Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂട്ടുകാരിക്ക് ലോൺ കൊടുക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജരെ കുരുക്കാൻ പൊലീസുകാരിയെ വേഷം മാറ്റി അയച്ചു; വ്യാജ പീഡനകേസിൽ കുടുക്കി അറസ്റ്റ് ചെയ്ത മാനേജരെ മർദ്ദിച്ചു; പേഴ്സി ജോസഫിന്റെ പോരാട്ടത്തിൽ പതറിയ വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് അവസാന രക്ഷയ്ക്ക് ഹർജിയുമായി കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ; ഹർജി തീർപ്പാകും വരെ അന്വേഷണം വേണ്ടെന്ന് ഇടക്കാല വിധി; കുരുക്കഴിക്കാൻ പെടാപാടുപെട്ട് നിശാന്തിനി ഐപിഎസ്

കൂട്ടുകാരിക്ക് ലോൺ കൊടുക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജരെ കുരുക്കാൻ പൊലീസുകാരിയെ വേഷം മാറ്റി അയച്ചു; വ്യാജ പീഡനകേസിൽ കുടുക്കി അറസ്റ്റ് ചെയ്ത മാനേജരെ മർദ്ദിച്ചു; പേഴ്സി ജോസഫിന്റെ പോരാട്ടത്തിൽ പതറിയ വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് അവസാന രക്ഷയ്ക്ക് ഹർജിയുമായി കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ; ഹർജി തീർപ്പാകും വരെ അന്വേഷണം വേണ്ടെന്ന് ഇടക്കാല വിധി; കുരുക്കഴിക്കാൻ പെടാപാടുപെട്ട് നിശാന്തിനി ഐപിഎസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാങ്ക് മാനേജരെ മർദിച്ചെന്ന കേസിൽ വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് നിശാന്തിനിക്ക് താൽകാലിക ആശ്വാസം. നിശാന്തിനിക്കെതിരായ അന്വേഷണം കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സി.എ.ടി.) മരവിപ്പിച്ചു. നിശാന്തിനി നൽകിയ ഹർജി തീർപ്പാകുംവരെ അന്വേഷണം പാടില്ലെന്നാണ് സി.എ.ടി.യുടെ ഉത്തരവ്. ഓൾ ഇന്ത്യ സർവീസ് ചട്ടമനുസരിച്ച് ഒരേ കുറ്റത്തിന് ഒരാൾക്കെതിരേ രണ്ടാംതവണയും അന്വേഷണം നടത്താനാവില്ലെന്നാണ് നിശാന്തിനി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഹർജിക്കാരിക്കെതിരായ ആരോപണം ഗുരുതരമാണെന്നും എ.ഡി.ജി.പി.യുടെ അന്വേഷണം ശരിയല്ലെന്നുമാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് സ്റ്റേ.

സർക്കാർ ഉത്തരവിട്ട പുതിയ അന്വേഷണം തന്റെ ഭാവി നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിശാന്തിനി ഹർജി നൽകിയത്. തൊടുപുഴയിൽ അസി. പൊലീസ് സൂപ്രണ്ടായിരിക്കെ മറ്റു പൊലീസുകാർക്കൊപ്പം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ പേഴ്സി ജോസഫ് ഡെസ്മണ്ടിനെ മർദിച്ചെന്നാണ് നിശാന്തിനിക്കെതിരായ കേസ്. 2011 ജൂലായിലാണ് സംഭവം നടന്നത്. ഇതിൽ, എ.ഡി.ജി.പി. മനോജ് എബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. നിശാന്തിനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് മനോജ് എബ്രഹാം റിപ്പോർട്ട് നൽകിയത്. ഇതു റദ്ദാക്കിയ സർക്കാർ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ അന്വേഷണം തുടങ്ങാൻ ഇനി കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അനുമതി വേണ്ടി വരും. ഇത് വരെ നിശാന്തിനിക്കെതിരെ നടപടി എടുക്കാനാവില്ല. നിലവിൽ അവർ അവധിയെടുത്ത് ഇംഗ്ലണ്ടിൽ ഉപരിപഠനത്തിലാണ്.

ബാങ്ക് മാനേജർ പേഴ്‌സി ജോസഫിനെ 2011 ജൂലൈയിൽ തൊടുപുഴ പൊലീസ് സ്റ്റേഷന്റെ മുകൾ നിലയിലെ എഎസ്‌പി ഓഫിസിൽവച്ച് നിശാന്തിനിയും പൊലീസുകാരും ചേർന്നു മർദിച്ചെന്ന ആരോപണത്തിലാണ്, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സർക്കാർ നടത്തിയത്. അന്വേഷണത്തിൽ കുറ്റക്കാരിയെന്നും കണ്ടെത്തി. എന്നാൽ നടപടി മാത്രം എടുത്തില്ല. ഇതോടെ വീണ്ടും നിയമ പോരാട്ടം ഹൈക്കോടതിയിൽ എത്തി. ഇപ്പോൾ മുമ്പത്തെ എല്ലാ അന്വേഷണത്തിനും പുറമേ സത്യം കണ്ടെത്താൻ ഐഎസ് എസ് ഉദ്യോഗസ്ഥ തല അന്വേഷണം നടക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. ഇതിനെതിരെയാണ് നിശാന്തിനി നിയമ പോരാട്ടം നടത്തുന്നത്.

ഇക്കാര്യത്തിൽ പല അന്വേഷണങ്ങൾ നടത്തിയിരുന്നു. അവസാനമായി ഐജിയായിരുന്ന മനോജ് എബ്രഹാമിനേയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഐജി ദിനേന്ദ്ര കശ്യപിനെ പ്രസന്റിങ് ഓഫീസറുമാക്കി. ഈ അന്വേഷണത്തിൽ നിശാന്തിനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന നിഗമനത്തിൽ എത്തി. ഇതോടെയാണ് വീണ്ടും പരാതി ഹൈക്കോടതിയിൽ എത്തിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും നിശാന്തിനിക്കെതിരെ അന്വേഷണത്തിന് സർക്കാർ തയ്യാറെടുക്കുന്നത്. മനോജ് എബ്രാഹം റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിച്ചെന്നും അതിൽ പിഴവുകളുണ്ടെന്നും ഹൈക്കോടതിയെ ചീഫ് സെക്രട്ടറി ടോം ജോസ് സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. നടപടി ക്രമങ്ങളിൽ വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നും നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഈ പ്രശ്നം പരിശോധിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥൻ പ്രസന്റിങ് ഓഫീസറാകുമെന്നും അറിയിച്ചു.

വായ്പയെടുക്കാൻ എത്തിയ പ്രമീളയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു തന്നെ വിളിച്ചു വരുത്തി മർദിച്ചെന്നാണു പേഴ്‌സിയുടെ പരാതി. ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യത്തിന്റെ ഭാര്യയാണ് നിശാന്തിനി. കള്ളക്കേസ് ഉണ്ടാക്കി യൂണിയൻ ബാങ്കിന്റെ മുൻ തൊടുപുഴ മാനേജർ പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ പൊലീസ് സ്റ്റേഷനിൽ കയറ്റി തല്ലിച്ചതച്ച കേസാണ് നിശാന്തിനിക്ക് വിനയാകുന്നത്. പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ കസ്റ്റഡിയിൽ ദ്രോഹിച്ചെന്ന കേസിൽ പൊലീസുദ്യോഗസ്ഥരുടെപേരിൽ അച്ചടക്കനടപടി ആവശ്യമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരന്റെ പ്രഥമവിവരമൊഴി വിളിച്ചുവരുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഈ നിർദ്ദേശം നൽകിയത്.

തൊടുപുഴ മജിസ്‌ട്രേറ്റുകോടതിയിൽ കേസുള്ള കാര്യം മറച്ചുവെച്ച് അതിലുൾപ്പെട്ട ഏതെങ്കിലും പൊലീസുദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ടോയെന്നും സംസ്ഥാന പൊലീസ് മേധാവി പരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ഉൾപ്പെട്ട പൊലീസുദ്യോഗസ്ഥനായ കെ.ഐ. മുഹമ്മദിന്റെ ഹർജിയിലായിരുന്നു ഹൈക്കോടതി പരാമർശം. 2011 ജൂലായ് 27-ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരാതിക്കാരന്റെ പ്രഥമവിവരമൊഴിയെടുത്തയാളാണ് ഹർജിക്കാരനായ മുഹമ്മദ് എന്ന പൊലീസുകാരൻ. മൊഴി സ്റ്റേഷൻ ഹൗസ് ഓഫീസറെ ഏൽപ്പിച്ചതിന്റെ രേഖ ഹർജിക്കാരൻ ഹാജരാക്കി. പരാതി ഉന്നതപൊലീസുദ്യോഗസ്ഥരുടെ പേരിലാണെന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും ബോധിപ്പിച്ചു. അക്കാര്യം വിലയിരുത്തി ഹർജിക്കാരന്റെ പേരിൽ തൊടുപുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് സിംഗിൾ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. എന്നാൽ, അന്നത്തെ എ.എസ്‌പി.യും രണ്ടു വനിതകളുൾമുൾപ്പെടെ നാലു പൊലീസുദ്യോഗസ്ഥർ നടത്തിയ കടുത്തപീഡനത്തെക്കുറിച്ചാണ് മൊഴിയിൽ പറയുന്നതെന്ന് കോടതി വിലയിരുത്തി. പേഴ്‌സിയെ എ.എസ്‌പി.യുടെ ഓഫീസിലെത്തിച്ചായിരുന്നു മർദിച്ചവശനാക്കിയത്.

വായ്പയ്ക്ക് ബാങ്കിലെത്തിയ വനിതാ പൊലീസുദ്യോഗസ്ഥയുടെ കൈയിൽ കയറിപ്പിടിച്ചെന്നായിരുന്നു പേഴ്‌സിയുടെ പേരിലെ ആക്ഷേപം. വായ്പ നിഷേധിച്ചതിന്റെ പേരിൽ ആക്ഷേപമുന്നയിച്ച് എ.എസ്‌പി.യുടെ ഓഫീസിലെത്തിക്കുകയായിരുന്നു. അത്തരമൊരു പരാതിയിൽ കുറ്റാരോപിതരുടെപേരിൽ ശരിയായ രീതിയിൽ അച്ചടക്കനടപടി വേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പരാതിക്കാരന്റെ പ്രഥമവിവരമൊഴി ഏറെക്കാലം പൊലീസുദ്യോഗസ്ഥർ മനപ്പൂർവം ഒതുക്കിയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ആരോപണവിധേയരെ നിയമനടപടിയിൽനിന്ന് രക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാകാമിത്. ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പ്രഥമവിവരറിപ്പോർട്ട് പുറത്തുവന്നതെന്നും ഹൈക്കോടതിയിൽ ഹാജരാക്കിയതെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തിയിരുന്നു.

ഇതേ കേസിൽ കേസിൽ നിശാന്തിനി ഉൾപ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിരുന്നു. ആരോപണ വിധേയനായ വ്യക്തി ബാങ്ക് മാനേജരായിട്ടും നിശാന്തിനി കേസ് കൈകാര്യം ചെയ്തത് പ്രഫഷനൽ സമീപനത്തോടെയായിരുന്നില്ല. നിശാന്തിനിക്കെതിരെ പൊതുഭരണ വകുപ്പ് തുടർനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. 2011ലാണ് പേഴ്‌സി ജോസഫിനെ നിശാന്തിനി ഐപിഎസ് അടക്കം ഒരു കൂട്ടം പൊലീസുകാർ ചേർന്ന് കള്ളക്കേസിൽ കുടുക്കിയത്. സ്‌കൂട്ടർ വാങ്ങാൻ ലോണിനായി ചെന്ന പ്രമീളാ ബിജു എന്ന പൊലീസുകാരിയുടെ കയ്യിൽ കടന്നു പിടിച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. പേഴ്‌സി ജോസഫിനെ കുരുക്കാൻ കെട്ടി ചമച്ച കള്ളക്കേസാണെന്ന് കണ്ട് 2016 ഏപ്രിൽ 15ന് ഇദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു.

തുടർന്ന് തനിക്കെതിരെ കള്ളക്കേസ് ചമച്ച പൊലീസുകാർക്കെതിരെ പേഴ്‌സി ജോസഫ് നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ് നിശാന്തിനി ഐപിഎസ് അടക്കം പ്രതിക്കൂട്ടിലായത്. അന്നത്തെ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീജ ജയന്റെ ഭർത്താവിന് ബാങ്കിൽ ഒരു ഭവന വായ്പ നിലവിലുണ്ടായിരുന്നു. അതിന്റെ കുടിശിക നിലനിൽക്കുമ്പോൾതന്നെ മറ്റൊരു ലോണിനായി ഇയാൾ ബാങ്കിനെ സമീപിച്ചിരുന്നു. സ്ഥലത്തിന്റെ രേഖകൾ കാണിച്ചാൽ അമ്പതിനായിരം രൂപ കാർഷിക വായ്പ നൽകാമെന്ന് പേഴ്സി ജോസഫ് അറിയിച്ചു. എന്നാൽ അമ്പതിനായിരം രൂപയല്ല മറിച്ച് ഒരു ലക്ഷം രൂപയെങ്കിലും തനിക്ക് വായ്പയായി ലഭിക്കണമെന്ന് ജയൻ നിർബന്ധപ്പെടുകയായിരുന്നുവെന്നും പേഴ്സി പറയുന്നു. അത്തരം ക്രമക്കേടുകളിലൂടെ ഒരു വായ്പയും നൽകാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞപ്പോൾ എങ്കിൽ തൊടുപുഴയിൽ തങ്ങൾ ആരാണെന്നും എന്താണ് തങ്ങളുടെ ശക്തിയെന്നും കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയ ശേഷമാണ് ക്ഷുഭിതനായ ജയൻ ബാങ്കിൽ നിന്നും ഇറങ്ങിപ്പോയതെന്നും പേഴ്സി പറയുന്നു. തുടർന്നാണ് പൊലീസ് ആസൂത്രണം ചെയ്ത നാടകം നടക്കുന്നത്.

തുടർന്ന്, ഷീജാ ജയന്, നിഷാന്തിനിയുമായുണ്ടായിരുന്ന പ്രത്യേക ബന്ധത്തിൽ, പ്രമീള ബിജു, യമുന എന്നീ പൊലീസുകാരികളെ വേഷപ്രശ്ചന്നരാക്കി, വായ്പയെടുക്കാനെന്ന വ്യാജേന ബാങ്കിൽ വിടുകയും കള്ള കേസ് ചമയ്ക്കുകയും ആയിരുന്നു. 2011 ജൂലൈ 25നാണ് കേസ് ആസ്പദമായ സംഭവം ഉണ്ടായതെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. പൊലീസൂകാരികളായ പ്രമീള ബിജു 25-നും, യമുന 26 നും സ്‌കൂട്ടറിന് ലോൺ എടുക്കുവാൻ വേണ്ടി ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. ആ സമയം പ്രതി ക്യാബിനിൽ വച്ച് പ്രമീള ബിജുവിന്റെ ഇരുകൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്. സംഭവത്തിൽ പേഴ്സിയെ പിന്നീട് അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാവുകയും ഇതിന് പിന്നീൽ നിശാന്തിനി ഐപിഎസ് ആണെന്നും കോടതി വിലയിരുത്തിയിരുന്നു.

പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ 38 സാക്ഷികൾ ഉണ്ടായിരുന്നു. ഷീജാ ജയൻ ഉൾപ്പെടെ 17 സാക്ഷികളെ വിസ്തരിച്ചു. ബാങ്ക് മാനേജറുടെയും വാദങ്ങൾ കേട്ട ശേഷണാണ് പൊലീസ് കെട്ടിച്ചമച്ച കേസാണെന്ന് കോടതി വ്യക്തമാക്കിയത്. കേസിലെ തെളിവുകൾവച്ച്, കേസ് പൊലീസിന്റെ നടപടികൾ ക്രൂരവും, മൃഗീയവുമാണെന്ന് കോടതി കണ്ടെത്തി. ഒന്നാം സാക്ഷിയായ പ്രമീള കൂത്താട്ടുകുളത്ത് സ്ഥിരതാമസമാണെന്നും, ഡ്രൈവിങ് അറിയില്ലാതതയാളാണെന്നും, ഭർത്താവ് ബിജുവും തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും, പ്രമീളയുടെ ഒരു സഹോദരനും പൊലീസുകാരനാണെന്നും കോടതി വിചാരണാ വേളയിൽ കണ്ടെത്തി. പ്രമീളയെ ഭർത്താവ് ബിജുവാണ് ബാങ്കിൽ കൊണ്ടുവന്ന് വിട്ടതെന്നും, ഇങ്ങനെയൊരു അപമാനം ഉണ്ടായി എന്ന് പറഞ്ഞിട്ടും, സീനിയർ പൊലീസായ പ്രമീള യാതൊന്നും പ്രതികരിക്കാതിരുന്നതും കേസ് കെട്ടിച്ചമച്ചതിന്റെ തെളിവാണെന്ന് വ്യക്തമായി. സംഭവത്തിന് ശേഷം പ്രമീള കാഞ്ഞിരമറ്റത്തുള്ള അമ്മായിയെ കാണാൻ പോയി എന്നും വ്യക്തമായി.

അന്നേ ദിവസം വൈകിട്ടാണ് കൂത്താട്ടുകുളത്തിന് പോയതെന്നും കോടതി പ്രത്യേകം വിധിന്യായത്തിൽ പരാമർശിച്ചു. കൂടാതെ പിറ്റേന്ന് 26-ന് ഉച്ചയ്ക്ക് 1.30 വരെ മൊഴി കൊടുക്കുവാൻ താമസിച്ചതിലും കോടതി ദുരൂഹതകൾ കണ്ടെത്തി. ആ സമയം പ്രതി പൊലീസ് കസ്റ്റഡിയിൽ സ്റ്റേഷനിൽ ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി. കൂടാതെ, പ്രമീള ബിജു ബാങ്കിൽ ചെന്നസമയം, കന്യാസ്ത്രീകൾ ഉൾപ്പെടെ, പലരും ബാങ്കിൽ ഉണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് പ്രമീള മാനേജരുടെ ക്യാബിനിൽ പ്രവേശിച്ചതും പ്രമീളക്ക് മുൻപരിചയമുള്ള ബാങ്ക് സ്റ്റാഫായ റഹീമിനോട്, താൻ പൊലീസുകാരിയാണെന്ന് മാനേജരോട് പറയണ്ടാ എന്ന് പ്രമീള പറഞ്ഞെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ ബാങ്ക് മാനേജരുടെ ക്യാബിൻ ചില്ലിട്ടതും, എല്ലാ ആളുകൾക്കും വ്യക്തമായി കാണാവുന്നതാണെന്നും ബാങ്കിലുണ്ടായിരുന്ന സി.സി.ടി.വി. യിൽ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളുമില്ലെന്നും വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP