Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരമ്പരാഗതമായി ഇന്ത്യക്കൊപ്പം നിന്ന ലേബർ പാർട്ടി അനുനിമിഷം ഇന്ത്യ വിരുദ്ധമാകുമ്പോൾ കൺസർവേറ്റീവുകൾ ഇന്ത്യക്കൊപ്പം അടിയുറച്ചുനിൽക്കുന്നു; കശ്മീരിന്റെ പേരിൽ ലേബർ നേതാവ് കോർബിൻ ഇന്ത്യക്കെതിരേ തിരിഞ്ഞപ്പോൾ കട്ടപ്പിന്തുണയുമായി കൺസർവേറ്റീവുകൾ; ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടികളുടെ ഇന്ത്യ വിരുദ്ധ നിലപാട് മാറിമറിയുമ്പോൾ

പരമ്പരാഗതമായി ഇന്ത്യക്കൊപ്പം നിന്ന ലേബർ പാർട്ടി അനുനിമിഷം ഇന്ത്യ വിരുദ്ധമാകുമ്പോൾ കൺസർവേറ്റീവുകൾ ഇന്ത്യക്കൊപ്പം അടിയുറച്ചുനിൽക്കുന്നു; കശ്മീരിന്റെ പേരിൽ ലേബർ നേതാവ് കോർബിൻ ഇന്ത്യക്കെതിരേ തിരിഞ്ഞപ്പോൾ കട്ടപ്പിന്തുണയുമായി കൺസർവേറ്റീവുകൾ; ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടികളുടെ ഇന്ത്യ വിരുദ്ധ നിലപാട് മാറിമറിയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് കേന്ദ്ര സർക്കാർ റദ്ദാക്കിയത് അടുത്തിടെയാണ്. പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് രാഷ്ട്രപതി ഒപ്പുവെച്ചതോടെ അത് നിയപരമായിത്തന്നെ നടപ്പായി. ഇതിനൊപ്പം ജമ്മു കശ്മീരിലെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി തിരിക്കുകയും ചെയ്തു. ഇന്ത്യയിലെ മുഴുവൻ പ്രദേശങ്ങളെയും ഭരണഘടനയ്ക്കുകീഴിൽ കൊണ്ടുവന്നതാണ് ഈ നീക്കമെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയും നരേന്ദ്ര മോദി സർക്കാരിനെ പിന്തുണയ്്കുന്ന രാഷ്ട്രീയ പാർട്ടികളും പറയുന്നു. എന്നാൽ, കശ്മീർ ജനതയുടെ ഹിതമറിയാതെ നടത്തിയ നീക്കം ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷയും ആരോപിക്കുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ കശ്മീരിനെച്ചൊല്ലി രണ്ടുതട്ടിൽ നിൽക്കുന്നത് സ്വാഭാവികമായും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കശ്മീർ ഒരു ചർച്ചയാകുന്നതും അത് അവരുടെ ഇന്ത്യയോടുള്ള നിലപാടുകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്നറിയാമോ? ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തീരുമാനങ്ങളൊക്കെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണെന്ന് വ്യക്തമാക്കി കൺസർവേറ്റീവ് പാർട്ടി അതിന് പിന്തുണ നൽകുമ്പോൾ, കാലങ്ങളായി ഇന്ത്യക്കൊപ്പംനിന്ന ലേബർ പാർട്ടി ഇക്കാര്യത്തിൽ മോദി സർക്കാരിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.

കശ്മീരിലെ സ്ഥിതിഗതികൾ നിരാശപ്പെടുത്തുന്നതാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെ ട്വീറ്റാണ് ബ്രിട്ടീഷ് രാഷ്ട്രീയപ്പാർട്ടികൾക്കിടയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ, മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ, പ്രത്യേകിച്ചും ദീർഘകാലമായി ബ്രിട്ടനുമായി ഉറച്ചബന്ധം പുലർത്തുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന ബ്രിട്ടീഷ് നയത്തിന് വിരുദ്ധമാണ് കോർബിന്റെ പ്രസ്താവനയെന്ന് കൺസർവേറ്റീവ് പാർട്ടി എംപി ബോബ് ബ്ലാക്ക്മാൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.

കശ്മീർ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച 'തെറ്റായ' നടപടികളിൽ ഇടപെടണമെന്നുകാണിച്ച് ലേബർ പാർട്ടി എംപി കോർബിനെഴുതിയ കത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ വിവാദ ട്വീറ്റ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതുൾപ്പെടെയുള്ള നടപടികൾ റദ്ദാക്കണമെന്നും യു.എൻ. പ്രമേയം അനുസരിക്കണമെന്നുമായിരുന്നു കോർബിന്റെ ട്വീറ്റ്. എന്നാൽ, യു.എൻ. പ്രമേയത്തിന് വിരുദ്ധമായി ഇന്ത്യൻ സർക്കാർ യാതൊന്നും ചെയ്തിട്ടില്ലെന്ന് ബ്ലാക്കമാൻ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ തുല്യനിലയിലാക്കുക മാത്രമാണ് ഇതിലൂടെ സർക്കാർ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ബ്രിട്ടൻ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും ബ്ലാക്ക്മാൻ ചൂണ്ടിക്കാട്ടി.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സർക്കാർ അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യം നടപ്പാക്കുകയാണ് ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അതിന്റെ വാഗ്ദാനം നിറവേറ്റുന്നതുകണ്ട് ലേബർ പാർട്ടിയിലെ എംപിമാർ ആശ്ചര്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഈ മാറ്റങ്ങളിലൂടെ കശ്മീർ മേഖലയ്ക്ക് ഐശ്വര്യവും വികസനവും കൊണ്ടുവരാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. മേഖലയിലെ സുരക്ഷ ശക്തമാക്കാനും ഇത്തരമൊരു നടപടിയാവശ്യമാണെന്ന് മോദി സർക്കാർ കരുതുന്നതായും ബ്ലാക്കമാൻ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി.

കശ്മീർ പ്രശ്‌നം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ ഉഭയകക്ഷി പ്രശ്‌നമാണെന്നും അതിൽ ഇടപെടേണ്ടതില്ലെന്നുമാണ് ബ്രിട്ടീഷ് സർക്കാരുകൾ കാലാകാലങ്ങളായി സ്വീകരിച്ചുവരുന്ന നിലപാട്. വിവിധ മതങ്ങളെയും സംസകാരങ്ങളെയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നിലപാടാണ് ഇന്ത്യയുടേത്. അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നത്തിൽ ഇടപെടുന്നത് അനുചിതമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ബ്ലാക്ക്മാൻ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP