Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുത്തുമലയും കവളപ്പാറയും ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കുവാൻ ബ്രിട്ടൻ മുന്നിൽ നിൽക്കും; കാലാവസ്ഥാ പ്രവചനത്തിൽ ഇന്ത്യക്കു കൈ കൊടുക്കാനുള്ള തീരുമാനം കേരളത്തിനും ദുരന്തഭീതി ഒഴിവാക്കാൻ സഹായകമാകും; ഇരു രാജ്യങ്ങളും ഒന്നിക്കുമ്പോൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പ്രളയ ബാധിതർ തന്നെ

പുത്തുമലയും കവളപ്പാറയും ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കുവാൻ ബ്രിട്ടൻ മുന്നിൽ നിൽക്കും; കാലാവസ്ഥാ പ്രവചനത്തിൽ ഇന്ത്യക്കു കൈ കൊടുക്കാനുള്ള തീരുമാനം കേരളത്തിനും ദുരന്തഭീതി ഒഴിവാക്കാൻ സഹായകമാകും; ഇരു രാജ്യങ്ങളും ഒന്നിക്കുമ്പോൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പ്രളയ ബാധിതർ തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ മൺസൂൺ ദുരന്തത്തെ ലോക ശാസ്ത്ര സമൂഹം വേദനയുടെയും ഒപ്പം ഭയാശങ്കകളോടെയുമാണ് കാണുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം നേടിയ മുന്നേറ്റം ഇത്തരം ദുരന്തങ്ങളെ മുൻകൂട്ടി കണ്ടു തടയുന്നതിൽ പരാജയമാകുന്നത് ലോക രാഷ്ട്രങ്ങൾ സ്വന്തം പരാജയമായി കൂടി വീക്ഷിക്കുകയാണ്. അടുത്ത കാലത്തു ഇന്ത്യയിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റിനെ മുൻകൂട്ടി കണ്ടു ആവശ്യമായ മുൻകരുതൽ എടുക്കാൻ ഇന്ത്യക്കൊപ്പം ലോക രാഷ്ട്രങ്ങളും കൃത്യമായ കാലാവസ്ഥ പ്രവചനം നൽകിയതുകൊണ്ടാണ് സാധ്യമായത്.

എന്നാൽ ഇത്തവണ മൺസൂൺ ശക്തിയായി പെയ്യും എന്ന പതിവ് മുന്നറിയിപ്പ് നൽകിയ ശാസ്ത്ര സാങ്കേതിക വിഭാഗങ്ങൾക്ക് ഒരു പ്രദേശത്തു മാത്രം ശക്തിയായി പെയ്തിറങ്ങുന്ന മഴയെ മുൻകൂട്ടി കാണുന്നതിൽ പരാജയം സംഭവിച്ചുവെന്നതാണ് യാഥാർഥ്യം. എന്നാൽ ഈ അത്ഭുത പ്രതിഭാസം പൊടുന്നനെ രൂപം കൊള്ളുക ആയിരുന്നു എന്നാണ് പിന്നീട് കുസാറ്റ് ശാസ്ത്ര സാങ്കേതിക സർവകലാശാല റഡാർ വിഭാഗം മേധാവി അടക്കമുള്ളവർ പ്രതികരിച്ചത്. ഇത്തരം ഒരു കാലാവസ്ഥ മാറ്റം മുൻകൂട്ടി പറയുക അസാധ്യമായിരുന്നു എന്ന മട്ടിലാണ് ഉത്തരവാദിത്തപ്പെട്ട നിരീക്ഷണ ഏജൻസികൾ പറഞ്ഞു ഒഴിയാൻ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ തേടി സഹായ ഹസ്തം എത്തുന്നത്. എങ്ങനെ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയാം എന്നാണ് ഇപ്പോൾ ഈ ഏജൻസികൾ നിരീക്ഷിക്കുന്നത്. അടുത്ത മൺസൂൺ സീസണിൽ കേരളം ഹോട്ട് സ്‌പോട്ട് ആയി വിദേശ കാലാവസ്ഥ വിഭാഗങ്ങൾ അടക്കം ഉള്ളവർ ശ്രദ്ധ നൽകും എന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.

തുടർച്ചയായി രണ്ടു വർഷം പേമാരി പെയ്തിറങ്ങാൻ കാരണമായ കാലാവസ്ഥ മാറ്റം കേരളത്തിന്റെ അന്തരീക്ഷത്തിൽ രൂപം കൊള്ളാൻ കാരണമായ സാഹചര്യവും ഈ ഏജൻസികൾ നിരീക്ഷണ വിധേയമാക്കും. ഇതനുസരിച്ചു മുൻകരുതലും കലാവസ്ഥ വ്യതിയാനം ശക്തി പ്രാപിക്കുന്നത് തടയാൻ ഉള്ള മാർഗങ്ങൾ കേരളം സ്വീകരിക്കാൻ ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും ലോക കാലാവസ്ഥ വിഭാഗങ്ങൾ കൈമാറും എന്ന സൂചനയാണ് ബ്രിട്ടൻ നൽകുന്നത്.

ഏറ്റവും കുറ്റമറ്റ രീതിയിൽ കാലാവസ്ഥ പ്രവചനം നടത്തുന്ന ബ്രിട്ടീഷ് മെറ്റ് ഓഫിസും ഇന്ത്യൻ മിനിസ്ട്രി ഓഫ് എർത്ത് സയൻസും ചേർന്നാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. വെതർ ആൻഡ് ക്ലൈമറ്റ് സയൻസ് ഫോർ സർവീസ് പാർട്ണർഷിപ്പ് ആണ് പഠനം ക്രോഡീകരിക്കുന്നത്. ഈ മൺസൂൺ ഇന്ത്യയിലെ ഒരു ബില്യൺ ആളുകളെ ഇതിനകം ബാധിച്ചു കഴിഞ്ഞതായാണ് ഈ ഏജൻസിയുടെ കണ്ടെത്തൽ. കേരളത്തിൽ മാത്രം ഈ വർഷം നൂറിലേറെ പേരുടെ മരണവും കഴിഞ്ഞ വർഷം 400 ലേറെ മരണവും സംഭവിച്ച സാഹചര്യത്തിൽ അത്യന്തം ഗൗരവം നിറഞ്ഞ സമീപനമാണ് അന്താരാഷ്ട്ര ഏജൻസികൾ നൽകുന്നത്.

ആവശ്യമായ മുൻകരുതൽ നടപടി അടക്കമുള്ള മാർഗനിർദേശങ്ങൾ ഇതേതുടർന്ന് കേരളത്തിന് ലഭ്യമാക്കാൻ ഉള്ള സാഹചര്യമാണ് ഈ ഏജൻസികൾ ഒരുക്കുന്നത്. ഇതിനായി കേരളം കേന്ദ്ര സർക്കാരുമായി കൈകോർത്തു നീങ്ങേണ്ടി വരും. ആവശ്യമായ എല്ലാ നിർദേശവും സമയാസമയം നൽകുവാൻ ശ്രമിക്കുന്നുണ്ട് എന്നാണ് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കുന്നത്.

നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം ഇതോടെ കേരള സർക്കാരിൽ നിക്ഷിപ്തമാകുകയാണ്. മറ്റു രംഗങ്ങളിലെ പോലെ നിഷ്‌ക്രിയത്വ സമീപനം കാലാവസ്ഥ മുന്നറിയിപ്പുകളിൽ കേരളം തുടർന്നാൽ ഭാവിയിൽ വൻദുരന്തം കാണേണ്ടി വരുമെന്ന സൂചനയും കാലാവസ്ഥ ഏജൻസികൾ നൽകുന്നുണ്ട്. ഓരോ വർഷവും ലഭിക്കുന്ന മഴയുടെ 80 ശതമാനം ലഭിക്കുന്ന മൺസൂൺ കാലം ഉദാസീന സമീപനത്തോടെ സ്വീകരിച്ചാൽ ദുരന്തം കേരളത്തെ വീണ്ടും കാത്തിരിക്കുന്നു എന്ന മുന്നറിയിപ്പാണ് സംയുക്ത പഠനം നൽകുന്ന മുന്നറിയിപ്പ്.

കേരളത്തിൽ ഇപ്പോൾ ഉയരുന്ന മേഘ വിസ്‌ഫോടന തിയറിയെ പോലും സംശയത്തോടെയാണ് അന്താരാഷ്ട്ര ഏജൻസികൾ നോക്കുന്നത്. സ്വന്തം വീഴ്ച മറക്കാൻ ഉള്ള ശ്രമമാണോ ഇതെന്നും അന്താരാഷ്ട്ര ഏജൻസികൾ സംശയിക്കുന്നു. കൃത്യമായ കാലാവസ്ഥ പഠന റിപ്പോർട്ടുകൾ നൽകാൻ ഇന്ത്യൻ ഏജൻസികളെ സഹായിക്കുകയാണ് ബ്രിട്ടീഷ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രഥമ ദൗത്യം. പ്രധാനമായും മൺസൂൺ കാലത്തു എങ്ങനെ ദുരന്ത വ്യാപ്തി കുറയ്ക്കാൻ സഹായിക്കാം എന്ന പഠനത്തിന് ഇക്കഴിഞ്ഞ രണ്ടു പ്രളയ കാലവും പഠന വിഷയമാകും.

ഇത്തരം ദുരന്തങ്ങൾ ഒരു പ്രദേശത്തിന്റെ മാത്രം വേദനയല്ലെന്നും ലോകം മുഴുവൻ ഇതിനു വ്യാപ്തി ഉണ്ടെന്നുമാണ് നിരീക്ഷണ ഏജൻസികളുടെ വ്യാഖ്യാനം. ഇത്തരം ദുരന്തങ്ങളെ ഒരു വെല്ലുവിളി ആയി സ്വീകരിക്കാൻ ലോകം തയ്യാറെടുക്കുകയാണ്. ലോക സുരക്ഷാ, ദുരന്തത്തിന്റെ ആഴം കുറയ്ക്കൽ, സാമ്പത്തിക സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കൽ എന്നിവയ്ക്കും ദുരന്തങ്ങളെ തടയേണ്ടത് ലോകത്തിന്റെ തന്നെ നിലനിൽപ്പിനു ആവശ്യമാണ് എന്ന തിരിച്ചറിവിലാണ് ശാസ്ത്ര സാങ്കേതിക സഹകരണത്തിന് ഇന്ത്യയും ബ്രിട്ടനും കൈകോർക്കുന്നത്.

ഇന്ത്യ അടുത്തകാലത്ത് വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹങ്ങളെ കൂടുതൽ പ്രയോജനപ്പെടുത്താൻ ബ്രിട്ടന്റെ സഹായം ഉപകരിച്ചേക്കും. കഴിഞ്ഞ അമ്പതു വർഷത്തിനിടയ്ക്കു ഏഷ്യ വൻകര 5000 വൻ ദുരന്തങ്ങളെ കണ്ടു കഴിഞ്ഞു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു ഉയർന്ന നിരക്കാണിത്. ഈ ദുരന്തങ്ങളിൽ ഏറെയും കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണെന്നും ഗൗരവമർഹിക്കുന്നു. ഭാവിയിൽ മഴ ശക്തിയായി പെയ്യുന്ന സമയവും സ്ഥലവും പ്രവചിക്കുക എന്ന വെല്ലുവിളി ആകും കാലാവസ്ഥ ഏജൻസികൾ ഏറ്റെടുക്കുക.

മഴ പെയ്യുന്ന കൃത്യമായ സമയവും സ്ഥലവും പ്രവചിക്കുവാൻ കഴിഞ്ഞാൽ കേരളം പോലെയുള്ള സംസ്ഥാനത്തിന് വളരെ അധികം ഗുണം ചെയ്യും. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ജലസ്രോതസ്സുകൾ ഉപകാര പ്രദമായ രീതിയിൽ കൈകാര്യം ചെയ്യുവാനും കാലാവസ്ഥാ പ്രവചനം വളരെയേറെ ഗുണം ചെയ്യും. 2002ലും കഴിഞ്ഞ വർഷവും ലഭിച്ച മഴ ഇതിന് ഉദാഹരണമാണ്. സാധാരണ ലഭിക്കുന്ന മഴയുടെ പകുതി മാത്രമാണ് 2002ൽ ലഭിച്ചത് എന്നാൽ കഴിഞ്ഞ വർഷം വെള്ളപ്പൊക്കവും പേമാരിയും അടക്കം ഉണ്ടായി. ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി നിർണയിക്കുവാൻ കഴിഞ്ഞാൽ വെള്ളപ്പൊക്കത്തേയും വരൾച്ചയേയും നേരിടാൻ കർഷകർക്ക് നേരത്തെ തന്നെ തയ്യാറെടുക്കുവാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP