Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഴക്കുളത്ത് എടിഎം മെഷീൻ തകർത്ത് പണം കവരാൻ ശ്രമം; എടുത്തുകൊണ്ടുപോയത് കല്ലൂർക്കാട് കവലയ്ക്കു സമീപമുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം; സിഡിഎമ്മിന്റെ പുറംചട്ട തകർത്തെങ്കിലും പൂർണമായി പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് പൊലീസ്; എടിഎം മോഷണങ്ങൾ നടത്തി പരിചയമുള്ളവരാണ് സംഘമെന്ന് സംശയം; കൊരട്ടിയിലും ആലുവയിലും അങ്കമാലിയിലും നടന്ന മോഷണങ്ങളുമായി സാമ്യത

വാഴക്കുളത്ത് എടിഎം മെഷീൻ തകർത്ത് പണം കവരാൻ ശ്രമം; എടുത്തുകൊണ്ടുപോയത് കല്ലൂർക്കാട് കവലയ്ക്കു സമീപമുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം; സിഡിഎമ്മിന്റെ പുറംചട്ട തകർത്തെങ്കിലും പൂർണമായി പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് പൊലീസ്; എടിഎം മോഷണങ്ങൾ നടത്തി പരിചയമുള്ളവരാണ് സംഘമെന്ന് സംശയം; കൊരട്ടിയിലും ആലുവയിലും അങ്കമാലിയിലും നടന്ന മോഷണങ്ങളുമായി സാമ്യത

മറുനാടൻ ഡെസ്‌ക്‌

മൂവാറ്റുപുഴ; വാഴക്കുളത്ത് എടിഎം മെഷീൻ തകർത്ത് പണം തട്ടാൻ ശ്രമം. എടിഎം എടുത്ത് പുറത്തുകൊണ്ടുപോയാണ് മോഷണ ശ്രമം നടന്നത്. മൂവാറ്റുപുഴ തൊടുപുഴ റോഡരികിൽ വാഴക്കുളം കല്ലൂർക്കാട് കവലയ്ക്കു സമീപമുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം ആണ് തകർത്തത്. എടിഎം കൗണ്ടറിൽ നിന്നു പൂർണമായി എടുത്തു മാറ്റിയ മെഷീൻ കെട്ടിടത്തിന്റെ പിറകിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം ഇതോടൊപ്പം കാഷ് ഡിപ്പോസിറ്റ് മെഷീൻ തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. എടിഎമ്മിൽ നിന്ന് പണം കിട്ടാത്തതുകൊണ്ടാവണം സിഡിഎമ്മും അക്രമികൾ തകർക്കാൻ നോക്കിയതെന്നാണ് പൊലീസിന്റെ നിഗമനനം. എന്നാൽ സിഡിഎമ്മിൽ നിന്ന് പണം നഷ്ടമായില്ല. എടിഎമ്മിനു കാവൽക്കാരൻ ഉണ്ടായിരുന്നില്ല. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് എടിഎം തകർത്തതെന്ന് പൊലീസ് പറയുന്നു. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ 3 യുവാക്കൾ കമ്പിപ്പാരയുമായി എടിഎം കൗണ്ടറിന്റെ വാതിൽ തുറന്നെത്തുന്നത് സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

പിന്നീട് ഇവർ ക്യാമറ തകർത്തു. പാര ഉപയോഗിച്ച് കൗണ്ടറിൽ നിന്നു മെഷീൻ അടർത്തിയെടുത്തു പുറത്തേക്കു കൊണ്ടുപോയതായിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. കാഷ് ഡിപ്പോസിറ്റ് മെഷീന്റെ (സിഡിഎം) പുറംചട്ട തകർത്തെങ്കിലും പൂർണമായി പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പെലീസ് അറിയിച്ചു.

ഇന്നലെ രാവിലെ 7.30ന് എടിഎമ്മിൽ എത്തിയ ബാങ്കിന്റെ ഇടപാടുകാരിലൊരാളാണ് മോഷണത്തെ കുറിച്ച് ബാങ്ക് അധികൃതരെയും പൊലീസിനെയും അറിയിച്ചത് തുടർന്ന് ഡിവൈഎസ്‌പി കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി പരിശോധന നടത്തിയെങ്കിലും പണം നഷ്ടമായിട്ടുണ്ടോ എന്നു പരിശോധിക്കാൻ പൊലീസ് ആരെയും അനുവദിച്ചില്ല. ശാസ്ത്രീയാന്വേഷണ സംഘം എത്തിയ ശേഷമേ അതിനു കഴിയുകയുള്ളുവെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്.

ആലുവയിൽ നിന്ന് ഡോഗ് സ്‌ക്വാഡും ശാസ്ത്രീയാന്വേഷണ സംഘവുമെത്തിയത് വൈകിട്ട് 4 മണിക്ക്. എടിഎമ്മിലെ മാഗ്‌നെറ്റിക് ലോക്കുകളും നമ്പർ ലോക്കുകളുമെല്ലാം തകർത്തെങ്കിലും ക്യാഷ് ട്രേയുൾക്കൊള്ളുന്ന കസെറ്റും മറ്റും തകർക്കാൻ മോഷ്ടാക്കൾക്കു സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളിൽ മോഷ്ടാക്കളെ തിരിച്ചറിയാൻ സാധിക്കുന്ന വ്യക്തതയില്ല. സമീപത്തുള്ള വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ സെല്ലിന്റെയും സഹായം തേടി.

എടിഎം കൗണ്ടറിൽ എല്ലാ തയ്യാറെടുപ്പോടും കൂടിയാണ് മോഷണ സംഘം എത്തിയത്. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ സംഘം എടിഎം കൗണ്ടറിൽ പ്രവേശിച്ച് ആറാമത്തെ സെക്കൻഡിനുള്ളിൽ സിസിടിവി ക്യാമറ തകർത്തു. കമ്പിപ്പാര ഉപയോഗിച്ച് അതിവേഗത്തിൽ എടിഎം അടർത്തിയെടുത്ത് ഇവർ പുറത്തേക്കു കൊണ്ടുപോയി. ഇതു കെട്ടിടത്തിന്റെ പുറകിൽ കൊണ്ടുപോയാണ് പരിശോധന നടത്തിയത്.

എടിഎം മോഷണങ്ങൾ നടത്തി പരിചയമുള്ളവരാണ് സംഘമെന്നാണ് പൊലീസിന്റെ നിഗമനം. കൊരട്ടിയിലും ആലുവയിലും അങ്കമാലിയിലും നടന്ന മോഷണങ്ങളുമായി ഇതിനു സാമ്യമുണ്ട്. കൊരട്ടിയിൽ നടന്ന മോഷണത്തിൽ സിസിടിവി ക്യാമറയിൽ പതിഞ്ഞത് മൂന്നു പേരുടെ ദൃശ്യങ്ങളായിരുന്നു. എന്നാൽ സംഘത്തിൽ ഏഴു പേരുണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കൊരട്ടിയിലും സംഘമെത്തിയതു കമ്പിപ്പാരയുമായാണ്.

ഹെൽമറ്റ് ധരിക്കുകയും ചെയ്തിരുന്നു. വാഴക്കുളം നഗരവും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് നഗരാതിർത്തിയോടു ചേർന്നുള്ള കെട്ടിടത്തിലെ എടിഎം തകർക്കാൻ ഇവർ ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു. ഇവിടെ സെക്യൂരിറ്റി ഗാർഡില്ലെന്ന് ഇവർ മനസ്സിലാക്കിയിരുന്നു. ഇവരെത്തിയ വാഹനത്തെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP