Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി എസ് സി പരീക്ഷയിലെ ഉത്തരങ്ങൾ ചോർന്ന് കിട്ടിയത് എസ്എംഎസ് വഴിയെന്ന് ശിവരഞ്ജിത്തും നസീമും; തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചിട്ടും കൂടുതൽ വിട്ടുപറയാതെ കുട്ടി സഖാക്കൾ; ചോദ്യപേപ്പർ എങ്ങനെ പുറത്തെത്തി എന്നത് ഇപ്പോഴും അവ്യക്തം

പി എസ് സി പരീക്ഷയിലെ ഉത്തരങ്ങൾ ചോർന്ന് കിട്ടിയത് എസ്എംഎസ് വഴിയെന്ന് ശിവരഞ്ജിത്തും നസീമും; തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചിട്ടും കൂടുതൽ വിട്ടുപറയാതെ കുട്ടി സഖാക്കൾ; ചോദ്യപേപ്പർ എങ്ങനെ പുറത്തെത്തി എന്നത് ഇപ്പോഴും അവ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി എസ് സി പരീക്ഷയിൽ എസ്എംഎസ് വഴി ഉത്തരങ്ങൾ ചോർന്ന് കിട്ടിയെന്ന് ശിവരഞ്ജിത്തും നസീമും. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഇരുവരും തയ്യാറായില്ല. പിഎസ്‌സിയിൽ തട്ടിപ്പ് നടത്തിയെന്ന് പ്രതികൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികൾ സമ്മതിച്ചു. അതെ സമയം ചോദ്യങ്ങൾ പുറത്തുപോയതിനെക്കുറിച്ച് വ്യക്തത പ്രതികളിൽ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചില്ല. ചോദ്യം എങ്ങനെ പുറത്തെ പോയി എന്നത് സംബന്ധിച്ച് പ്രതികൾ മറുപടി നൽകുന്നില്ലായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. രണ്ട് പ്രതികളും വ്യത്യസ്ത തരത്തിലുള്ള മൊഴികളാണ് നൽകിയത് എന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ അഖിൽ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്നു. പരീക്ഷയിൽ 55 ചോദ്യങ്ങൾക്ക് ഉത്തരമറിയാമായിരുന്നു, ബാക്കിയുള്ളത് ഊഹിച്ചെഴുതിയതാണെനന്നായിരുന്നു ശിവരഞ്ജിത്ത് നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. പഠിച്ചാണ് പി.എസ്.സി പരീക്ഷയെഴുതിയതെന്ന് നസീമും മൊഴി നൽകി.

അതിനിടെ ശിവരഞ്ജിത്തിനെതിരെ വ്യാജരേഖ ചമച്ചതിന് പൊലീസ് കേസെടുത്തു. മോഷണം, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സർവ്വകലാശാല ഉത്തരപ്പേപ്പർ മോഷ്ടിച്ചതിനും, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലുണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തട്ടിപ്പിന്റെ പ്രധാന കേന്ദ്രം ജില്ലയിലുള്ള കോച്ചിങ് സെന്ററാണെന്നാണ് ക്രൈംബ്രാഞ്ചിനു കിട്ടിയ വിവരം. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു നൽകിയത് ഈ കോച്ചിങ് സെന്ററിലെ അദ്ധ്യാപകരാണ്. ശിവരഞ്ജിത്തും, പ്രണവും ഷഫീറും ഈ കോച്ചിങ് സെന്ററിൽ പോകാറുണ്ടായിരുന്നു. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ഗോകുലിനെ പരിചയപ്പെടുന്നതും ഇവിടെ വച്ചാണ്. ചോദ്യപേപ്പർ ചോർത്താൻ യൂണിവേഴ്‌സിറ്റി കോളജിലെ അദ്ധ്യാപകരും കൂട്ടു നിന്നോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ഒരേ ബാർകോഡുള്ള ചോദ്യപ്പേപ്പർ കിട്ടിയതിൽ ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി ആസ്ഥാനത്തെത്തി കൺട്രോളറടക്കം പരീക്ഷാ ചുമതലയുള്ള ഉദ്യഗസ്ഥരുടെ മൊഴിരേഖപ്പെടുത്തി. സ്ഥിരമായി പരീക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരാണ് സംശയത്തിന്റെ നിഴലിൽ.

പരീക്ഷ നടന്നു ഒരു വർഷം കഴിഞ്ഞുള്ള കോൾലിസ്റ്റ് പരിശോധനയാണ് ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നത്. മാത്രമല്ല ഉത്തര സന്ദേശങ്ങൾ അയച്ചെന്ന കരുതുന്ന മൊബൈൽ നമ്പരുകൾ പരസ്യപ്പെടുത്തിയത് പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായകരമായതെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം

യൂണിവേഴ്‌സിറ്റി കോളജ് ജീവനക്കാരുടെ സഹായത്തോടെ ചോർത്തിയ ചോദ്യപേപ്പറുകൾ ഗോകുലിന്റേയും കല്ലറ സ്വദേശി ഷഫീറിന്റേയും കൈകളിൽ എത്തുകയായിരുന്നു. ഇവരാണ് ഉത്തരങ്ങൾ ശിവരഞ്ജിത്തിന്റേയും പ്രണവിന്റെ മൊബൈലിലേക്കും അയച്ചത്. കെ.എ.പി നാലാം ബറ്റാലിയൻ പരീക്ഷയിൽ ശിവരഞ്ചിത്തിനു ഒന്നാം റാങ്കും പ്രണവിനു രണ്ടും നസീമിനും ഇരുപത്തിയെട്ടാം റാങ്കുമാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP