Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ബ്രിട്ടനിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതരും കേരളത്തിലേക്ക്; യോഗ്യത ഉള്ളവർക്ക് ഒരു പണവും ഇല്ലാതെ യുകെയിലെത്താം: ഏജൻസിക്കാരുടെ ചതിയിൽ വീണ് പണം കളയരുത്

മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ബ്രിട്ടനിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതരും കേരളത്തിലേക്ക്; യോഗ്യത ഉള്ളവർക്ക് ഒരു പണവും ഇല്ലാതെ യുകെയിലെത്താം: ഏജൻസിക്കാരുടെ ചതിയിൽ വീണ് പണം കളയരുത്

ലണ്ടൻ: ഗൾഫ് രാജ്യങ്ങളിലെ യുദ്ധസാഹചര്യം മൂലം ഇവിടങ്ങളിൽ നിന്നും ജോലി നഷ്ടമായി കേരളത്തിലെത്തിയ നിരവധി നഴ്‌സുമാരുണ്ട്. നഴ്‌സിങ് പഠിച്ചിറങ്ങി മതിയായ യോഗ്യതകൾ എല്ലാം ഉണ്ടായിട്ടും അർഹതപ്പെട്ട ജോലി ലഭിക്കാത്തവർക്ക് ഇപ്പോഴിതാ ഒരു സുവർണാവസരം വന്നിരിക്കുന്നു. മതിയായ യോഗ്യതകളുള്ള മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ യുകെയിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതർ കേരളത്തിൽ എത്താനിരിക്കയാണ്. ഷോർട്ട് കട്ടുകളില്ലാതെ ബ്രിട്ടനിലെത്തി മികച്ച ആശുപത്രികളിൽ നഴ്‌സായി ജോലി നോക്കാനുള്ള അവസരമാണ് മലയാളി നഴ്‌സുമാരെ തേടിയെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ പൊതുമേഖല ആരോഗ്യ ട്രസ്റ്റുകൾ റിക്രൂട്ടിംഗിന് നേരിട്ട് കേരളത്തിലെത്തുന്നതോടെ ഇടനിലക്കാരുടെ കൈകളിൽ പണം കൊടുത്ത് വഞ്ചിതരാകാതെ ബ്രിട്ടനിൽ എത്താനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. നഴ്‌സിങ് രംഗത്തെ യോഗ്യതകൾക്ക് പുറമേ ഐഇഎൽടിഎസ് 7 ഉള്ളവരെ മാത്രമേ സെലക്ട് ചെയ്യുകയുള്ളൂ.

അതേസമയം മലയാളി നഴ്‌സുമാർക്ക് കൈവന്നിരിക്കുന്ന സുവർണാവസരം മുതലാക്കി തട്ടിപ്പിലൂടെ പണമുണ്ടാക്കാൻ റിക്രൂട്ടിങ് ഏജൻസികൾ രംഗത്തിറങ്ങുമെന്ന് ഉറപ്പുള്ളതിനാൽ ഐഇഎൽടിഎസ് 7 ഇല്ലാത്തവർ പണം നൽകി വഞ്ചിതരാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഒരു കാരണവശാലും അഞ്ച് നയാപൈസപോലും ഏജന്റുമാർക്ക് നൽകി ചതിക്കപ്പെടരുത്. ഒരു പണവും നൽകാതെ അവർക്ക് യുകെയിലേക്ക് വരാൻ അവസരങ്ങൾ അനേകമാണ്. നഴ്‌സുമാരില്ലാതെ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) എൻഎച്ച്എസ് വീർപ്പുമുട്ടാൻ തുടങ്ങിയതോടെയാണ് റിക്രൂട്ട്‌മെന്റ് ഉദ്യമവുമായി എൻഎച്ച്എസ് ട്രസ്റ്റുകൾ കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.

നാല് വിഷയങ്ങളിലും 7 വാങ്ങിയ ഐഇഎൽടിഎസ് ജയിച്ചവർക്ക് ബാക്കി നടപടികൾ ഒക്കെ എൻഎച്ച്എസ് തന്നെ ചെയ്ത് തരും. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെയ്ക്ക്ഫീൽഡ് എൻഎച്ച്എസ് ആശുപത്രി കേരളത്തിൽ എത്തി നടത്തിയ റിക്രൂട്ട്‌മെന്റുകളെത്തുടർന്ന് നൂറോളം നഴ്‌സുമാർ അടുത്ത ആഴ്ച ബ്രിട്ടനിലെ ബ്രാഡ്‌ഫോർഡിൽ ജോലിക്കായി പോകുകയാണ്. അടുത്ത മാസം ഒടുവിൽ കൊച്ചിയിലും ഡൽഹിയിലും നടക്കുന്ന റിക്രൂട്ട്‌മെന്റിലൂടെ 300 നഴ്‌സുമാരെ കണ്ടെത്ത എന്ന ലക്ഷ്യത്തോടെയാണ് എൻഎച്ച്എസിന്റെ കീഴിലുള്ള മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി കേരളത്തിലേക്ക് എത്തുന്നത്. ഇങ്ങനെ സമാന ലക്ഷ്യങ്ങളോടെ അനേകം ട്രസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തും.

കുടിയേറ്റക്കാർക്കെതിരെ കർശന നിയന്ത്രണങ്ങളാണ് യുകെയിലെ സർക്കാർ ഏർപ്പെടുത്തിയെങ്കിലും ആവശ്യത്തിന് സ്ഥിര നേഴ്‌സുമാർ ഇല്ലാതെ വിഷമിക്കുന്ന നാഷണൽ ഹെൽത്ത് സർവസിനെ രക്ഷിക്കാൻ വേണ്ടിയാണ് വിവിധ രാജ്യങ്ങളിൽ നിന്നും നേഴ്‌സുമാരെ നേരിട്ട് റിക്രൂട്ട്‌ചെയ്യുന്നത്. ഇതിന്റെ ഗുണം ഏറ്റവും ലഭിക്കുന്നത് മലയാളികൾക്കാകും. ഇംഗ്ലീഷ് പരിജ്ഞാനവും ക്ഷമാ ശീലവും ആത്മാർഥതയും ഒക്കെ ഏറെയുണ്ടെന്നതാണ് ഇന്ത്യൻ നഴ്‌സുമാരെ തേടി എൻഎച്എസ് ട്രസ്റ്റുകൾ എത്താൻ കാരണം. തങ്ങളുടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ തന്നെയാണ് ഇതിന് ഇവർക്ക് ഉദാഹരണം.

ബ്രിട്ടനിലെ ആശുപത്രികളിൽ ഇന്ത്യൻ ഫിലിപ്പീൻ നഴ്‌സുമാർ നല്ലൊരു ശതമാനം ഓവർടൈം ജോലി ചെയ്യുന്നുണ്ട്. ഇവരിൽ എല്ലാവർക്കും ബ്രിട്ടീഷ് പൗരത്വം ലഭിച്ചതോടെ സ്വന്തം വാർഡിലെ ഓവർ ടൈം ജോലി ചെയ്യാതെ ഏജൻസി ഡ്യൂട്ടികൾ ചെയ്തു തുടങ്ങിയതോടെയാണ് ഭൂരിഭാഗം എൻഎച്ച്എസ് ഹോസ്പിറ്റലുകളിലും നേഴ്‌സ് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്. കടുത്ത കുടിയേറ്റ നിയന്ത്രണവും കൂടിയായതോടെ യുകെയുടെ വാതിലുകൾ ഇന്ത്യൻ നഴ്‌സുമാരുടെ മുന്നിൽ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്തു. എന്നാൽ നഴ്‌സിങ് ക്ഷാമം രൂക്ഷമായതോടെയാണ് എൻഎച്ച്എസ് വീണ്ടും മലയാളി നഴ്‌സുമാരെ തേടിയെത്തുന്നത്. കൂടാതെ ബ്രിട്ടനിൽ നിന്നു നിരവധി പേർ ഓസ്‌ട്രേലിയായിലേക്കും കാനഡയിലേക്കും കുടിയേറിയതും മലയാളി നഴ്‌സുമാർക്ക് ഗുണകരമായി.

നൂറു മലയാളി നഴ്‌സുമാരാണ് ഇപ്പോൾ കേരളത്തിൽനിന്നും നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിലൂടെ യുകെയിലെ വെയ്ക്ഫീൽഡ് എന്ന സ്ഥലത്തെത്താൻ ഒരുങ്ങുന്നത്. കൊച്ചിയിൽ ഇന്റർവ്യൂവിന് എത്തിയ വേയ്ക്ക് ഫീൽഡ് ഹോസ്പിറ്റലിലെ ലെവൽ ത്രീ മാനേജർ സഹ പ്രവർത്തകരോട് നാട്ടിൽ അവധിയിലുള്ള ഹോസ്പിറ്റൽ സ്റ്റാഫിന്റെ കോൺടാക്റ്റ് നമ്പറിന് വേണ്ടി കൊച്ചിയിൽ നിന്നും വേയ്ക്ക്ഫീൽഡിലേയ്ക്ക് വിളിച്ചപ്പോഴാണ് വേയ്ക്ക്ഫീൽഡ് ഹോസ്പിറ്റലിലെ മലയാളികൾ റിക്രൂട്ട്‌മെന്റിന്റെ വിവരമറിയുന്നത്.

ബ്രാഡ്‌ഫോർഡ് ഹോസ്പിറ്റലിലേക്കും എൻഎച്ച്എസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. സ്‌പെയിനിൽ നിന്നും ഇന്ത്യയിൽ നിന്നും ബ്രാഡ്‌ഫോർഡിലേക്ക് നഴ്‌സുമാരെത്തുമ്പോൾ വേയ്ക്ക്ഫീൽഡ് ഹോസ്പിറ്റലിലേയ്ക്ക് ഇന്ത്യയിൽ നിന്നും മാത്രമാണ് നേഴ്‌സുമാർ വരുന്നത്. ഇന്ത്യയിൽ നിന്നുമുള്ള റിക്രൂട്ട്‌മെന്റിന് നാല് മണിക്കൂർ നേരമുള്ള എഴുത്ത് പരീക്ഷയും അഭിമുഖ പരീക്ഷയും കൂടാതെ ഐഇഎൽടിഎസിന് (ഇംഗ്ലീഷ് അഭിരുചി പരീക്ഷ) മൊത്തത്തിൽ ഏഴും സ്പീംക്കിങ്ങിന് മാത്രം ഏഴും വേണമെന്ന നിർബന്ധമാണ്. ന്യൂഡൽഹിയിലും കൊച്ചിയിലും ആയിട്ടാണ് പരീക്ഷകളും ഇൻർവ്യൂകളും നടന്നത്. കൂടുതൽ അപേക്ഷകരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരായതുകൊണ്ടാണ് കൊച്ചിയിലും പരീക്ഷാ കേന്ദ്രം വന്നത്.

ആർഎൻ ഇന്ത്യ എന്ന ഏജൻസിയാണ് ഇന്ത്യൻ നഴ്‌സുമാർക്ക് എൻഎച്എസ് ട്രസ്റ്റുകളിൽ ജോലി ചെയ്യാനായി അവസരം ഒരുക്കുന്നത്. മുഖാമുഖ അഭിമുഖമാണ് സെൻട്രൽ മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻഎച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് കൊച്ചിയിലും ഡൽഹിയിലുമായി ഏപ്രിൽ 22 മുതൽ 27 വരെ നടത്തുന്നത്. നിങ്ങളുടെ പരിചയക്കാരിൽ ഐഇഎൽടിഎസ് 7 ഉള്ള നഴ്‌സുമാരുണ്ടെങ്കിൽ [email protected]എന്ന ഇമെയിലിലേക്ക് നിങ്ങളുടെ സിവി അയച്ച് നൽകാം. സെൻട്രൽ മാഞ്ചസ്റ്ററിലേക്കാണെന്ന് പരമർശിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രജിസ്റ്റേഡ് നഴ്‌സായി ഒരു വർഷം ജോലി ചെയ്ത നഴ്‌സുമാർക്കാണ് ഇന്റർവ്യുവിൽ പങ്കെടുക്കാൻ അവസരമുള്ളത്. ഐഇഎൽടിഎസ് സ്‌കോർ 7ഉം സ്പീക്കിങ്ങിന് ഏഴും നിർബന്ധമാണ്. തെരെഞ്ഞടുക്കപ്പെടുന്നവർ ബാൻഡ് 5 നഴ്‌സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. എൻഎച്എസ് പെൻഷനും, സ്റ്റാഫ് ബെനഫിറ്റും അവധിയുമുൾപെടെ എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും. ഒരാഴ്ച 37.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. എൻഎംസി രജിട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സഹായവും സാമ്പത്തിക ചിലവും ഫ്‌ലൈറ്റ് ചാർജ്ജുമെല്ലാം ട്രസ്റ്റ് തന്നെ നൽകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP