Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയത്തിലെ അത്യുഗ്രൻ ഇടപെടൽ! ജനകീയമുഖമായ പ്രശാന്ത് മേയർ പദവി രാജിവച്ച് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു മുഴം മുമ്പേ സിപിഎം; പഴയ കോട്ട തിരിച്ചു പിടിക്കാൻ യുവ നേതാവിന് കഴിയുമെന്ന് വിലയിരുത്തൽ; കോൺഗ്രസിൽ സീറ്റ് മോഹവുമായുള്ളത് അര ഡസനിലേറെ പേർ; കുമ്മനത്തെ വീണ്ടും ഇറക്കാൻ ബിജെപിയും; തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാകുമ്പോൾ വട്ടിയൂർക്കാവിൽ അതിശക്തമായ ത്രികോണം ഉറപ്പ്

പ്രളയത്തിലെ അത്യുഗ്രൻ ഇടപെടൽ! ജനകീയമുഖമായ പ്രശാന്ത് മേയർ പദവി രാജിവച്ച് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു മുഴം മുമ്പേ സിപിഎം; പഴയ കോട്ട തിരിച്ചു പിടിക്കാൻ യുവ നേതാവിന് കഴിയുമെന്ന് വിലയിരുത്തൽ; കോൺഗ്രസിൽ സീറ്റ് മോഹവുമായുള്ളത് അര ഡസനിലേറെ പേർ; കുമ്മനത്തെ വീണ്ടും ഇറക്കാൻ ബിജെപിയും; തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാകുമ്പോൾ വട്ടിയൂർക്കാവിൽ അതിശക്തമായ ത്രികോണം ഉറപ്പ്

എം മനോജ് കുമാർ

തിരുവനന്തപുരം: കെ.മുരളീധരൻ ലോക്സഭാ അംഗമായതോടെ കടുത്ത ത്രികോണ മത്സരത്തിനു അരങ്ങൊരുങ്ങുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയായേക്കും. പ്രശാന്തിനെ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായതായി സൂചനയുണ്ട്. വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതോടെ തിരുവനന്തപുരം മേയർ സ്ഥാനം പ്രശാന്ത് രാജിവെച്ചേക്കും. 

മേയർ സ്ഥാനത്ത് പ്രശാന്തിനെ നിലനിർത്തി വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കേണ്ടെന്നാണ് സെക്രട്ടറിയേറ്റിൽ ഉരുത്തിരിഞ്ഞ തീരുമാനം. മേയർ സ്ഥാനത്ത് തുടരുമ്പോൾ തന്നെ പ്രശാന്ത് വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയായാൽ അത് സിപിഎമ്മിന്റെ വട്ടിയൂർക്കാവ് വിജയസാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്നാണു സിപിഎമ്മിൽ ഉരുത്തിരിഞ്ഞ അഭിപ്രായം. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയാക്കിയാൽ പ്രശാന്ത് മേയർ പദവി രാജിവെയ്ക്കട്ടെ എന്നാണ് പാർട്ടിയിൽ ഉയർന്ന അഭിപ്രായം. ശക്തമായ ത്രികോണമത്സരത്തിനു വട്ടിയൂർക്കാവ് വേദിയാകും എന്ന് തന്നെയാണ് വരുന്ന സൂചനകൾ. പഴയ തിരുവനന്തപുരം നോർത്താണ് പിന്നീട് വട്ടിയൂർക്കാവായി മാറിയത്. നോർത്തിൽ അവസാന ആറ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിലും ജയിച്ചത് മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന എം വിജയകുമാറാണ്.

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച കെ.മുരളീധരൻ നിലവിൽ വട്ടിയൂർക്കാവിനെ കോൺഗ്രസ് കോട്ടയാക്കി മാറ്റിയിട്ടുണ്ട്. അതിനാൽ മുരളീധരന്റെ അഭാവത്തിൽ മികച്ച സ്ഥാനാർത്ഥിയിലൂടെ സീറ്റ് നിലനിർത്താനാണ് കോൺഗ്രസ് നീക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി മുരളീധരന്റെ അഭാവത്തിൽ മണ്ഡലം സ്വന്തമാക്കാം എന്ന കണക്കുകൂട്ടലിൽ മികച്ച കരുനീക്കങ്ങളുമായി നീങ്ങുന്നുണ്ട്. ഇത് രണ്ടും മുന്നിൽ കണ്ടാണ് പ്രശാന്തിനെ ഉയർത്തിപ്പിടിച്ച് മണ്ഡലം കൈപ്പിടിയിലാക്കാൻ സിപിഎം നീക്കം നടത്തുന്നത്. വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തായതിന്റെ നാണക്കേട് പ്രശാന്തിന് കഴിഞ്ഞേക്കും എന്നാണ് സിപിഎമ്മിലെ വിലയിരുത്തൽ.

മേയർ സ്ഥാനം രാജിവയ്ക്കാതെ മത്സരിച്ചാൽ സിപിഎമ്മിന് വിജയസാധ്യതയില്ലാ എന്ന ഒരഭിപ്രായം മണ്ഡലത്തിൽ തന്നെ ഉയർന്നേക്കാം. അതിനാൽ പ്രശാന്ത് മേയർ സ്ഥാനം രാജിവെച്ച് പൂർണ ശ്രദ്ധ മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിക്കട്ടെ എന്ന തീരുമാനത്തിലേക്കാണ് പാർട്ടി നീങ്ങുന്നത്. വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയായാൽ പ്രശാന്തിനു മേയർ പദവി പ്രശാന്തിന് നഷ്ടമാകും. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ടു മേയർ തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ പ്രശാന്തിന്റെ ഇമേജ് വർദ്ധിപ്പിച്ചതായും പാർട്ടിയിൽ അഭിപ്രായമുണ്ട്. അതിനാൽ ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള പ്രശാന്ത് തന്നെ സ്ഥാനാർത്ഥിയാകട്ടെ എന്നു തന്നെയാണ് വരുന്ന തീരുമാനം.

പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനത്തോട് പുറംതിരിഞ്ഞു നിന്ന കലക്ടർ കെ.ഗോപാലകൃഷ്ണൻ വിമർശന വിധേയനായിരുന്നു. ഇതേ സമയം പ്രശാന്ത് മേയർ എന്ന രീതിയിൽ സജീവമായി നിറഞ്ഞു നിൽക്കുകയും തെക്കൻ കേരളത്തിന്റെ സഹായം വടക്കൻ കേരളത്തിനു ഉറപ്പ് വരുത്തുകയും ചെയ്തു. ഇത് വട്ടിയൂർക്കാവിൽ പ്രശാന്തിന് തുണയാകും എന്നാണ് സിപിഎം കരുതുന്നത്. നിലവിൽ വട്ടിയൂർക്കാവ് പിടിക്കുക സിപിഎമ്മിന്റെ പ്രധാന അജണ്ടയാണ്. കോൺഗ്രസിന്റെ കെ.മുരളീധന്റെ കയ്യിൽ നിന്ന് മണ്ഡലം തിരിച്ച് പിടിക്കാൻ ടി.എൻ.സീമയെ പോലുള്ള സ്ഥാനാർത്ഥിയെ ഇറക്കിക്കളിച്ചിട്ട് പോലും കഴിഞ്ഞ തവണ സിപിഎമ്മിന് രക്ഷ കിട്ടിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർത്ഥിയായ ടി.എൻ.സീമ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ 43700 വോട്ടു നേടി രണ്ടാമത് വന്നപ്പോൾ 40411വോട്ടു നേടി സീമ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.

എന്നാൽ ചെറിയാൻ ഫിലിപ്പ് മത്സരിച്ച 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ മുരളീധരന് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്യാൻ ചെറിയാന് കഴിഞ്ഞിരുന്നു. ഈ നേട്ടം പക്ഷെ സീമയ്ക്ക് ആവർത്തിക്കാൻ കഴിഞ്ഞില്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ പാർലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ എൽ.ഡി.എഫിനെ പിന്തള്ളി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവ് പാർട്ടിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ചെറുപ്പത്തിന്റെ തിളപ്പിലുള്ള പ്രശാന്തിന് വട്ടിയൂർക്കാവിൽ സ്‌കോർ ചെയ്യാൻ കഴിഞ്ഞേക്കുമെന്നു പാർട്ടി കരുതുന്നു. . മുരളീധരൻ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയല്ലാത്തതിനാൽ വിജയം അകലയല്ലെന്നും പൊരുതാൻ പ്രശാന്തിന് കഴിയും.

അതേസമയം പ്രശാന്തിനെ ഒതുക്കാനുള്ള ഒരു നീക്കമായും പ്രശാന്തിന്റെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിത്വത്തെ പാർട്ടി കാണുന്നുണ്ട്. വട്ടിയൂർക്കാവിൽ പ്രശാന്തിന് വിജയം ലഭിക്കില്ലെന്നും ബിജെപി സ്ഥാനാർത്ഥിക്കും പിന്നിൽ മൂന്നാമതായി തന്നെയാകും പ്രശാന്ത് ഫിനിഷ് ചെയ്യുക എന്ന് തന്നെയാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. കുമ്മനം രാജശേഖരനെ വട്ടിയൂർക്കാവിൽ ബിജെപി നിർത്താൻ സാധ്യതകൾ ഏറെയാണ്. കഴിഞ്ഞ തവണ കുമ്മനത്തിനും പിന്നിലാണ് സീമയുടെ സ്ഥാനം. അതുകൊണ്ട് തന്നെ പ്രശാന്തിന് ഇരട്ട പരാജയങ്ങൾ ആവും നേരിടേണ്ടി വരുക എന്നാണ് പാർട്ടിയിലെ സംസാരം. മേയർ പദവിയും പോകും, വട്ടിയൂർക്കാവിലെ തോൽവിയും. രണ്ടും പ്രശാന്തിന് അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഇത് പ്രശാന്തിന് എതിരെയുള്ള ഒരു നീക്കമായും പാർട്ടിയിലെ ഒരു വിഭാഗം കാണുന്നുണ്ട്.

അതേസമയം കോൺഗ്രസ് കോട്ടയാക്കി കെ.മുരളീധരൻ മാറ്റിയ വട്ടിയൂർക്കാവിൽ അര ഡസനിലേറെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേര് പാർട്ടിയിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എ.ഐ..സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം അഡ്വ. കെ. മോഹൻ കുമാർ, പത്മജ വേണുഗോപാൽ തുടങ്ങിയവർ ഇതിൽപ്പെടും. ഒപ്പം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരും മണ്ഡലത്തിന്റെ പേരിൽ ഉയരുന്നുണ്ട്. അതേസമയം, വട്ടിയൂർക്കാവിൽ പത്മജ വേണുഗോപാലിന്റെ പേര് ഉയർന്നുവരുന്നുണ്ട്. കോൺഗ്രസ് ഇക്കാര്യം പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്. കെ.മുരളീധരന്റെ മണ്ഡലമായതിനാൽ പത്മജയ്ക്കാവും കൂടുതൽ വിജയസാദ്ധ്യത എന്നാണ് വിലയിരുത്തൽ. മണ്ഡലം ലീഡർ കുടുംബത്തിൽ തന്നെ നിലനിൽക്കട്ടെ എന്നും അഭിപ്രായമുണ്ട്. വട്ടിയൂർക്കാവിൽ പത്മജയ്ക്ക് ശക്തമായ സാന്നിദ്ധ്യമാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതിനാൽ പത്മജയ്ക്ക് വേണ്ടി മണ്ഡലത്തിൽ നിന്നും മുറവിളി ഉയരുന്നുണ്ട്.

വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ബിജെപിയും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. കുമ്മനം രാജശേഖരനെ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന് 53,545 വോട്ടും കുമ്മനത്തിന് 50,709 വോട്ടുമാണ് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കുമ്മനം മത്സരിച്ചാൽ വിജയിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. മിസോറാം ഗവർണറായിരിക്കെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാൻ പദവി രാജിവയ്പിച്ചാണ് ബിജെപി - ആർ.എസ്. എസ് നേതൃത്വം കുമ്മനത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പക്ഷെ പാര്‌ലമെന്റ്‌റ് തിരഞ്ഞെടുപ്പിൽ കുമ്മനം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും രാജഗോപാൽ നേടിയ വോട്ടു കുമ്മനത്തിനു നേടാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തൽ പാർട്ടിക്ക് മുൻപാകെയുണ്ട്.

പക്ഷെ കഴിഞ്ഞ വട്ടിയൂർക്കാവ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാത്രം മതി കുമ്മനത്തെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയാക്കാൻ എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. കുമ്മനം മത്സരിക്കുന്നില്ലെങ്കിൽ വട്ടിയൂർക്കാവിലേക്ക് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരിലൊരാളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP