Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചോദ്യപേപ്പർ ചോർന്നത് തെളിഞ്ഞതിനാൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദ് ചെയ്യണം; വിശ്വാസ്യതയുള്ള ഏജൻസിയുടെ അന്വേഷണമാണ് വേണ്ടത്; സിബിഐ അന്വേഷണത്തെ പി.എസ്.സി ഭയപ്പെടേണ്ട സാഹചര്യമേന്താണ്? ഞങ്ങളുടെ കൈകൾ ശുദ്ധമാണ് എന്നു പറഞ്ഞാൽ പി.എസ്.സിയുടെ പ്രശ്‌നം തീർന്നു; മുൻപുള്ള ചോദ്യപേപ്പർ ചോർച്ചാ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും ഒരുക്കിക്കൊടുത്തത് ക്രൈംബ്രാഞ്ച്: പിഎസ്‌സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ മറുനാടനോട്

ചോദ്യപേപ്പർ ചോർന്നത് തെളിഞ്ഞതിനാൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദ് ചെയ്യണം; വിശ്വാസ്യതയുള്ള ഏജൻസിയുടെ അന്വേഷണമാണ് വേണ്ടത്; സിബിഐ അന്വേഷണത്തെ പി.എസ്.സി ഭയപ്പെടേണ്ട സാഹചര്യമേന്താണ്? ഞങ്ങളുടെ കൈകൾ ശുദ്ധമാണ്  എന്നു പറഞ്ഞാൽ പി.എസ്.സിയുടെ പ്രശ്‌നം തീർന്നു; മുൻപുള്ള ചോദ്യപേപ്പർ ചോർച്ചാ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും ഒരുക്കിക്കൊടുത്തത് ക്രൈംബ്രാഞ്ച്: പിഎസ്‌സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ പി.എസ്.സിക്ക് ഒന്നും മറയ്ക്കാനില്ലെങ്കിൽ, പി.എസ്.സി ഇതിൽ ഇൻവോൾവ്ഡ് അല്ലെങ്കിൽ ഏത് ഏജൻസി അന്വേഷിക്കുന്നതിലും പി.എസ്.സി എതിർക്കേണ്ട കാര്യമേന്താണെന്ന് പിഎസ്‌സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ. എന്ത് അന്വേഷണം വന്നാലും ഏത് ഏജൻസിയുടെ അന്വേഷണം വന്നാലും പി.എസ്.സി ഭയപ്പെടെണ്ട സാഹചര്യമേന്താണ്? പിഎസ്‌സിയുടെ ഏർപ്പാടുകൾ സുതാര്യമാണ്. റിലൈബിൾ ആണ് ക്രെഡിബിലിറ്റിയുണ്ട്, അതിനു അക്വറസിയുണ്ട് എന്ന് പി.എസ്.സിക്ക് വിശ്വാസമുണ്ടെങ്കിൽ ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്ന നിലപാട് പി.എസ്.സിക്ക് എടുത്താൽ പോരേ? രാധാകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഞാൻ ആയിരുന്നു പി.എസ്.സി ചെയർമാൻ എങ്കിൽ ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്ന നിലപാടാണ് സ്വീകരിക്കുക. പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കും അതിനു വേണ്ടി ഏത് ഏജൻസിയും അന്വേഷിക്കട്ടെ. അത് ഞങ്ങൾ സ്വാഗതം ചെയ്യും. ഞങളുടെ കൈകൾ ശുദ്ധമാണ്. ഞങ്ങൾക്ക് ഒന്നും മറച്ചുവെയ്ക്കാൻ ഉദ്ദേശ്യമില്ല. എന്ന് പറഞ്ഞാൽ പിഎസ്‌സിയുടെ മുന്നിലുള്ള പ്രശ്‌നം തീർന്നു. പിന്നെ പി.എസ്.സിയുടെ മുന്നിൽ വേറെ ചോദ്യങ്ങളില്ല. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തിനെ പി.എസ്.സി ഭയക്കുന്നത് എന്തിനു എന്ന ചോദ്യം മുഴങ്ങുന്നുണ്ട്-രാധാകൃഷ്ണൻ പറയുന്നു.

ചോദ്യപേപ്പർ ചോർന്നിരിക്കുന്നു. പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് മങ്ങൽ ഏറ്റിരിക്കുന്നു. പിഎസ്‌സിയുടെ വിശ്വാസ്യത സംരക്ഷിക്കലാണ് ഏറ്റവും പരമപ്രധാനമായ കാര്യം. കോടിക്കണക്കിനു ജനങ്ങൾ വിശ്വാസത്തിൽ എടുത്തിരിക്കുന്ന സ്ഥാപനമാണ്. അതിന്റെ വിശ്വാസ്യത തകരാൻ പാടില്ല. അത് സംരക്ഷിക്കാൻ ആവശ്യമായ കാര്യമാണ് ചെയ്യേണ്ടത്. ഇനി ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് വന്നാൽ ഇതിനു മുൻപ് ഒരു അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പരീക്ഷാപേപ്പർ ചോദ്യപേപ്പർ ചോർച്ചയുടെ കേസ് ആണിത്. പതിനൊന്നു കൊല്ലം കഴിഞ്ഞിട്ടും ഇതുവരെ ഈ കേസിൽ ഒന്നുമായിട്ടില്ല. ഈ കേസിൽ കുറ്റാരോപിതർക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും ക്രൈംബ്രാഞ്ച് ഒരുക്കിക്കൊടുത്തു. ആ കേസ് കോടതിയിൽ വന്നോ എന്ന് പോലും സംശയമുണ്ട്. കൊല്ലത്ത് നിന്നാണ് ആ കേസ് വരുന്നത്.

സലാഹുദ്ദീൻ ആയിരുന്നു ആ ഘട്ടത്തിൽ പിഎസ്‌സി ചെയർമാൻ. ആ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തിയാണ് നിയമനം നടന്നത്. ആ ലിസ്റ്റ് ഫൈനലൈസ് ചെയ്യുന്നത് എന്റെ കാലത്താണ്. ചോദ്യപേപ്പർ ചോർന്നതായി തെളിഞ്ഞ ഘട്ടത്തിൽ ആ പരീക്ഷ നിലനിർത്തുന്നതിൽ എന്താണ് സാംഗത്യമുള്ളത്. നമുക്ക് എങ്ങിനെ പറയാൻ കഴിയും. ഒരാൾക്ക് മാത്രമേ ചോദ്യ പേപ്പർ ലഭിച്ചുള്ളൂ എന്ന് നമുക്ക് എങ്ങിനെ പറയാൻ കഴിയും. ചോർന്നു കഴിഞ്ഞ ചോദ്യപേപ്പറിന്റെ ഗുണഭോക്താക്കൾ ആരെന്നു ഇപ്പോൾ നമുക്ക് പറയാൻ കഴിയില്ല. പലരും കാണാം. ഈ കാര്യവും അന്വേഷണ പരിധിയിൽ വരേണ്ടതാണ്. ഈ പരീക്ഷ എന്ത് ചെയ്യണം എന്ന കാര്യത്തിൽ പിഎസ്‌സി തീരുമാനം എടുക്കേണ്ടതാണ്. അന്വേഷണ പരിധിയിൽ ഉള്ള രണ്ടു പേർക്ക് മാത്രമേ ചോദ്യപേപ്പർ ലഭിച്ചുള്ളൂ എന്ന് ആർക്കും ഉറപ്പിക്കാൻ കഴിയില്ല. വളരെ വിപുലമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വസ്തുതകൾ വെളിയിൽ വരുകയുള്ളൂ.

ചോദ്യങ്ങൾ ഇട്ടവർ എത്രപേരുണ്ട്. ചോദ്യങ്ങൾ എഴുതിയവർ എത്രപേർ. എത്ര സെറ്റ് ചോദ്യങ്ങൾ ഇട്ടാണ് ചോദ്യപേപ്പർ ഫൈനലൈസ് ചെയ്തത്. ചോദ്യങ്ങൾ ഉണ്ടാക്കിയവർ തമ്മിലുള്ള ബന്ധമെന്ത്? ഇതൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം പരിശോധിച്ച് ഫുൾ പ്രൂഫ് ആക്കി അന്വേഷണം നടത്തി പിഎസ്‌സിയുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് വേണ്ടത്. ഏറ്റവും പ്രധാനം പിഎസ്‌സിയുടെ വിശ്വാസ്യത തന്നെയാണ്. പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. അതിൽ തർക്കമില്ല. ചോദ്യപേപ്പർ ചോരാനുള്ള പ്രശ്‌നങ്ങൾ പലതാണ്. ഒന്ന് പിഎസ്‌സിയിൽ നിന്നും ചോരാം. പക്ഷെ പിഎസ്‌സിയിൽ നിന്നും ചോരാനുള്ള സാധ്യതകൾ വളരെ കുറവാണ്. അത് ഒരു ശതമാനം മാത്രമേയുള്ളൂ. ചോദ്യപേപ്പർ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ചോർന്നിട്ടുണ്ടാകാം. ചോദ്യപേപ്പർ തയ്യാറാക്കിയ ആൾ ചോർത്തിക്കൊടുത്തോ എന്ന് സംശയിക്കാവുന്നതാണ്. ചോദ്യപേപ്പർ തയ്യാറാക്കിയ ആളുകളും അത് ലഭിച്ച ആളുകളും തമ്മിലുള്ള ബന്ധം അന്വേഷിക്കേണ്ടതാണ്. ആരൊക്കെ എങ്ങിനെയൊക്കെ ഇടപെട്ടു എന്ന് അന്വേഷിക്കേണ്ടതുണ്ട്. എല്ലാം അന്വേഷണത്തിൽ തെളിഞ്ഞു വരണം.

ഒരു പിഎസ്‌സി പരീക്ഷാ പേപ്പർ ഹാളിൽ ഇരുപത് പേർ മാത്രമേയുണ്ടാകൂ. ആ ഇരുപത് ചോദ്യവും മേശപ്പുറത്ത് വയ്ക്കണം. അര മണിക്കൂർ കഴിഞ്ഞു മാത്രമേ ഈ ചോദ്യപേപ്പർ മേശപ്പുറത്ത് നിന്നും എടുക്കാൻ അനുവാദമുള്ളൂ. അതുവരെ അത് ഉദ്യോഗാർത്ഥിയെ കാത്തു കിടക്കണം. എന്നിട്ട് ഹാജരില്ല എന്ന സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കണം. പൊട്ടിക്കാതെ തന്നെ കവർ ചെയ്ത് സൂക്ഷിക്കണം. ഇൻവിജിലേറ്റർക്ക് ചോദ്യപേപ്പർ പൊട്ടിച്ച് വായിക്കാനുള്ള അവകാശമില്ല. അതാണ് അതിന്റെ നിയമം. ചോദ്യപേപ്പർ പൊട്ടിച്ചോ എന്നൊക്കെ അന്വേഷിക്കണം. പൊട്ടിച്ചെങ്കിൽ അത് എന്തിനു പൊട്ടിച്ചു എന്ന് അന്വേഷിക്കണം. ചോദ്യപേപ്പർ ചോർച്ചയിൽ പിഎസ്‌സിയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടാകാനുള്ള സാധ്യതകൾ വളരെ കുറവാണ്. ഉദ്യോഗസ്ഥർ ഈ കാര്യങ്ങളിൽ വളരെ കർക്കശക്കാരാണ്. എനിക്ക് അറിയുന്ന പിഎസ്‌സി ഉദ്യോഗസ്ഥർ ഈ രീതിയിൽ ഉള്ളവരാണ്.

വളരെ കർക്കശമായി ആക്ടും റൂളും അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് പിഎസ്‌സിയിൽ ഉള്ളത്. . തൊണ്ണൂറ്റോമ്പത് ശതമാനം ഉദ്യോഗസ്ഥരും ചട്ടം അനുസരിച്ച് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടാണ് പിഎസ്‌സിയുടെ വിശ്വാസ്യത നിലനിൽക്കുന്നത്. ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പിഎസ്‌സി ഉദ്യോഗസ്ഥർക്കിടയിൽ നിന്നും ചോദ്യപേപ്പർ ചോർച്ച ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ തുലോം വിരളമാണ്. പക്ഷെ പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ഉണ്ടായിരിക്കെ ആരൊക്കെ അതിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിൽ ഈ ഘട്ടത്തിൽ എത്തുക പ്രയാസമാണ്. അന്വേഷണം നടക്കട്ടെ. അന്വേഷണ ഏജൻസിയിൽ വിശ്വാസവും വരണം. ഈ രണ്ടു പേരിൽ മാത്രമായി അന്വേഷണം ഒതുക്കുന്നത് ശരിയല്ല. ചോദ്യപേപ്പർ എവിടെ നിന്ന് ചോർന്നു, ആരൊക്കെ ഇടപെട്ടു, എങ്ങിനെ കിട്ടി ഇതൊക്കെ അന്വേഷണത്തിൽ തെളിയേണ്ടതാണ്.

പിഎസ്‌സി റാങ്ക് ലിസ്റ്റ് എടുത്തു നോക്കൂ. അറുപത് മാർക്ക് ആണ് ഏറ്റവും ഉയർന്നത് എങ്കിൽ 60.99 ഉം, 60.98 ഉം 60.97 ഉം ഒക്കെയുള്ള വ്യത്യാസമാകും വരിക. ഒന്നാം സ്ഥാനക്കാരനും മൂന്നാം സ്ഥാനക്കാരനും തമ്മിൽ വലിയ മാർക്കിന്റെ വ്യത്യാസം വരില്ല. ഒരു വലിയ വ്യത്യാസം പിഎസ്‌സിയുടെ റാങ്ക്‌ലിസ്റ്റിൽ ഉണ്ടാകാറില്ല. അങ്ങിനെ സംഭവിച്ചിരിക്കാം എന്ന് തന്നെ വയ്ക്കാം. അത് ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത് വേറെ കാര്യം. ക്രൈംബ്രാഞ്ച് അന്വേഷണം വരുംമുൻപ് തന്നെ ഇത് ശിവരഞ്ജിത്തിനെക്കൊണ്ടും നസീമിനെക്കൊണ്ടുമൊക്കെ ചെയ്യിപ്പിക്കാമായിരുന്നു. ചോദ്യവും ഉത്തരക്കടലാസും കൊടുത്തിട്ട് എഴുതാൻ പറഞ്ഞാൽ പോരേ? അതിൽ തന്നെ വാസ്തവം തെളിയുമായിരുന്നു. ഇപ്പോൾ ചോദ്യക്കടലാസ് ചോർന്നു എന്ന് ഉറപ്പാണ്. അത് ആര് ചോർത്തി എന്നൊക്കെ കണ്ടെത്തേണ്ടതാണ്. ചോർത്താതെ ചോദ്യപേപ്പർ ചോരില്ല. വിശ്വാസ്യതയുള്ള ഏജൻസി വേണം ഇത് അന്വേഷിക്കാൻ. പിഎസ്‌സിയുടെ വിശ്വാസ്യതയുടെ പ്രശ്‌നം കൂടിയാണിത്. പിഎസ്‌സിക്ക് മാത്രം ബോധ്യപ്പെട്ടാൽ മതിയാകില്ല. ജനങ്ങൾക്ക് വിശ്വാസ്യതയുള്ള ഏജൻസിയുടെ അന്വേഷണം വേണം വരാൻ. ആയ ഏജൻസി സിബിഐആണെങ്കിൽ സിബിഐ തന്നെ അന്വേഷിക്കട്ടെ-രാധാകൃഷ്ണൻ പറയുന്നു.

അതേസമയം പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ ആർ. ശിവരഞ്ജിത്തും അന്വേഷണ പരിധിയിലുള്ള റാങ്കുകാരൻ എ.എൻ.നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസിൽ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ. പരീക്ഷ എഴുതുമ്പോൾ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജയിലിൽ പരീക്ഷാ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ശിവരഞ്ജിത്തിനു കിട്ടിയത് പൂജ്യം മാർക്കായിരുന്നു. ചോദ്യക്കടലാസ് ചോർന്നത് യൂണിവേഴ്‌സിറ്റി കോളജിൽ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകൾ പിഎസ്‌സി വിജിലൻസ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP