Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ണുമാന്തിയുപയോഗിച്ച് തിരയുമ്പോൾ കണ്ടത് തലമുടി; പുറത്തെടുത്തപ്പോൾ കിട്ടിയത് തല മാത്രം; ` ആ കാഴ്ച കണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറി`; നെഞ്ചിൽ വല്ലാതെ ഒരു വേദന അനുഭവപ്പെട്ടു; വെള്ളം കുടിച്ചിട്ടും മുഖം കഴുകിയിട്ടും മരവിപ്പ് മാറിയില്ല; പിന്നെ മനോനില തെറ്റി ഇറങ്ങി ഓടി; ഉണ്ണിയുടേത് കവളപ്പാറയിലെ എല്ലാ ജെസിബി ഓപ്പറേറ്റർമാരും നേരിടുന്ന കരള് പിളർക്കുന്ന അനുഭവം

മണ്ണുമാന്തിയുപയോഗിച്ച് തിരയുമ്പോൾ കണ്ടത് തലമുടി; പുറത്തെടുത്തപ്പോൾ കിട്ടിയത് തല മാത്രം; ` ആ കാഴ്ച കണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറി`; നെഞ്ചിൽ വല്ലാതെ ഒരു വേദന അനുഭവപ്പെട്ടു; വെള്ളം കുടിച്ചിട്ടും മുഖം കഴുകിയിട്ടും മരവിപ്പ് മാറിയില്ല; പിന്നെ മനോനില തെറ്റി ഇറങ്ങി ഓടി; ഉണ്ണിയുടേത് കവളപ്പാറയിലെ എല്ലാ ജെസിബി ഓപ്പറേറ്റർമാരും നേരിടുന്ന കരള് പിളർക്കുന്ന അനുഭവം

ജംഷാദ് മലപ്പുറം

മലപ്പുറം: മഴക്കെടുതിയിൽ സമാനതകളില്ലാത്ത ദുരന്തമാണ് മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിൽ ഉണ്ടായത്. ഒരു പ്രദേശം മുഴുവൻ മണ്ണിനടിയിലായപ്പോൾ മരിച്ച് വീണത് 60ന് മുകളിൽ ആളുകളാണ്. ഇതിൽ ഇനിയും കിട്ടാനുണ്ട് മൃതദേഹങ്ങൾ. മൃതദേഹങ്ങൾക്കായുള്ള തിരച്ചിലിൽ ഇന്ന് നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്.പോത്തുകല്ല് കവളപ്പാറയിൽനിന്നും ലഭിച്ചത് മൃതദേഹത്തിന്റെ തല മാത്രം, മൃതദേഹം പുറത്തെടുത്ത ജെ.സി.ബി ഡ്രൈവർ മനോനില തെറ്റിയതോടെ ഇറങ്ങിയോടി. മൃതദഹങ്ങൾ മാന്തിയെടുക്കുമ്പോൾ നെഞ്ചകം പിളരുന്ന വേദനയിൽ ആണ് ഇവിടെ തിരച്ചിൽ നടത്തുന്ന മണ്ണുമാന്തി ഡ്രൈവർമാർ. ആ രംഗം മനസ്സിൽനിന്നും മായുന്നില്ലെന്നും ഇനി മായുകയുമില്ലെന്നും ജെ.സി.ബി ഉപയോഗിച്ചു രക്ഷാപ്രവർത്തനം നടത്തിയിരുന്ന ഉണ്ണി എന്ന സോമൻ(30)പറയുന്നു.

ഉണ്ണി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് മൃതദേഹത്തിന്റെ തലമാത്രം ലഭിച്ചത്. ജെ.സി.ബികൊണ്ടു മണ്ണുവാരി പുറത്തെടുന്നതിനിടെയാണ് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മൃതദേഹത്തിന്റെ തലമാത്രം കണ്ടത്. മണ്ണിൽ തലമുടി കണ്ടതോടെയാണ് ഉദ്യോഗസ്ഥർ വന്നു പരിശോധന നടത്തിയത്. തുടർന്നു ചളിയിൽപൂണ്ടുകിടക്കുന്ന മൃതദേഹത്തിന്റെ ഭാഗം കഴുകിയതോടെയാണ് മൃതദേഹത്തിന്റെ തലയാണെന്ന് മനസ്സിലായത്. ഇത് കണ്ടതോടെ മണ്ണുവാരിയിരുന്ന ഉണ്ണിയുടെ മനോനില തെറ്റി. കണ്ണിൽ ഇരുട്ടുകയറുകയായിരുന്നു. കൈ കാലുകൾ തളർന്നു. അഞ്ചു മിനുട്ട് ജെ.സി.ബിയിലെ ഡ്രൈവർ സീറ്റിൽ അതേ ഇരിപ്പ് ഇരുന്നു. പിന്നാലെ മുഖംകഴുകി വെള്ളം കുടിച്ചു. എന്നാൽ വീണ്ടും അതേ രംഗം മനസ്സിലേക്ക് പാഞ്ഞുകയറുന്നു. പിന്നെ ഒന്നും നോക്കിയില്ല. ജെ.സി.ബിയിൽനിന്നും നേരെ ഇറങ്ങിയോടി.

ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മണ്ണുമാന്തുന്നതിനിടെ ഉണ്ണിയുടെ ജെ.സി.ബിയിൽ തടഞ്ഞ ഛിന്നഭിന്നമായ മൃതദേഹമാണ് ഇപ്പോഴും ഉണ്ണിയുടെ മനസ്സിനെ വേട്ടയാടുന്നത്. കവളപ്പാറയിലെ ദുരന്തഭൂമിയിൽനിന്നും ജെ.സി.ബി ഉപയോഗിച്ചു നടത്തിയ തെരച്ചിലിൽ ആദ്യ മൃതദേഹം കണ്ടെത്തിയതും ഉണ്ണിയാണ്. രണ്ടുദിവസം കവളപ്പാറയിൽ ജെ.സി.ബി ഡ്രൈവറായി പരിശോധനക്കു സജീവമായുണ്ടായിരുന്ന ഉണ്ണി ഇപ്പോൾ സ്വന്തംവീട്ടിലാണ്. തനിക്ക് ഇങ്ങിനെയുള്ള മൃതദേഹങ്ങൾ കണ്ടുനിൽക്കാൻ കഴിയില്ലെന്നും, നെഞ്ചകം തകരുന്ന വേദനയാണെന്നും ഉണ്ണി പറയുന്നു. ചളിയിൽപുതഞ്ഞ മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഏറെ പ്രയാസകരമാണ്. കഴിഞ്ഞ 10ന് രാവിലെ രാവിലെ ഏഴുമണിയോടെ കളവളപ്പാറയിൽ ജെ.സി.ബി ഉപയോഗിച്ച് ആദ്യമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതും ഉണ്ണിതന്നെയാണ്.

തൊട്ടടുത്ത പ്രദേശമായ ഉപ്പട ചെമ്പക്കൊല്ലി സ്വദേശിയായ ഉണ്ണി പലതവണ ഇതുവഴി പോയിട്ടുണ്ട്. ഇതിനാൽതന്നെ പ്രദേശം കൃത്യമായി അറിയുമായിരുന്നു. രക്ഷാപ്രവർത്തനത്തിനിറങ്ങുമ്പോൾ ഇത്രയധികം മൃതദേഹങ്ങൾ ഇവിടെ മണ്ണിനടിയിൽ ഉണ്ടെന്ന് ഉണ്ണി സ്വപ്നത്തിൽപോലും കണ്ടിരുന്നില്ല. മാനോനില തെറ്റി ഉണ്ണി ജെ.സി.ബിയിൽനിന്നും ഇറങ്ങിയോടിയതോടെ ജെ.സി.ബി ഉടമയാണ് കുട്ടൻ എന്ന ഷൈനേജാണ് പിന്നീട് ഡ്രൈവർസീറ്റിലിരുന്നത്. ഉണ്ണിയുടെ സമാന അനുഭവം തന്നെയാണ്മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന മണ്ണു മണ്ണുമാന്തി ഡ്രൈവർമാർക്കും പറയാനുള്ളത്. പത്തും 15ഉം വർഷമായി ജെ.സി.ബി, ഹിറ്റാച്ചി ഡ്രൈവർമാരായി ജോലി ചെയ്യുന്ന ഇവർക്കെല്ലാം ഇത്തരത്തിലൊരു അനുഭവം ഇതാദ്യമാണ്.

നെഞ്ച് പിടയുന്ന വേദന കടിച്ചമർത്തിയാണ് ഇവിടെമണ്ണുമാന്തുന്നതെന്ന് പത്തുദിവസമായി ദുരന്തഭൂമിയിൽ ഹിറ്റാച്ചി ഡ്രൈവറായി ജോലിചെയ്യുന്ന ചുങ്കത്തറ സ്വദേശി ശ്യാം പറയുന്നു. മൂന്നു മൃതദേഹങ്ങളാണ് ശ്യം ഹിറ്റാച്ചി ഉപയോഗിച്ച് മാന്തി പുറത്തെടുത്തത്. മണ്ണുവരുന്നതിനിടെവരുന്ന ദുർഗന്ധമാണു മൃതദേഹം അടുത്തുണ്ടെന്ന സൂചന നൽകുന്നതെന്നും ശ്യാം പറയുന്നു. ഓരോ മൃതദേഹം പുറത്തെടുക്കുമ്പോഴും മാനസിക നിലതെറ്റിയ അവസ്ഥയായിരുന്നുതാണെന്ന് മൂന്നു മൃതദേഹങ്ങളെ പുറത്തെടുത്ത മറ്റൊരു ജെ.സി.ബി ഡ്രൈവറായ എടവണ്ണ സ്വദേശി ഷാജഹാനും പറയുന്നു.

മൃതദേഹങ്ങൾ പുറത്തെടുത്ത പിറ്റേദിവസവും മാനോനില വീണ്ടെടുക്കാനായില്ല. രണ്ടു ദിവസം കഴിഞ്ഞാണു വീണ്ടും ജെ.സി.ബി ഡ്രൈവറായി എത്തിയത്. വാക്കുകൾകൊണ്ടുപറയാൻ കഴിയുന്നതിനും അപ്പുറമാണ് ഞങ്ങളുടെ വേദനയെന്നും കണ്ണ്നിറഞ്ഞും നെഞ്ചകം പിടഞ്ഞുമാണു ഞങ്ങൾ ഇവിടെ ജോലിചെയ്യുന്നതെന്നു ഡ്രൈവർമാരായ ശ്യാമും സംഘവുംപറയുന്നത്. സമാനമായ അനുഭവങ്ങൾതന്നെയാണ് ഇവിടെ മണ്ണുമാന്തി ഡ്രൈവർമായി ജോലിചെയ്യുന്ന ചാണ്ടി വർഗീസിനും, അറമുഖനും, ബഷീറിനും, അൻവറിനുമെല്ലാം പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP