു. ഇതോടെയാണ് പുതിയ വിവാദം തുടങ്ങിയത്.

ഒരു സ്ഥാപനത്തിൽ യൂണിയൻ പ്രവർത്തനം നടത്തിയതിന് പ്രതികാരനടപടിയായി മുതലാളിയുടെ പ്രൈം പണീഷ്മെന്റ് ഏറ്റുവാങ്ങിയ ഒരാളുടെ നേരെ കാണിക്കുന്ന അസത്യജടിലമായ കടന്നുകയറ്റങ്ങൾ കാണുമ്പോൾ ഇത് തൊഴിലാളിയൂണിയൻ ബോധമോ അതോ തൊഴിലാളിയൂണിയൻ ബോധമോ എന്ന് സംശയിച്ചാൽ എന്നെ ആരും കല്ലെറിയേണ്ടതില്ല. മുതലാളിമാരും ശിക്ഷിക്കുന്നു, തൊഴിലാളി സംഘടനയിലും ഏറ്റുവാങ്ങുന്നത് അത് തന്നെ ! കണ്ണൂർ ജില്ലയിലെ പട്ടികയിൽ നിന്നും മാറ്റിയതായി അറിയിക്കുന്നു എന്ന് കാണിച്ച് സംസ്ഥാന ജനറൽ സെക്രട്ടറിയായ എനിക്കു തന്നെ കണ്ണൂർ ജില്ലാകമ്മിറ്റി കത്തയച്ചത് -എന്ന പരാമർശവുമായി സി നാരായണൻ ഇട്ട കുറിപ്പാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ തീർത്തും തെറ്റിധാരണാജനകമായ കാര്യങ്ങളാണ് നാരായണൻ പ്രചരിപ്പിക്കുന്നതെന്നാണ് കണ്ണൂർ ജില്ലാ കമ്മറ്റി പറയുന്നത്.

തൊഴിൽ പ്രശ്‌നങ്ങൾ കാരണം നടപടി നേരിട്ടവർക്കും സ്ഥാപനം അടച്ചു പൂട്ടിയവർക്കും സംഘടനയിൽ തുടരാൻ കഴിയും. ഇത്തരക്കാരെ സംസ്ഥാന സമിതിയുടെ പൂളിലേക്ക് മാറ്റാൻ വയനാട്ടിലെ യോഗം തീരുമാനിച്ചിരുന്നു. അങ്ങനെ ഒരു സ്ഥാപനത്തിലും നിലവിൽ ജോലിയില്ലാത്ത സാഹചര്യത്തിൽ നാരായണനെ മാറ്റിക്കോട്ടേ എന്ന ചോദ്യമാണ് കണ്ണൂർ ജില്ലാ കമ്മറ്റി ഉയർത്തിയത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് നാരായണൻ ചെയ്യുന്നതെന്നാണ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ വാദം. മാതൃഭൂമിയിലെ കെ. ബാലകൃഷ്ണന്റെ പേര് കണ്ണൂരിലെ വോട്ടർ പട്ടികയിൽ തിരുകി കയറ്റിയതും വിവാദത്തിന് വഴി മരുന്നിട്ടു. ഇതാണ് കണ്ണൂർ ജില്ലാ കമ്മറ്റിയും നാരായണനും തമ്മിലെ പ്രശ്‌നങ്ങളുടെ യഥാർത്ഥ കാരണം. നാരായണന്റെ കുറിപ്പിനുള്ള മറുപടിയായി ഇതും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയാണ്.

രണ്ട് ടേമായി നാരായണനാണ് കെ യു ഡ ബ്ല്യൂ ജെ ജനറൽ സെക്രട്ടറി. മാതൃഭൂമിയിൽ നിന്ന് പുറത്താക്കിയതിന്റെ വീര പരിവേഷവുമായാണ് നാരായണൻ സംഘടനയുടെ നേതൃസ്ഥാനത്ത് എത്തിയത്. ദേശാഭിമാനിയുടെ പിന്തുണയോടെയായിരുന്നു ഇത്. കഴിഞ്ഞ തവണ ദേശാഭിമാനിയുടെ പാനൽ എതിർക്കാനെത്തിയിട്ടും നാരായണൻ വീണ്ടും ജയിച്ചു. ജനറൽ സെക്രട്ടറിയായി രണ്ട് ടേമിൽ നാരായണൻ ജയിച്ചു. അതുകൊണ്ട് തന്നെ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി മത്സരിക്കാനാണ് നാരായണൻ ഒരുങ്ങുന്നത്. ഇതിനിടെയാണ് പുതിയ വിവാദം ചർച്ചയാകുന്നത്.

നാരായണൻ കണ്ണൂർ ജില്ലാ കമ്മറ്റിക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട കുറിപ്പ്

കഴിഞ്ഞ രണ്ടുവർഷത്തോളമായി കടുത്ത വ്യക്തിഹത്യയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. പത്തറുപതിനായിരം രൂപ ശമ്പളം വാങ്ങാവുന്ന നല്ലൊരു ജോലിയുണ്ടായിരുന്ന ഞാൻ ( വേജ്ബോർഡ് ശുപാർശ പ്രകാരമുള്ള വേതനം ലഭ്യമാക്കാനായി നിലപാടെടുത്ത എനിക്ക് ആ നിലയിലുള്ള വേതനം ലഭിക്കുംമുമ്പേ പുറത്താക്കൽ നടപടി നേരിടേണ്ടി വന്നു) തീർത്തും സംഘടനാപരമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചതിന്റെ ഫലമായി മാനേജ്മെന്റ് വേട്ടയാടിയതിന്റെ ഇര എന്ന നിലയിൽ തന്നെയാണ് എന്റെ നിൽപ്. അതു സംബന്ധിച്ച് നടക്കുന്ന കേസിൽ നിരന്തരം കോടതി, വക്കീൽ ഓഫീസ് വരാന്തകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷം ആറായി. ഈ കേസിലെ ആദ്യ വിധി പോലും ഇതേവരെ വന്നിട്ടില്ല. കേസ് കാരണം, അതിനെ ദുർബലമാക്കും വിധം എനിക്ക് മറ്റൊരു സ്ഥിരജോലി ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ട്. ഞാൻ സഹിക്കുന്ന പ്രയാസങ്ങൾ ഏറെ വലുതാണ്. എന്നാൽ ഇതു സംബന്ധിച്ച് ഒരാളോടും ഇന്നു വരെ ഒരു പരാതിയും ഞാൻ പറഞ്ഞിട്ടില്ല. ഈ യൂണിയനിലെ ഒരു നേതാവ് പോലും എന്നോട് , നീ എങ്ങിനെയാണ് ഈ സാഹചര്യം നേരിടുന്നത് എന്നോ കേസ് പുരോഗതി എന്തായി എന്നോ ഒരു വാക്ക് ഇന്നേവരെ ചോദിച്ചിട്ടില്ല.

എന്നാൽ പരിഹസിക്കാനും അസത്യമായ കാര്യങ്ങൾ പറഞ്ഞ് തേജോവധം ചെയ്യാനും പലരും ആവോളം ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ദശലക്ഷക്കണക്കിന് രൂപ കൊല്ലം തോറും ഒരോ പ്രസ്‌ക്ലബ്ബും പലതായി ചെലവാക്കപ്പെടുമ്പോഴും യൂണിയനു വേണ്ടി മാത്രം മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരാൾക്ക് നൽകുന്ന പതിനായിരം രൂപക്കെതിരെ നിരന്തര അപവാദത്തിലൂടെ 30000 രൂപ പ്രതിമാസ ശമ്പളം വാങ്ങി സുഖിക്കുന്നു എന്ന് സംഘടനയ്ക്കകത്തും പുറത്തും പ്രചരിപ്പിച്ചവരുടെ മാനസികാവസ്ഥ ഏത് തരം യൂണിയനിസ്റ്റിന്റെതാണ് എന്ന് ചിന്തിച്ചുപോകുകയാണ്. സംസ്ഥാനസമിതിയുടെ കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും, യൂണിയന്റെ ചരിത്രത്തിലിന്നുവരെ ഇത്രയും തുക അക്കൗണ്ടിൽ നിലനിർത്തി, ചെലവുചുരുക്കി പ്രവർത്തിക്കാൻ കഴിഞ്ഞ വർഷം ഇത്തവണയല്ലാതെ വേറെയില്ല. ഞാൻ ജില്ലകളിൽ നിന്നും യാത്രാപ്പടിയോ ബത്തയോ വാങ്ങാറ് പതിവില്ല. മാസത്തിൽ പലതവണ കൊച്ചിയിലും കോട്ടയത്തും തൃശൂരും മറ്റും വരുന്നുണ്ട്...ചോദിച്ചു നോക്കൂ ഞാൻ അവിടെ നിന്നൊക്കെ പണം കൈപ്പറ്റാറുണ്ടോ എന്ന്, ഉല്ലാസപരിപാടികൾക്കായി പൊതുപണം ചെലവാക്കിക്കാറുണ്ടോ എന്ന്.

വേജ്ബോർഡ് സമരം മാധ്യമസ്ഥാപനങ്ങളുടെ മുന്നിലേക്ക് സംഘടിപ്പിച്ചതിന് നേതൃത്വം കൊടുത്തവർക്കല്ല, ആത്മാർഥതയോടെ ആ സമരത്തിൽ പങ്കെടുത്ത മാതൃഭൂമിയിലെ മൂന്നു ഡസൻ ജേർണലിസ്റ്റുകൾക്കാണ് ഭീകരമായ വേട്ടയാടൽ നേരിടേണ്ടിവന്നത്. ഈ ചരിത്രമൊക്കെ ചിലർ സൗകര്യപൂർവ്വം മറക്കുന്നുണ്ട്. പക്ഷേ എല്ലാവരും അത് മറക്കില്ല എന്നും എനിക്കുറപ്പുണ്ട്. എക്കാലവും അത് മറക്കാൻ പാടുള്ളതല്ല. കാരണം ഇന്ത്യയിൽ മാധ്യമപ്രവർത്തക സംഘടനാ ചരിത്രത്തിൽ അപൂർവ്വത്തിൽ അപൂർവ്വമായ സമരചരിത്രമാണത്. അത് തിരിച്ചറിയുന്നവർ മാത്രമാണ് യഥാർഥത്തിൽ ഈ യൂണിയന്റെ ശരിയായ അഭ്യുദയകാംക്ഷികൾ.
ഞാൻ ഇത്രയും പറഞ്ഞത് എന്റെ അംഗത്വവുമായി ബന്ധപ്പെട്ട് ഉയരുന്ന അപവാദങ്ങൾക്കുള്ള മറുപടിയുടെ ആമുഖം എന്ന നിലയിലാണ്. കണ്ണൂർ ജില്ലക്കാരനായ എന്റെ അംഗത്വം സ്വാഭാവികമായും കണ്ണൂർ ജില്ലയിലാണ് നിലനിർത്തിയത്. നമ്മുടെ ഭരണഘടനയിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു കാര്യം ലേബർ ഡിസ്പ്യൂട്ടിൽ പെട്ട് നിൽക്കുന്നവരുടെ അംഗത്വം അതേ നിലയിൽ തുടരണം എന്നാണ്. മറ്റൊരിടത്ത് പറയുന്നത്, ഏത് അംഗത്തിന്റെയും അംഗത്വം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനു മുമ്പേ ആ അംഗത്തെ ഇന്റിമേറ്റ് ചെയ്തിരിക്കണം എന്നാണ്.

ഈ വ്യവസ്ഥകൾ നിലവിലിരിക്കെ ആണ് എന്നെ കണ്ണൂർ ജില്ലയിലെ പട്ടികയിൽ നിന്നും മാറ്റിയതായി അറിയിക്കുന്നു എന്ന് കാണിച്ച് സംസ്ഥാന ജനറൽ സെക്രട്ടറിയായ എനിക്കു തന്നെ കണ്ണൂർ ജില്ലാകമ്മിറ്റി കത്തയച്ചത് ഞാൻ വരുമാനമില്ലാത്തവനായിരുന്നതിന്റെ ഉത്തരവാദി ഞാനാണോ...തൊഴിൽ നഷ്ടപ്പെട്ടവരുടെ വരിസംഖ്യ വാങ്ങാതെ അംഗത്വം നിലനിർത്തണമെന്ന് നമ്മുടെ സംഘടന നേരത്തെ തന്നെ തീരുമാനമെടുത്ത് നടപ്പാക്കിവരുന്നുണ്ട്. ഇന്ത്യാവിഷന്, ടി.വി.ന്യൂ അംഗങ്ങളൊക്കെ നേരത്തെ അവർ തൊഴിൽരഹിതരായിരുന്നപ്പോൾ അങ്ങനെ അംഗത്വം നിലനിർത്തിക്കൊടുത്തവരാണ്. ഞാൻ നേരത്തെ 2015-17 കാലത്ത് ഒരു ഹോണറേറിയം യൂണിയനിൽ നിന്ന് വാങ്ങിയതിനാൽ തന്നെ എന്റെ ധാർമികത കാരണം തന്നെ ഞാൻ വരിസംഖ്യ നൽകിയിരുന്നു. എന്നാൽ 2017-19 കാലത്ത് ഞാൻ സ്വമേധയാ ആ ഹോണറേറിയം വാങ്ങിയില്ല. എങ്കിലും എന്നെ തേജോവധം ചെയ്യാൻ മാത്രമായി ചിലർ ഞാൻ വലിയ ശമ്പളം വാങ്ങുന്നു എന്ന് സോഷ്യൽ മീഡിയയിലും വാട്സ് ആപിലും പ്രചരിപ്പിച്ചു. പക്ഷേ ചങ്ങാതിമാർക്കറിയാതെ പോയി ഞാൻ ഒരു പ്രതിഫലവും വാങ്ങുന്നില്ലെന്ന്. ഹോണറേറിയം വാങ്ങാതിരുന്നിട്ടും 2017ലും 2018ലും ഞാൻ വരിസംഖ്യ അടച്ചു. എന്നാൽ 2019-ൽ ഞാൻ പണമടച്ചില്ല. പക്ഷേ എന്തുകൊണ്ട് എന്റെ അംഗത്വം നിലനിർത്തണമെന്ന പ്രാഥമികകാര്യം പോലും മനസ്സിലാക്കാതെ പോയ കണ്ണൂരിലെ സുഹൃത്തുക്കൾ എന്നെ ക്രൂശിക്കുന്നതിന് അതും ആയുധമാക്കുന്നു. ഇത് എന്ത് തരം തൊഴിലാളിയൂണിയൻ ബോധമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

കെ.ബാലകൃഷ്ണന്റെ കാര്യത്തിൽ ഭരണഘടനയെ ഉയർത്തിപ്പിടിച്ച് വാദം നടത്തുന്നവർ അറിയേണ്ടത്, തന്നെ അംഗത്വപട്ടികയിൽ നിന്നും നീക്കുന്നതായി അറിയിക്കാനുള്ള പ്രാഥമികമായ ഭരണഘടനാ അവകാശം പോലും അദ്ദേഹത്തിനോട് കാണിച്ചിട്ടില്ല എന്നതാണ്. ഇത് ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടവർ ചെയ്തിരുന്നെങ്കിൽ വാദങ്ങൾക്ക് അർഥം ഉണ്ടാകുമായിരുന്നു. ഒഴിവാക്കാൻ കാണിക്കുന്ന ജാഗ്രത ഇക്കാര്യത്തിൽ കാണിച്ചുവോ എന്നത് ഉയരേണ്ട ചോദ്യമാണ്. ജില്ലകളിൽ നിന്നും അയച്ചുതരുന്ന പട്ടികയിൽ പരാതി ലഭിച്ചിട്ടുള്ള കാര്യങ്ങൾ മാത്രമാണ് സംസ്ഥാനതലത്തിൽ പരിശോധിച്ചത്. യോഗത്തിൽ പങ്കെടുത്തവർ ഒററക്കെട്ടായി എടുത്ത തീരുമാനമാണ് ജനറൽസെക്രട്ടറിയെന്ന നിലയിൽ ഞാൻ നടപ്പാക്കിയത്. അതിന് ആധാരമാക്കിയത് ഭരണഘടനയിലെ വിവിധ ചട്ടങ്ങളും സംഘടന കാലാകാലങ്ങളിൽ എടുത്തിട്ടുള്ള തീരുമാനങ്ങളും കീഴ്‌വഴക്കവുമാണ്. ട്രാൻസ്ഫർ ആയവരുടെ കാര്യത്തിലും വിരമിച്ചവരുടെ കാര്യത്തിലും ദീർഘകാലമായി ജോലി ഉപേക്ഷിച്ചവരുടെ കാര്യത്തിലും കുറച്ചു കാലം പത്രപ്രവർത്തനത്തിൽ നിന്നും മാറി നിന്നശേഷം പിന്നീട് തിരിച്ചുവരുന്നവരുടെ കാര്യത്തിലും അവലംബിച്ചത് ഭരണഘടനാവ്യവസ്ഥകൾ മാത്രമാണ്. വ്യവസ്ഥകൾ താന്താങ്ങളുടെ സൗകര്യാനുസരണം വ്യാഖ്യാനിച്ച് സമർഥിക്കുന്നവർക്കൊപ്പം എനിക്ക് നിൽക്കാൻ കഴിയില്ല.( 13-ാം വകുപ്പ് ഓരോരുത്തരും വ്യാഖ്യാനിക്കുന്നത് കണ്ടിട്ട് സഹതപിക്കാനെ കഴിയൂ. അംഗത്വം ഒഴിവാക്കുന്നതിന് കൃത്യമായി നിർവ്വചിച്ച അനുച്ഛേദമാണത് എന്നത് സൂക്ഷ്മവായനയിൽ മനസ്സിലാകും.) ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടത് എന്റെ ബാധ്യതയാണ്. അത് ചെയ്യാതിരുന്നാൽ ഇപ്പോൾ കൊച്ചിയിൽ ഉള്ളതുപോലുള്ള കേസുകളിൽ കോടതി കയറിയിറങ്ങേണ്ടിവരുന്നത് യൂണിയനും അതിന്റെ പ്രധാന ഭാരവാഹിയുമായിരിക്കും. ഒന്നു കൂടി ഉറപ്പിച്ച് പറയുന്നു, വ്യക്തമായ പരാതികൾ പലരിൽ നിന്നുണ്ടായിട്ടും, ജില്ലാതലത്തിൽ സ്‌ക്രൂട്ടിനി നടത്തിയിട്ടും അവിടെ പരാതികൾ രമ്യമായി പരിഹരിച്ച് ശുദ്ധീകരിച്ച അംഗത്വപട്ടിക സംസ്ഥാനത്തേക്ക് നൽകാതിരുന്നിട്ടും, ഇതേത്തുടർന്ന് പരാതികൾ നിലനിന്ന അവസ്ഥയിൽ പരാതിക്കാർ നിയമനടപടികളുമായി പോകുമെന്ന രീതിയിൽ പ്രതികരിച്ചതിന്റെ ഭാഗമായിട്ടാണ് അവ പരിശോധിക്കാനും ഭരണഘടനാപരമായ പരിഹാരം തേടാനും സംസ്ഥാനജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ തയ്യാറായത്. അത് ഒറ്റയ്ക്ക് സ്വീകരിച്ച നടപടിയുമല്ല.

ഒരു സ്ഥാപനത്തിൽ യൂണിയൻ പ്രവർത്തനം നടത്തിയതിന് പ്രതികാരനടപടിയായി മുതലാളിയുടെ പ്രൈം പണീഷ്മെന്റ് ഏറ്റുവാങ്ങിയ ഒരാളുടെ നേരെ കാണിക്കുന്ന അസത്യജടിലമായ കടന്നുകയറ്റങ്ങൾ കാണുമ്പോൾ ഇത് തൊഴിലാളിയൂണിയൻ ബോധമോ അതോ തൊഴിലാളിയൂണിയൻ ബോധമോ എന്ന് സംശയിച്ചാൽ എന്നെ ആരും കല്ലെറിയേണ്ടതില്ല. മുതലാളിമാരും ശിക്ഷിക്കുന്നു, തൊഴിലാളി സംഘടനയിലും ഏറ്റുവാങ്ങുന്നത് അത് തന്നെ !

നാരായണനെതിരെ കണ്ണൂർ ജില്ലാ കമ്മറ്റി ഇട്ട കുറിപ്പ്


ശ്രീ നാരായണൻ, താങ്കളെ വേട്ടയാടാൻ ഞങ്ങളില്ല. വേട്ടയാടുന്നതിനോട് യോജിക്കുന്നുമില്ല...
താങ്കളുടെ പ്രതികരണത്തിൽ കണ്ണൂർ കമ്മിറ്റിയെ സംബന്ധിച്ച പരാമർശങ്ങൾക്കുള്ള മറുപടി ഇതാണ്.

1. താങ്കൾ മെമ്പർഷിപ്പ് ഫീസ് അടക്കാത്തത് ഞങ്ങൾ ഇഷ്യൂ ആക്കിയിട്ടില്ല. നാരായണൻ മെമ്പർഷിപ്പ് തുക അടച്ചുവോ എന്ന് സംസ്ഥാന കമ്മിറ്റി അംഗമായ ഒരാൾ ഈ
ഗ്രൂപ്പിൽ ചോദിച്ചപ്പോൾ അടച്ചിട്ടില്ല എന്ന വസ്തുത വിശദീകരിക്കുക മാത്രമാണ് ചെയ്തത്. താങ്കളുടെ മെമ്പർഷിപ്പ് കണ്ണൂരിലായതിനാൽ ചോദ്യം ഉയരുമ്പോൾ അത്
വിശദീകരിക്കേണ്ട ബാധ്യത കണ്ണൂർ കമ്മിറ്റിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നു.

2. അംഗത്വം സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് മുമ്പ് ആ അംഗത്തെ ഇന്റിമേറ്റ് ചെയ്യണം എന്നത് ശരിയാണ്. താങ്കളുടെ അംഗത്വം സ്‌റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റുന്നതാണ്
ഉചിതമെന്ന് കഴിഞ്ഞ വയനാട് സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ചയുടെ വെളിച്ചത്തിൽ ജില്ല കമ്മിറ്റി കരുതി. അക്കാര്യം കത്ത് വഴി താങ്കളെ തന്നെയാണ് അറിയിച്ചത്.
അതിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഉചിതമായ തീരുമാനം താങ്കൾക്ക് എടുക്കാവുന്നതേയുള്ളൂ. കണ്ണൂരിൽ നിലനിർത്താൻ താങ്കൾ തീരുമാനിച്ചതിൽ മറിച്ച്
അഭിപ്രായമുണ്ടെങ്കിലും താങ്കൾ ഞങ്ങളുടെ ജനറൽ സെക്രട്ടിയാണെന്ന ബഹുമാനം നിലനിർത്തി തീരുമാനത്തെ ചോദ്യം ചെയ്യുന്നില്ല.

3. അംഗത്വഫീസ് അടക്കാത്ത ഒരാളെ (അയാൾ ജില്ല കമ്മിറ്റിക്ക് ഒരു പരാതി പോലും നൽകിയിട്ടില്ല എന്നു കൂടി അറിയുക) നിങ്ങൾ കരട് വോട്ടർ പട്ടികയിൽ തിരുകി കയറ്റിയ
ഭരണഘടനാ വിരുദ്ധ നടപടി ചോദ്യം ചെയ്യുകയാണ് ഞങ്ങൾ ചെയ്തത്. അതിൽ തെറ്റുതിരുത്തുന്നതിന് പകരം ബാലിശമായ ന്യായീകരണം നൽകാനാണ് താങ്കൾ ശ്രമിച്ചത്.
അതിന്മേലുള്ള ചർച്ചയാണ് ഒടുവിൽ താങ്കളുടെ അംഗത്വം ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് എത്തിയത്. ഭരണഘടനാവിരുദ്ധമായ ഒരു തീരുമാനത്തിലൂടെ എല്ലാത്തിനും
വഴിമരുന്നിട്ടത് ഞങ്ങൾ അല്ല.

ഒരിക്കൽ കൂടി പറയുന്നു. നാരായണനിലെ ട്രേഡ് യൂനിയനിസ്റ്റിനോട് ബഹുമാനമുണ്ട്. ആദരവുമുണ്ട്. അതേസമയം, ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള ഏകാധിപത്യ
പെരുമാറ്റത്തോട് (ഉദാ: കെ.ബാലകൃഷ്ണന്റെ മെമ്പർഷിപ്പ് പ്രശ്‌നത്തിലെ തീരുമാനം) യോജിക്കുന്നില്ല. അംഗീകരിക്കുകയുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP