Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടിക്കപ്പുറം ഉള്ളിൽ കയറിയ സൗഹൃദം; കണ്ണൂരിലെത്തുമ്പോൾ രാമകൃഷ്ണന്റെ വാടകവീട്ടിലെത്താൻ എങ്ങനെയും സമയം കണ്ടെത്തും; ഒരുമിച്ച് സിനിമ കാണുന്നതും ഭക്ഷണം കഴിക്കുന്നതും പ്രിയം; കോൺഗ്രസ് എസ് കാലം മുതലേ രാഷ്ട്രീയത്തിലും ഉറ്റവർ; ഒടുവിൽ തനിച്ചാക്കി പി.രാമകൃഷ്ണന്റെ മടക്കം; അന്ത്യാഞ്ജലി അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് പി.സി.ചാക്കോ

പാർട്ടിക്കപ്പുറം ഉള്ളിൽ കയറിയ സൗഹൃദം; കണ്ണൂരിലെത്തുമ്പോൾ രാമകൃഷ്ണന്റെ വാടകവീട്ടിലെത്താൻ എങ്ങനെയും സമയം കണ്ടെത്തും; ഒരുമിച്ച് സിനിമ കാണുന്നതും ഭക്ഷണം കഴിക്കുന്നതും പ്രിയം; കോൺഗ്രസ് എസ് കാലം മുതലേ രാഷ്ട്രീയത്തിലും ഉറ്റവർ; ഒടുവിൽ തനിച്ചാക്കി പി.രാമകൃഷ്ണന്റെ മടക്കം; അന്ത്യാഞ്ജലി അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് പി.സി.ചാക്കോ

രഞ്ജിത്ത് ബാബു

കണ്ണൂർ: കോൺഗ്രസ്സിലെ വിപ്ലവ നേതാവ് പി.രാമകൃഷ്ണന് അന്തിമാഞ്ജലി അർപ്പിക്കാനെത്തിയ കോൺഗ്രസ്സ് ദേശീയ നേതാവ് പി.സി. ചാക്കോ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു. രാമകൃഷ്മണന്റെ വസതിയിലെത്തിയപ്പോഴാണ് പി.സി. ചാക്കോക്ക് ദുഃഖം കടിച്ചമർത്താൻ പാടുപെടേണ്ടി വന്നത്. തുടർന്ന് മൃതദേഹത്തെ അനുഗമിച്ച് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിലെത്തിയപ്പോഴും പി.സി. ചാക്കോവിന് വിതുമ്പലടക്കാൻ കഴിഞ്ഞില്ല. പതിറ്റാണ്ടുകളുടെ അടുത്ത സൗഹൃദമാണ് ചാക്കോയും രാമകൃഷ്ണനുമുണ്ടായത്. 1981 ൽ കോൺഗ്രസ്സ് എസിന്റെ സംസ്ഥാന പ്രസിഡണ്ടായി പി.സി. ചാക്കോ ചുമതലയേറ്റപ്പോൾ പി. രാമകൃഷ്ണൻ കണ്ണൂർ ഡി.സി.സി. (എസ്) ന്റെ പ്രസിഡണ്ടായിരുന്നു. അക്കാലത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പി.സി. ചാക്കോവിന്റെ നേതൃത്വത്തിൽ നടത്തിയ കോൺഗ്രസ്സ് (എസ്) പദയാത്രയുടെ ഉത്തരകേരളത്തിലെ ചുമതല പി. രാമകൃഷ്ണനായിരുന്നു.

കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ വൻ വിജയമായ പദയാത്ര കോഴിക്കോട്ടെത്തിയതോടെ ജനശ്രദ്ധ ആകർഷിക്കുകയുണ്ടായി. അതുവരെ മുൻ നിര നേതാക്കളായ എ.കെ. ആന്റണിയും മറ്റും നടത്തിയ പദയാത്ര പോലെ തന്നെ ഈ പദയാത്രയും വിജയിച്ചത് രാമകൃഷ്ണന്റെ സംഘാടക മികവുകൊണ്ടായിരുന്നു. പദയാത്ര കടന്ന് പോകുന്ന സ്ഥലങ്ങളിലെവിടെയെങ്കിലും പാർട്ടി പതാകയില്ലെങ്കിൽ അത് വാഹനത്തിൽ കൊണ്ടു പോയി സ്വയം കെട്ടാനും രാമകൃഷ്ണൻ സമയം കണ്ടെത്തിയിരുന്നു. പദയാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ അത് വൻ വിജയമായി പര്യവസാനിച്ചു. ഇതിലൂടെയാണ് അക്കാലത്ത് കോൺഗ്രസ്സ് (എസ്) ശ്രദ്ധിക്കപ്പെട്ടത്. പാർട്ടിക്കപ്പുറം ചാക്കോയും രാമകൃഷ്ണനും അപൂർവ്വ സൗഹൃദവും വളർന്നു വന്നു. ഒരുമിച്ച് സിനിമ കാണാനും ഭക്ഷണം കഴിക്കാനും ഇരുവരും സമയം കണ്ടു. തന്റെ കണ്ണൂർ സന്ദർശനത്തിൽ കണ്ണൂരിലെ രാമകൃഷ്ണന്റെ വാടക വീട്ടിൽ എത്താനും ചാക്കോ സമയം കണ്ടെത്തിയിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴമറിയുന്നവർ ചുരുക്കമാണ്. ചാക്കോ കോൺഗ്രസ്സ് (എസ്) വിട്ട് കോൺഗ്രസ്സിലേക്ക് പോകുമ്പോൾ രാമകൃഷ്ണനും ഒപ്പം ചേർന്നിരുന്നു. രാമകൃഷ്ണന്റെ അന്ത്യയാത്രയിൽ പയ്യാമ്പലം ശ്മശാനം വരെ ചാക്കോ അനുഗമിക്കുകയും ചെയ്തു.

ആയിരങ്ങളുടെ അന്തിമാഞ്ജലി ഏറ്റുവാങ്ങിയാണ് പി.ആർ. എന്ന പി. രാമകൃഷ്ണൻ വിട ചൊല്ലിയത്. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധി പേരാണ് ജവഹർ ഓഡിറ്റോറിയത്തിലും അദ്ദേഹത്തിന്റെ വീട്ടിലും എത്തി ആദരാഞ്ലികൾ അർപ്പിച്ചത്. കോൺഗ്രസ്സ് നേതാക്കളായ കെ.സി. ജോസഫ്, എം. കെ. രാഘവൻ എം. പി, കെ. സുധാകരൻ എം. പി, ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ബിജെപി. നേതാക്കളായ പി.എസ്. ശ്രീധരൻ പിള്ള, സി.കെ. പത്മനാഭൻ, സിപിഎം. ജില്ലാ സെക്ട്രട്ടറി എം. വി.ജയരാജൻ, സിപിഐ. നേതാക്കളായ പന്നിയൻ രവീന്ദ്രൻ, ജില്ലാ സെക്ട്രട്ടറി സന്തോഷ് കുമാർ, കേരളാ കോൺഗ്രസ്സ് എം. സംസ്ഥാന സെക്രട്ടറി പി.ടി. ജോസ്, തുടങ്ങി നിരവധി പേർ എത്തിച്ചേർന്നിരുന്നു.

രാമകൃഷ്ണൻ വിമർശിച്ചവരിൽ എതിരാളികളും സുഹൃത്തുക്കളുമടങ്ങുന്ന വൻ ജനാവലിയാണ് ആദരാഞ്ജലികളർപ്പിക്കാനെത്തിയത്. സമീപകാലത്ത് കണ്ണൂർ കണ്ട ഏറ്റവും വലിയ ജനാവലി പങ്കെടുത്ത വിലാപയാത്രയാണ് രാമകൃഷ്ണന് വിടചൊല്ലാനെത്തിയത്. പാർട്ടിക്കകത്തും പുറത്തും പോരാടുകയും പടയാളി എന്ന പത്രത്തിലൂടെ അനീതിക്കെതിരെ പൊരുതുകയും ചെയ്ത രാമകൃഷ്മണനെ കണ്ണൂർ ജനത എന്നും ഓർമ്മിക്കുമെന്ന സൂചന കൂടിയാണ് അദ്ദേഹത്തിന്റെ അന്തിമ യാത്രക്ക് എത്തിയ ജനസഞ്ചയം. സ്വന്തമായി എ.ടി.എം. കാർഡോ ഒരു സെന്റ് ഭൂമിയോ വീടോ ഇല്ലാത്ത പി.രാമകൃഷ്ണൻ കേരള രാഷ്ട്രീയത്തിലെ ആദർശത്തിന്റെ പ്രതീകമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP