Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മള് ലീഗ് കാര്... നിങ്ങള് മാർസിസ്റ്റുകാര്; രാഷ്ട്രീയം വേറെ ദുരന്തം വേറെ; പി.വി അൻവറും അബ്ദുൾ വഹാബുമൊക്കെ എങ്ങനെയാണ് നന്മമരമായത്? സ്ഥലങ്ങൾ വെട്ടിപ്പിടിച്ചും പ്രകൃതിയെ ചൂഷണം ചെയ്ത് എംഎൽഎയും എംപിയും ചെയ്തത് ഒക്കെ ഏത് വകുപ്പിൽ വരും; പ്രളയത്തിൽ ഭൂമി ദാനം ചെയ്തവരെ അഭിനന്ദിക്കുന്ന നേതാക്കൾ ഒരു ശതമാനം കൊടുത്താൽ പ്രശ്‌നം പരിഹരിക്കാം; ചെയ്യില്ലെഡോ അവരൊന്നും...നേതാക്കളുടെ പരിസ്ഥിതി ദ്രോഹം ചൂണ്ടിക്കാണിച്ച് യുവാവിന്റെ വോയിസ് ക്ലിപ്പ് വൈറൽ

നമ്മള് ലീഗ് കാര്... നിങ്ങള് മാർസിസ്റ്റുകാര്; രാഷ്ട്രീയം വേറെ ദുരന്തം വേറെ; പി.വി അൻവറും അബ്ദുൾ വഹാബുമൊക്കെ എങ്ങനെയാണ് നന്മമരമായത്? സ്ഥലങ്ങൾ വെട്ടിപ്പിടിച്ചും പ്രകൃതിയെ ചൂഷണം ചെയ്ത് എംഎൽഎയും എംപിയും ചെയ്തത് ഒക്കെ ഏത് വകുപ്പിൽ വരും; പ്രളയത്തിൽ ഭൂമി ദാനം ചെയ്തവരെ അഭിനന്ദിക്കുന്ന നേതാക്കൾ ഒരു ശതമാനം കൊടുത്താൽ പ്രശ്‌നം പരിഹരിക്കാം; ചെയ്യില്ലെഡോ അവരൊന്നും...നേതാക്കളുടെ പരിസ്ഥിതി ദ്രോഹം ചൂണ്ടിക്കാണിച്ച് യുവാവിന്റെ വോയിസ് ക്ലിപ്പ് വൈറൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയം ദുരന്തം വിതച്ച നിലമ്പൂരിനെ പുതുക്കിപ്പണിയാൻ 'റീബിൾഡ് നിലമ്പൂർ' പദ്ധതി പദ്ധതിയുമായി രംഗത്തുവന്ന നിലമ്പൂർ എംഎ‍ൽഎ പി.വി.അൻവറിനെയും, എംപി പി.വി.അബ്ദുൽ വഹാബിനെയും നന്മമരമാക്കുന്നവർ ശ്രദ്ധിക്കാൻ കുറച്ചുകാര്യങ്ങളെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന യുവാവിന്റെ വോയ്‌സ് മെസ്സേജ് വൈറലാകുന്നു. പി വി അബ്ദുൾ വഹാബ് എംപി മുഖ്യ രക്ഷാധികാരിയും പി വി അൻവർ എംഎൽഎ ചെയർമാനുമായാണ് റീബിൽഡ് നിലമ്പൂർ രൂപീകരിച്ചത്. ജനങ്ങളിൽനിന്ന് പണംപിരിച്ച് പണംകണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനെതിരെയാണ് ജനങ്ങൾ കണ്ണുതുറക്കണമെന്നാവശ്യപ്പെട്ട് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.

പ്രളയദുരന്തത്തിൽ പൊട്ടിക്കരഞ്ഞ പി.വി അൻവർ എംഎ‍ൽഎയേയും, വിതുമ്പിയ പി.വി.അബ്ദുൽ വഹാബിനെയും നന്മ മരമാക്കുന്നവർ ഒരു കാര്യംഓർക്കണം. ഏക്കർ കണക്കിന് സ്വത്ത് കൈവശംവെച്ച ഇവരുടെ സ്വന്തം ഭൂസ്വത്തിലെ ഒരു ശതമാനമെങ്കിലും നൽകിയാൽ നിലമ്പൂരിനെ കൈപിടിച്ച് ഉയർത്തിക്കൂടേ, പിന്നെ പ്രവാസികളുടെയും സാധാരണക്കാരന്റെയും അടുത്ത് ഭൂമിക്കുവേണ്ടി അലയേണ്ടിവരില്ലെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. കോടിശ്വരന്മാരും, വൻ ഭൂസ്വത്തുകളുടെ ഉടമകളുമായ ഇരുവരും നിലമ്പൂർ സ്വദേശികളുമാണ്. ഇവരാണ് നേരത്തെ പ്രളയ ദുരന്തത്തിന്റെ ഓർമയിൽ ജനങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞതും, വിങ്ങിപ്പൊട്ടിയതും. ഇതു രണ്ടും മാധ്യമങ്ങളിൽ ഏറെ പ്രാധാന്യത്തോടെ വാർത്തയാവുകയും ചെയ്തു. എന്നാൽ പാവപ്പെട്ട 25 സെന്റ് സ്ഥലം ഉള്ളവർ അഞ്ചുസെന്റും, രണ്ടും സെന്റും ഭൂമി ദാനംചെയ്യുമ്പോൾ അവരെ പോയി അഭിനന്ദിക്കാനും ആശീർവദിക്കാനും പോകുന്ന പാണക്കാരായ ഈ ജനപ്രതിനിധികൾ സ്വന്തം ഭൂസ്വത്തിൽനിന്നും ഒരു ശതമാനമെങ്കിലും നൽകിയാൽ തീരാവുന്ന പ്രശ്‌നമെ നിലമ്പൂരിലൊള്ളുവെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.

ഈ ശബ്ദസന്ദേശത്തിലെ ഭൂരിഭാഗം കാര്യങ്ങളും വസ്തുതാപരമായ കാര്യങ്ങൾ തന്നെയാണെന്നതിനാലാണ് ഇത് വൈറലാവുകയും ചെയ്തത്. വഹാബ് മുസ്ലിംലീഗ് രാജ്യസഭാ എംപിയും, അൻവർ എം.ഡി.എഫ് എംഎ‍ൽഎയുമാണെങ്കിലും രാഷ്ട്രീയ ഭേദമന്യേ പലരും ഈ ശബ്ദസന്ദേശം വാട്‌സ്ആപ്പിലൂടെയും, ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. 

ഇതേതുടർന്ന് സോഷ്യൽ മീഡിയയും ഈ വിഷയം ചർച്ചചെയ്യുന്നുണ്ട്.'കേരള ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് 207.84 ഏക്കർ ഭൂമി കൈവശം വെക്കുന്നതായി നിലമ്പൂരിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നൽകിയയാളാണ് അൻവർ. പി.വി അബ്ദുൽവഹാബ് എംപിക്കും കുടുംബത്തിനുമാവട്ടെ തോട്ടഭൂമികളടക്കം 2000 ഏക്കറിലധികം ഭൂസ്വത്തുക്കളുണ്ട്.അൻവർ തന്റൈ ഭൂസ്വത്തിന്റെ ഒരു ശതമാനവും അബ്ദുൽവഹാബ് 0.1 ശതമാനവും നൽകിയാൽ പ്രളയദുരന്തത്തിൽ സ്ഥലം നഷ്ടമായവർക്കെല്ലാം വീടുവെക്കാൻ സ്ഥലം ലഭ്യമാക്കാനാവും. പിന്നെ പ്രവാസികളുടെയും സാധാരണക്കാരന്റെയും അടുത്ത് ഭൂമിക്കുവേണ്ടി അലയേണ്ടിവരില്ല.'- ഇങ്ങനെയാണ് പല കമൻസും ഉയരുന്നത്.


പോത്തുകല്ലിൽ സർവകക്ഷിയോഗത്തിലാണ് പി.വി അൻവർ പ്രളയ ബാധിതരെയോർത്ത് പൊട്ടിക്കരഞ്ഞത്. സാന്ത്വനിപ്പിച്ചത് പി.വി അബ്ദുൽവഹാബും. പക്ഷേ ഇവരൊക്കെയാണ് പ്രദേശത്തെ ഭൂമി വൻതോതിൽ നശിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കവളപ്പാറ ദുരന്തത്തിനു ശേഷം ഓഗസ്റ്റ് 16നാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ദുരന്തമുണ്ടായിട്ടും പാഠം പഠിച്ചില്ലേ എന്ന് പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിനോട് ചോദിച്ചത് അതിനിടെ വിവാദമായിരുന്നു.
മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ വില്ലേജിൽ സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത് ആദിവാസികളുടെ കുടിവെള്ളം പോലും മുട്ടിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയിൽ പി.വി അൻവർ എംഎ‍ൽഎ കെട്ടിയ തടയണയുടെ പേരിലായിരുന്നു ഈ ചോദ്യം. തടയണപൊളിക്കാൻ കളക്ടർ ഉത്തരവിട്ടതോടെ തടയണകെട്ടിയ സ്ഥലം രണ്ടാം ഭാര്യ ഹഫ്സത്തിന്റെ പിതാവ് സി.കെ അബ്ദുൽലത്തീഫിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.

നിയമവിരുദ്ധമാണെന്നു കണ്ടെത്തിയ തടയണപൊളിച്ചുനീക്കാൻ ഹൈക്കോടതി പല തവണ ഉത്തരവിട്ടെങ്കിലും അതു പാലിച്ചില്ല. ഒടുവിൽ ഹൈക്കോടതി ഉത്തരവിനെതുടർന്ന് മലപ്പുറം കളക്ടറാണ് തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടത്. ഈ കാലവർഷത്തിൽ വീണ്ടും തടയണയിൽ വെള്ളം സംഭരിച്ചതോടെയാണ് ഇനിയും പാഠം പഠിച്ചില്ലേ എന്ന് ഹൈക്കോടതിക്കുപോലും ചോദിക്കേണ്ടിവന്നത്.

ഹൈക്കോടതി ഇടപെടലിൽ വെള്ളം തുറന്നുവിട്ടതുകൊണ്ടാണ് ചീങ്കണ്ണിപ്പാലിയിൽ ദുരന്തം ഉണ്ടാവാതിരുന്നത്. കഴിഞ്ഞ കാലവർഷത്തിൽ കോഴിക്കോട് കട്ടിപ്പാറയിൽ സ്വകാര്യവ്യക്തി കെട്ടിയ തടയണതകർന്നാണ് 14 പേർ ഉരുൾപൊട്ടലിൽ മരണപ്പെട്ടത്.
ഈ തടയണക്ക് കുറുകെ റസ്റ്ററന്റ് കെട്ടാനുള്ള ബിൽഡിങ് പെർമിറ്റ് വാങ്ങി നിയമവിരുദ്ധമായി അൻവർ റോപ് വെയും പണിതു. ഇതേക്കുറിച്ച മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇതാണ് എന്റെ രീതിയെന്നും ഇനി പിഴയടച്ച് നിർമ്മാണം ക്രമവൽക്കരിക്കുമെന്നുമായിരുന്നു അൻവറിന്റെ മറുപടിയെന്നും ആരോപണമുയർന്നിരുന്നു.

കഴിഞ്ഞ തവണ കേരളം മഹാപ്രളയത്തിൽ മുങ്ങിയപ്പോൾ നിലമ്പൂരും അതിന്റെ ദുരിതങ്ങൾ നേരിട്ടിരുന്നു. അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അൻവറിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. മന്ത്രിമാർക്കൊപ്പം ക്യാമ്പ് സന്ദർശനത്തിൽ മാത്രം ഒതുങ്ങിയിരുന്നു അൻവറിന്റെ പ്രവർത്തനങ്ങൾ. മഹാപ്രളയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മണ്ണിടിച്ചതുകൊണ്ടും തടയണകെട്ടിയതുംകൊണ്ടല്ല ഉരുൾപൊട്ടലെന്നും ഒരു കൈക്കോട്ടോ ജെ.സി.ബിയോ എത്താത്ത ഡീപ് ഫോറസ്റ്റുകളിൽ ഉരുൾപൊട്ടലുണ്ടായത് മണ്ണിടിച്ചിട്ടാണോ എന്ന് അൻവർ തന്റെ പ്രകൃതി ചൂഷണങ്ങളെ യാതൊരു മനസ്താപവുമില്ലാതെയാണ് ന്യായീകരിച്ചത്. മണ്ണിടിച്ചിട്ടോ തടയണകെട്ടിയിട്ടോ ആണോ കാടുകളിൽ രുൾപൊട്ടലുണ്ടാകുന്നതെന്ന് ചോദിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്നാണ് മുൻ മുഖ്യമന്ത്രികൂടിയായ വി എസ് അച്യുതാനന്ദൻ നിയമസഭയിൽ ഇതിനു മറുപടി നൽകിയത്.

കഴിഞ്ഞ വർഷം കക്കാടംപൊയിലിൽ മലയിടിച്ച് നിർമ്മിച്ച അൻവറിന്റെ വാട്ടർതീം പാർക്കിൽ ഉരുൾപൊട്ടൽ പരമ്പരകൾ തന്നെയുണ്ടായി. ഉരുൾപൊട്ടലല്ല മണ്ണിടിച്ചിൽ മാത്രമെന്നു പറഞ്ഞാണ് അന്ന് അൻവർ ന്യായീകരിച്ചത്. എന്നാൽ ഹെലികാം വഴി ഉരുൾപട്ടൽ ദൃശ്യങ്ങൾ പകർത്തി ന്യൂസ് 18 ചാനൽ വാർത്ത നൽകി. ഉരുൾപൊട്ടൽ ഉണ്ടായതായി കൂടരഞ്ഞി വില്ലേജ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ടും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം അൻവറിന്റെ പാർക്ക് അടച്ചുപൂട്ടുകയായിരുന്നു. ഇതുവരെയും അൻവറിന് പാർക്ക് തുറക്കാനായിട്ടില്ല.

പൂട്ടിയ വാട്ടർതീം പാർക്കിനു താഴെ തേനരുവി പ്ലാന്റേഷൻ ഭൂമിയിൽ നിയമംകാറ്റിൽപ്പറത്തി ക്വാറിയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പി.വി അൻവറിന്റെ ബിനാമി ക്വാറിയെന്നുപറഞ്ഞ് നാട്ടുകാർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.മലകളിൽ വെള്ളം തടഞ്ഞുനിർത്തുന്ന തടയണകളും അനിയന്ത്രിത ഖനനവുമാണ് ഉരുൾപൊട്ടലുകൾക്ക് കാരണമെന്ന് വിദഗ്ദർ വിലയിരുത്തുമ്പോൾ ഇതു രണ്ടും ചെയ്ത് ഉരുൾപൊട്ടലിന് വഴിയൊരുക്കുന്ന പ്രവൃത്തികളാണ് അൻവർ നിർബാധം തുടരുന്നത്. ദുരന്തത്തിന് വഴിയൊരുക്കുകയും ഒടുവിൽ ദുരന്തബാധിതർക്കുവേണ്ടി കണ്ണീരൊഴുക്കുകയും ചെയ്യുന്ന നാടകമാണ് അരങ്ങേറുന്നത്.

നിലമ്പൂരിലെ വലിയ കോടീശ്വരനാണ് പി.വി അബ്ദുൽവഹാബ് എംപി .പ്രളയദുരിതത്തിൽ മുങ്ങിയ നിലമ്പൂരിന് സാന്ത്വനം പകരാൻ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപ വളാഞ്ചേരി വി.കെ.എം സ്പെഷൽ സ്‌കൂളിലെ കുട്ടികൾ കൈമാറിയപ്പോൾ ഏറ്റുവാങ്ങിയ പി.വി അബ്ദുൽവഹാബ് എംപി വിതുമ്പിയിരുന്നു. ഈ ഒരു ലക്ഷത്തിന് നൂറുകോടിയുടെ വിലയുണ്ടെന്നു പറഞ്ഞായിരുന്നു വഹാബിന്റെ കരച്ചിൽ. ഭിന്നശേഷിക്കാരായ കുട്ടികൾപോലും തങ്ങൾക്കാവുന്ന സഹായമെത്തിച്ചപ്പോൾ ഓഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തിൽ വഹാബ് സന്ദർശനം നടത്തുന്നത് തന്നെ രാഹുൽഗാന്ധി കവളപ്പാറയിലെത്തിയ 11നാണ്.

നിലമ്പൂർ നഗരം വെള്ളത്തിൽ മുങ്ങി നൂറുകണക്കിനാളുകൾ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടിയപ്പോൾ എല്ലാ സൗകര്യങ്ങളുമുള്ള തന്റെ രണ്ട് സ്‌കൂളുകളും ദുരന്തബാധിതർക്കായി തുറന്നുകൊടുക്കാൻപോലും വഹാബ് സന്മനസ് കാണിച്ചിരുന്നില്ല. പീവീസ് പബ്ലിക് സ്‌കൂൾ, പീവീസ് മോഡൽ സ്‌കൂൾ എന്നിങ്ങനെ രണ്ട് സ്‌കൂളുകളാണ് നിലമ്പൂരിൽ വഹാബിനുള്ളത്. ആയിരത്തിലേറെ കുടുംബങ്ങൾക്ക് ഇവിടെ സുഖമായി താമസിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ സ്‌കൂളുകളിലും മദ്രസകളിലും പള്ളികളിലും മറ്റുമായി പ്രാഥമിക സൗകര്യങ്ങൾക്കുപോലും ബുദ്ധിമുട്ടിയാണ് ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞത്.

59 പേർ മണ്ണിനടിയിലായ കവളപ്പാറയിൽ മുഴുവൻ മൃതദേഹങ്ങളും കണ്ടെടുക്കും മുമ്പെയാണ് പി.വി അബ്ദുൽവഹാബ് എംപി രക്ഷാധികാരിയും പി.വി അൻവർ ചെയർമാനും പോത്തുകൽ പഞ്ചായത്ത് പ്രസിഡൻര് കരുണാകരൻപിള്ള കൺവീനറുമായി റീബിൽഡ് നിലമ്പൂർ എന്ന പേരിൽ കമ്മിറ്റിയുണ്ടാക്കി പണപ്പിരിവ് തുടങ്ങിയത്. പി.വി അൻവർ എംഎ‍ൽഎയുടെയും പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻപിള്ളയുടെയും പേരിൽ എടക്കര എസ്.ബി.ഐ ബ്രാഞ്ചിൽ ജോയിന്റ് ്അക്കൗണ്ട് തുടങ്ങിയാണ് പണപ്പിരിവ്. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനചെയ്യാൻ സർക്കാരും സിപിഎമ്മും ആവശ്യപ്പെടുമ്പോഴാണ് സിപിഎം സ്വതന്ത്ര എംഎ‍ൽഎ സ്വന്തം പേരിലുള്ള ജോയിന്റ് അക്കൗണ്ടുവഴി പണം പിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക പണം നൽകരുതെന്നു പറഞ്ഞെന്ന് ആരോപിച്ച് മറുനാടൻ മലയാളിയുടെ പേരിൽപ്പോലും കേസെടുത്തവർ എംഎ‍ൽഎയുടെ പണപ്പിരിവിൽ മൗനം പാലിക്കുകയാണ്. 3000 മുതൽ 4000 കോടിവരെ നഷ്ടമുണ്ടായെന്നു പറഞ്ഞാണ് പണം പിരിക്കുന്നത്.എംഎ‍ൽഎക്കൊപ്പം റീബിൽഡ് നിലമ്പൂരിന്റെ ജോയിന്റ് ്അക്കൗണ്ടിലുള്ള പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻപിള്ള നേരത്തെ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ കരുണാകരൻപിള്ള എംഎ‍ൽഎയുടെ പക്ഷത്തേക്ക് കാലുമാറിയാണ് ഇടതുപിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായത്. കൂറുമാറ്റനിയമപ്രകാരം കരുണാകരൻപിള്ളയെ അയോഗ്യനാക്കാൻ കോൺഗ്രസ് നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്. കരുണാകരൻപിള്ളക്ക് അയോഗ്യതവരുമ്പോൾ റീബിൽഡ് നിലമ്പൂരിന്റെ പ്രവർത്തനവും പ്രതിസന്ധിയിലാകും.

മംഗലാപുരത്ത് ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസി എൻജിനീയർ നടുത്തൊടി സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയാണ് പി.വി അൻവർ എംഎ‍ൽഎ. പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിനെ തുടർ്ന്ന് ഹൈക്കോടതി അൻവറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെതുടർന്ന് അൻവറിനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം വഞ്ചനാകുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ അൻവറിന്റെ റീബിൽഡ് നിലമ്പൂർ പണപ്പിരിവിന്റെ ഭാവിയും പ്രതിസന്ധിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP