Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും മഴ കനക്കുന്നു; ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം പെയ്തിറങ്ങുന്നത് അതിതീവ്ര മഴയായി; മലപ്പുറത്തും കോഴിക്കോടും ഇന്നും റെഡ് അലർട്ട്; ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്; പാല-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി; എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു; കുട്ടനാട്ടിലും ജല നിരപ്പ് കുറയുന്നില്ല; തെക്കൻ കേരളത്തിൽ പല പ്രദേശങ്ങളും വെള്ളത്തിൽ; മലബാറിൽ രക്ഷാപ്രവർത്തനം ദുഷ്‌കരം; പ്രളയഭീതി വിട്ടൊഴിയാതെ കേരളം

വീണ്ടും മഴ കനക്കുന്നു; ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം പെയ്തിറങ്ങുന്നത് അതിതീവ്ര മഴയായി; മലപ്പുറത്തും കോഴിക്കോടും ഇന്നും റെഡ് അലർട്ട്; ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്; പാല-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി; എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു; കുട്ടനാട്ടിലും ജല നിരപ്പ് കുറയുന്നില്ല; തെക്കൻ കേരളത്തിൽ പല പ്രദേശങ്ങളും വെള്ളത്തിൽ; മലബാറിൽ രക്ഷാപ്രവർത്തനം ദുഷ്‌കരം; പ്രളയഭീതി വിട്ടൊഴിയാതെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതുകൊണ്ടാണിത്. തെക്കൻ കേരളത്തിലും അതിതീവ്ര മഴയാണ് പെയ്യുന്നത്. മലബാറിലും മഴ കനക്കുകയാണ്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ് കേരളം. കഴിഞ്ഞ രാത്രി മുഴുവൻ തെക്കൻ കേരളത്തിൽ മഴയായിരുന്നു. അതിനിടെ മഴക്കെടുതിയിൽ മരണം 100 ആയി. ഇനിയും 51 പേരെ കണ്ടെത്താനുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറിനുള്ളിൽ 204 മില്ലീമീറ്ററിൽ കൂടുതൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്.

ഇന്ന് ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ വരെ) അതിശക്തമായതോ (115 മുതൽ 204.5 വരെ മില്ലീമീറ്റർ) ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം ജില്ലയിൽ ബുധനാഴ്ചയും മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ പ്രഫഷനൽ കോളജുകൾക്കും അവധിയാണ്. വയനാട്ടിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധിയില്ല. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി.

കോട്ടയത്തും അതി ശക്തമാണ് മഴ. പാല-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി. എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുട്ടനാട്ടിലും ജല നിരപ്പ് കുറയുന്നില്ല. തെക്കൻ കേരളത്തിൽ പല പ്രദേശങ്ങളും വെള്ളത്തിൽ. കോട്ടയം പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ മേഖലയിലുള്ളവരോട് ക്യാന്പുകളിലേക്കു മാറാൻ നിർദ്ദേശം. അപ്പർ കുട്ടനാട്ടിലും പന്തളം മേഖലയിലും വീടുകൾ വെള്ളക്കെട്ടിലാണ്. അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യത കൂടുമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും നിർദ്ദേശിച്ചു. താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുടങ്ങണം.

മാറിത്താമസിക്കേണ്ട സാഹചര്യം വരുകയാണെങ്കിൽ അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷിതസ്ഥാനത്തേക്കു മാറാൻ ജനങ്ങൾ തയ്യാറാകണമെന്നും ദുരന്തനിവാരണ അഥോറിറ്റി അഭ്യർത്ഥിച്ചു. ശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മൂന്നുദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

കിഴക്കൻ മേഖലകളിൽ അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത

എറണാകുളത്തിന്റെ കിഴക്കൻ മേഖലകളിൽ അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത. കോതമംഗലം താലൂക്കിലും, പെരിയാറിനോട് ചേർന്നു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലും ഉച്ചഭാഷിണിയിലൂടെ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മുൻകരുതലായി താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് ക്യാമ്പുകളിലേക്ക് മാറാമെന്ന് കളക്ടർ എസ് സുഹാസ് പറഞ്ഞു. അടുത്ത രണ്ട് ദിവസം ജില്ലയിൽ ഖനനം നിരോധിച്ചു. നിലവിൽ എറണാകുളം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണിയില്ല.

പുഴ സാധാരണ ജലനിരപ്പ് കൈവരിച്ചു കഴിഞ്ഞു. ഡാമുകളിലെ ജലനിരപ്പിലും ആശങ്കപെടേണ്ട സാഹചര്യമില്ല. രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താലും ജില്ലയിൽ പ്രളയ സാധ്യതയില്ലെന്ന് ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. ആലുവ പാലസിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ജില്ലാ കളക്ടർ മാധ്യമങ്ങളോട് സംസാരിച്ചത്.

കണ്ടെത്താനുള്ളത് 51 പേരെ

മഴക്കെടുതിയിൽ അഞ്ചുദിവസത്തിനിടെ 100 പേർ മരിച്ചു. സർക്കാരിന്റെ കണക്കിൽ മരണം 91 ആണ്. 51 പേരെകൂടി ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച തൃശ്ശൂരിൽ മൂന്നുപേരും ആലപ്പുഴയിൽ ഒരാളും മരിച്ചു. സംസ്ഥാനത്താകെ 1057 വീടുകൾ പൂർണമായും 11,159 വീടുകൾ ഭാഗികമായും തകർന്നു. 1239 ദുരിതാശ്വാസ ക്യാമ്പുകളിലായുള്ളത് 2,26,491 പേരാണ്.

നിലമ്പൂർ കവളപ്പാറ ഉരുൾപൊട്ടിയ ഭാഗത്ത് ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ നാലു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. പൂതാനി അബ്ദുൾ കരീമിന്റെ ഭാര്യ സക്കീന (49), തിരിച്ചറിയാത്ത രണ്ട് പുരുഷന്മാർ, സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത മറ്റൊരാളുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. സക്കീനയുടെ മൃതദേഹത്തിന്റെ പകുതിമാത്രമേ കിട്ടിയുള്ളൂ. ഇതോടെ കവളപ്പാറ ദുരന്തത്തിൽ 23 മൃതദേഹങ്ങൾ കണ്ടെടുത്തു. രാത്രി ഏഴരയോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയിൽ കാണാതായ 7 പേർക്കായി തിരച്ചിൽ തുടരുന്നു. മലപ്പുറം തിരുനാവായയിൽ വെള്ളക്കെട്ടിൽ അകപ്പെട്ട മകനെയും ഭാര്യാസഹോദരന്റെ മകനെയും രക്ഷിച്ച ശേഷം ഗൃഹനാഥൻ തളർന്നുവീണു മരിച്ചു. തൃശൂർ ജില്ലയിൽ രണ്ടും ആലപ്പുഴയിൽ ഒന്നും മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു

ദുരിതാശ്വാസത്തിൽ ഏക മനസ്സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെയെത്തിയത് 1.82 കോടി രൂപ. ഊർജിത സമൂഹമാധ്യമ പ്രചാരണത്തെത്തുടർന്ന് കഴിഞ്ഞ ദിവസവും രണ്ടരക്കോടിയിലേറെ രൂപ ലഭിച്ചിരുന്നു. കൂട്ടായ്മ കൊണ്ട് അതിജീവനം സാധ്യമാണെന്നു കഴിഞ്ഞ പ്രളയകാലം തെളിയിച്ചെന്നും ഒന്നിച്ചുനിന്നു ദുരവസ്ഥയെ നേരിടുകയാണു വേണ്ടതെന്നും മേപ്പാടിയിലെയും കവളപ്പാറയിലെയും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.

മേപ്പാടിയിലെയും കവളപ്പാറയിലെയും ക്യാംപുകൾ സന്ദർശിച്ച മുഖ്യമന്ത്രി എല്ലാവരുടെയും വിഷമങ്ങളും പരാതികളും കേട്ട ശേഷമാണ് മടങ്ങിയത്. കവളപ്പാറ സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിലെ ക്യാംപിൽ മുഖ്യമന്ത്രിയുടെ വാക്കു കേൾക്കാൻ കാത്തിരുന്നവരോട് കരുതലോടെ, അദ്ദേഹം സംസാരിച്ചു. നിലമ്പൂർ കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും മഴ പെയ്തതിനാലും മറ്റൊരു അപകടത്തിനു സാധ്യതയുള്ളതിനാലും വളരെ കരുതലോടെ മാത്രമേ രക്ഷാപ്രവർത്തനം കഴിയുമായിരുന്നുള്ളൂ. ക്യാംപുകൾ സന്ദർശിച്ച ശേഷം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചു വിതരണം ചെയ്യാൻ റെയിൽവേ തൃശൂർ, ആലുവ, എറണാകുളം ജംക്ഷൻ, എറണാകുളം ടൗൺ, കോട്ടയം, ആലപ്പുഴ, കായംകുളം, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കലക്ഷൻ സെന്ററുകൾ ആരംഭിച്ചു. അവശ്യ വസ്തുക്കൾ സൗജന്യമായി ട്രെയിനുകളിൽ എത്തിച്ചു നൽകാനുള്ള സൗകര്യം പൊതുജനങ്ങൾക്കും ഉപയോഗിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP