Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎമ്മുമായുള്ളത് ആറു പതിറ്റാണ്ട് കാലത്തെ ബന്ധം; പാർട്ടി മെമ്പർ ആണെങ്കിലും തികഞ്ഞ ദൈവവിശ്വാസി; ശ്രീകണ്ശ്വരം ക്ഷേത്രത്തിലെ ജനകീയ സമിതി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത് വർഷങ്ങൾ; കളരിഗുരു ആയതിനാൽ ദൈവവിശ്വാസം ഒഴിച്ചു കൂടാനാകാത്തത്; സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമനം അറിയുന്നത് ബന്ധുവഴി; സർക്കാരിനെയും എജി ഓഫീസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മാറും; കേസുകളിലെ അനാവശ്യ കാലവിളംബരം ഒഴിവാക്കും; മറുനാടനോട് മനസു തുറന്ന് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ വേലപ്പൻ നായർ

സിപിഎമ്മുമായുള്ളത് ആറു പതിറ്റാണ്ട് കാലത്തെ ബന്ധം; പാർട്ടി മെമ്പർ ആണെങ്കിലും തികഞ്ഞ ദൈവവിശ്വാസി; ശ്രീകണ്ശ്വരം ക്ഷേത്രത്തിലെ ജനകീയ സമിതി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത് വർഷങ്ങൾ; കളരിഗുരു ആയതിനാൽ ദൈവവിശ്വാസം ഒഴിച്ചു കൂടാനാകാത്തത്; സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമനം അറിയുന്നത് ബന്ധുവഴി; സർക്കാരിനെയും എജി ഓഫീസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മാറും; കേസുകളിലെ അനാവശ്യ കാലവിളംബരം ഒഴിവാക്കും; മറുനാടനോട് മനസു തുറന്ന് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ വേലപ്പൻ നായർ

എം മനോജ് കുമാർ

തിരുവനന്തപുരം: സർക്കാരും എജി ഓഫീസും തമ്മിലുള്ള ബന്ധത്തിന്നിടയിലെ കണ്ണിയായി പ്രവർത്തിക്കുകയാണ് തന്റെ ദൗത്യമെന്നു സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമിതനായ അഡ്വക്കേറ്റ് വേലപ്പൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്വന്തം നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത തീരുമാനം വിജയപ്രദമായി നടപ്പിലാക്കുമെന്നും വേലപ്പൻ നായർ പറഞ്ഞു. സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി നിയമിച്ചത് വിവാദമായി തുടരവേയാണ് വേലപ്പൻ നായരുടെ പ്രതികരണം വരുന്നത്. കേസ് നടത്താനും നിരീക്ഷിക്കാനും അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂട്ടർമാരുമുണ്ട്. ഈ ഘട്ടത്തിലാണ് വേലപ്പൻ നായർ ലെയ്സൺ ഓഫീസറാകുന്നത്. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും.

ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്സൺ ഓഫീസറാക്കിയ തീരുമാനവും ഒല്ലൂർ എംഎ‍ൽഎ. കെ. രാജനെ ചീഫ് വിപ്പ് പദവിയിൽ നിയമിക്കാനുമുള്ള തീരുമാനവും വിവാദമായി തുടരവേ തന്നെയാണ് ഇടത് സർക്കാരിനെ ഉലയ്ക്കുന്ന മറ്റൊരു വിവാദമായി അഡ്വക്കറ്റ് ജനറൽ ഓഫീസിലെ പ്രത്യേക ലെയ്‌സൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ചതും പുതിയ വിവാദമായി മാറുന്നത്. നിയമനം വിവാദമായപ്പോൾ വേലപ്പൻ നായർ മറുനാടൻ മലയാളിയോട് വിശദമായി സംസാരിച്ചു. തന്റെ സിപിഎം പാരമ്പര്യത്തെക്കുറിച്ച് വി.കെ.കൃഷ്ണമേനോൻ, എകെജി, സുശീലാ ഗോപാലൻ തുടങ്ങി എളമരം കരീം വരെയുള്ള നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് എല്ലാം വേലപ്പൻ നായർ വിശദമായി സംസാരിക്കുന്നു. അഭിമുഖത്തിലേക്ക്...

  • താങ്കളുടെ നിയമനം വിവാദമായി തുടരുന്നു, സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി സേവനം കൊച്ചിയിൽ തന്നെയാകുമോ?

ഓഫീസ് കൊച്ചിയിൽ തന്നെ. അഡ്വക്കറ്റ് ജനറൽ ഓഫീസിൽ തന്നെയാണ് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറുടെ ഓഫീസും വരുന്നത്. ഞാനും കൊച്ചി കേന്ദ്രമാക്കി തന്നെയാകും പ്രവർത്തിക്കുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് എന്റെ നിയമനം വന്നത്. അതുകൊണ്ട് തന്നെ കേസുകളിൽ വീഴ്ച വരാതെ മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ച് പ്രവർത്തിക്കും. എല്ലാ കേസുകളിലും എന്റെ ഇടപടൽ വരില്ല. ചില പ്രത്യേക കേസുകളിൽ മാത്രമാകും ശ്രദ്ധ വരുന്നത്. സർക്കാരിനെ സംബന്ധിച്ച് പ്രധാന കേസുകൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട ഫയലുകളും കടലാസുകളും കൃത്യമായി കോടതിയിൽ എത്തിക്കാൻ ഞാൻ ശ്രദ്ധിക്കും. നിയമനം താൻ ഒരിക്കലും അറിഞ്ഞില്ല. ഇത് സംബന്ധമായി അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. ഓർഡർ ഇറങ്ങുന്ന വേളയിലാണ് എന്റെ ബന്ധു വഴി ഞാൻ കാര്യം അറിയുന്നത്.

മൂന്നാഴ്ചയ്ക്ക് മുൻപാണ് എന്റെ നിയമനം വന്നത്. ഞാൻ ചാർജ് എടുക്കുകയും ചെയ്തു. നിയമനം വിവാദമാകേണ്ട കാര്യമില്ല. നിയമനത്തിനെക്കുറിച്ച് സർക്കാർ എജിയെ വിശദമായി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എജി ഓഫീസിന് ഈ കാര്യത്തിൽ തെറ്റിദ്ധാരണകളില്ല. സർക്കാരിനു താത്പര്യമുള്ള പല കേസുകളുമുണ്ട്. ഇത്തരം കേസുകൾ വരുമ്പോൾ പല പേപ്പറുകളും യഥാസമയത്ത് ലഭിക്കാൻ വൈകാറുണ്ട്. ഇത് സർക്കാരിനു മുന്നിലുണ്ട്. ഇത്തരം കേസുകൾ യഥാവിധി നടത്താൻ സർക്കാരിനെ സഹായിക്കുകയാണ് എന്റെ ദൗത്യം. ഈ കാര്യത്തിനെക്കുറിച്ച് എജി ഓഫീസിനു പൂർണബോധ്യവുമുണ്ട്. എജി ഓഫീസിന്റെ ഭാഗമായാണ് ഞാൻ പ്രവർത്തിക്കുന്നത്. സർക്കാരുമായി കേസുകളുടെ കാര്യത്തിൽ നിരന്തര സമ്പർക്കം എന്റെ ഭാഗത്ത് നിന്നുണ്ടാകും. കേസുകളിൽ എജിയുടെ ഓഫീസിനെ ഞാൻ സഹായിക്കും. അതിനാണ് എന്നെ നിയമിച്ചിരിക്കുന്നത്.

ഞാനും എജിയും തമ്മിലും നിരന്തര സമ്പർക്കമുണ്ടാകും. സർക്കാരും എജി ഓഫീസിനും ഇടയ്ക്കുള്ള ഒരു പ്രധാന ലിങ്കായി ഞാൻ മാറും. കേസിന്റെ കാര്യങ്ങൾ ക്രോഡീകരിക്കും. സർക്കാർ പ്ലീഡർമാർക്കും എന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കും. എല്ലാ കേസുകളുടെ കാര്യത്തിലല്ല, പ്രധാനപ്പെട്ട കേസുകളുടെ കാര്യത്തിലാണ് എന്റെ ഇടപെടൽ വരുന്നത്. ഇത്തരം കേസുകളിൽ അനാവശ്യ കാലവിളംബം ഒഴിവാക്കും. ഇത് സർക്കാരിനും സഹായകരമാകും. സമയമില്ലാത്ത പ്രശ്‌നം എജിയുടെ ഓഫീസിനുമുണ്ട്. അഭിഭാഷകനായി ഒട്ടുവളരെ വർഷത്തെ പരിചയമുണ്ട്. വിവിധ ട്രേഡ് യൂണിയനുകൾക്കായി ഞാൻ കേസുകൾ വാദിക്കുന്നുണ്ട്. എന്റെ അനുഭവ സമ്പത്ത് സർക്കാരിനും എജി ഓഫീസിനും ഗുണകരമാകും. മുഖ്യമന്ത്രി വിശ്വാസത്തിൽ എടുത്ത് എന്നെ ഏൽപ്പിച്ച ജോലിയാണ് അത് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ ജോലികൾ മുന്നോട്ടു കൊണ്ടുപോവുകയും മുഖ്യമന്ത്രിയുടെ വിശ്വാസം സംരക്ഷിക്കുകയും ചെയ്യും. ഭംഗിയായി കേസ് നടത്തിപ്പിനാണ് സർക്കാർ എന്നെ നിയോഗിച്ചത്. ഭംഗിയായി തന്നെ ഈ ദൗത്യം ഞാൻ നിറവേറ്റുക തന്നെ ചെയ്യും.

  • എകെജിയുമായുള്ള ബന്ധം എങ്ങിനെയായിരുന്നു?

എകെജി തിരുവനന്തപുരത്ത് വരുമ്പോൾ അദ്ദേഹത്തിനൊപ്പം ഞാനായിരുന്നു നിന്നത്. അന്ന് ഞാൻ വിദ്യാർത്ഥിയാണ്. പ്രധാനമന്ത്രിക്ക് കത്തെഴുതാൻ പറഞ്ഞു. ഞാൻ ഗ്രാമറിന്റെ പ്രശ്‌നം വന്നു. അപ്പോൾ എകെജി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഗ്രാമർ ഒന്നും പ്രശ്‌നമില്ല. കത്തെഴുതാൻ പറഞ്ഞു. അതായിരുന്നു എകെജിയുടെ രീതി. എകെജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എകെജി മരിക്കുമ്പോൾ വരെ ഞാൻ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്തുള്ളത്. എകെജിക്ക് പ്രിയങ്കരൻ ആയതുകൊണ്ടാണ് അങ്ങിനെ നിൽക്കാൻ കഴിഞ്ഞത്. വി.കെ.കൃഷ്ണമേനോൻ എംപിയായി തിരുവനന്തപുരത്ത് വന്നപ്പോൾ അദ്ദേഹത്തിനൊപ്പം ഞാൻ കൂടിയുണ്ട്. ആ ബന്ധവും വളരെ കാലം നീണ്ടു നിന്നിരുന്നു. മരിക്കുന്നവരെ ഞാൻ അദ്ദേഹതിന്റെ പെഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നു.

  • സുശീലാ ഗോപാലൻ മന്ത്രിയായപ്പോൾ പേഴ്‌സണൽ സ്റ്റാഫിൽ പ്രധാന റോൾ കയ്യാളി?

എകെജിയുമായുള്ള ബന്ധം കാരണമാണ് സുശീലാ ഗോപാലനുമായി ബന്ധം വന്നത്. എകെജിയുടെ വിശ്വസ്തൻ എന്ന പരിഗണന സുശീലാ ഗോപാലൻ എപ്പോഴും തന്നു. അത് തന്നെ മന്ത്രിയുമായുള്ള ബന്ധം സുഗമമാക്കി. കേരളത്തിലെ മികച്ച വ്യവസായ മന്ത്രിയായിരുന്നു സുശീലാ ഗോപാലൻ. അവരുടെ പ്രവർത്തന മികവ് തന്നെ അത്ഭുതപ്പെടുത്തി. സിപിഎം ആയി അവർ ഒരു തീരുമാനവും കൈക്കൊണ്ടില്ല. ഉദ്യോഗസ്ഥർ എന്ത് ഫയലിൽ എന്ത് കുറിച്ചാലും മന്ത്രിയുടെ തീരുമാനം സ്വന്തം തീരുമാനമാകും. പ്രധാന കാര്യങ്ങൾ വരുമ്പോൾ ഉദ്യോഗസ്ഥർ കുറിക്കുന്നതിനേക്കാൾ അവർ സ്വന്തമായി കാര്യങ്ങൾ അറിഞ്ഞു വയ്ക്കും. ഉദ്യോഗസ്ഥർ എന്ത് കുറിക്കുന്നു എന്ന് നോക്കും. പക്ഷെ നടപ്പിലാകുക മന്ത്രിയുടെ തീരുമാനം മാത്രമാകും. സുശീലാ ഗോപാലൻ മന്ത്രിയായപ്പോൾ അഞ്ചു വർഷവും കൂടെ നിന്നു. വളരെ കർക്കശക്കാരിയായിരുന്നു. രാത്രി രണ്ടു മണിവരെയൊക്കെ ജോലി ചെയ്യുന്ന രീതി. ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്ത് അവർ ഒരിക്കലും മുന്നോട്ടു പോയില്ല. ഇത് മന്ത്രിമാരിൽ നിന്നും സുശീലാ ഗോപാലനെ വ്യത്യസ്തയാക്കി. സിപിഎമ്മിനപ്പുറത്ത് അവർ സ്വീകാര്യയും സുസമ്മതയും ആയിരുന്നു. ഉദ്യോഗസ്ഥർ ആരെയും അവർ കുറ്റപ്പെടുത്തിയില്ല.

തൊഴിലാളികൾക്ക് ആയി എന്തും ചെയ്യുന്ന ഒരു മനോഭാവം അവർ പ്രകടിപ്പിച്ചിരുന്നു. തൊഴിലാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ അവർ സമ്മതിച്ചില്ല. സുശീലാ ഗോപാലൻ മന്ത്രിയായപ്പോൾ ഒരിക്കൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജറാലിനെ കാണാൻ ചെന്നു. കൂടിക്കാഴ്ച കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി സുശീലാ ഗോപാലന് ഒപ്പം വന്നു. സുശീലാ കാറിൽ കയറാൻ ചെന്നപ്പോൾ ഡോർ തുറന്നത് ഐ.കെ.ഗുജ്‌റാൽ ഡോർ അടച്ചതും ഐ.കെ.ഗുജ്‌റാൽ. പ്രധാനമന്ത്രി ഇങ്ങിനെ ഒരാൾക്ക് ഡോർ തുറന്നു കൊടുക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുമോ? എകെജിയുടെ ഭാര്യ എന്ന പദവി, എംപി എന്ന നിലയിൽ സ്വീകാര്യ. പിന്നീട് മന്ത്രിയും.

അതുകൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും. ഇങ്ങിനെയുള്ള സുശീല ഗോപാലനെ ആദരപൂർവം ഗുജ്‌റാലിനെ പോലുള്ള പ്രധാനമന്ത്രി കണ്ടു. ഡോർ തുറന്നു കൊടുക്കാൻ പ്രേരിപ്പിച്ചതും മറ്റൊന്നല്ല. വാജ്‌പേയിയുമായും സുശീലാ ഗോപാലന് വളരെ നല്ല ബന്ധമായിരുന്നു. സുശീല ഗോപാലൻ മന്ത്രിയായപ്പോൾ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നു. വാജ്‌പേയിക്ക് സുശീല ഗോപാലൻ കത്തയച്ചാൽ നാലഞ്ചു ദിവസത്തിനുള്ളിൽ മറുപടി റെഡി. വിശദാംശങ്ങൾ കൂടി മറുപടിയിൽ അടങ്ങിയിരിക്കും. ഡിയർ എന്ന് ടൈപ്പ് ചെയ്താൽ സുശീലാ ജി എന്ന് വാജ്‌പേയി കൈ കൊണ്ട് എഴുതുമായിരുന്നു. ജോർജ് ഫെർണാണ്ടസ് വളരെ വ്യക്തിപരമായ ബന്ധം സുശീലാ ഗോപാലനുമായി പുലർത്തി. ജോർജ് ഫെർണാണ്ടസ് മന്ത്രിയായപ്പോൾ തന്നെ എല്ലാ സെക്യൂരിറ്റിയും ഒഴിവാക്കി സുശീലാ ഗോപാലനെ കാണാൻ അദ്ദേഹം എത്തുമായിരുന്നു.

  • എളമരം കരീം മന്ത്രിയായപ്പോഴും കൂടെ നിന്നു?

വളരെ വിഷൻ ഉള്ള മന്ത്രിയായിരുന്നു എളമരം കരീം. വലിയ വിഷൻ എന്ന് തന്നെ പറയാം. പത്ത് പുതിയ വ്യവസായങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് വന്നു. 42 പൊതു മേഖലാ സ്ഥാപനങ്ങൾ അദ്ദേഹം ലാഭകരമാക്കി മാറ്റി. ഇതു കൂടാതെയാണ് പത്ത് പുതിയ വ്യവസായങ്ങൾ അദ്ദേഹം ആരംഭിച്ചത്. എല്ലാം പോയിന്റിലേക്ക് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പോയിന്റുകൾ മാത്രമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. അതുകൊണ്ട് തന്നെ മീറ്റിംഗുകളിൽ പെട്ടെന്ന് തീരുമാനങ്ങൾ വന്നു. വളരെ പ്രാക്റ്റിക്കൽ ആയിരുന്നു അദ്ദേഹം. കെഎംഎല്ലിന്റെ ഒരു പ്രശ്‌നം വന്നപ്പോൾ ഫയലിൽ ദിസ് ഈസ് ദ സൊല്യുഷൻ ഫോർ പ്രോബ്ലം ഓഫ് സ്‌ട്രൈക്ക് എന്ന് എഴുതിയിരുന്നു. അദ്ദേഹം ഫോർ വെട്ടി ദിസ് ഈസ് ദ സൊല്യുഷൻ ടൂ ദ പ്രോബ്ലം ഓഫ് സ്‌ട്രൈക്ക് എന്നെഴുതി. അത്രമാത്രം സൂക്ഷ്മ അർത്ഥത്തിലാണ് കാര്യങ്ങളെ കണ്ടത്. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞു. അക്കാദമിക് ക്വാളിഫിക്കേഷൻ ഉള്ളവർ മാത്രമല്ല മിടുക്കന്മാർ എന്ന് ഇവരൊക്കെ എന്നെ പഠിപ്പിച്ചു. ജനങ്ങൾക്കിടയിൽ നിന്നും വളർന്നു വരുന്ന നേതാക്കൾക്ക് വലിയ കഴിവും കരുത്തുമുണ്ടെന്നു ഇവർ തെളിയിച്ചു.

  • സിപിഎമ്മുമായി എപ്പോഴും അടുപ്പം പുലർത്തി?

യൂണിവേഴ്‌സിറ്റി കോളെജിൽ യൂണിയൻ ചെയർമാൻ ആയിരുന്നു. അതുകൊണ്ട് തന്നെ സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുണ്ട്. ആറു പതിറ്റാണ്ട് കാലത്തെ ബന്ധമുണ്ട് സിപിഎമ്മുമായി. സിപിഎം പാർട്ടി മെമ്പറുമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുപ്പമുണ്ട്. നിയമന കാര്യം ഞാൻ നേരത്തെ അറിഞ്ഞതുമില്ല. എന്റെ ബന്ധു വഴിയാണ് കാര്യങ്ങൾ അറിയുന്നത്. പാർട്ടി അഭിഭാഷകൻ എന്ന രീതിയിൽ

  • സിപിഎമ്മുമായി അടുപ്പമുണ്ട്, ഒപ്പം ഒരു വിശ്വാസികൂടിയാണ്?

അതേ വിശ്വാസിയാണ്. ഞാൻ താമസിക്കുന്നത് ശ്രീകണ്ശ്വരം ക്ഷേത്രത്തിനു സമീപമാണ് താമസിക്കുന്നത്. ശ്രീകണ്ശ്വരം ക്ഷേത്രത്തിലെ ജനകീയ സമിതി പ്രസിഡന്റ് ആയിരുന്നു. വർഷങ്ങൾ തന്നെ ഈ പോസ്റ്റിൽ തുടർന്നിരുന്നു. ഞാൻ കളരി ഗുരുക്കൾ കൂടിയാണ്. അതുകൊണ്ട് വിശ്വാസം എപ്പോഴും എനിക്കൊപ്പമുണ്ട്. ഭാര്യ ആദ്യമേ മരിച്ചു. രണ്ടു പെൺകുട്ടികൾ ആണ്. രണ്ടുപേരും ഇന്ത്യയ്ക്ക് പുറത്താണ്. ഒരാൾ ദുബായിലും മറ്റൊരാൾ കാനഡയിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP