Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ദേവാസുരത്തിലെ മോഹൻലാൽ സ്‌റ്റൈലിൽ ഒരാൾ കാറിൽ നിന്നും ഓടി ഇറങ്ങി വന്ന് പൊതിരെ തല്ല് തുടങ്ങി; കാറിൽ നിന്ന് വലിച്ചിറക്കി എന്നെ തല്ലുന്നത് കണ്ട് വന്ന ഹൃദ്രോഗിയായ അച്ഛനെ ഒറ്റയടിക്ക് തള്ളി താഴെയിട്ടു; അമ്മയെയും തല്ലി; ഭാര്യയെ മാറിന് പിടിച്ചാണ് തള്ളിയത്; എന്റെ പപ്പയെ തല്ലല്ലെ അങ്കിൾ എന്ന് എട്ടുവയസുകാരി മകൾ കരഞ്ഞുപറഞ്ഞു': മലപ്പുറത്ത് സൈനികനും കുടുംബത്തിനും നേരേ കാറ് തടഞ്ഞ് നിർത്തി ആക്രമണം; വാദിയെ പ്രതിയാക്കി പൊലീസും

'ദേവാസുരത്തിലെ മോഹൻലാൽ സ്‌റ്റൈലിൽ ഒരാൾ കാറിൽ നിന്നും ഓടി ഇറങ്ങി വന്ന് പൊതിരെ തല്ല് തുടങ്ങി; കാറിൽ നിന്ന് വലിച്ചിറക്കി എന്നെ തല്ലുന്നത് കണ്ട് വന്ന ഹൃദ്രോഗിയായ അച്ഛനെ ഒറ്റയടിക്ക് തള്ളി താഴെയിട്ടു; അമ്മയെയും തല്ലി; ഭാര്യയെ മാറിന് പിടിച്ചാണ് തള്ളിയത്; എന്റെ പപ്പയെ തല്ലല്ലെ അങ്കിൾ എന്ന് എട്ടുവയസുകാരി മകൾ കരഞ്ഞുപറഞ്ഞു': മലപ്പുറത്ത് സൈനികനും കുടുംബത്തിനും നേരേ കാറ് തടഞ്ഞ് നിർത്തി ആക്രമണം; വാദിയെ പ്രതിയാക്കി പൊലീസും

എം മനോജ് കുമാർ

 മലപ്പുറം: മലപ്പുറം ഗുണ്ടാസംഘങ്ങളുടെ കേന്ദ്രമാവുകയാണോ? ഒരു കാരണവും കൂടാതെ കാർ തടഞ്ഞു നിർത്തി ഗുണ്ടകളെപ്പോലെ കാർ യാത്രികരെ ആക്രമിക്കുന്ന സംഭവങ്ങൾ മലപ്പുറത്ത് പെരുകുകയാണ്. കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങൾക്കിടെയാണ് ലേഡി ഡോക്ടറേയും കുടുംബത്തെയും ഒരു സംഘം ഗുണ്ടകൾ കുറ്റിപ്പുറത്തിനു സമീപം കാറിൽ നിന്നിറക്കി മർദ്ദിച്ചത്. ഈ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും പൊലീസ് മടിച്ചിരുന്നു. മറുനാടൻ ഈ വാർത്ത റിപ്പോർട്ട് ചെയ്യുകയും തുടർന്നു സമ്മർദ്ദം മുറുകുകയും ചെയ്തപ്പോഴാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

ദുർബലമായ വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇത് കുറ്റക്കാർക്ക് ഊരിപ്പോരാൻ വഴിയൊരുക്കുന്നതുമായിരുന്നു. ലേഡി ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവം വിവാദമായി തുടരവേ തന്നെയാണ് കഴിഞ്ഞയാഴ്ച കശ്മീരിലെ സൈനികനും കുടുംബത്തെയും ഒരു സംഘം സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമണം നടക്കുന്നത്. കശ്മീരിലെ സൈനിക ഉദ്യോഗസ്ഥനായ സുനിൽബാബുവും കുടുംബവുമാണ് മലപ്പുറം കരിപ്ര മുണ്ടയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആക്രമിക്കപ്പെട്ടത്. ഒരു പ്രകോപനവും കൂടാതെയാണ് നിരപരാധികളായ കാർ യാത്രികർ ആക്രമിക്കപ്പെട്ടത്. ഇവരെ ഇവർ സഞ്ചരിച്ച കാറിൽ നിന്നിറക്കി മർദ്ദിക്കുകയായിരുന്നു.

കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ സംഭവത്തെക്കുറിച്ച് ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും കുറ്റക്കാർക്കെതിരെ ഒരു നടപടിയും വന്നിട്ടില്ല. പ്രതികൾ പ്രബലരായതിനാൽ ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് സൈനികനായ സുനിൽ ബാബുവിന്റെ ആക്ഷേപം. 'അക്കരമ്മൽ സിറാജ്, കച്ചേരി റഫീഖ്, ചേലയ്ക്കൽ സുലൈമാൻ എന്നിവർ അടങ്ങിയ സംഘമാണ് ഞങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്, സുനിൽ ബാബു പറയുന്നു.

എന്നാൽ,ഞങ്ങളുടെ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ കൗണ്ടർ പെറ്റീഷൻ നൽകാനുള്ള അവസരം പ്രതികൾക്ക് നൽകി. ഞങ്ങളുടെ പരാതി കയ്യിൽവെച്ച പൊലീസ് പ്രതികളിൽ നിന്നും വേറെ പരാതി എഴുതി വാങ്ങി. ഇപ്പോൾ ഞങ്ങൾ അവരെ മർദ്ദിച്ചതായും കേസ് വന്നിരിക്കുന്നു. ഇതാണ് സുനിൽബാബു മറുനാടൻ മലയാളിയോട് പറഞ്ഞത്. കൈക്ക് അംഗഭംഗം സംഭവിച്ച എനിക്ക് ആരെയും ആക്രമിക്കാൻ കഴിയില്ല. പിതാവ് ഹൃദ്രോഗിയും. എങ്ങിനെ ഞങ്ങൾ അവരെ ആക്രമിക്കും? ഞങ്ങളെ അവർ ക്രൂരമായി മർദ്ദിച്ചു. എന്നിട്ട് ഇപ്പോൾ ഞങ്ങൾക്കെതിരെയും കേസ് വന്നിരിക്കുന്നു-സുനിൽ ബാബു പറയുന്നു.

സുനിൽ ബാബുവിന്റെ ഭാര്യയും ഹൃദ്രോഗിയായ അച്ഛനും പ്രായമായ അമ്മയുമാണ് ആക്രമിക്കപ്പെട്ടത്. കശ്മീരിൽ വെച്ച് അപകടം സംഭവിച്ചതിനാൽ ചില വിരലുകൾ അറ്റുപോയ സൈനികനാണ് സുനിൽ ബാബു. ഈ സുനിൽ ബാബുവിനെയാണ് കാറിൽ നിന്നും വിളിച്ചിറക്കി ഗുണ്ടാസംഘം തല്ലിയത്. സുനിൽ ബാബുവിനെ തല്ലുന്നത് കണ്ടു ഓടിവന്ന ഹൃദ്രോഗിയായ അച്ഛനെ കാറിൽ എത്തിയ ഗുണ്ടാസംഘം ഒരൊറ്റയടിക്ക് അടിച്ചു താഴെയിട്ടു. മൂക്കിനു ഗുരുതരമായ പരുക്കാണ് അച്ഛനു ഏറ്റത്. ഭാര്യയെ മാറിനു പിടിച്ചു തള്ളുകയും പ്രായമായ അമ്മയെയും അച്ഛനൊപ്പം തള്ളിയിടുകയും ചെയ്തു.

കൂട്ട മർദ്ദനമാണ് അരമണിക്കൂറിനുള്ളിൽ നടന്നത്. സൈനികനെയും കുടുംബത്തെയും നടുറോഡിലിട്ടു ക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടും തടിച്ചു കൂടിയവർ കാഴ്ചക്കാരെ പോലെ നോക്കിനിൽക്കുകയാണ് ചെയ്തത്. മർദ്ദിക്കുന്നവർ പ്രബലരായതിനാലാണ് മർദ്ദനം കണ്ടിട്ടും നാട്ടുകാർ അനങ്ങാതെ നിന്നത് എന്നാണ് ലഭിക്കുന്ന വിവരം. കുറ്റിപ്പുറത്ത് വെച്ച് കാർ യാത്രികയായ ലേഡി ഡോക്ടറും കുടുംബവും ആക്രമിക്കപ്പെട്ടപ്പോഴും നാട്ടുകാർ കൈകെട്ടി നിന്നതായി ലേഡി ഡോക്ടറും മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. സമാന സംഭവമാണ് കരിപ്രമണ്ണയിൽ നടന്നതും. സംഭവത്തെക്കുറിച്ച് സുനിൽ ബാബു മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:

നടുറോഡിൽ ഞങ്ങൾക്ക് ഏറ്റത് ക്രൂരമർദ്ദനം; പൊലീസ് ശ്രമിച്ചത് പ്രതികളെ രക്ഷിക്കാൻ

ഓഗസ്ത് ഒമ്പതിനു ഉച്ചയ്ക്ക് ആണ് മർദ്ദനം എൽക്കുന്നത്. ഞങ്ങൾ പെങ്ങളുടെ വീട്ടിൽ പോയി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു. മലപ്പുറം പുത്തനെഴിയിൽ നിന്നും ആമപ്പൊയിലിലേക്ക് ആണ് ഞങ്ങളുടെ യാത്ര. എന്റെ വീട് ആമപ്പൊയിലിലാണ്. ആക്രമണം നടക്കുന്നത് കരിപ്രമുണ്ട എന്ന സ്ഥലത്ത് വച്ചാണ്. ഞങ്ങൾ യാത്ര തുടരവേ ഒരു വണ്ടി പെട്ടെന്ന് ഞങ്ങളുടെ മുന്നിലേക്ക് വന്നു. അവർ എന്തോ ആംഗ്യം കാണിച്ചു. എന്താണ് എന്ന് എനിക്ക് മനസിലായില്ല. ഞാൻ വണ്ടി നിർത്തി. എന്താണ് എന്ന് അന്വേഷിച്ചു. എന്റെ ചില വിരലുകൾ ശ്രീനഗറിൽ നിന്നും വന്ന അപകടത്തിൽ അറ്റ് പോയതാണ്. അതുകൊണ്ട് കൈയ്ക്ക് ചലന ശേഷി കുറവാണ്. കൈ കൊണ്ട് എല്ലാം ചെയ്യാം. പക്ഷെ എല്ലാം ശ്രദ്ധിച്ച് ചെയ്യണം. അതിനാണ് ഞാൻ വണ്ടി നിർത്തിയത്. നല്ല ചാറ്റൽമഴയുണ്ടായിരുന്നു. എന്താണ് എന്ന് ചോദിച്ചതും ദേവാസുരത്തിലെ മോഹൻലാലിനെപ്പോലെ ഒരാൾ കാറിൽ നിന്നും ഓടി ഇറങ്ങി എന്റെ കാറിനടുത്തെക്ക് വന്നു പൊതിരെ മർദ്ദനമായിരുന്നു. ഞങ്ങളുടെ കാറിന്റെ ഡോർ അയാൾക്ക് ആദ്യം തുറക്കാൻ കഴിഞ്ഞില്ല. സെൻട്രലൈസ്ഡ് ലോക്ക് ആയിരുന്നതിനാൽ ഡോർ വലിച്ചു തുറക്കാൻ അയാൾ ക്ലേശിച്ചു. ചില്ലിന്റെ ഉള്ളിലൂടെ ഡോർ തുറന്നാണ് എന്റെ നേരെ മർദ്ദനം നടത്തിയത്. ഗ്ലാസ് താഴ്‌ത്തിയതും എന്റെ മുഖത്ത് അടിവീണു. എന്റെ സൈഡ് ഡോർ തുറന്നു അയാൾ എന്നെ വലിച്ച് പുറത്തേക്ക് ഇടാൻ ശ്രമിച്ചു. .എനിക്ക് സീറ്റ് ബെൽറ്റ് ഉള്ളത് കാരണം ആദ്യം അത് നടന്നില്ല.

എന്നെ വലിച്ച് പുറത്തേക്ക് ഇട്ട് ക്രൂരമർദ്ദനമായിരുന്നു നടന്നത്. എന്നെ പൊതിരെ തല്ലി. മർദ്ദനം കണ്ടപ്പോൾ കാറിലെ വേറെ ഒരാളും കാർ ഡ്രൈവറും കൂടി ഇറങ്ങി വന്നായി മർദ്ദനം. മർദ്ദിക്കുന്നത് കണ്ടപ്പോഴാണ് എന്റെ അച്ഛൻ തടയാൻ വന്നത്. ഹൃദ്രോഗിയായ അച്ഛനെ അവർ ഒരൊറ്റയടിക്ക് തള്ളി താഴെയിട്ടു. പിന്നെ ഞാൻ കാണുന്നത് അച്ഛന്റെ മൂക്കിൽ നിന്ന് രക്തം വരുന്നതാണ്. എഴുപത് വയസോളമുള്ള ആളെയാണ് മർദ്ദിക്കുന്നത് എന്നോർക്കണം. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞു അച്ഛൻ സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. ആ അച്ഛൻ ആണ് താഴെ കിടക്കുന്നത്. വലിയ ഒരു വടികൊണ്ടായിരുന്നു മർദ്ദനം. ഇതു കണ്ടാണ് ഭാര്യയും അമ്മയും ഓടി വന്നത്. എല്ലാവർക്കും അടികിട്ടി. അമ്മയ്ക്ക് കൈക്ക് പരുക്കുണ്ട്. ഭാര്യയുടെ മാറിനു പിടിച്ചാണ് തള്ളിയത്. പക്ഷെ അവർ വീണില്ല. പക്ഷെ അമ്മ അടികൊണ്ടു താഴെ വീണു. എന്റെ എട്ടുവയസായ മകൾ പപ്പയെ തല്ലല്ലേ എന്ന് പറഞ്ഞു ഉറക്കെ കരഞ്ഞു. മകളുടെ കരച്ചിൽ എന്റെ കാതിൽ പതിക്കുമ്പോഴും ഞാൻ നിസ്സഹായനായിരുന്നു. കരച്ചിൽ എന്റെ കാതിൽ പതിച്ചു കൊണ്ടേയിരുന്നു. മകളുടെ ആർത്തലച്ച കരച്ചിൽ കണ്ടിട്ടും ഞങ്ങളുടെ കുടുംബത്തെ ഒന്നടങ്കം തല്ലുന്നത് കണ്ടിട്ടും കൂടി നിന്ന ഒരാൾ പോലും ഞങ്ങളെ സഹായിക്കാനോ മർദ്ദിച്ചവരെ തടയാനോ വന്നതേയില്ല. കൊല്ലവനെ എന്ന് പറഞ്ഞാണ് മർദ്ദനം നടക്കുന്നത്. ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ മർദ്ദനം ഏറ്റുവാങ്ങേണ്ടി വരുന്നത്. ഒന്നും ചെയ്യാതെയുള്ള മർദ്ദനമാണ് നടക്കുന്നത്. വടി കൊണ്ടാണ് മർദ്ദനം. അമ്മയും അച്ഛനും കരയുന്നതിനു വേറെ കാരണമുണ്ട്. രണ്ടു പെൺകുട്ടികൾക്കിടയിലെ ഏക ആൺ തരിയാണ് ഞാൻ. അങ്ങിനെയുള്ള എനിക്കാണ് അവരുടെ മുന്നിൽ വെച്ച് മർദ്ദനം ഏൽക്കുന്നത്. പിന്നെ വന്ന ഒരു വാഹനത്തിലെ ആളുകൾ വന്നാണ് ഞങ്ങളെ രക്ഷിച്ചത്. അപ്പോഴേക്കും എന്റെ കാറിനും അവർ നാശം വരുത്തിയിരുന്നു.

കാറിലെ ആർമി എന്ന സ്റ്റിക്കർ കണ്ടപ്പോൾ ഏത് ആർമിയായാലും അടികിട്ടും എന്നും അവർ പറയുന്നുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടായി ആർമിയിൽ തുടരുന്ന ആളാണ് ഞാൻ. ആ അഭിമാനം കൊണ്ടാണ് ആർമി എന്ന സ്റ്റിക്കർ ഞാൻ പതിച്ചത്. ഈ സ്റ്റിക്കറും അവരെ രോഷം കൊള്ളിച്ചു എന്ന് എനിക്ക് മനസിലായി. ഞങ്ങൾ കാളികാവ് സർക്കാർ ആശുപത്രിയിൽ പോയി. ഭാര്യയ്ക്ക് ആ സമയം ശ്വാസംമുട്ടൽ വന്നു. നെഞ്ചിനാണ് അവർ അവളെ മർദ്ദിച്ചത്. പിന്നെ അവളെയും കൊണ്ട് ഞങ്ങൾ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോയി. അവിടുന്നാണ് പിന്നെ അവൾക്ക് അല്പം ഭേദമായത്. രാത്രി പതിനൊന്നു മണിവരെ ഞങ്ങൾ ആശുപത്രിയിൽ തുടർന്നു. എന്റെ ദേഹം മുഴുവൻ അടി കിട്ടിയ പാടുകൾ ആയിരുന്നു. കല്ലുകൊണ്ടുള്ള കുത്ത് വേറെയും. അപ്പോഴാണ് കവളപ്പാറ ഉരുൾപൊട്ടൽ വരുന്നത്. അതോടെ അടിയന്തിര സ്വഭാവമുള്ള കേസുകൾ നിലനിർത്തി മറ്റു കേസുകൾ എല്ലാം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പിറ്റേ ദിവസമാണ് അതായത് ഓഗസ്റ്റ് പത്തിനാണ് കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. ഈ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും പിന്നീട് നടപടികൾ വന്നില്ല. അക്കരമ്മൽ സിറാജ്, കച്ചേരി റഫീഖ്, ചേലയ്ക്കൽ സുലൈമാൻ എന്നിവർ അടങ്ങിയ സംഘമാണ് ഞങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ഞങ്ങളുടെ ബന്ധു റഫീഖിനെ കണ്ടപ്പോൾ ഞങ്ങൾ തന്നെയാണ് അടിച്ചത്. നിങ്ങൾക്ക് കഴിയും പോലെ ചെയ്‌തോ എന്ന മറുപടിയാണ് ലഭിച്ചത്. പതിനൊന്നിനു ഞങ്ങൾ സ്റ്റേഷനിൽ ചെന്നു. എന്റെ അമ്മ സംഭവങ്ങളെക്കുറിച്ച് കരുവാരക്കുണ്ട് എസ്‌ഐയോട് കരഞ്ഞു പറഞ്ഞു. പക്ഷെ എസ്‌ഐ ഞങ്ങളോട് തട്ടിക്കയറുകയാണ് ചെയ്തത്. ഒരു കോൺസ്റ്റബിൾ എന്നെ ഭീഷണിപ്പെടുത്തി. സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞത് എന്റെ പണി കളയും എന്നാണ് പറഞ്ഞത്. അത് ആരെന്നു എനിക്ക് അറിയില്ല. പക്ഷെ പിന്നീട് അവർ കൗണ്ടർ കേസ് ആണ് ഫയൽ ചെയ്തത്. ഇതിലാണ് ഞാനും അച്ഛനും പ്രതികളായത്. ഈ കേസ് ഉണ്ടെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. പക്ഷെ ഇതുവരെ ഞങ്ങളുടെ പരാതിയിൽ ഇതുവരെ നടപടി വന്നില്ല-സുനിൽബാബു പറയുന്നു.

കരുവാരക്കുണ്ട് പൊലീസ് ഭാഷ്യം വ്യത്യസ്തം

രണ്ടു കുടുംബങ്ങൾ തമ്മിൽ കാറിൽ പോകുമ്പോൾ സൈഡ് നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. രണ്ടു കൂട്ടരും തമ്മിൽ അടി നടന്നു എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. പക്ഷെ വിരൽ അറ്റുപോയ സൈനികനും ഹൃദ്രോഗിയായ അച്ഛനും എങ്ങിനെ തല്ലും എന്ന് ചോദിച്ചപ്പോൾ അതിനു കരുവാരക്കുണ്ട് പൊലീസ് കൃത്യമായ മറുപടി നൽകിയില്ല. സുനിൽബാബുവിന്റെ പരാതിയിൽ പറയുന്ന പ്രതികൾക്ക് പരുക്കുണ്ട്. ഒരാൾക്ക് മൂന്നു സ്റ്റിച്ച് ഉണ്ട്. രണ്ടു പരാതിയിലും നടപടി സ്വീകരിക്കും. ഞങ്ങൾ സൈനിക ഓഫീസുമായി ബന്ധപ്പെട്ടു സുനിൽബാബുവിനെതിരെ നടപടി എടുക്കും. കേസ് ചാർജ് ചെയ്യും. സുനിൽ ബാബുവിന്റെ പരാതിയിൽ ഇന്നു തന്നെ നടപടി സ്വീകരിക്കും. പ്രതികളെ അറസ്റ്റ് ചെയ്യും. പക്ഷെ അവരുടെ പരാതിയിലും നടപടി വരും. പൊലീസിന്റെ കാര്യത്തിൽ പിഴവുകളില്ല- കരുവാരക്കുണ്ട് എസ്‌ഐ രതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

സൈനികന്റെ കുടുംബം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്

ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു സംഭവം post ചെയ്യേണ്ടി വന്നതിൽ എനിക്ക് വിഷമം ഉണ്ട് എന്നാൽ ഇന്ന് ഇത് ചെയ്യാതിരുന്നാൽ അത് മറ്റൊരു തെറ്റ് ആവും.... നമ്മുടെ നാട്ടിൽ പകൽ വെളിച്ചത്തിൽ നടു റോഡിൽ ഒരു കുടുംബം ആക്രമിക്കപ്പെട്ടാൽ ആരാണ് അവരെ സഹായിക്കാൻ നിയമമോ?... അതോ?...0 വർഷമായി തന്റെ ജന്മ നാടിന്റെ കാവൽകാരനായ ഒരു പട്ടാളക്കാരന്റെ കുടുംബം ആണെങ്കിലോ ? അപ്പോഴും ഇവിടെ ഒന്നും സംഭവിക്കില്ല.

എനിക്കും എന്റെ കുടുംബത്തിനും നേരിട്ട ഒരു ദുരനുഭവം ഞാൻ നിങ്ങളുമായി share ചെയ്യുകയാണ്
ഓഗസ്റ്റ് 9 തിയതി ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം ജില്ലയിലെ തുവൂർ പഞ്ചായത്തിലെ തരിപ്രമുണ്ട എന്ന സ്ഥലത്ത്, എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തത് കുറഞ്ഞു പോയി എന്ന് പറഞ്ഞു കൊണ്ട് എതിരെ വന്ന വാഹനത്തിലെ യാത്രക്കാരൻ, എന്റെ ഭർത്താവിനെ കാറിൽ നിന്ന് പിടിച്ചിറക്കി അതിക്രൂരമായി മർദ്ദിച്ചു, ഇത് കണ്ട് തടയാൻ ചെന്ന 67 വയസുള്ള ഹൃദ്രോഗി ആയ അച്ഛനെ നിഷ്‌ക്കരുണം അടിച്ചു വീഴ്‌ത്തി, ഇതിന് പിന്നാലെ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ചെന്ന എന്റെ അമ്മയേയും അവർ അടിച്ചു വീഴ്‌ത്തി നിലത്തിട്ടു വലിച്ചിഴച്ചു, എന്റെ അമ്മയേയും അവർ അത് തന്നെയാണ് ചെയതത്, തടയാൻ ഉള്ള എന്റെ ശ്രമവും പരാജയപ്പെട്ടു, ഇതെല്ലാം കണ്ടുകൊണ്ട് 8 വയസ്സുള്ള മകൾ ആർത്തലച്ചു കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു, എന്റെ പപ്പയെ തല്ലല്ലേ അങ്കിൾ എന്ന്, എന്നാൽ ഇതൊന്നും വകവെക്കാതെ ആ സമയം അത്രേം സ്വന്തം രാജ്യത്തെ സേവിക്കുന്നതിനിടയിൽ വികലാംഗനായി പോയ ഒരു ആളെ......

ഏകദേശം 20 മിനിറ്റോളം നീണ്ട മർദ്ദനം തുടർന്നു ഇതെല്ലാം നടക്കുമ്പോൾ വളരെ വേദനയോടെ പറയട്ടെ, സ്ത്രീകൾ അടക്കമുള്ള ആ നാട്ടിലെ ആളുകൾ കാഴ്ച കണ്ടു ആസ്വദിച്ചു,ഒരാൾ പോലും ഉണ്ടായിരുന്നില്ല ഞങ്ങളെ ഒന്ന് സഹായിക്കാൻ സിറാജ്, റഫീഖ്, സുലൈമാൻ എന്ന മൂന്നു പേരെയും പ്രതി ചേർത്തു കേസ് രജിസ്റ്റർ ചെയ്തു ഇന്ന് യുപി യിൽ ആൾക്കൂട്ട മർദ്ദനം, ബിഹാറിൽആൾക്കൂട്ട മർദ്ദനം എന്ന് മുറവിളി കൂട്ടുന്ന പ്രബുദ്ധരായ നമ്മുടെ നാട്ടിൽ ഒരു കുടുംബം ഒന്നാകെ ആക്രമിക്കപ്പെട്ടിട്ടും ഒരു ആൾ പോലും ഉണ്ടായിരുന്നില്ല ഒന്ന് അന്വേഷിക്കാൻ, പക്ഷേ വൈകുന്നേരം മുതൽ വിളിക്കാൻ തുടങ്ങി കോംപ്രമൈസ് ചെയ്യാൻ,എന്നാൽ പൊലീസിലും നിയമത്തിലും ഉള്ള വിശ്വാസം കാരണം ഞങ്ങൾ മധ്യസ്ഥ ചർച്ചകളിൽ നിന്ന് വിട്ട് നിന്നു എന്നാൽ പിന്നീട് നടന്നത്,വളരെ വേദനയോടെ ഞങ്ങൾ മനസ്സിലാക്കി ആരുടെയൊക്കെയോ സമ്മർദ്ദങ്ങൾക്കു വഴങ്ങി പൊലീസ്, 7 ദിവസമായി ഇന്നും.... ഞങ്ങൾ കാത്തിരിക്കുന്നു എന്റെ മോളുടെ, എന്റെ അമ്മയുടെ ആർത്തലച്ചുള്ള, കരച്ചിലിന്റെ, വേദനയുടെ, ഞങ്ങൾക്ക് ഉണ്ടായ മാനക്കേടിന്റെ, ഒരു അവസാനത്തിനു വേണ്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP