Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെമ്പകപാറയിലെ സ്ഥലം ഉപേക്ഷിച്ച് പോകണം; സിപിഎമ്മിന് ആശുപത്രി പണിയണം; മണിയും കൂട്ടരും ഇടഞ്ഞാൽ ഇടുക്കിയിൽ ആർക്കും നിലനിൽപ്പില്ല! എന്നെ കൊന്നാൽ അഞ്ചേക്കർ സ്ഥലം കൈവശപ്പെടുത്താം; വ്യാജ കേസുകൾ അതിന്റെ സൃഷ്ടി; രണ്ടര വർഷമായി ഇന്ത്യയിലേ വരാത്ത പ്രവാസിക്കെതിരെ കട്ടപ്പന-തങ്കമണി സ്റ്റേഷനുകളിലുള്ളത് ഏഴ് കേസുകൾ; വേട്ടയാടൽ രാഷ്ട്രീയത്തിനു ഇരയാണ് താനെന്ന് ഓസ്ട്രിയൻ പൗരൻ; നിഷേധിച്ച് സിപിഎമ്മും; നാട്ടിൽ വരാൻ കഴിയാതെ ഉഴലുന്ന ഈരാറ്റുപേട്ടക്കാരൻ മനോജ് ജോസിന്റെ കഥ

ചെമ്പകപാറയിലെ സ്ഥലം ഉപേക്ഷിച്ച് പോകണം; സിപിഎമ്മിന് ആശുപത്രി പണിയണം; മണിയും കൂട്ടരും ഇടഞ്ഞാൽ ഇടുക്കിയിൽ ആർക്കും നിലനിൽപ്പില്ല! എന്നെ കൊന്നാൽ അഞ്ചേക്കർ സ്ഥലം കൈവശപ്പെടുത്താം; വ്യാജ കേസുകൾ അതിന്റെ സൃഷ്ടി; രണ്ടര വർഷമായി ഇന്ത്യയിലേ വരാത്ത പ്രവാസിക്കെതിരെ കട്ടപ്പന-തങ്കമണി സ്റ്റേഷനുകളിലുള്ളത് ഏഴ് കേസുകൾ; വേട്ടയാടൽ രാഷ്ട്രീയത്തിനു ഇരയാണ് താനെന്ന് ഓസ്ട്രിയൻ പൗരൻ; നിഷേധിച്ച് സിപിഎമ്മും; നാട്ടിൽ വരാൻ കഴിയാതെ ഉഴലുന്ന ഈരാറ്റുപേട്ടക്കാരൻ മനോജ് ജോസിന്റെ കഥ

എം മനോജ് കുമാർ

ഇടുക്കി: പ്രവാസി വ്യവസായിയെ കേരളത്തിൽ കാൽ കുത്തിക്കാതിരിക്കാൻ സിപിഎമ്മിനായി കേസുകളുടെ പരമ്പര തന്നെ സൃഷ്ടിച്ച് ഇടുക്കി തങ്കമണി പൊലീസ്. രണ്ടര വർഷത്തിലേറെയായി സ്ഥലത്തില്ലാതിരുന്നിട്ടും ഇന്ത്യൻ പൗരൻ കൂടിയല്ലാത്ത പ്രവാസി വ്യവസായി മനോജ് ജോസിനെതിരെ ഇടുക്കി തങ്കമണി-കട്ടപ്പനം പൊലീസ് സ്റ്റേഷനുകളിൽ സൃഷ്ടിച്ചത് എട്ടോളം കേസുകൾ. മനോജ് ജോസ് എന്ന പ്രവാസി വ്യവസായി ഇടുക്കി ജില്ലയിൽ പത്തോളം കുറ്റകൃത്യങ്ങളിൽ സംശയിക്കപ്പെടുന്ന പ്രതിയാണ് എന്നാണ് കട്ടപ്പന പൊലീസിന്റെ സ്റ്റേറ്റ്‌മെന്റിൽ ഉള്ളത്.

സിപിഎം നേതാക്കളുമായി ഇടഞ്ഞതിന്റെ പേരിൽ കേരളത്തിൽ കാൽകുത്തിക്കാതിരിക്കാനാണ് തങ്കമണി പൊലീസ് ഇത്രയും കേസുകൾ പ്രവാസി വ്യവസായിക്കെതിരെ സൃഷ്ടിച്ചത് എന്നാണ് ആരോപണം ഉയരുന്നത്. സിപിഎം വേട്ടയാടലിന്റെ പുതിയ കഥയാണ് ഇപ്പോൾ കഥയാണ് ഇടുക്കിയിൽ നിന്നും പുറത്തു വരുന്നത്. എം.എം.മണിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.വർഗീസും മറ്റും ഇടഞ്ഞാൽ ഇടുക്കിയിൽ നിലനിൽപ്പ് ഇല്ലാ എന്നാണ് ഈ പ്രവാസി വ്യവസായിയുടെ അനുഭവം കേരളത്തോടു പറയുന്നത്. രണ്ടര വർഷം ഇന്ത്യയിൽ തന്നെ ഇല്ലാതിരുന്നിട്ടും പോസ്‌കോ അടക്കമുള്ള ഏഴോളം കേസുകളാണ് പ്രവാസി വ്യവസായിയും ഓസ്ട്രിയൻ പൗരനുമായ മനോജ് ജോസിനെതിരെ തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ വന്നത്. സിപിഎമ്മുമായി ഇടഞ്ഞപ്പോൾ കേസുകൾ കൊണ്ട് തന്നെ സിപിഎം നേതാക്കൾ വരിഞ്ഞുമുറുക്കി എന്നാണ് മനോജ് ജോസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. എന്നാൽ ആരോപണങ്ങൾ സിപിഎം നിഷേധിക്കുകയാണ്.

മൂന്നു കേസുകൾ കാമ്പില്ലെന്ന് കണ്ടു ഹൈക്കോടതി തള്ളിക്കളഞ്ഞതായും മനോജ് പറയുന്നു. സൈബർ കേസുകൾ വഴിയും സിപിഎം നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും ഒക്കെ പറഞ്ഞു എന്റെ പേരിൽ യഥേഷ്ടം കേസുകൾ ചാർജ് ചെയ്യപ്പെട്ടു. ഇനിയും കൂടുതൽ കേസുകൾ തന്റെ മകന് എതിരെ പൊലീസ് രജിസ്റ്റർ ചെയ്‌തോ എന്ന് മനസിലാക്കാൻ ജോസിന്റെ പിതാവ് തോമസ് ജോസിനു തങ്കമണി പൊലീസ് സ്റ്റേഷനിൽ വിവരാവാകാശം ഫയൽ ചെയ്യേണ്ടിയും വന്നു. സിപിഎമ്മിന് ഹിതകാരിയല്ലാത്തവർക്ക് കേരളത്തിൽ രക്ഷയില്ലാത്ത അവസ്ഥയാണ്. സിപിഎമ്മിന്റെ ഗുഡ് ലിസ്റ്റിൽ ഇല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്താണെങ്കിലും മലയാളികൾ വേട്ടയാടപ്പെടും. ഇതിനായി പൊലീസും കേസുകളും തന്നെയാണ് സിപിഎം നേതാക്കൾ ആധാരമാക്കുന്നത്. ഇത്തരം പൊലീസ് വേട്ടയാടൽ വഴിയും ഗുണ്ടാപ്രവർത്തനങ്ങൾ വഴിയും പ്രവാസി വ്യവസായിയുടെ ചെമ്പകപ്പാറയിലെ അഞ്ച് ഏക്കർ സ്ഥലം സിപിഎം ഉന്നതൻ കൈവശപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് പ്രവാസി വ്യവസായിയും ഓസ്ട്രിയൻ പൗരനുമായ മനോജ് ജോസ് അഴകത്ത് ഉന്നയിക്കുന്ന ആരോപണം. കേരളത്തിൽ കാൽകുത്താൻ അനുവദിക്കാത്ത വിധം കേസുകളുടെ കുരുക്കുണ്ടാക്കുക, തന്റെ ഇടുക്കി ചെമ്പകപ്പാറയിലെ അഞ്ചേക്കർ സ്ഥലം കൈവശപ്പെടുത്തുക ഇതാണ് സിപിഎമ്മിന്റെ ഉദ്ദേശ്യമെന്നാണ് മനോജ് ജോസ് ആരോപിക്കുന്നത്. നാട്ടിൽ വന്നാൽ ഇടുക്കി പൊലീസ് ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ അനുഭവം തനിക്കും വന്നേക്കും. പൊലീസ് കസ്റ്റഡിയിൽ നല്ല ഇടി കിട്ടും എന്നാണ് എനിക്ക് ലഭിച്ച ഭീഷണി. എന്നെ കൊന്നാൽ ആ സ്ഥലം സിപിഎമ്മിന് കൈവശപ്പെടുത്താം. അതിനാണ് ഇവർ സംഘടിതമായി ശ്രമിക്കുന്നത്- മനോജ് പറയുന്നു.

സിപിഎമ്മിന്റെ ഇടുക്കിയിലെ ഉന്നതനായ സി.വിവർഗീസ് നോട്ടമിട്ട ചെമ്പകപ്പാറയിലെ ഈ സ്ഥലം ഗുണ്ടാ പ്രവർത്തനത്തിലൂടെയും പൊലീസിനെയും ഉപയോഗിച്ച് കൈവശപ്പെടുത്താൻ ശ്രമിക്കുന്നത് കാരണം പ്രവാസിയായ ഇന്ത്യയിൽ എന്നല്ല കേരളത്തിൽ പോലും കാലുകുത്താൻ കഴിയാത്ത അവസ്ഥയാണ്. ഏഴോളം പൊലീസ് കേസുകളും പരാതികളും മനോജിനെതിരെ ഇടുക്കിയിൽ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. രണ്ടര വർഷത്തിന്നിടെ ഇന്ത്യയിൽ കാലുപോലും കുത്തിയിട്ടില്ലാത്ത പ്രവാസിക്കെതിരെയാണ് ഇത്രയധികം പൊലീസ് കേസുകൾ എന്നതും ആലോചിക്കേണ്ടി വരുന്നുണ്ട്. ദുരിതാശ്വാസ ഫണ്ട് സർക്കാർ വക മാറ്റുന്നത് കണ്ടപ്പോൾ ഇതിനെതിരെ പ്രവാസി ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ദുരിതാശ്വാസ ഫണ്ടിൽ സംഭാവന നൽകി സിപിഎം നേതാക്കളുടെ കീശയിൽ പോകുന്നതിന്നെക്കാൾ നല്ലത് ദുരിതത്തിന്നിരയായവർക്ക് തുക നേരിട്ട് നൽകുന്നതാണ് നല്ലത് എന്നാണ് മനോജ് പോസ്റ്റിട്ടത്. അതിന്റെ പേരിലും പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇടുക്കി തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷനുകളാണ് പ്രവാസി വ്യവസായിക്കെതിരെ ഇത്രയും കേസുകൾ ചാർജ് ചെയ്തത്. കേസുകൾ റദ്ദ് ചെയ്യാനായി മനോജ് നൽകിയ ഹർജികൾ പ്രകാരം മൂന്നോളം എഫ്‌ഐആറുകൾ ഇതിന്നിടയിൽ കാമ്പില്ലെന്ന് കണ്ടു ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ട്.

പക്ഷെ കേസുകളും ഭീഷണിയും കാരണം ഇന്ത്യയിലേക്ക് തിരികെ വരാൻ കഴിയാതെ ഓസ്ട്രിയയിൽ തന്നെ കഴിയുകയാണ് മനോജ് ജോസ്. എനിക്കെതിരെ ഇടുക്കിയിലെ പൊലീസ് സ്റ്റേഷനുകളിലെ കേസുകൾ എല്ലാം വ്യാജമാണ്. പക്ഷെ ഇതെല്ലാം തെളിയിക്കാൻ എനിക്ക് കേരളത്തിലേക്ക് വരണം. പക്ഷെ കേരളത്തിൽ വന്നാൽ എന്നെ അപ്പോൾ തന്നെ പൊലീസ് എടുത്ത് അകത്താകും-മനോജ് ജോസ് മറുനാടൻ മലയാളിയോട് പറയുന്നു. സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗവുമായ സി.വി.വർഗീസിനെതിരെയാണ് ആരോപണങ്ങളുമായി പ്രവാസി വ്യവസായി രംഗത്ത് വരുന്നത്. വർഗീസിന്റെ ബിനാമി സ്വത്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നു വിശദമായി അന്വേഷിക്കണമെന്നു ചൂണ്ടിക്കാട്ടി മനോജിന്റെ മാതാവ് ആനിയമ്മ ജോസ് വിജിലൻസിന് വിശദപരാതി നൽകിയെങ്കിലും ഈ പരാതി സർക്കാർ പൂഴ്‌ത്തിവെച്ചിരിക്കുകയാണെന്നും പ്രവാസി വ്യവസായി ആരോപിക്കുന്നു.

ഓസ്ട്രിയയിൽ നിന്നും പ്രവാസി വ്യവസായിയായ മനോജ് ജോസ് മറുനാടനോട് വെളിപ്പെടുത്തുന്ന കാര്യങ്ങൾ കേരളത്തിൽ എന്ത് നടക്കുന്നു എന്നതിലേക്ക് വിരൽ ചൂണ്ടലാവുകയാണ്. വർഷങ്ങൾക്ക് മുൻപ് പ്രവാസി വ്യവസായിയുടെ കുടുംബം ചെമ്പകപ്പാറയിൽ വാങ്ങിയ ഭൂമിയാണ് ഈ അഞ്ചേക്കർ ഭൂമി. പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയിൽപ്പെട്ട കട്ടപ്പന റോഡ് ഈ സ്ഥലത്തിനു തൊട്ടായി കടന്നുവന്നതോടെയാണ് ചെമ്പകപ്പാറയിലെ ഈ വസ്തു സിപിഎം ഉന്നതന്റെ കണ്ണിൽ പതിഞ്ഞത്. ഇതോടെയാണ് വ്യാജ പൊലീസ് കേസുകൾ വഴിയും ഗുണ്ടാപ്രവർത്തനം വഴിയും ഇടുക്കിയിലെ തന്റെ ഭൂമി കൈവശമാക്കാൻ ശ്രമിക്കുന്നത് എന്നാണ് ജോസ് ആരോപിക്കുന്നത്. ചെമ്പകപ്പാറയിലെ സ്ഥലം എന്റെ പേരിലാണെങ്കിലും പവർ ഓഫ് അറ്റോർണി അമ്മയുടെ പേരിലാണ്. ഈ തക്കം നോക്കിയാണ് സിപിഎം നേതാവ് സ്ഥലം കൈവശപ്പെടുത്താൻ ശ്രമിക്കുന്നത്. ഈ സ്ഥലത്തിന്റെ അരികിൽ താമസിക്കുന്ന നാലഞ്ചു കുടുംബങ്ങളെ ഉപയോഗിച്ച് വഴിയുടെ പേരിൽ കേസ് നൽകിയും ബുദ്ധിമുട്ടിപ്പിക്കാവുന്ന എല്ലാ കാര്യങ്ങളും സിപിഎം, ചെയ്തു കഴിഞ്ഞതായും പ്രവാസി വ്യവസായി വെളിപ്പെടുത്തുന്നു. ഒമ്പത് ലക്ഷത്തിലേറെ തുക എനിക്ക് ഹൈക്കോടതിയിൽ കേസുകൾക്ക് ആയി ചെലവിടേണ്ടി വന്നു. ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനാൽ ഈ സിപിഎം കാരണം ഓസ്ട്രിയയിലും എനിക്ക് മനസമാധാനമില്ലാത്ത അവസ്ഥയാണ്. മനോജ് ജോസ് മറുനാടനോട് പറയുന്ന കഥ ഇങ്ങിനെ:

സിപിഎം എന്നെ നശിപ്പിക്കുന്നു; വ്യാജ കേസ് സൃഷ്ടിച്ച് ഇന്റർപോൾ വഴി അറസ്റ്റ് ചെയ്യാനും ശ്രമം

കോട്ടയം ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് എന്റെ സ്വദേശം. എനിക്ക് ഇടുക്കി ചെമ്പകപ്പാറയിൽ അഞ്ചേക്കർ സ്ഥലമുണ്ട്. കുടുംബം മുൻപ് വാങ്ങിയിട്ടതാണ്. ആ സ്ഥലം കൃഷിയോക്കെയായി അങ്ങിനെ കിടക്കുകയാണ്. പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയിൽ ഉൾപ്പെട്ട റോഡ് ആ സ്ഥലത്ത് കൂടി വന്നതോടെ സ്ഥലത്തിനു വില കുത്തനെ ഉയർന്നു. ഇതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.വർഗീസിന്റെ കണ്ണ് ഭൂമിയിൽ പതിയുന്നത്. ഇതോടെ ഏത് വിധേനയും ഭൂമി കൈക്കലാക്കാൻ സിപിഎം നേതാവ് ശ്രമം തുടങ്ങി. എന്റെ ഭൂമിയിലേക്ക് ഇപ്പോൾ കൃഷിപ്പണികൾക്കായി ജോലിക്കാരെ എത്തിക്കാൻ കഴിയുന്നില്ല.

അവർക്ക് നേരെ സിപിഎം ഗുണ്ടാ ടീമിന്റെ ആക്രമണമാണ് നടക്കുന്നത്. നിരവധി തവണ ഇത്തരം ആക്രമണം നടന്നു കഴിഞ്ഞു. ഇപ്പോൾ ആരും പണിക്ക് ഇവിടെ വരാൻ ഭയപ്പെടുകയാണ്. രണ്ടു കൊല്ലത്തിലേറെയായി ഇതേ അവസ്ഥ നിലനിൽക്കുകയാണ്. സിപിഎം നേതാവ് ആയതിനാൽ ഇടുക്കി പൊലീസ് അവർക്കൊപ്പമാണ്. ബലമായി ഭൂമി പിടിച്ചു പറിച്ച് എടുക്കാനാണ് വർഗീസിന്റെ ശ്രമം. ഇതിനു പൊലീസും കൂട്ടുനിൽക്കുന്നു. അതുകൊണ്ട് തന്നെയാണ് മൂന്നു വർഷമായി ഇന്ത്യയിൽ തന്നെ ഇല്ലാതിരുന്നിട്ടും എനിക്കെതിരെ വിവിധ വ്യാജ കേസുകൾ ഇടുക്കി പൊലീസ് ചമച്ചതും. ഇതിൽ പല കേസുകളും ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. എന്നെ സഹായിക്കാൻ വന്ന എന്റെ പിതാവിനെ കഞ്ചാവ് കേസിൽ കുരുക്കി അകത്തിടാനും പൊലീസ് ശ്രമം നടത്തി.

നാലുവശത്തു നിന്നും പൊലീസ് പിതാവ് താമസിച്ചിരുന്ന വീടിലേക്ക് ഇരച്ചു കയറിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ ശ്രമത്തിൽ പൊലീസ് പരാജയമടഞ്ഞു. അല്ലെങ്കിൽ ഒരു തെറ്റും ചെയ്യാത്ത എന്റെ പിതാവ് കഞ്ചാവ് കേസിൽ അകത്ത് കിടക്കുമായിരുന്നു. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എന്റെ പിതാവ് താമസിക്കുന്നത്. പക്ഷ കട്ടപ്പന സിഐയാണ് എന്റെ പിതാവിനെ തിരക്കി വീട്ടിലെത്തിയത്. കട്ടപ്പന സിഐയ്ക്ക് ഇവിടെ അധികാര പരിധിയല്ല. കോടതി ഉത്തരവ് ഒന്നും ഇല്ലാതെയാണ് റെയ്ഡ് നടന്നത്. എല്ലാത്തിന്റെയും പിന്നിൽ വർഗീസ് ആയിരുന്നു.

ഇടപെടാമെന്നും പരിഹരിക്കാം എന്നും പറഞ്ഞത് മന്ത്രി മണി; കാര്യങ്ങൾ വീണ്ടും പഴയപടി

ഈ സ്ഥലം ഞങ്ങൾ ഉപേക്ഷിച്ച് പോകണം. ഇവിടെ സിപിഎമ്മിന് സഹകരണ ആശുപത്രി പണിയണം. ഇതാണ് എനിക്ക് ലഭിച്ച വിവരം. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ഞങ്ങൾ ഒത്തിരി ശ്രമം നടത്തി. മുൻ സിപിഎം മുഖ്യമന്ത്രിയുടെ മകൻ തന്നെ എനിക്ക് വേണ്ടി വൈദ്യുതിമന്ത്രി എം.എം.മണിയെ കണ്ടു. അദ്ദേഹം മണിയെ നേരിട്ട് കണ്ടു സംസാരിച്ചു. ഇടുക്കി പ്രശ്‌നം ആയതുകൊണ്ടാണ് മണിയെ നേരിട്ട് കണ്ടത്. മന്ത്രി മണി ഫോണിലൂടെ തന്നെ എന്നോടു സംസാരിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാം എന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാൻ കൂടുതൽ കുരുങ്ങുകയാണ് ചെയ്തത്. മന്ത്രി മണിയുടെ അടുപ്പക്കാരനാണ് ഈ വർഗീസ്. അത് ഞാൻ പിന്നീടാണ് മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഇടപടൽ കൊണ്ട് ഒരു ഫലവും വന്നില്ല. മന്ത്രി പക്ഷെ ആ രീതിയിൽ ഉള്ള സംസാരമല്ല. വളരെ പോസിറ്റീവ് ആയാണ് സംസാരിച്ചത്.

ഇതേ സമയം തന്നെയാണ് ഞങ്ങളുടെ പറമ്പിനു സമീപം താമസിക്കുന്ന വീട്ടുകാർ വഴി പ്രശ്‌നവുമായി രംഗത്ത് വന്നതും. ഇതും വർഗീസിനെ ഇടപെടൽ വഴി വന്ന പ്രശ്‌നമാണ്. ഈ കേസും കോടതിയിലാണ്. സിപിഎം അനുഭാവികൾ ആയ കുടുംബമാണ് അതിർത്തിയിൽ താമസിക്കുന്നത്. ഇവർക്ക് നടന്നുപോകാൻ വേറെ രണ്ടു നടവഴികളുണ്ട്. ഇവർ മുൻപ് ഞങ്ങളുടെ പറമ്പിൽ കൂടി നടന്നോട്ടെ എന്ന് പറഞ്ഞു ഞങ്ങളുടെ കുടുംബത്തിനോട് അനുവാദം ചോദിച്ചിരുന്നു. അന്ന് ഞങ്ങൾ അതിനു അനുവദിക്കുകയും ചെയ്തു. അതോടു കൂടി ഇവർ ഞങ്ങളുടെ പറമ്പിനോട് കൂടിയുള്ള വഴി പ്രധാന വഴിയാക്കി മാറ്റി. ഇതിനു ഞാൻ അനുവദിച്ചില്ല. പറമ്പിന്റെ അതിർത്തി വഴി നടപ്പ് വഴി തരാം. അല്ലെങ്കിൽ അടുത്ത പറമ്പിന്റെ ഉടമസ്ഥൻ കൂടി സഹകരിക്കുകയാണെങ്കിൽ പാതി വഴി എന്റെ പറമ്പിൽ നിന്നും പാതി വഴി അവരുടെ പറമ്പിൽ നിന്നും നല്കാം എന്നാണ് പറഞ്ഞത്. പക്ഷെ ഇത് അടുത്ത പറമ്പിന്റെ ഉടമസ്ഥൻ സമ്മതിച്ചില്ല.

ഇതോടെ ഇവർ എനിക്കെതിരെ കേസിന് പോവുകയായിരുന്നു. എല്ലാം എന്നെ ബുദ്ധിമുട്ടിക്കാനുള്ള സിപിഎം ശ്രമങ്ങൾ. ഒമ്പത് ലക്ഷത്തോളം രൂപ ഇത്തരം കേസുകൾക്കായി ഞാൻ മുടക്കിക്കഴിഞ്ഞിട്ടുണ്ട്. ഇതേ കേസിൽ ആ കുടുംബങ്ങളിൽ നിന്നും സിപിഎമ്മിൽ നിന്നും ഭീഷണി വന്നപ്പോൾ ഞാൻ ഹൈക്കോടതിയിൽ കുടുംബത്തിനു പൊലീസ് സുരക്ഷ ആവശ്യപ്പെട്ടു. ഹൈക്കോടതി സുരക്ഷയ്ക്ക് ഉത്തരവിട്ടു. ഇതിനെതിരെ പൊലീസ് നീങ്ങിയെങ്കിലും ഹൈക്കോടതി അതിനു അനുവദിച്ചില്ല. പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിടുകയും ചെയ്തു. പക്ഷെ കേസുകൾ കാരണം എനിക്ക് കേരളത്തിൽ തിരികെ വരാൻ കഴിയാത്ത അവസ്ഥയാണ്. സിപിഎമ്മിന്റെ വേട്ടയാടൽ തുടരുന്നത് കാരണമാണ് എനിക്ക് കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ വരുന്നത്-മനോജ് ജോസ് പറയുന്നു.

മനോജ് ജോസിന്റെ ആരോപണങ്ങൾ എല്ലാം നിഷേധിച്ച് സി.വി.വർഗീസ്

മനോജ് ജോസിന്റെ സ്ഥലത്തിൽ സിപിഎം കണ്ണുവെച്ചിട്ടില്ല. മനോജുമായി എനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല- സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.വർഗീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. അവിടെ ഒരു വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. ആ വഴിത്തർക്കം സംബന്ധിച്ചാണ് സംസാരങ്ങൾ നടന്നത്. ആനക്കുഴിക്കാട്ടിൽ പിതാവിനെ അനിയൻ ടോമി അച്ചനും മണിയാശാനുമാണ് എന്നോടു പറഞ്ഞത്. മാന്യമായി എന്നോടു സംസാരിച്ചതാണ്. അവരോടു വരാൻ പറഞ്ഞതാണ്. എനിക്ക് സ്ഥലം കിടക്കുന്നത് പോലും എവിടെയാണെന്ന് അറിയാൻ കഴിയില്ല. മനോജ് എന്നെ വിളിച്ചിരുന്നു. അപ്പോൾ ഞാൻ സംസാരിച്ചതാണ്. പ്രശ്‌നം തീർക്കാൻ മനോജിനു താത്പര്യമില്ല. എന്റെ കുടുംബത്തിനെ വരെ അപകീർത്തിപ്പെടുത്താൻ മനോജ് ശ്രമിച്ചു. ഞാൻ ആ വിഷയം വിട്ടതാണ്. സഹകരണ ആശുപത്രിയോ? വേറെ വല്ല പണിയും അവനോടു നോക്കാൻ പറ. പൊലീസിനോട് നിങ്ങൾ തിരക്കൂ. നാട്ടുകാർ അവനു എതിരാണ്.

ഒരു പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തതായി പറഞ്ഞു മനോജിനെതിരെ ആരോപണമുണ്ട്. നിങ്ങൾക്ക് അവനോടു കണക്ഷൻ ഉണ്ടെങ്കിൽ മര്യാദയ്ക്ക് മനുഷ്യനായി ജീവിക്കാൻ പറയൂ. അവന്റെ പ്രശ്‌നത്തിൽ ഇടപെട്ടു സംസാരിക്കാം എന്ന് പറഞ്ഞതാണ് ഞാൻ ചെയ്ത വലിയ അപരാധം. എനിക്ക് മനോജുമായി യാതൊരു ബന്ധവുമില്ല. സിപിഎമ്മിനും എനിക്കും ഈ പ്രശ്‌നവുമായി പുലബന്ധം പോലുമില്ല-സി.വി.വർഗീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP