Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാഹന വിപണിയിൽ പണിയില്ലാതെ പുറത്തായത് 2.5 ലക്ഷം പേർ; റിയൽ എസ്റ്റേറ്റ് മേഖലയിൽ വിൽക്കാതെ കിടക്കുന്ന വീടുകളുടെയും ഫ്‌ളാറ്റുകളുടെയും എണ്ണം പെരുകുന്നു; നോട്ട് നിരോധനത്തോടെ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ നീങ്ങുന്നത് തകർച്ചയിലേക്ക്; സാമ്പത്തിക മാന്ദ്യം രൂക്ഷവും രാജ്യത്ത് തൊഴിൽ നഷ്ടവുമേറിയതോടെ നിർമല സീതാരാമനുമായി തിരക്കിട്ട കൂടിയാലോചന നടത്തി മോദി; സമ്പദ് മേഖലയെ ഉഷാറാക്കാൻ പുതിയ ഉത്തേജനപാക്കേജ് വരുമോ?

വാഹന വിപണിയിൽ പണിയില്ലാതെ പുറത്തായത് 2.5 ലക്ഷം പേർ; റിയൽ എസ്റ്റേറ്റ് മേഖലയിൽ വിൽക്കാതെ കിടക്കുന്ന വീടുകളുടെയും ഫ്‌ളാറ്റുകളുടെയും എണ്ണം പെരുകുന്നു; നോട്ട് നിരോധനത്തോടെ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ നീങ്ങുന്നത് തകർച്ചയിലേക്ക്; സാമ്പത്തിക മാന്ദ്യം രൂക്ഷവും രാജ്യത്ത് തൊഴിൽ നഷ്ടവുമേറിയതോടെ നിർമല സീതാരാമനുമായി തിരക്കിട്ട കൂടിയാലോചന നടത്തി മോദി; സമ്പദ് മേഖലയെ ഉഷാറാക്കാൻ പുതിയ ഉത്തേജനപാക്കേജ് വരുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 73 ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രിക്ക് തിരക്കിട്ടൊരു യോഗമുണ്ടായിരുന്നു. ധനമന്ത്രി നിർമല സീതാരാമനും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്. സ്വാഭാവികമായും രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക നില തന്നെയായിരുന്നു ചർച്ചാവിഷയം. വളർച്ചാനിരക്ക് എങ്ങനെ കൂട്ടാം, അതിനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം? ഇതാണ് നരേന്ദ്ര മോദിയെ അലട്ടുന്ന പ്രശ്‌നം.

കഴിഞ്ഞ ആഴ്ച ചേർന്ന നിരവധി അവലോകന യോഗങ്ങളിലെ വിലയിരുത്തൽ നിർമല സീതാരാമൻ മോദിയെ ധരിപ്പിച്ചു. ബാങ്കിങ്, എഫ്എംസിജി, ഓട്ടോ, റിയൽ എസ്‌റ്റേറ്റ്, ഉരുക്ക് മേഖലയിലെ വ്യവസായ പ്രമുഖരുമായാണ് ധനമന്ത്രി കഴിഞ്ഞാഴ്ച ചർച്ച നടത്തിയത്. ഇന്ത്യയെ വൻ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള ശ്രമത്തിനിടെ സാമ്പത്തിക മാന്ദ്യം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗങ്ങൾ ആരായുന്നത്. സാമ്പത്തിക മാന്ദ്യമുണ്ടാക്കിയ വലിയ തൊഴിൽ നഷ്ടത്തിന്റെ കണക്കുകൾ വന്നു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തേടിയത്.

സമ്പദ് ഘടനയെ ഉഷാറാക്കാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ മനസ് തുറന്നിട്ടില്ല. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഒരുമാർഗ്ഗരേഖയാണ് അല്ലെങ്കിൽ പാക്കേജാണ് സർക്കാർ ആലോചിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം ധനമന്ത്രിയെ ധരിപ്പിച്ചതായും നിർദ്ദേശങ്ങളോട് അനുകൂലമായാണ് അവർ പ്രതികരിച്ചതെന്നും വ്യവസായ പ്രതിനിധികൾ പറയുന്നു.

ചിലയിനം ഓട്ടോമൊബൈലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന്റെ സാധ്യത ജിഎസ്ടി കൗൺസിൽ ആലോചിച്ചേക്കും. റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഊർജ്ജം നൽകാൻ ലക്ഷ്യമിട്ട് കെട്ടിടനിർമ്മാണത്തിന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നൽകുന്ന സംവിധാനം പുനഃസ്ഥാപിക്കാനുള്ള സാധ്യതയും ആരായും. ആർബിഐ നിരക്കുകൾ വെട്ടിക്കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കൂട്ടാനുള്ള നടപടികളാണ് വേണ്ടതെന്ന് സിഐഐ കരുതുന്നു.

മാന്ദ്യവിരുദ്ധ പാക്കേജ്

വളർച്ചാനിരക്ക് ഉയർത്തുക എന്നതിൽ തന്നെയാണ് കേന്ദ്രസർക്കാർ ശ്രദ്ധയൂന്നുന്നത്. നികുതി ഇളവുകൾ അടക്കമുള്ള മാന്ദ്യവിരുദ്ധ പാക്കേജ് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉയർന്ന ജിഎസ്ടി നിരക്ക്, കുറഞ്ഞ തൊഴിൽ സൃഷ്ടി, തുടങ്ങിയവ അടക്കം പല ഘടകങ്ങളാണ് വളർച്ചയെ പുറകോട്ടടിക്കുന്നത്. വാഹന-റിയൽ എസ്‌റ്റേറ്റ് മേഖല നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ നിർമല സീതാരാമൻ മുഖ്യമായി ചർച്ച ചെയ്തത്. വാഹന വിപണിയിലെ വിൽപ്പന മാന്ദ്യം വലിയ പ്രശ്‌നം തന്നെ. 50 ലക്ഷത്തിന് മേൽ നികുതി വരുമാനമുള്ളവരിൽ നിന്ന് സർക്കാർ സർചാർജ് പിരിക്കുന്നുണ്ട്. വർഷത്തിൽ രണ്ടുകോടിയിൽ അധികം വരുമാനമുണ്ടെങ്കിൽ ഉയർന്ന സർചാർജ് കൊടുക്കണം. ലക്ഷാധിപതികളിൽ നിന്ന് ഉയർന്ന സർചാർജ് പിരിക്കുന്നതിന്റെ ഫലമായി വിദേശ പോർട്ട്‌പോളിയോ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി ഓഹരി വിപണി കഴിഞ്ഞ രണ്ടാഴ്ച കീഴ്‌പോട്ട് പോയി. ഇക്കാര്യത്തിലുള്ള ആശങ്കയും ധനമന്ത്രി രേഖപ്പെടുത്തി.

തൊഴിൽ നഷ്ടം എങ്ങനെ പരിഹരിക്കും?

സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച തൊഴിൽ നഷ്ടമാണ് പ്രധാനമന്ത്രിയെ അലട്ടുന്ന മുഖ്യവിഷയം. അതുകൊണ്ട് തന്നെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകാനാണ് ധനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യവസായ മേഖലയ്ക്ക് നികുതി ഇളവുകൾ, സബ്‌സിഡി, ആനുകൂല്യങ്ങൾ എന്നിവയടങ്ങുന്ന മാന്ദ്യവിരുദ്ധ പാക്കേജാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. വ്യവസായ മേഖലയുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം കച്ചവടം നടത്താനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാനും പാക്കേജിൽ ശ്രമിക്കും.

സത്യസന്ധരായ നികുതിദായകരെ പീഡിപ്പിക്കുന്ന തരത്തിലാവരുത് പരിഷ്‌കാരങ്ങൾ എന്ന് മോദിക്ക് നിർബന്ധമുണ്ട്. നടപടിക്രമങ്ങൾ ചെറിയ തോതിൽ തെറ്റിക്കുന്നവരെ അമിതമായി ശിക്ഷിക്കുന്നതും ശരിയല്ല. ഉപഭോക്താക്കളുടെ പക്കൽ കൂടുതൽ പണം എത്തിച്ച് ഉപഭോഗം കൂട്ടേണ്ടതും അത്യാവശ്യമാണ്. ചില ഉപഭോക്തൃ വസ്തുക്കളുടെ പരോക്ഷ നികുതി നിരക്കുകൾ കുറച്ച് വില കുറയ്ക്കാനും നടപടിയുണ്ടായേക്കും.

വാഹന വിപണിയെ കൈപിടിച്ചുകയറ്റണം

രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രതിസന്ധിയാണ് വാഹന വിപണി നേരിടുന്നത്. വാഹന വിപണിയെ ഉഷാറാക്കാൻ പ്രത്യേക പാക്കേജ് ധനമന്ത്രാലയം പരിഗണിച്ചുവരികയാണ്. കഴിഞ്ഞാഴ്ച ഓട്ടോമൊബൈൽ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം മന്ത്രി ഉറപ്പുനൽകിയതായാണ് സൂചന. ഓട്ടോമൊബൈലുകളുടെ ജിസ്എടി നിരക്കുകൾ കുറയ്ക്കണമെന്നാണ് വ്യവസായികളുടെ മുഖ്യആവശ്യം. പഴയ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്‌ക്രാപ്പേജ് നയം കൊണ്ടുവരണമെന്നും അങ്ങനെ വാഹനവിൽപ്പന കൂട്ടണമെന്നുമുള്ള ആവശ്യങ്ങളും പരിഗണിച്ചേക്കും. യാത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാറുകളുടെ വിൽപ്പന ജൂലൈയിൽ 35.95 ശതമാനം ഇടിഞ്ഞിരുന്നു. ഇതിന് പുറമേ വാഹന വിപണിയിൽ 2.5 ലക്ഷം തൊഴിൽ നഷ്ടവുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനെയെല്ലാം മറികടക്കാനുള്ള സൂത്രവാക്യങ്ങൾക്കാണ് വാഹനവിപണിക്കായി പ്രത്യേക പാക്കേജ്.

എൻബിഎഫ്‌സികളുടെ തകർച്ച

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയാണ് കേന്ദ്രസർക്കാരിനെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. വാഹനവിപണിയിലേക്ക് പണമൊഴുക്കിയിരുന്നതും ഇത്തരം കമ്പനികളാണ്. അതുകൊണ്ട് എൻബിഎഫ്‌സികളെ രക്ഷിക്കാനും മാർഗ്ഗങ്ങൾ ആരായേണ്ടി വരും. നോട്ടുനിരോധനത്തെ തുടർന്നാണ് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മാന്ദ്യവിരുദ്ധ പാക്കേജ് തയ്യാറാക്കുമ്പോൾ അളവും വലിപ്പവും ഒക്കെ പ്രശ്‌നമാണ്. ധനക്കമ്മി ഈ സാമ്പത്തിക വർഷം 3.4 ശതമാനമായി കൂടി. റവന്യുവരവും പ്രതീക്ഷാവഹമല്ല. സാമ്പത്തിക വളർച്ചാ നിരക്ക് 6.8 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2014-15 ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ച. നേരിട്ടുള്ള വിദേശ നിക്ഷേപം കൂപ്പുകുത്തി. അന്താരാഷ്ട്രതലത്തിലുള്ള വ്യാപാര-കറൻസി യുദ്ധവും സ്ഥിതിഗതികൾ കൂടുതൾ മോശമാക്കി. സാമ്പത്തിക മാന്ദ്യം ചാക്രികമാണെന്നും, നാലാം പാദത്തിൽ വളർച്ചാനിരക്ക് കൂടുമെന്നുമാണ് ആർബിഐ ഗവർണർ ഈ മാസമാദ്യം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാൽ, മാന്ദ്യം കൂടുതൽ വഷളാകുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതെല്ലാം കണക്കിലെടുത്ത് വേണം പാക്കേജ് ഒരുക്കിയെടുക്കാൻ. ഓഹരിവിപണിയിലെ നികുതി സമ്പ്രദായത്തിലും ചില മാറ്റങ്ങൾ വരുത്തുമെന്ന് കേൾക്കുന്നു. ഏതായാലും മോദിയുടെയും നിർമല സീതാരാമന്റെയും സ്റ്റിമുലസ് പാക്കേജിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ വ്യവസായ ലോകം.

2024 ലോടെ 5 ഡോളർ ട്രില്യൺ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. അതിലേക്കുള്ള വലിയ ചുവട് വയ്പ് തന്നെയാകും വരാനിരിക്കുന്ന തീരുമാനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP