Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരാളുടെ കുടുംബശ്രീ അംഗത്വം റദ്ദ് ചെയ്യാൻ കഴിയില്ല; വിസ്മയ അയൽകൂട്ടത്തിലെ അംഗങ്ങൾ പിരിഞ്ഞ് പോകാൻ അപേക്ഷിച്ചത് കത്ത് മുഖേനെയും നേരിട്ടും; പുതിയ യൂണിറ്റ് രൂപീകരിക്കാൻ പത്ത് പേരെ ചേർത്താൽ മതി; ജയലക്ഷമിയുടെ അംഗത്വം റദ്ദാക്കിയിട്ടില്ല; വിശദീകരണവുമായി കുടുംബശ്രീ അധികൃതർ

ഒരാളുടെ കുടുംബശ്രീ അംഗത്വം റദ്ദ് ചെയ്യാൻ കഴിയില്ല; വിസ്മയ അയൽകൂട്ടത്തിലെ അംഗങ്ങൾ പിരിഞ്ഞ് പോകാൻ അപേക്ഷിച്ചത് കത്ത് മുഖേനെയും നേരിട്ടും; പുതിയ യൂണിറ്റ് രൂപീകരിക്കാൻ പത്ത് പേരെ ചേർത്താൽ മതി; ജയലക്ഷമിയുടെ അംഗത്വം റദ്ദാക്കിയിട്ടില്ല; വിശദീകരണവുമായി കുടുംബശ്രീ അധികൃതർ

എം മനോജ് കുമാർ

കൊച്ചി: ജയലക്ഷ്മിയുടെ കുടുംബശ്രീ അംഗത്വം റദ്ദ് ചെയ്യപ്പെട്ടിട്ടില്ലെന്നു കുടുംബശ്രീ അധികൃതർ. കുടുംബശ്രീ അംഗത്വം വന്നാൽ ആർക്കും അത് റദ്ദാക്കാൻ കഴിയാത്ത രീതിയിലാണ് കുടുംബശ്രീയുടെ ഘടനയെന്നും കുടുംബശ്രീ അധികൃതർ പറഞ്ഞു. അതുകൊണ്ട് തന്നെ എന്റെ കുടുംബശ്രീ അംഗത്വം തിരിച്ചു നൽകണമെന്ന വിലാപത്തിനു അർത്ഥമില്ലെന്നും കുടുംബശ്രീ അധികൃതർ വ്യക്തമാക്കി. കുടുംബശ്രീ യൂണിറ്റ് പിരിച്ചു വിട്ടത് അടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജയലക്ഷ്മി ആത്മഹത്യാ ഭീഷണി മുഴക്കി ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തുകയും ദുരിതങ്ങൾ നേരിടുകയും ചെയ്തപ്പോഴാണ് ജയലക്ഷ്മി നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മറുനാടൻ ഇന്നു വാർത്ത നൽകിയത്. മറുനാടൻ വാർത്ത വിവാദമായതിനെ തുടർന്നാണ് കുടുംബശ്രീ അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നത്. ജയലക്ഷ്മിയുടെ വിസ്മയ അയൽക്കൂട്ടം പിരിച്ചു വിട്ടത് നിർബന്ധിച്ചല്ല. അതിലുള്ള യൂനിറ്റ് അംഗങ്ങൾ പിരിഞ്ഞു പോകാൻ അപേക്ഷിച്ച് കുടുംബശ്രീയ്ക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ കൊല്ലമാണ് അയൽക്കൂട്ടം പിരിച്ചു വിട്ടത്. ആദ്യം പതിനാറു പേർ അതിൽ അംഗങ്ങൾ ആയി ഉണ്ടായിരുന്നു. പതിനൊന്നു പേർ നേരിട്ടും രണ്ടു പേർ കത്ത് മുഖേനയും പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങിനെയാണ് ആ യൂണിറ്റ് പിരിച്ചു വിടുന്നത്.

ജയലക്ഷ്മിയെ സംബന്ധിച്ച് സെസിൽ ഒരു ക്യാന്റീൻ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു കുടുംബശ്രീ യൂനിറ്റ് ജയലക്ഷ്മിക്ക് ആവശ്യമുണ്ടായിരുന്നു. ജയലക്ഷ്മിയുടെ അയൽക്കൂട്ടം പ്രശ്‌നവുമായി ബന്ധപ്പെട്ടു ഞങ്ങൾ ഒരു മീറ്റിങ് വിളിച്ചു കൂട്ടിയിരുന്നു. അങ്ങിനെ ചർച്ച നടന്നപ്പോൾ പിരിഞ്ഞു പോകാനുള്ള ആളുകൾക്ക് പിരിഞ്ഞു പോകാൻ അനുവാദം നൽകിയിരുന്നു. അങ്ങിനെയാണ് ആ അയൽക്കൂട്ടം യൂനിറ്റ് പിരിച്ചു വിടുന്നത്. പിന്നെ അത് തുടരണമെങ്കിൽ പത്ത് പേർ മിനിമം ആവശ്യമുണ്ട്. മൂന്നു പേർ ജയലക്ഷ്മിക്ക് ഒപ്പമുണ്ടായിരുന്നു. അതിനാൽ ഏഴു പേരെ കൂടി ചേർക്കാൻ അവരോടു ആവശ്യപ്പെട്ടിരുന്നു. ഒരു അയൽക്കൂട്ടത്തിനു മിനിമം പത്തുപേർ വേണം. അപ്പോൾ പത്തുപേരെ ഉൾപ്പെടുത്തി ഒരു പൂർണ കുടുംബശ്രീ യൂനിറ്റ് ആക്കണമെന്നു അവരോടു ആവശ്യപ്പെട്ടിരുന്നു. അത് എത്രയും പെട്ടെന്ന് അവർ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പക്ഷെ യൂണിറ്റ് അവർ രൂപീകരിച്ചില്ല. പക്ഷെ ഇത് സംബന്ധിച്ച് പിന്നെ പരാതി ജയലക്ഷ്മിയുടെ ഭാഗത്ത് നിന്നും വന്നില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ ഞങ്ങൾ അറിഞ്ഞില്ല. പക്ഷെ അവരുടെ ക്യാന്റീൻ കോൺട്രാക്റ്റ് പുതുക്കുന്ന ഘട്ടത്തിൽ കുടുംബശ്രീ യൂണിറ്റിന്റെ പ്രശ്‌നം വന്നിരിക്കാം. അപ്പോൾ അതുമായി ബന്ധപ്പെട്ടായിരിക്കാം ഇപ്പോൾ അവർ വീണ്ടും പ്രശ്‌നമുണ്ടാക്കുന്നത് എന്നാണ് ഞങ്ങൾ കരുതുന്നത്-കുടുംബശ്രീ വ്യക്തമാക്കുന്നു.

ജയലക്ഷ്മിയെ സംബന്ധിച്ച് ആളുകൾ അവർ കൊണ്ടുവന്നു കുടുംബശ്രീ യൂനിറ്റ് ഉണ്ടാക്കണം. പത്തുപേർ ഉണ്ടെങ്കിൽ ഞങ്ങൾ അവർക്ക് അംഗീകാരം നൽകും. പുതിയ ഏഴുപേരെ കൂടി ചേർത്ത് അഫിലിയേഷൻ പുതുക്കേണ്ടത് അവരുടെ ചുമതലയാണ്. സെസിലെ ക്യാന്റീൻ പ്രശ്‌നം സെസിലെ അധികാരികൾക്ക് തീരുമാനിക്കാവുന്നതാണ്. അതിനു പക്ഷെ കുടുംബശ്രീയുമായി ബന്ധമില്ല. പക്ഷെ ജയലക്ഷ്മിയുടെ അയൽക്കൂട്ടം താത്കാലികമായി പ്രവർത്തന രഹിതമാണ്. പക്ഷെ എല്ലാം ജയലക്ഷ്മിയുടെ കയ്യിലാണ്. ജയലക്ഷ്മി പറയുന്നത്
കുടുംബശ്രീ അഫിലിയേഷൻ പുതുക്കി നല്കുന്നില്ലാ എന്നാണ്. പക്ഷെ നിയമപ്രകാരം അവർ പത്തുപേരെ ചേർത്ത് അഫിലിയേഷന് അപേക്ഷിക്കണം. ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം പത്തു പേർ ജയലക്ഷ്മിക്ക് ഒപ്പമില്ല. ഈ ഘട്ടത്തിൽ നിയമപരമായി കുടുംബശ്രീയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അവരുടെ കൂടെ അഞ്ചു പേർ മാത്രമേയുള്ളൂ. അതിനാൽ ഞങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ഇതിൽ ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ പുതുക്കാനും കഴിയില്ല- കുടുംബശ്രീ വിശദീകരിക്കുന്നു. പക്ഷെ ജയലക്ഷ്മി തീർത്തും വ്യത്യസ്തമായ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടാണ് രംഗത്ത് വന്നത്. സിഡിഎസ് ചെയർപേഴ്സണിന്റെ മുന്നിലേക്ക് ഇന്ന് മണ്ണെണ്ണ ഒഴിച്ച് സ്വയം മരിക്കാൻ ഞാൻ തയ്യാർ. എനിക്ക് എന്റെ കുടുംബ ശ്രീ അംഗത്വം തിരിച്ചു കിട്ടണം. അല്ലങ്കിൽ നഗരസഭയ്ക്ക് മുമ്പിൽ തീ കൊളുത്തി മരണം. ഒരു ആർ എസ് എസുകാരിക്ക് കുടുംബശ്രീ പാടില്ലേ.....-സോഷ്യൽ മീഡിയ ഏറെ ഞെട്ടലോടെയാണ് ഈ പോസ്റ്റിനെ കണ്ടത്. തൃക്കാക്കര സ്വദേശിയായ ജയലക്ഷ്മി ഫെയ്സ് ബുക്ക് വഴി ആത്മാഹുതി ഭീഷണി നടത്തിയത് കാക്കനാട് സെസിലെ കുടുംബശ്രീ കാന്റീൻ അടച്ചുപൂട്ടാൻ തൃക്കാക്കര സിപിഎമ്മും തൃക്കാക്കര കുടുംബശ്രീയുടെ മേധാവികളും വാർഡ് കൗൺസിലർമാരും നടത്തുന്ന നെറികെട്ട നീക്കങ്ങൾക്കെതിരെയാണ്. ജീവിക്കാൻ നിവൃത്തിയില്ലാത്തതിന്റെ പേരിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്നത് എന്നാണ് അവർ വ്യക്തമാക്കിയത്.

സെസിൽ കുടുംബശ്രീ യൂണിറ്റ് നടത്താൻ കാക്കനാട് സെസ് അധികൃതർ നടത്തിയ നീക്കങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ കൂടിയാണ് വാർഡ് കൗൺസിലറും ഒരു വിഭാഗം സിപിഎം നേതാക്കളും നടത്തുന്നതെന്നാണ് ജയലക്ഷ്മി ആരോപിച്ചത്. അച്ഛനും, ഭർത്താവും നഷ്ടപ്പെട്ട് കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന തനിക്ക് ജീവിക്കാനുള്ള സാഹചര്യം കാക്കനാട് സിപിഎം അനുവദിച്ച് തരുന്നില്ല. താൻ ബിജെപി ആണെന്ന പേരിലാണ്, സംഘി ആണെന്ന പേരിലാണ് പ്രതികാര നടപടികൾ വരുന്നത്. സിപിഎമ്മിന്റെ തട്ടകത്തിൽ സംഘികളെ വാഴിക്കില്ലാ എന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്ന് താൻ ആത്മാഹുതിയുടെ വക്കിലാണ്.

സെസ് ക്യാന്റീൻ നടത്താനായി കുടുംബശ്രീ യൂണിറ്റ് രൂപീകരിച്ച് വീട് വരെ പണയപ്പെടുത്തി ഇതുവരെ പത്ത് ലക്ഷം രൂപയോളം സ്വന്തം പേരിൽ ലോൺ എടുത്ത് ബാധ്യതകൾ പേറി ജീവിക്കുന്ന തന്റെ നേരെ സിപിഎം നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണ്. സെസ് ക്യാന്റീൻ കുടുംബശ്രീയുടെ പേരിലായതിനാൽ ക്യാന്റീൻ നടത്തിപ്പ് ഇല്ലാതാക്കാൻ സിപിഎം ഇടപെട്ടു തന്റെ കുടുംബശ്രീ അംഗത്വം തന്നെ റദ്ദ് ചെയ്തു. കുടുംബശ്രീ അംഗത്വം ഇല്ലെങ്കിൽ സാങ്കേതികമായി ക്യാന്റീൻ നടത്തിപ്പ് ഇല്ലാതാക്കാം. അതിനായി ഏപ്രിൽ മുതൽ തന്റെ കുടുംബശ്രീ അംഗത്വം സിപിഎം നേതൃത്വം ഇടപെട്ടു റദ്ദ് ചെയ്തിരിക്കുകയാണ്.

താൻ രൂപീകരിച്ച കുടുംബശ്രീ യൂണിറ്റിന്റെ അഫിലിയേഷനും സിപിഎമ്മും കുടുംബശ്രീ മേധാവികളും ചേർന്ന് റദ്ദാക്കി. ക്യാന്റീൻ നടത്തിപ്പ് തുടരാൻ തനിക്ക് കഴിഞ്ഞില്ലെങ്കിൽ, ബാധ്യതകൾ പേറി ആത്മഹത്യ ചെയ്യേണ്ടി വരും. അതിനാണ് ആത്മാഹുതി ഭീഷണി പരസ്യമായി നടത്തിയത്- ജയലക്ഷ്മി മറുനാടൻ മലയാളിയോട് പറഞ്ഞു.

ജയലക്ഷ്മി മറുനാടനോട് കഥ പറയുന്നു

എന്റെ താമസം തൃക്കാക്കരയിലെ പത്താം വാർഡിലാണ്. നാല് പെൺകുട്ടികൾ അടങ്ങിയ കുടുംബമാണ് എന്റെത്. അച്ചനില്ല. അമ്മയാണ് എന്നെയും സഹോദരിമാരെയും നോക്കി വളർത്തിയത്. എന്റെ വിവാഹം കഴിഞ്ഞതാണ്. പക്ഷെ ഞങ്ങൾ സ്വയം പിരിഞ്ഞു. ഒരു മകളാണ് എനിക്ക്. പിജി എടുത്തിട്ടുണ്ട്. ഒപ്പം എൽഐസി ഏജന്റുകൂടിയാണ്. 2017-ൽ ഞാൻ വിസ്മയ എന്ന പേരിലുള്ള ഒരു കുടുംബശ്രീ രൂപീകരിച്ചിരുന്നു. 24 അംഗങ്ങൾ ഉള്ള കുടുംബശ്രീയായിരുന്നു.

ഞാൻ ബിജെപിയായിരുന്നതിനാൽ എനിക്ക് കുടുംബശ്രീ രൂപീകരിക്കാൻ വലിയ തടസങ്ങൾ ആണ് വന്നത്. സിപിഎം ഈ കുടുംബശ്രീ രൂപീകരണത്തിനു എതിര് നിന്നിരുന്നു.പക്ഷെ ഞങ്ങൾ കുടുംബശ്രീ ഞങ്ങൾ രൂപീകരിക്കുക തന്നെ ചെയ്തു. കാക്കനാട് മാർക്കറ്റിൽ എനിക്ക് ഒരു തട്ട് കടയുണ്ടായിരുന്നു. സെസിലെ ആളുകൾ ഈ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ വരും. അവർ പറഞ്ഞു ഒരു ടെൻഡർ നൽകി സെസിലെ കാന്റീൻ ഏറ്റെടുക്കാൻ. കെ.വി.മൂസ എന്ന വ്യക്തി അവിടെ 15 വർഷമായി കാന്റീൻ നടത്തുകയായിരുന്നു. പക്ഷെ ഈ ക്യാന്റീൻ നടത്തിപ്പിൽ സെസ് അധികൃതർക്ക് തൃപ്തിയുണ്ടായിരുന്നില്ല. അവരിൽ നിന്നാണ് പുതിയ ടെൻഡർ വഴി കുടുംബശ്രീ സംരംഭമായി ഞങ്ങൾ കാന്റ്റീൻ ഏറ്റെടുത്തത്. ഇത് സിപിഎമ്മിനും മറ്റുള്ളവർക്കും രുചിച്ചില്ല. ഇതോടെ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു.

സെസിൽ കുടുംബശ്രീ ക്യാന്റീൻ വന്നത് സെസ് അധികൃതരുടെ താത്പര്യപ്രകാരം

പൊതുവായി കാന്റീനിൽ റേറ്റ് കുറവായതുകൊണ്ട് ആരും കാന്റീൻ ഏറ്റെടുക്കാൻ ധൈര്യം കാണിക്കില്ല. പക്ഷെ സെസിലെ കാന്റീൻ ലാഭകരമാണ്. 85 കമ്പനികളും 16000 ജീവനക്കാരുമുള്ള സ്പെഷ്യൽ സോൺ ആണിത്. ഇവിടെ ഭക്ഷണം കഴിക്കാൻ വേറെ ഓപ്ഷൻ ഇല്ല. ഇവരുടെ ക്ഷണം സ്വീകരിച്ച് കുടുംബശ്രീയിൽ സംസാരിച്ചു ഞങ്ങൾ ടെൻഡർ നൽകി. ഞങ്ങൾക്ക് തന്നെ ടെൻഡർ ലഭിക്കുകയും ചെയ്തു. സെസിൽ കുടുംബശ്രീ കൊണ്ടുവരാൻ സെസ് അധികൃതർക്ക് താത്പര്യവുമുണ്ടായിരുന്നു.

മൂന്നു മാസം പ്രൊബേഷൻ പിരീഡ് ആണ്. വിജയകരമല്ലെങ്കിൽ അത് തുടരാൻ അനുവദിക്കില്ല എന്ന് സെസ് ഞങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചാണ് ഞങ്ങൾ കാന്റീൻ പ്രവർത്തനം മുന്നോട്ടു നീക്കിയത്. പക്ഷെ കുടുംബശ്രീ ചെയർപേഴ്സൺ, വാർഡ് കൗൺസിലർ, സിപിഎമ്മിന്റെ ആളുകൾ എല്ലാം ഞങ്ങൾക്ക് എതിരെ നിന്നു. എങ്ങിനെയും സംരംഭം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനാണ് അവർ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒട്ടുവളരെ പ്രശ്നങ്ങൾ എനിക്ക് വ്യക്തിപരമായി നേരിടേണ്ടി വന്നു.

ഞാൻ ബിജെപി അനുഭാവിയായ കുടുംബശ്രീ അംഗമാണ്. അവർക്ക് സിപിഎം അനുഭാവമുള്ള കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന കാന്റീൻ ആക്കി മാറ്റണം. അതിനായി ഞങ്ങൾ നടത്തിയ കുടുംബശ്രീയിൽ പിളർപ്പുണ്ടാക്കി. ഞാൻ രൂപീകരിച്ച കുടുംബശ്രീയിൽ നിന്ന് എന്നെ പുറത്താക്കി. ഞാൻ വാങ്ങിയ നാല് ലക്ഷം രൂപയുടെ പാത്രങ്ങളും ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളും കാന്റീനിൽ ഉണ്ടായിരിക്കെയാണ് ഏകപക്ഷീയമായി കുടുംബശ്രീയിൽ പിളർപ്പ് ഉണ്ടാക്കി എന്നെ വെളിയിൽ കളയുന്നത്. സിപിഎം അനുഭാവികൾ ആയ കുടുംബശ്രീ ക്യാന്റീൻ ഏറ്റെടുത്താൽ മതി. നിങ്ങൾ പിന്മാറണം എന്നാണ് സിപിഎമ്മിന്റെ ആളുകൾ എന്നോടു ആവശ്യപ്പെട്ടത്.

കഷ്ടപ്പെട്ട് രാവിലെ അഞ്ചു മണിമുതൽ രാത്രി പതിനൊന്നു മണിവരെ ഞാൻ അധ്വാനിച്ച് നില നിർത്തിയ കാന്റീനിൽ നിന്നാണ് കുടുംബശ്രീയൂണിറ്റിൽ പിളർപ്പുണ്ടാക്കി സിപിഎം എന്നെ പടിയിറക്കിയത്. കുടുംബശ്രീ യൂണിറ്റ് യോഗത്തിലാണ് ഈ ആവശ്യം വന്നത്. കാന്റീൻ നടത്തിപ്പിൽ നിന്നും ജയലക്ഷ്മി പിൻവാങ്ങുകയാണെന്ന് എന്നിട്ട് കുടുംബശ്രീ മിനുട്സിൽ അവർ എഴുതിവെച്ചു. അഞ്ചര ലക്ഷം രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ വാങ്ങി തരാം എന്ന ഉടമ്പടിയിലാണ് അവർ എന്നെ ഒഴിവാക്കിയത്.

പക്ഷെ ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, ലോൺ. അനുബന്ധ രേഖകൾ എല്ലാം എന്റെ പേരിലാണ് എന്ന് അവർ ഓർത്തതേയില്ല. അതുകൊണ്ട് തന്നെ ഫുഡ് ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, കുടുംബശ്രീ ലോൺ എന്നീ കാര്യങ്ങളിൽ പുതിയ നടത്തിപ്പുകാർ അവർ കണ്ണീരു കുടിച്ചു.

നടത്തിപ്പ് അറിയാതെ ക്യാന്റീൻ നടത്തിയപ്പോൾ വെള്ളം കുടിച്ചു

പ്രശ്നങ്ങൾ വന്നിട്ടും എനിക്കും പക്ഷെ സഹകരിക്കാതെ നിൽക്കുക എന്നല്ലാതെ ഒഴിഞ്ഞു പോകാൻ കഴിയുമായിരുന്നില്ല.എന്റെ പേരിലാണ് ഞാൻ കാന്റീൻ നടത്തിപ്പ് ഏറ്റെടുത്തത്. അതുമല്ല എന്റെ അഞ്ചര ലക്ഷം രൂപ ഇവിടെ മുതൽ മുടക്കുമുണ്ട്. പക്ഷെ എന്റെ കുടുംബശ്രീ യൂണിറ്റിൽ പിളർപ്പുണ്ടാക്കിയപ്പോൾ എനിക്ക് വേറെ മാർഗമില്ലായിരുന്നു. അങ്ങിനെയാണ് സെസിലെ കാന്റീൻ നടത്തിപ്പിൽ നിന്നും എന്നെ അവർ ആദ്യം പിന്മാറ്റുന്നത്. ഞാൻ പിന്മാറിയതിനാൽ സിപിഎം നടത്തിയ ഈ കുടുംബശ്രീ കാന്റീനുമായി ഞാൻ സഹകരിച്ചില്ല.

നടത്തിപ്പ് അറിയാതെ അവർ കാന്റീൻ നടത്തിയപ്പോൾ രണ്ടു മാസം പോലും അവർക്ക് നടത്താൻ കഴിഞ്ഞില്ല. ഭക്ഷണം മോശമായി, പരാതികൾ തുരുതുരെ ഉയർന്നു. എന്നിൽ നിന്ന് കാന്റീൻ നടത്തിപ്പ് പിടിച്ചു വാങ്ങിയവർ വലിയ നഷ്ടമുണ്ടാക്കിയാണ് രായ്ക്കുരാമാനം സ്ഥലം വിട്ടത്. ജോലിക്കാർക്കുള്ള ശമ്പളം പോലും ബാക്കിയാക്കിയാണ് അവർ സ്ഥലം കാലിയാക്കിയത്. പിന്നീട് സെസ് അധികൃതർ എന്നെ വിളിപ്പിച്ചു. എന്റെ പേരിലാണ് ക്യാന്റീൻ എന്നതിനാൽ ഞാൻ തന്നെ ഏറ്റെടുത്ത് നടത്തണം എന്നാവശ്യപ്പെട്ടു. കരാർ എന്റെ പേരിലാണ്. അതിനാൽ എനിക്ക് പിന്മാറാൻ കഴിയില്ല. തുടർന്ന് ഞാൻ ക്യാന്റീൻ നടത്തിപ്പ് വേറൊരു കുടുംബശ്രീ യൂണിറ്റ് രൂപീകരിച്ച് നടത്തിയപ്പോൾ ഗുണ്ടായിസത്തിലൂടെയാണ് സിപിഎം എന്നെ ഇവർ നേരിട്ടത്. എന്റെ വീട്ടിലേക്ക് സിപിഎമ്മുകാർ കല്ലെറിയുക.

വീട് കത്തിക്കുക എന്ന് ഭീഷണി മുഴക്കുക ഇതെല്ലാം സ്ഥിരം പരിപാടിയായി. ഇതെല്ലാം കണ്ടു അമ്മ പലപ്പോഴും കരഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇത് സഹിക്കാൻ കഴിയാതെയാണ് കുടുംബശ്രീയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തും എന്ന് പറഞ്ഞു ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. നിലവിൽ സിപിഎമ്മിന്റെ പലവിധ ഭീഷണികൾ കാരണം തൃക്കാക്കര നഗരസഭയിൽ പണിയെടുത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്.

മിനുട്സ് ബുക്ക് ബലമായി പിടിച്ചുവാങ്ങി എന്റെ കുടുംബശ്രീ യൂണിറ്റ് പിരിച്ചുവിട്ടു

ഹാർഡ് വർക്കാണ് ഞാൻ ചെയ്യുന്നത്. ക്യാന്റീൻ നടത്തുന്നു, എൽഐസി എജന്റ്റ് ആണ്, കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നു. ഇതെല്ലാം ചെയ്തിട്ടാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ സിപിഎം ശല്യം കാരണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. കരീം, വാർഡ് കൗൺസിലർ നാസർ, സിഐടിയുവിന്റെ ബിജുരാജ് തുടങ്ങി ഒട്ടനവധി പേരുണ്ട് എനിക്കെതിരെ കരുനീക്കാൻ. ക്യാന്റീൻ നടത്താതിരിക്കാൻ എന്റെ കുടുംബശ്രീ അവർ ബലമായി പിരിച്ചുവിടുകയും ചെയ്തു. മിനുട്സ് ബുക്ക് എല്ലാം കൈവശം വച്ചാണ് അവർ കുടുംബശ്രീ യൂനിറ്റ് പിരിച്ചുവിട്ടത്.

പിന്നീട് വേറെ കുടുംബശ്രീ യൂനിറ്റ് രൂപീകരിച്ചാണ് ഞാൻ ക്യാന്റീൻ നടത്തിപ്പ് തുടരുന്നത്. കുടുംബശ്രീയ്ക്ക് രാഷ്ട്രീയമില്ല. സിപിഎം അംഗങ്ങളെ ചേർക്കാൻ പറഞ്ഞാണ് ഇപ്പോൾ സിപിഎം പ്രശ്നമുണ്ടാകുന്നത്. ഒരിക്കലും ഒരു സ്ത്രീയ്ക്കും സഹിക്കാൻ കഴിയാത്ത ദ്രോഹമാണ് സിപിഎം എന്നോടു കാട്ടുന്നത്. എന്റെ കുടുംബശ്രീ പിരിച്ചു വിട്ടതുകൊണ്ട് ബാങ്ക് ലോൺ ലഭിച്ചില്ല. അതിനാൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ ലോൺ എടുത്താണ് ഇപ്പോൾ ക്യാന്റീൻ നടത്തുന്നത്. അതിന്റെ പലിശ ഇപ്പോൾ ഞാൻ കൊടുത്തുകൊണ്ടിരിക്കുകയുമാണ്. ഇപ്പോൾ കുടുംബശ്രീയുടെ ഒരു രൂപയുടെ ആനുകൂല്യം പോലും പറ്റാതെയാണ് ക്യാന്റീൻ നടത്തുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കേസുണ്ട്.

മനുഷ്യാവകാശ കമ്മിഷനിൽ പരാതിയും നൽകിയിട്ടുണ്ട്. ഈ പരാതിയിൽ നടപടികൾ നടന്നുവരുന്നുമുണ്ട്. ജീവിക്കാൻ അനുവദിക്കുന്നില്ല. കടങ്ങൾ വീട്ടണമെങ്കിൽ എനിക്ക് ക്യാന്റീൻ നടത്തിയേ പറ്റൂ. സിപിഎം പക്ഷെ അതിനു അനുവദിക്കുന്നില്ല. അതിനാൽ എനിക്ക് ക്യാന്റീൻ നടത്തി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കണം. നടക്കുന്നത് മനുഷ്യാവകാശധ്വംസനമാണ് നടക്കുന്നത്. ഇതാണ് പരാതിയിൽ ഞാൻ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ വീട് പണയപ്പെടുത്തിയാണ് അഞ്ചു ലക്ഷം രൂപ ലോൺ എടുത്തത്.

ക്യാന്റീൻ നടത്തിപ്പ് ഒഴിവാക്കാൻ ഭക്ഷണത്തിൽ വിഷം കലർത്താൻ വരെ ശ്രമം

ഞാൻ കാന്റീൻ നടത്തുന്ന സമയത്ത് വലിയ തലവേദനയാണ് സിപിഎമ്മുകാർ ഉണ്ടാക്കിയത്. ഭക്ഷണം നല്ലതല്ലെന്നു പറയുക, ഭക്ഷണത്തിൽ വിഷം കലർത്താൻ വരെ ശ്രമം നടത്തി. ഇതോടെ സെസ് അധികൃതരുടെ നിർദ്ദേശപ്രകാരം രഹസ്യമായി എനിക്ക് ക്യാമറ വരെ സ്ഥാപിക്കേണ്ടി വന്നു. സിഐടിയുക്കാർ ഞങ്ങൾ ഉണ്ടാക്കിയ വടയ്ക്ക് വരെ വന്നു കുറ്റം പറയുമായിരുന്നു. പിന്നെയാണ് ഞങ്ങളുടെ കുടുംബശ്രീ യൂണിറ്റിൽ പിളർപ്പ് ഉണ്ടാക്കാൻ സിപിഎം ശ്രമം തുടങ്ങിയത്. ഇങ്ങിനെ പല അംഗങ്ങളെയും അവർ പിൻവലിപ്പിച്ചു. അങ്ങനെയാണ് പാത്രം കഴുകാൻ അന്യ സംസ്ഥാന തൊഴിലാളികളെ എനിക്ക് നിർത്തേണ്ടി വന്നത്.

എന്റെ കുടുംബശ്രീ യൂണിറ്റിലെ സ്ത്രീകളുടെ ഭർത്താക്കന്മാരെ സ്വാധീനിച്ചാണ് അവർ യൂനിറ്റ് അംഗങ്ങളെ പിൻവലിപ്പിച്ചത്. എല്ലാത്തിനും ചുക്കാൻ പിടിച്ചത് വാർഡ് കൗൺസിലർ എം.എം.നാസർ, സിഡിഎസ് ചെയർപേഴ്സൺ രജിതാ ഗിരീശൻ, എഡിഎസ് ചെയർ പേഴ്സൺ ലൈലാ ലാൽ ജോസ്, എഡിഎസ് സെക്രട്ടറി ചിത്ര, പതിനഞ്ചാം ഡിവിഷൻ കൗൺസിലർ സ്മിതാ സണ്ണി, മുൻ കൗൺസിലർ രജിമോൾ മത്തായി എന്നിവരാണ്. കുടുംബശ്രീ ഫണ്ട് വക മാറ്റി ചിലവഴിക്കാൻ മിടുക്കികൾ ആണിവർ. ഇവർക്ക് കുടുംബശ്രീ സംരംഭം വരുന്നത് ഇഷ്ടമല്ല. കുടുംബശ്രീ പൊളിക്കാൻ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം എന്നാണ് എനിക്ക് തോന്നിയിരുന്നത്. ആ രീതിയിലാണ് ഇവർ പെരുമാറിയത്. പക്ഷെ ഇവർ തട്ടിക്കൂട്ടിയ കാന്റീൻ സംരംഭം പൊളിഞ്ഞപ്പോൾ പിന്നെ ഒന്നും ചെയ്യാൻ ഇവർക്ക് കഴിഞ്ഞില്ല. സെസ് അധികൃതർ പുതിയ കുടുംബശ്രീ യൂണിറ്റ് ഉണ്ടാക്കി കാന്റീൻ നടത്തിക്കൊണ്ട് പോകാൻ എന്നോടു ആവശ്യപ്പെട്ടു.

കാരണം കാന്റീൻ കോൺട്രാക്റ്റ് എന്റെ പേരിലാണ്. ഞാൻ വീണ്ടും കാന്റീൻ തുടങ്ങിയപ്പോൾ 25 രൂപയ്ക്ക് നൽകുന്ന ഊണിന്റെ പേരിൽ സിപിഎം കുറ്റം പറയാൻ ആളുകളെ വിട്ടു തുടങ്ങി. 25 രൂപയുടെ ഊണിനു കുറ്റം പറയാൻ 25 പേരെ വിടും. ഇവർ ഊണിനു കുറ്റം പറയും. 25 രൂപയ്ക്ക് എവിടെ നിന്ന് ഊണ് കിട്ടും എന്ന് കൂടി ഓർക്കേണ്ടതുണ്ട്. സാമ്പാർ, ചോറ്, തോരൻ, അച്ചാർ, പപ്പടം തുടങ്ങിയത് അടക്കമുള്ളതാണ് ഊണ്. ഒരു സബ്സിഡിയും തരുന്നുമില്ല. കറന്റ്, വെള്ളം, സ്ഥലവാടക എല്ലാം അടയ്ക്കുന്നുമുണ്ട്.

എന്നെയും മകളെയും രാത്രി തടഞ്ഞുവെക്കാനും ശ്രമം

ഇതിന്നിടയിൽ എന്നെ രാത്രി തടഞ്ഞുവെക്കാനും ശ്രമം നടന്നു. രാത്രി പത്തരയോടെ ഞാനും മോളും വണ്ടിയിൽ ക്യാന്റീനിൽ നിന്ന് ഇറങ്ങിയ ഉടനെയാണ് മുൻപ് ക്യാന്റീൻ നടത്തിയിരുന്ന കെവിൻ എന്നെ തടഞ്ഞുവെച്ചത്. ആൾ അൽപ്പം മദ്യപിച്ചിരുന്നു. ഭാര്യയെ കുടുംബശ്രീയിൽ ചേർക്കാം. വാർഡ് കൗൺസിലർ അടക്കമുള്ള ആളുകൾ നമുക്ക് ക്യാന്റീൻ നടത്തുന്ന കാര്യത്തിൽ പിന്തുണയും നൽകും. ഇത് പറയുന്നത് രാത്രി പത്തരയ്ക്കും. ഒരു ധാരണയ്ക്കും തയ്യാറല്ലെന്ന് പറഞ്ഞു അയാളുമായി എനിക്ക് ഇടയേണ്ടി വന്നു. വണ്ടിയിൽ ആണ് ഇയാൾ കയറിപ്പിടിച്ചത്. മോൾ പേടിക്കുകയും ചെയ്തു. വേണ്ടി വന്നാൽ അയാളെ കൈകാര്യം ചെയ്യണമെന്നു മനസ്സിൽ കരുതി പതുക്കെ കൈ തട്ടിമാറ്റി ഞാൻ രക്ഷപ്പെടുകയായിരുന്നു. രാവിലെ സംസാരിക്കാം എന്ന് പറഞ്ഞാണ് ഞാനും മോളും അവിടുന്ന് രക്ഷപ്പെട്ടത്.

ആദ്യം കാന്റീൻ നടത്തിയ ആളുകളെ മാറ്റിയാണ് എനിക്ക് കാന്റീൻ തന്നത്. അത് ഭക്ഷണം മോശമായത് കാരണമാണ്. അതിനാലാണ് ഞങ്ങളുടെ ഭക്ഷണവും മോശമാണ് എന്ന് വരുത്തി തീർക്കാൻ ആളുകളെ കുറ്റം പറയാൻ സിപിഎം ഏർപ്പാട് ചെയ്തതും. അത് ഫലിക്കില്ലാ എന്ന് ബോധ്യമായപ്പോൾ പിന്നെയും കുടുംബശ്രീ തന്നെ ഇവർ ആയുധമാക്കി. കുടുംബശ്രീയിൽ പിളർപ്പുണ്ടാക്കിയാണ് ഇവർ കാന്റീൻ നടത്തിപ്പ് എന്നിൽ നിന്നും എടുത്ത്മാറ്റിയത്. അത് ഫലിക്കാത്തതിനാലാണ് വീണ്ടും കുടുംബശ്രീയിൽ തന്നെ ഇവർ പിടിമുറുക്കിയത്.കാരണം കുടുംബശ്രീയുടെ പേരിലാണ് കാന്റീൻ നടത്തിപ്പ്. ഇത് സിപിഎമ്മിന്റെ കയ്യിലാണ്. കുടുംബശ്രീ യൂനിറ്റ് ഇല്ലെങ്കിൽ കാന്റീൻ നടത്തിപ്പ് കഴിയില്ലാ എന്ന് അവർക്കറിയാം. അതിനാൽ ഈ കഴിഞ്ഞ ഏപ്രിൽ മാസം പുതുക്കിത്തരേണ്ട കുടുംബശ്രീ അഫിലിയേഷൻ ഇതുവരെ പുതുക്കി തന്നിട്ടില്ല. അത് കാന്റീൻ നടത്തിപ്പ് എടുത്തുകളയാൻ വേണ്ടിയാണ്. സിപിഎം ആണ് കുടുംബശ്രീ നിയന്ത്രിക്കുന്നത് എന്നതിനാൽ ഇവർ അഫിലിയേഷൻ പുതുക്കി തരുന്നില്ല.

നമ്മൾ അവരുടെ കാലു പിടിക്കണം.അതിനാണ് അഫിലിയേഷൻ പുതുക്കാത്തത്. ആത്മാഭിമാനമുള്ളവളാണ്ഞാൻ. സിപിഎമ്മിന്റെ കാലുപിടിക്കുന്നതിനെക്കാളും നല്ലത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിക്കുന്നതാണ്. ഇതുകൊണ്ട് തന്നെയാണ് ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തും എന്ന് പറഞ്ഞു ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്. ഞാൻ കുടുംബശ്രീയുടെ പേരിലാണ് കാന്റീൻ തുടങ്ങിയിരിക്കുന്നത്. അഫിലിയേഷൻ നല്കാതിരിക്കുന്നത് നിയമം വഴി എന്നെ ഒഴിവാക്കാനുള്ള ശ്രമമാണ്. ഇവിടെ നടക്കുന്നത് തനി സിപിഎം ഗുണ്ടായിസം. കാക്കനാട് വലിയ സംരംഭങ്ങൾ തുടങ്ങാനുള്ള മേഖലയാണ്. സംരംഭങ്ങൾ മുടക്കി ഇവർ വലിയ ക്രൂരതയാണ് കാട്ടുന്നത്-ജയലക്ഷ്മി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP