Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാവിലെ വാർത്തയെത്തിയത് ചിദംബരം ഒളിവിലെന്ന്; മുങ്ങൽ ദേശീയ മാധ്യങ്ങൾ ചർച്ചയായപ്പോൾ ധൈര്യപൂർവ്വം വാർത്താ സമ്മേളനം നടത്തി ഞെട്ടിച്ചു; ഓടിയെത്തിയ അന്വേഷണ സംഘത്തിന് നേരിടേണ്ടി വന്നത് പ്രവർത്തകരുടെ രോഷ പ്രകടനം; എഐസിസി ആസ്ഥാനത്ത് നിന്ന് കോൺഗ്രസ് നേതാവ് പോയത് വീട്ടിലേക്ക് എന്ന് അറിഞ്ഞ് അവിടെ വളയൽ; മതിൽ ചാടിക്കടന്ന് അതിനാടകീയമായ അറസ്റ്റും; വാഹനം മുമ്പോട്ട് പോയത് പ്രതിഷേധക്കാരെ തള്ളിമാറ്റി; ചിദംബരത്തെ രാത്രിയിൽ സിബിഐ കസ്റ്റഡിയിൽ എടുത്തത് ഇങ്ങനെ

രാവിലെ വാർത്തയെത്തിയത് ചിദംബരം ഒളിവിലെന്ന്; മുങ്ങൽ ദേശീയ മാധ്യങ്ങൾ ചർച്ചയായപ്പോൾ ധൈര്യപൂർവ്വം വാർത്താ സമ്മേളനം നടത്തി ഞെട്ടിച്ചു; ഓടിയെത്തിയ അന്വേഷണ സംഘത്തിന് നേരിടേണ്ടി വന്നത് പ്രവർത്തകരുടെ രോഷ പ്രകടനം; എഐസിസി ആസ്ഥാനത്ത് നിന്ന് കോൺഗ്രസ് നേതാവ് പോയത് വീട്ടിലേക്ക് എന്ന് അറിഞ്ഞ് അവിടെ വളയൽ; മതിൽ ചാടിക്കടന്ന് അതിനാടകീയമായ അറസ്റ്റും; വാഹനം മുമ്പോട്ട് പോയത് പ്രതിഷേധക്കാരെ തള്ളിമാറ്റി; ചിദംബരത്തെ രാത്രിയിൽ സിബിഐ കസ്റ്റഡിയിൽ എടുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്ത് നാടകിയമായി. ഡൽഹി ജോർബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്തു. ഡോക്ടർമാരുടെ സംഘം സിബിഐ ആസ്ഥാനത്തെത്തി ചിദംബരത്തിന്റെ ആരോഗ്യ പരിശോധന നടത്തി. വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ അറസ്റ്റ്. അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ ഇനി അപ്രസക്തമാകും. നേരത്തെ മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിക്കളഞ്ഞിരുന്നു.

ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും എത്തി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിനു മുന്നിലേക്കു ചാടിയത് സംഘർഷത്തിനിടയാക്കി. ചിലർ കാറിനു മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു. ഇതേ തുടർന്ന് പ്രവർത്തകർ അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മുൻകൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹർജി അടിയന്തരമായി ഇന്നു പരിഗണിക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചത്തേക്കാണു ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി അടിയന്തരമായി ഇടപെടാത്ത സാഹചര്യത്തിലാണ് സിബിഐയുടെ ഇടപെടൽ. നേരത്തെ ചിദംബരത്തെ കാണാനില്ലെന്ന് സിബിഐ അറിയിച്ചിരുന്നു. ചിദംബരം ഒളിവിലാണെന്നും വാർത്തകളെത്തി. ഇതിന് പിന്നാലെ നാടകീയമായി ചിദംബരം കോൺഗ്രസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇതോടെ സിബിഐ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

'ഒളിച്ചിരുന്ന്' ഇതെല്ലാം കാണുന്ന ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടിയും വിഷയം സെൻസേഷനാക്കുന്നതിനു വേണ്ടിയുമാണ് സിബിഐ ഈ നാടകം കളിക്കുന്നതെന്നു ചിദംബരത്തിന്റെ മകനും കോൺഗ്രസ് എംപിയുമായ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. പത്തു വർഷത്തോളം പഴക്കമുള്ള കേസ് ഇപ്പോൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണിതെന്നും കാർത്തി പറഞ്ഞു.

നാടകീയ വാർത്താ സമ്മേളനവും വീട്ടിലെ അറസ്റ്റും

അപ്രതീക്ഷിതമായാണ് കോൺഗ്രസ് ആസ്ഥാനത്ത് ചിദംബരം വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. കപിൽ സിബൽ, അഭിഷേക് സിങ്‌വി എന്നിവർ എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുമെന്നാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കപിൽ സിബൽ, അഭിഷേക് സിങ്‌വി, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം ചിദംബരം വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു. എഴുതി തയ്യാറാക്കിയ പ്രസ്താവന ചിദംബരം വായിച്ചു. ഒളിവിൽ പോയിട്ടില്ലെന്ന് പുറം ലോകത്തെ അറിയിക്കാനായിരുന്നു ഇത്.

ഐഎൻഎക്‌സ് മീഡിയ കേസിൽ തനിക്കെതിരെ സിബിഐ കുറ്റപത്രം നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 'കള്ളങ്ങളാണു പ്രചരിപ്പിക്കുന്നത്. ശരിയായ കൈകളിലല്ലെങ്കിലും നിയമത്തെ മാനിക്കുന്നു. ഞാൻ ഒളിവിലായിരുന്നില്ല, നിയമത്തിന്റെ പരിരക്ഷയിലായിരുന്നു. ജീവനേക്കാൾ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യം. വെള്ളിയാഴ്ച വരെ സ്വാതന്ത്ര്യത്തിന്റെ ദീപം ജ്വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - ചിദംബരം പറഞ്ഞു. വാർത്താസമ്മേളനം പൂർത്തിയാക്കിയ ചിദംബരം, കപിൽ സിബലിനൊപ്പം ജോർബാഗിലെ വസതിയിലേക്കു മടങ്ങി. അപ്പോഴേക്കും ചിദംബരത്തെ തേടി സിബിഐ സംഘം എഐസിസി ആസ്ഥാനത്ത് എത്തി. ചിദംബരത്തെ അനുകൂലിച്ച് മുദ്രവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും നിറഞ്ഞു.

എഐസിസി ആസ്ഥാനത്തു നിന്നു ചിദംബരം മടങ്ങിയെന്നു വ്യക്തമായതോടെ സിബിഐ സംഘം അദ്ദേഹത്തിന്റെ ജോർബാഗിലെ വസതിയിലെത്തിയെങ്കിലും ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അതോടെ മതിൽ ചാടിക്കടന്ന് സിബിഐ സംഘം വീട്ടുവളപ്പിലെത്തി. പിന്നീട് അറസ്റ്റും.

ആരോപണം ഇന്ദ്രാണിയെ സഹായിച്ചെന്ന്

ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മെയ്‌ 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തി ചിംദബരവും കേസിൽ അന്വേഷണം നേരിടുകയാണ്.

ഐഎൻഎക്സ് മീഡിയ എന്ന കമ്പനിക്ക് 305 കോടി രൂപ വിദേശഫണ്ട് ലഭിക്കാൻ അനധികൃതമായി പി.ചിദംബരം ഇടപെട്ടെന്നാണ് കേസ്. 2017 മെയ്‌ 15നാണ് കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭ്യമാക്കാൻ ഒന്നാം യുപിഎ സർക്കാരിന്റെ ധനമന്ത്രിയായിരിക്കെ ചിദംബരം ഇടപെട്ടെന്നാണ് കേസ്. 5 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാനാണ് എഫ്ഐപിബി അനുമതി നൽകിയതെന്നിരിക്കെയാണ് ഐഎൻഎക്സ് മീഡിയ 305 കോടി രൂപ സ്വീകരിച്ചത്. ഇതുസംബന്ധിച്ച ആദായനികുതി നടപടികൾ ഒഴിവാക്കാൻ 5 കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതാണു കാർത്തിക്ക് എതിരെയുള്ള ആരോപണം. മകൾ ഷീന ബോറ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ഇന്ദ്രാണി മുഖർജി.

ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ചോദ്യംചെയ്യലിന് 2018 ജൂലൈ ആറിനു ഹാജരാകാൻ ചിദംബരത്തോടു സിബിഐ ആവശ്യപ്പെട്ടു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റ്. 2018 ഡിസംബറിൽ ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കേസിൽ ഇതാദ്യമായിട്ടായിരുന്നു ചിദംബരത്തെ ചോദ്യം ചെയ്യുന്നത്.

ഇന്ദ്രാണി മുഖർജിയെ ഐഎൻഎക്സ് മീഡിയ എന്ന മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ ഡൽഹിയിലെ പ്രത്യേക കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കാർത്തി ചിദംബരം ഉൾപ്പെട്ട കേസിലാണ് വിധി. ജൂലൈ 11ന് ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഇന്ദ്രാണിക്ക് വാറന്റ് നൽകിയിട്ടുണ്ട്. ഇതും ചിദംബരത്തിനും മകനും കടുത്ത വെല്ലുവിളിയാണ്.

കണ്ടുകെട്ടിയത് കാർത്തിയുടെ 54 കോടിയുടെ സ്വത്തുക്കൾ

ഐഎൻഎക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കാർത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയിരുന്നു. ന്യൂഡൽഹി ജോർബാഗിലെ ഫ്‌ളാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകൾ, യുകെയിലെ സോമർസെറ്റിലുള്ള വീട്, സ്‌പെയിനിലെ ബാർസിലോനയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം(പിഎംഎൽഎ) അനുസരിച്ചാണു നടപടിയെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ.

2019 ജനുവരി 26ൽ ചിദംബരത്തെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ കിട്ടണമെന്ന ആവശ്യവുമായി സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഡൽഹി ഹൈക്കോടതിയിൽ. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഇത്. 2019 ഫെബ്രുവരി 4ന് ചിംദബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്കു കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. നേരത്തെ, എയർസെൽ-മാക്‌സിസ് കേസിലും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് നിയമമന്ത്രാലയം അനുമതി നൽകിയിരുന്നു. രണ്ടു വിഷയങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുമുണ്ട്.

2019 ഫെബ്രുവരി 9ന് ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യംചെയ്തു. ഇഡി ഓഫിസിലായിരുന്നു ചോദ്യംചെയ്യൽ. പിന്നീട് ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കൂടുതൽ രേഖകൾ പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം ഡൽഹി ഹൈക്കോടതി അംഗീകരിച്ചു. പിന്നീട് ജാമ്യഹർജി തള്ളുകയും ചെയ്തു. ഇതോടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സിബിഐ നീക്കം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP