Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പച്ചക്കൊടി വീശിയിരിക്കുന്നത് 750 ക്വാറികൾക്ക് മാത്രം; പ്രളയദുരന്തമുണ്ടായ അഞ്ചു ജില്ലകളിലായി ആരെയും വകവയ്ക്കാതെ പ്രവർത്തിക്കുന്നത് 1104 ക്വാറികൾ; ഉരുൾപൊട്ടലിൽ 30 പേർ മരിച്ച കവളപ്പാറയക്ക് സമീപം 21 ക്വാറികളും വിലങ്ങാട് 42 ഉം കോട്ടക്കുന്നിൽ 129 ക്വാറികളും; ഉരുൾപൊട്ടലിന് കാരണമായത് അനിയന്ത്രിത ഖനനമെന്ന് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്; പിണറായി സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നത് ഇങ്ങനെ

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പച്ചക്കൊടി വീശിയിരിക്കുന്നത് 750 ക്വാറികൾക്ക് മാത്രം; പ്രളയദുരന്തമുണ്ടായ അഞ്ചു ജില്ലകളിലായി ആരെയും വകവയ്ക്കാതെ പ്രവർത്തിക്കുന്നത് 1104 ക്വാറികൾ; ഉരുൾപൊട്ടലിൽ 30 പേർ മരിച്ച കവളപ്പാറയക്ക് സമീപം 21 ക്വാറികളും വിലങ്ങാട് 42 ഉം കോട്ടക്കുന്നിൽ 129 ക്വാറികളും; ഉരുൾപൊട്ടലിന് കാരണമായത് അനിയന്ത്രിത ഖനനമെന്ന് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്; പിണറായി സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നത് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിൽ പ്രളയദുരന്തമുണ്ടായ അഞ്ചു ജില്ലകളിലായി പ്രവർത്തിക്കുന്നത് 1104 ക്വാറികൾ. കേരളത്തിൽ 750 ക്വാറികൾക്ക് മാത്രം മൈനിങ് ജിയോളജി വകുപ്പ് അനുമതി നൽകിയപ്പോഴാണ് ഇത്തരത്തിൽ അനധികൃതമായി വൻതോതിൽ ക്വാറികൾ പ്രവർത്തിക്കുന്നത്.പശ്ചിമഘട്ടത്തിലെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണം കനത്തമഴയോടൊപ്പമുണ്ടായ അനിയന്ത്രിതമായ ഖനനമാണെന്നും റിപ്പോർട്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞൻ ഡോ. ടി.വി സജീവനാണ് ഗൂഗിൾ മാപ്പ്, ഗൂഗിൾ എർത്ത്, ബിങ് മാപ്പ് എന്നിവ വഴി ദുരന്തമേഖലകളിലെ ക്വാറികളുടെ കണക്കുകൾ പുറത്തുവിട്ടത്.

കേരളത്തിൽ 750 ക്വാറികൾക്ക് മാത്രം മൈനിങ് ജിയോളജി വകുപ്പ് അനുമതി നൽകിയപ്പോഴാണ് ദുരന്തമേഖലകളായ വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നീ അഞ്ചു ജില്ലകളിൽ മാത്രം 1104 ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. പശ്ചിമഘട്ടമേഖലയിലുണ്ടായ ഉരുൾപൊട്ടലുകൾ ഖനനപ്രവർത്തനത്തിന്റെ ആഘാതംകൂടിയാണെന്ന് ഡോ. സജീവൻ പറഞ്ഞു. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മലകളുടെ സമീപങ്ങളിലെല്ലാം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ചിലയിടങ്ങളിൽ പാറക്കല്ലുകൾ കഴുകാനും മറ്റുമായി വലിയതോതിൽ ജലം സംഭരിച്ചുവച്ചിട്ടുമുണ്ട്. ഇത്തരം ജലസംഭരണികളും ഉരുൾപൊട്ടലിന് കാരണമാകുന്നു. ക്വാറികളിലെ സ്ഫോടനങ്ങൾ പശ്ചിമഘട്ടമലനിരകളെ ആകെ ആസ്ഥിരപ്പെടുത്തുകയാണെന്നും കനത്തമഴ പെയ്യുമ്പോൾ ദുർബലമായിരിക്കുന്ന മലകൾ ഒറ്റയടിക്ക് ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

30 മൃതദേഹങ്ങൾ കണ്ടെടുത്ത 29 പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങികിടക്കുന്ന നിലമ്പൂർ കവളപ്പാറക്ക് സമീപം 21 ക്വാറികളാണുള്ളത്. അഞ്ച് കിലോമീറ്ററിനുള്ളിൽ 12 ക്വാറികളും 10 കിലോ മീറ്ററിനുള്ളിൽ 9 ക്വാറികളും പ്രവർത്തിക്കുന്നു. പാതാർപ്രദേശം തന്നെ ഉരുൾപൊട്ടി ഇല്ലാതാവുകയും നൂറിലേറെ വീടുകൾ തകരുകയും ചെയ്ത അമ്പുട്ടാംപൊട്ടി അടക്കമുള്ള പോത്തുകല്ലിൽ 17 ക്വാറികളുണ്ട്.പരിസ്ഥിതി ലോല പ്രദേശം സോൺ ഒന്നിൽ ഉൾപ്പെടുത്തിയ ഒമ്പത് പേരുടെ മരണം സംഭവിച്ച വയനാട് പുത്തുമലയിലെ അഞ്ചു കിലോ മീറ്റർ പരിധിയിലും ഒരു ക്വാറി പ്രവർത്തിക്കുന്നുണ്ട്.

നാലു പേരുടെ മരണം സംഭവിച്ച വടകര വിലങ്ങാട് 42 ക്വാറികളാണുള്ളത്. ഒരു കുടുംബത്തിലെ മൂന്നു പേരെ മരണം കവർന്ന മലപ്പുറം കോട്ടക്കുന്നിന്റെ സമീപപ്രദേശങ്ങളിലായി 129 ക്വാറികളാണുള്ളത്. മലപ്പുറം ജില്ലാ ആസ്ഥാനത്തിനടുത്തുള്ള കോട്ടക്കുന്നിന്റെ ഒന്നര കിലോ മീറ്റർ അകലെ ഒരു ക്വാറിയും അഞ്ച് കിലോ മീറ്ററിനുള്ളിൽ 102 ക്വാറികളുമുണ്ട്. മൂന്നു പേരുടെ മരണം സംഭവിച്ച കല്ലടിക്കോട് കരിമ്പയിൽ 26 ക്വാറികളാണുള്ളത്.

മണ്ണിടിച്ചിൽ വലിയ നാശനഷ്ടങ്ങളുണ്ടായ സൗത്ത് മലമ്പുഴയിൽ 43 ക്വാറികൾ പ്രവർത്തിക്കുന്നു. രണ്ടു പേർ മരണപ്പെട്ട ഇടുക്കി ചെറുതോണി ഗാന്ധിനഗർ കോളനിക്ക് സമീപ പ്രദേശങ്ങളിൽ 22 ക്വാറികളുണ്ട്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സോൺ ഒന്ന്, രണ്ട് മേഖലകളിൽ ഖനനം നിരോധിക്കണമെന്നും നിലവിൽ ലൈസൻസുള്ള ക്വാറികളുടെ പ്രവർത്തനം അഞ്ചു വർഷം കൊണ്ട് അവസാനിപ്പിക്കണമെന്നുമാണ് പശ്ചിമഘട്ട പരിസ്ഥിതി വിഗദ്ഗസമിതിയായ ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ളത്. സോൺ മൂന്നിൽ പെടുന്ന പ്രദേശത്ത് കർശന നിബന്ധനകളോടെ ഖനനം നിയന്ത്രിക്കണമെന്നും സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് പരിസ്ഥിതി ലോല മേഖലകളിൽ നിർബാധം ക്വാറികൾ അനുവദിച്ചത്.

വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടലുണ്ടായതെല്ലാം പരിസ്ഥിതിലോല പ്രദേശം സോൺ ഒന്നിൽ ഉൾപ്പെട്ട മേഖലകളിലാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ വയനാട്ടിലെ പുത്തുമല, കുറുമ്പലക്കോട്ട, പെരുഞ്ചേരിമല മക്യാട്, വെള്ളമുണ്ട മംഗലശേരിമല, മുട്ടിൽമല, കുറിച്യർമല, പുറിഞ്ഞി കുരിശുമല എന്നവയെല്ലാം പരിസ്ഥിതി ലോല പ്രദേശമായ സോൺ ഒന്നിലാണ്. ഇടുക്കിയിലെ കുമളി വെള്ളാരംകുന്ന്, മുരിക്കാടി, മുണ്ടക്കയം ഈസ്റ്റ്, ദേവികുളം ഗ്യാപ് റോഡ്, ചെറുതോണി ഗാന്ധി നഗർ കോളനിയും സോൺ ഒന്നിൽ തന്നെ. പാലക്കാട് ജില്ലയിലെ അട്ടപ്പാടി പൊട്ടിക്കൽ, കല്ലടിക്കോട് കരിമ്പ, ആലത്തൂർ വിഴുമല, കാഞ്ഞിരത്തോട് പൂഞ്ചോല, പല്ലശ്ശന കുറ്റിപ്പല്ലി എന്നിവടങ്ങളും സോൺ ഒന്നിലാണ്. കോഴിക്കോടും മലപ്പുറത്തും ഖനനത്തിന് നിയന്ത്രണം വേണ്ട സോൺ മൂന്നിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുകളുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP