Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ നഗരസഭയിൽ വീണ്ടും അവിശ്വാസം; എൽഡിഎഫ് നീക്കം പികെ രാഗേഷിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനം തെറിപ്പിക്കാൻ; ചെയ്തത് വഞ്ചനയെന്നും നാണമുണ്ടെങ്കിൽ എൽഡിഎഫ് നൽകിയ സ്ഥാനത്ത് നിന്ന് സ്വയം ഒഴിയണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

കണ്ണൂർ നഗരസഭയിൽ വീണ്ടും അവിശ്വാസം; എൽഡിഎഫ് നീക്കം പികെ രാഗേഷിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനം തെറിപ്പിക്കാൻ; ചെയ്തത് വഞ്ചനയെന്നും നാണമുണ്ടെങ്കിൽ എൽഡിഎഫ് നൽകിയ സ്ഥാനത്ത് നിന്ന് സ്വയം ഒഴിയണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: കോർപ്പറേഷനിൽ വീണ്ടും അവിശ്വാസത്തിന് നോട്ടീസ്. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന്മേൽ എൽ.ഡി.എഫ് മേയർ സ്ഥാനം ഒഴിഞ്ഞത് ശനിയാഴ്ചയായിരുന്നു. വിമതനായി മത്സരിച്ച് ജയിച്ച പി.കെ. രാഗേഷ് യു.ഡി.എഫ് പക്ഷത്തേക്ക് പിൻതുണ മാറ്റി നൽകിയതോടെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. അതോടെ കോർപ്പറേഷന്റെ ഭരണം എൽ.ഡി.എഫിന് നഷ്ടമായി. എന്നാൽ രാഗേഷിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് സിപിഎം. ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഡപ്യൂട്ടി മേയറായ പി.കെ. രാഗേഷ് ഇപ്പോഴും ഡപ്യൂട്ടി മേയർ സ്ഥാനത്ത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.


കഴിഞ്ഞ അവിശ്വാസ പ്രമേയം കൊണ്ടു വന്നത് പി.കെ. രാഗേഷ് അടക്കമുള്ള ഭരണ സമിതിക്കെതിരെയാണെന്നാണ് എൽ.ഡി.എഫിന്റെ വാദം. മേയർ സ്ഥാനം മാറിയെങ്കിൽ സ്വാഭാവികമായും ഡപ്യൂട്ടി മേയർക്കും അധികാരം നഷ്ടമാവുമെന്ന് എൽ.ഡി.എഫ് വാദിച്ചിരുന്നു. പി.കെ. രാഗേഷിന്റെ നിലപാട് വഞ്ചനയാണെന്നും അദ്ദേഹം സ്വയം രാജിവെച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്നും എം. വി.ജയരാജൻ അന്ന് വ്യക്തമാക്കിയിരുന്നു. അതേ തുടർന്നാണ് ഇന്നു തന്നെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇനി ഒരു വർഷത്തെ കാലാവധി മാത്രമാണ് കണ്ണൂർ കോർപ്പറേഷന് അവശേഷിക്കുന്നത്. നേരത്തെ ഇരു മുന്നണികൾക്കും 27 വീതമായിരുന്നു കോർപ്പറേഷനിലെ കക്ഷി നില.

കോൺഗ്രസ്സ് വിമതനായ രാഗേഷിന്റെ ഒറ്റവോട്ടിന്റെ ബലത്തിലാണ് എൽ.ഡി.എഫിന് ഇത്രയും കാലത്തെ ഭരണം കൊണ്ടു പോകാൻ കഴിഞ്ഞത്. സിപിഎം. ന്റെ ഒരു കൗൺസിലർ അടുത്തിടെ മരിക്കുകയും ചെയ്തതോടെ എൽ.ഡി.എഫിന്റെ അംഗബലം 26 ആയി ചുരുങ്ങി. ഈ അവസരത്തിലാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. എന്നാൽ യു.ഡി.എഫിലെ ഏതെങ്കിലും ഒരംഗത്തെ എൽ.ഡി.എഫിന് സ്വാധീനിക്കാനായാൽ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ സ്ഥാനം രാഗേഷിന് നഷ്ടമാകും. ആരുടെയെങ്കിലും വോട്ട് അസാധുവാകുകയോ മറ്റ് സാങ്കേതിക പ്രശ്നങ്ങളുണ്ടാവുകയോ ചെയ്താൽ യു.ഡി.എഫിന് കനത്ത തിരിച്ചടിയാകും. നിലവിലുള്ള അംഗബലത്തിൽ യു.ഡി.എഫിന് ആത്മ വിശ്വാസമുണ്ട്.

എന്നാൽ കഴിഞ്ഞ തവണ വികസന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചിരുന്നു. അതേ തുടർന്ന് എൽ.ഡി.എഫിന് വികസന സ്റ്റാൻഡിങ് കമ്മിറ്റിയിൽ വിജയിക്കാനുമായി. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം തൊട്ട് യു.ഡി.എഫിന് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഈ അപാകത കാരണമാണ് കണ്ണൂർ കോർപ്പറേഷൻ ഭരിക്കാൻ എൽ.ഡി.എഫിനായത്. അത് തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ മാസങ്ങൾ നീണ്ടു നിന്ന ശ്രമമാണ് കോൺഗ്രസ്സ് നേതാവ് കെ. സുധാകരനും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും നടത്തിയത്. അതിന്റെ വിജയം ശനിയാഴ്ച യു.ഡി.എഫ് ആഘോഷിക്കുകയുമുണ്ടായി. എന്നാൽ എന്തെങ്കിലും കാണാതെ എൽ.ഡി.എഫ് ഡപ്യൂട്ടി മേയർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമോ എന്ന കാര്യത്തിലും യു.ഡി.എഫിനകത്ത് ചർച്ച നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP