Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരെങ്കിലും തിരുവനന്തപുരത്ത് പാതി രാത്രി കുടുങ്ങിപ്പോയാൽ ഉടനെ ബന്ധപ്പെടാൻ മനുഷ്യ സ്‌നേഹിയായ ഒരു സ്ത്രീയുണ്ട്; അപകടശേഷം ശ്രീറാം തന്നെ വഫക്ക് വീട്ടിലേക്ക് പോവാൻ ഊബർ എടുത്തുകൊടുത്തു; മൂപ്പർക്ക് രാത്രി ഒരു മണിക്ക് ആദ്യം തന്നെ അത് പോലെ ഊബർ ടാക്‌സി വിളിച്ച് വീട്ടിൽ പോയാൽ പോരായിരുന്നോ? ആ ചോദ്യം ജിമ്മി ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു: ശ്രീറാം വെങ്കിട്ടരാമനെ നല്ലപിള്ളയാക്കിനിറങ്ങി ഏഷ്യനെറ്റ് ന്യൂസ് വെട്ടിൽ; സോഷ്യൽ മീഡിയയിൽ കടന്നാക്രമണം; മാധ്യമ ലോകവും പ്രതിഷേധത്തിൽ

ആരെങ്കിലും തിരുവനന്തപുരത്ത് പാതി രാത്രി കുടുങ്ങിപ്പോയാൽ ഉടനെ ബന്ധപ്പെടാൻ മനുഷ്യ സ്‌നേഹിയായ ഒരു സ്ത്രീയുണ്ട്; അപകടശേഷം ശ്രീറാം തന്നെ വഫക്ക് വീട്ടിലേക്ക് പോവാൻ ഊബർ എടുത്തുകൊടുത്തു; മൂപ്പർക്ക് രാത്രി ഒരു മണിക്ക് ആദ്യം തന്നെ അത് പോലെ ഊബർ ടാക്‌സി വിളിച്ച് വീട്ടിൽ പോയാൽ പോരായിരുന്നോ? ആ ചോദ്യം ജിമ്മി ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു: ശ്രീറാം വെങ്കിട്ടരാമനെ നല്ലപിള്ളയാക്കിനിറങ്ങി ഏഷ്യനെറ്റ് ന്യൂസ് വെട്ടിൽ; സോഷ്യൽ മീഡിയയിൽ കടന്നാക്രമണം; മാധ്യമ ലോകവും പ്രതിഷേധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകട സമയത്ത് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോയെന്ന് അറിയില്ലെന്ന് വഫ ഫിറോസിനെ കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് പറയിച്ചത് വൻ വിവാദത്തിലേക്ക്. മാധ്യമ ഗ്രൂപ്പുകളിൽ എല്ലാം വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് ഉറപ്പില്ല. എങ്കിലും പ്രത്യേക മണം തോന്നിയിരുന്നു. എന്റെ ഭർത്താവോ പിതാവോ സഹോദരനോ മദ്യപിക്കില്ല. അതിനാൽ, മദ്യത്തിന്റെ മണം തനിക്കറിയില്ലെന്നും വഫ ഫിറോസ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടും അഭിമുഖം നടത്തിയ അവതാരകൻ കേട്ടിരുന്നു. തിരിച്ചൊന്നും ചോദിച്ചില്ല.

അതിനിടെ കെ.എം. ബഷീർ അതിദാരുണമായി കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ശ്രീറാം വെങ്ക്ട്ടരാമന് ജാമ്യം അനുവദിക്കപ്പെട്ടത് ഉന്നതതല ഐ.പി.എസ്.-ഐ.എ.എസ് ഒത്തുകളിയുടെ ഭാഗമായാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കേരളാ പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. മദ്യപിച്ച്് ലക്കുകെട്ട്് വാഹനമോടിച്ചാണ് ശ്രീറാം വെങ്കട്ടരാമൻ ബഷീറിനെ കൊല ചെയ്തത്. സഹയാത്രികയും സാക്ഷികളും ശ്രീറാം മദ്യ ലഹരിയിലാണെ് വ്യക്തമാക്കിയിട്ടും അയാളുടെ രക്ത സാമ്പിൾ എടുക്കാൻ വൈകി. മെഡിക്കൽ റിപ്പോർട്ടിൽ മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോർട്ടും നൽകി. ആശുപത്രിയിൽ പോലും പ്രതിക്ക് സുഖവാസമാണ്. വ്യക്തമായ ഒത്തുകളിയാണിത്. പൊലീസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ ശക്തമായ സമരത്തിന് യൂണിയൻ നേതൃത്വം നൽകുമെന്ന് പ്രസിഡണ്ട് കമാൽ വരദൂർ, ജന.സെക്രട്ടറി സി.നാരായണൻ എന്നിവർ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തേക്ക് യൂണിയൻ പ്രതിഷേധ മാർച്ച് നടത്തും. അനന്തര സമര പരിപാടികൾക്ക് രൂപം നൽകാൻ അടിന്തിരമായി കോഴിക്കോട്ട് സംസ്ഥാന ഭാരവാഹികളുടെ യോഗം ചേരും. ഇവിടെയെല്ലാം ഏഷ്യാനെറ്റിനെതിരെ വലിയ പ്രതിഷേധം ഉയരും. ഇതിനൊപ്പം സോഷ്യൽ മീഡിയയിലെ വലിയ ട്രോളുകളാണ് ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസിനും അഭിമുഖത്തിനും എതിരെ സോഷ്യൽ മീഡിയ ഉയർത്തുന്ന പൊതു വികാരത്തിൽ ചിലത്

  • ആരെങ്കിലും തിരുവനന്തപുരത്ത് പാതി രാത്രി കുടുങ്ങിപ്പോയാൽ ഉടനെ ബന്ധപ്പെടാൻ മനുഷ്യ സ്‌നേഹിയായ ഒരു സ്ത്രീയുണ്ട്. ബന്ധപ്പെടുക...
  • അപകട ശേഷം ശ്രീറാം തന്നെ വഫക്ക് വീട്ടിലേക്ക് പോവാൻ ഊബർ എടുത്തുകൊടുത്തു. മൂപ്പർക്ക് രാത്രി ഒരു മണിക്ക് ആദ്യം തന്നെ അത് പോലെ ഊബർ ടാക്‌സി വിളിച്ച് വീട്ടിൽ പോയാൽ പോരായിരുന്നോ? ആ ചോദ്യം ജിമ്മി ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.... ആ അഭിലാഷെങ്ങാനും ആയിരുന്നെങ്കിൽ കേസ് തീർപ്പായേനെ.,.. വിധി പ്രഖ്യാപനം മാത്രം മതിയാവും പിന്നെ.... ജിമ്മിയെ ഇമ്മാതിരി പ്രോഗ്രാമിൽ ഇടാതെ കാലാവസ്ഥ / കായികം വിഭാഗത്തിലേക്ക് മാറ്റുന്നതാണ് നല്ലത് എന്നാണ് എന്റെ ഒരിത്
  • ഒരു വർഷത്തിന് ശേഷവും ഒരു മെസേജിന് പതിരാത്രി പോയ കുട്ടിയുടെ നല്ല മനസ് ആരും കാണുന്നില്ല......... തെറ്റ് ചെയ്യാത്തവരാരുണ്ട് ജിമ്മി........ മനസ്സിൽ ലഡു പൊട്ടി ജിമ്മിക്ക്
  • വഫ ഒരു ആവറേജ് പെൺകുട്ടി അല്ല എന്ന് അവർ തന്നെ പറയുന്നു , ഞാനും സമ്മതിക്കുന്നു , പാവത്തിന് മദ്യത്തിന്റെ ഗന്ധമറിയില്ല പോലും കാരണം വഫായുടെ അച്ഛനും സഹോദരനും ഭർത്താവും കുടിക്കില്ലത്രേ , പിന്നെ ശ്രീറാമിന് എന്തോ ഒരു ഗന്ധം ഉണ്ടായിരുന്നു എന്താണെന്ന് വഫായ്ക്കു അറിയില്ല , എന്റെ വഫ നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ വിശ്വസിച്ചു പക്ഷെ ഇത്രയും എക്‌സ്ട്രാ ഓർഡിനറി ആയ നിങ്ങള്ക്ക്മദ്യത്തിന്റെ ഗന്ധമറിയില്ല എന്ന് പറഞ്ഞിടത്തു തീർന്നു ഇ ഡ്രാമ
  • എത് പാതിരാത്രിയിലും ആവേശം വന്നാൽ നിങ്ങൾക്ക് ധൈര്യമായി ബന്ധപ്പെടാവുന്ന വ്യക്തി വഫ ഫിറോസ്. സമ്മതിച്ചിരിക്കുന്നു. ഇവളുടെ ഭർത്താവ് എന്ന് പറയുന്ന ആ നാറിയേയും അവന്റെ വീട്ടുകാരെയും
  • വഫയുടെ ഭാഗം ക്ലിയറക്കാൻ എടുത്ത ഒരു ഇന്റർവ്യൂ പോലെ തോന്നി.. ജിമ്മിയുടെ ചോദ്യങ്ങൾ അത്തരത്തിലായിരുന്നു
  • ഒരു വർഷം മുമ്പ് മാത്രം ഒന്നു പരിചയപ്പെട്ട ഒരു സാധാരണ സ്ത്രീയെ ആണ് അർദ്ധ രാത്രി ശ്രീ റാമിനു ആദ്യം വിളിക്കാൻ തോന്നിയത്..അർദ്ധ രാത്രി പെട്ടു പോയ ശ്രീ റാമിനു അല്ല, ശ്രീ റാം കൊടുത്ത പാർട്ടി , ലേറ്റ് ആകും എന്നു ശ്രീ റാം അറിമായിരുന്നല്ലോ..

വഫ ഫിറോസിന് ഭർത്താവുമായി യാതൊരു പ്രശ്നവുമില്ല. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ വിവാഹ ബന്ധം വേർപെടുത്തിയെന്ന് പറയുന്നതൊക്ക തെറ്റാണ്. എല്ലാ കാര്യങ്ങളും ഭർത്താവിനോട് പറഞ്ഞിരുന്ന വഫ അപകടം പറയാൻ മാത്രം മറന്ന് പോയി. തെറ്റ് പറയാൻ പറ്റില്ല. വല്ലാത്ത മാനസിക സമ്മർദം അനുഭവിക്കുന്ന സമയമല്ലേ. എല്ലാം കഴിഞ്ഞ് സാവധാനം പറയാമെന്ന് കരുതി. പെട്ടെന്ന് അറിയിക്കാഞ്ഞതുകൊണ്ട് ചെറുതായിട്ട് ഭർത്താവിന് പരിഭവമുണ്ട് വഫയോട്... സ്വാഭാവികം. അപകടവും കേസുമൊക്കെ ആയിട്ട് തിരക്കിലായത് കാരണം ഇത് വരെയും വിദേശത്തുള്ള ഭർത്താവിനെ വിളിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല കേട്ടോ...... കേസ് എല്ലാം കഴിഞ്ഞ് ഉടൻ തന്നെ ഭർത്താവിന്റെയും മകളുടേയും അടുത്തേക്ക് പോകാനായിട്ടാണ് വഫ കാത്തിരിക്കുന്നത്. താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന് തന്നെ അറിയാവുന്നവർക്ക് എല്ലാം അറിയാം. അല്ലെങ്കിൽ അവരൊക്കെ തന്നെ സഹായിക്കാൻ വരില്ലല്ലോ... മകളെ നോക്കാൻ വേണ്ടി വഫ ഫെയസ് ബുക്ക് പോലും ഉപയോഗിക്കാറില്ല. കുടുംബവുമായി അത്ര അടുത്ത ബന്ധമാണ് വഫയ്ക്ക്

തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങൾ സത്യമല്ലെന്ന് വഫ മാധ്യമ അഭിമുഖത്തിൽ പറഞ്ഞു. താൻ ഭർത്താവിൽ നിന്ന് അകന്ന് ജീവിക്കുന്ന ആളല്ല. തങ്ങൾക്ക് ബിസിനസ് ഇല്ല. താൻ മോഡലിങ് രംഗത്തുള്ള ആളല്ലെന്നും വഫ പറഞ്ഞു. ദമാമിൽ ഷോപ്പുണ്ട്. അതിൽ നിന്നുണ്ടാക്കിയ സമ്പാദ്യം മാത്രമാണ് തങ്ങൾക്കുള്ളത്. ഭർത്താവ് മറൈൻ എഞ്ചിനീയറാണെന്നും വഫ പറഞ്ഞു. ശ്രീറാം സാധാരണയിലും കൂടുതൽ വേഗത്തിലാണ് കാറോടിച്ചിരുന്നത്. എന്നാൽ മദ്യപിച്ചിരുന്നോ എന്നറിയില്ല. തനിക്ക് മദ്യത്തിന്റെ മണം അറിയില്ല. പ്രത്യേക മണം തോന്നിയിരുന്നു. ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നുവെന്നും വഫ വെളിപ്പെടുത്തി. ആകെ രണ്ട് ഐ.എ.എസുകാരുമായാണ് ബന്ധമുള്ളത്. ഒരാൾ ശ്രീറാമും മറ്റൊരാൾ മെറിനുമാണ്. ശ്രീറാമിനെ ഒരു ഷോയിൽ കണ്ടാണ് വിളിക്കുന്നത്. പിന്നാലെ മീറ്റ് ചെയ്യാമെന്ന് ശ്രീറാം പറഞ്ഞു. അങ്ങനെയാണ് കണ്ടുമുട്ടിയത്. അതിന് ശേഷം ഒരു വർഷം കഴിഞ്ഞ് അപകടമുണ്ടായ ദിവസമാണ് വീണ്ടും കാണുന്നതെന്നും വഫ പറഞ്ഞു.

ശ്രീറാം മാന്യനായ വ്യക്തിയാണ്. ശ്രീറാം എന്ന മനുഷ്യന്റെ സ്വഭാവം അറിഞ്ഞിട്ടാണ് ആ സമയത്ത് അദ്ദേഹം വിളിച്ചപ്പോൾ പോയത്. വരണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയക്കുകയായിരുന്നു. ഇത്തരം സമയത്ത് തന്റെ ഏത് സുഹൃത്തുക്കൾ വിളിച്ചാലും പോകുമെന്നും അതാണ് തന്റെ സ്വഭാവമെന്നും വഫ പറഞ്ഞു. രാത്രി ഒരു മണി എന്നത് തന്നെ സംബന്ധിച്ച് അസമയമല്ല. കുഞ്ഞുമായി പുറത്തുപോയി വരുന്നത് രണ്ട് മണിക്കാണ്. അയാളെ സഹായിക്കാനാണ് പോയത്. അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും വഫ പറഞ്ഞു. പെൺകുട്ടികൾക്ക് അത്യാവശ്യം ഫ്രീഡം അനുവദിച്ച് കൊടുക്കുന്ന ഫാമിലിയിൽ വളർന്നതുകൊണ്ട് തന്നെ രാത്രി 12 മണിക്ക് ഒരു സുഹൃത്തിനെ വിളിക്കാൻ പോകുന്നത് എങ്ങനെ തെറ്റായി കണക്കാക്കാൻ പറ്റും. സഹായിക്കാൻ പോയത് വഫയുടെ മഹാമനസ്‌കത ആണ്. വിദേശത്ത് വളർന്നതുകൊണ്ട ് തന്നെ ഒരു നാടൻ പെൺകുട്ടിയെ പോലെ ആയിരുന്നില്ല വഫ. ഏത് നേരത്തും സുഹൃത്തുക്കളെ സഹായിക്കാൻ പോകുന്നത് ഒരു തെറ്റുമല്ല. പിന്നെ ശ്രീറാം വെങ്കിട്ട രാമനെ കുറിച്ച് വഫയ്ക്ക് നല്ല ധാരണ ഉണ്ട്. സൽസ്വഭാവിയായ വ്യക്തി ആയതിനാൽ ഡ്രോപ് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല. അത് ഇനി ഏത് സുഹൃത്തായാലും വഫ പോകും. മോഡലിങ്ങ് എന്ന് പറയാൻ വേണ്ടിയിട്ട് ഒന്നും ചെയ്തിട്ടില്ല.

വിവാദമാകുന്ന വഫയുടെ അഭിമുഖത്തിന്റെ വിശദ രൂപം

മോഡലാണെന്നും ഭർത്താവുമായി അകന്ന് കഴിയുന്നുവെന്നും ഉൾപ്പെടെ ഇപ്പോൾ തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളങ്ങളാണെന്ന് വഫ ഫിറോസ് അവകാശപ്പെട്ടു. ഇത് വ്യക്തമാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു അഭിമുഖത്തിൽ പങ്കെടുക്കുന്നതെന്നും അവർ വ്യക്തമാക്കി.

പപ്പായും മമ്മയും 30 വർഷമായി ദമാമിൽ ഷോപ്പ് നടത്തുന്നുണ്ടെന്നതല്ലാതെ മറ്റൊരു ബിസിനസും തനിക്കൊ തന്റെ കുടുംബത്തിനോ ഇല്ലെന്ന് വഫ ഫിറോസ് പറയുന്നു. ഈ കടയിൽ നിന്നുള്ള സമ്പാദ്യം മാത്രമാണ് കയ്യിലുള്ളതെന്ന് അവർ അവകാശപ്പെടുന്നു. സഹോദരൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഭർത്താവ് മറൈൻ എഞ്ചിനിയറാണ്.

മീഡിയ വലിയ താത്പര്യമുള്ള മേഖലയായിരുന്നു പക്ഷേ താൻ ഒരിക്കലും മോഡലായിരുന്നില്ല. ഒരു ചുരിദാറിന്റെ പരസ്യം മാത്രമാണ് മോഡൽ എന്ന് പറയാവുന്ന തരത്തിൽ ചെയ്തിട്ടുള്ളത്. ജീവിതത്തിൽ രണ്ടേ രണ്ട് ഷോകൾ മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് പറഞ്ഞ വഫ ഫിറോസ് അത് ഏഷ്യാനെറ്റിന് വേണ്ടി ചെയ്ത റംസാൻ നിലാവ് എന്ന പരിപാടിയും കൈരളി ടിവിക്കായി ചെയ്ത ലൈലത്തുൽ ഖദ്ർ എന്ന പരിപാടിയുമാണെന്ന് വിശദീകരിക്കുന്നു.

2014 ഫേസ്‌ബുക്ക് അടക്കം ഡിലീറ്റ് ചെയ്തുവെന്ന് വഫ ഫിറോസ് വ്യക്തമാക്കി. മകളുടെ കാര്യങ്ങൾ നോക്കാൻ വേണ്ടിയായിരുന്നു താൻ ഈ മേഖലയിൽ നിന്ന് മാറിയത്. അബുദാബിയിലേക്ക് താമസം മാറിയിരുന്നു. ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതിനാൽ തന്നെ ആഗ്രഹിച്ച രീതിയിൽ പഠിക്കുവാൻ കഴിഞ്ഞിരുന്നില്ല. മകൾ പന്ത്രണ്ടാം ക്ലാസിലാണ് ഇപ്പോൾ പഠിക്കുന്നതെന്ന് വഫ പറഞ്ഞു.

അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോൾ പ്രൈവറ്റായി ബി എ ഇംഗ്ലീഷ് പഠിക്കുകയാണ്. പരീക്ഷയെഴുതാൻ വേണ്ടിയാണ് നിലവിൽ നാട്ടിലെത്തിയതെന്നും വഫ വ്യക്തമാക്കി.

ഉന്നത ബന്ധങ്ങൾ

ഉന്നത ബന്ധങ്ങളുള്ള ആളാണെന്ന് പറയുന്നത് വ്യാജപ്രചരണമാണ്. ഉന്നത ബന്ധമെന്ന് പറയാവുന്ന തരത്തിൽ ഉള്ളത് രണ്ട് സൗഹൃദങ്ങൾ മാത്രമാണ്. മെറിൻ ജോസഫ് ഐപിഎസുമായി ഒരു സലൂണിൽ വച്ച് കണ്ട് സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ഇവർ മാത്രമാണ് ഉന്നത എന്ന് പറയാവുന്ന സൗഹൃദം. അത് അടുത്ത ബന്ധമൊന്നുമല്ല കണ്ടാൽ സുഖമാണോ എന്ന് ചോദിക്കുന്നത്ര മാത്രം വലിപ്പമുള്ള സൗഹൃദമാണത്.

ശ്രീറാം വെങ്കിട്ടറാമിനെ ഒരു ഷോ കണ്ട് അഭിനന്ദിക്കാൻ വിളിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണുകയും ചെയ്തു , അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഈ സംഭവമുണ്ടായപ്പോൾ കണ്ടത്..

കണ്ടതിൽ വച്ച് മാന്യനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടറാമനെന്ന് വഫ ഫിറോസ് പറയുന്നു. ഇത് വരെ ഒരു മോശം അനുഭവം അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം മെസേജ് അയച്ച് ചോദിച്ചു. ശ്രീറാം വെങ്കിട്ടറാമനെക്കുറിച്ച് എനിക്ക് ഒരു ബോധ്യമുള്ളതുകൊണ്ടാണ് പോയത്. ആ മനുഷ്യനെ സഹായിക്കാനാണ് പോയത്. അത് ശ്രീറാമല്ല ഏത് സുഹൃത്തായാലും പോകും. എന്റെ സ്വഭാവം അങ്ങനെയാണ്.

ഒരു ഗ്രാമത്തിൽ ജനിച്ച് വളർന്ന കുട്ടിയാണെങ്കിൽ ചിലപ്പോൾ അങ്ങനെ രാത്രി ഒരാൾ വിളിച്ചാൽ സഹായിക്കാൻ ചെയ്യില്ലായിരിക്കും പക്ഷേ ഞാൻ അങ്ങനെയല്ല. പലപ്പോഴും കുടുംബമായി യാത്ര ചെയ്യുമ്പോഴും, സിനിമ കാണാൻ പോകുമ്പോഴുമെല്ലാം രാത്രി ഏറെ വൈകാറുണ്ട്. അതിൽ തന്നെ സംബന്ധിച്ചിടത്തോളം അസ്വഭാവികതയില്ല. പലപ്പോഴും ബന്ധുക്കളെ എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാനും മറ്റും വളരെ വൈകി തിരുവനന്തപുരത്ത് രാത്രി യാത്ര ചെയ്തിട്ടുണ്ട് അപ്പോഴൊന്നും ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടായിട്ടില്ല.

അന്ന് വേഗത കൂടുതലായിരുന്നോ ?

രാത്രി ഡ്രൈവ് ചെയ്യുമ്പോൾ സാധാരണ ഡ്രൈവ് ചെയ്യുന്നതിനേക്കാൾ സ്പീഡിലാണല്ലോ പലപ്പോഴും പോകാറ് അന്നും അങ്ങനെ തന്നെയായിരുന്നു. ഞാൻ ഓടിക്കുന്നതിനേക്കാൾ സ്പീഡിലാണ് ശ്രീറാം വണ്ടി ഓടിച്ചത്.

ശ്രീറാം മദ്യപിച്ചിരുന്നോ ?

എന്റെ വീട്ടിൽ ആരും കുടിക്കാറില്ല. അതുകൊണ്ട് ആ മണം തിരിച്ചറിയാൻ പറ്റില്ല, ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു. അതെന്തായിരുന്നുവെന്ന് ടെസ്റ്റുകൾ വേണം തെളിയിക്കാൻ.

അപകടം നടക്കുന്ന സമയത്ത് മുന്നിലുണ്ടായിരുന്ന വണ്ടി ശ്രദ്ധയിൽപ്പെട്ടിരുന്നോ

അതെനിക്ക് കൃത്യമായി ഓർക്കാൻ പറ്റുന്നില്ല. ഓർമയിൽ ആ വണ്ടി ഓടുകയായിരുന്നു. എന്നാൽ ദൃക്‌സാക്ഷികളായ ചിലർ പറയുന്നത് വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ്.

അപകടത്തിന് ശേഷം ബഷീറിനെ രക്ഷിക്കാനായി ഒന്നും നിങ്ങൾ ചെയ്തില്ല എന്നും ചിലർ പറയുന്നു?

അത് തീർത്തും അസത്യമാണ്. അപകടമുണ്ടായപ്പോൾ തന്നെ ഞാനും ശ്രീറാമും കാറിൽ നിന്നും ചാടിയിറങ്ങി. ശ്രീറാമാണ് ആദ്യം വണ്ടിയിൽ നിന്നും ഇറങ്ങിയത്. എന്റെ ഭാഗത്തെ ഡോർ അപകടത്തിൽ ജാമായിരുന്നു. ശ്രീറാം ചാടിയിറങ്ങി അയാളെ തൂക്കിയെടുത്തു. അയാളെ എടുത്തു കൊണ്ടു തന്നെ അവിടേക്ക് എത്തിയ പലരോടും രക്ഷിക്കൂ.. രക്ഷിക്കൂ എന്ന് ശ്രീറാം ആവശ്യപ്പെട്ടു.

ഒത്തിരി പേർ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. കുറേ നേരം ശ്രീറാം അയാളെ എടുത്തു നിന്നു. പിന്നെ ഞങ്ങൾ രണ്ടു പേരും കൂടെ അദ്ദേഹത്തെ താഴേക്ക് എടുത്ത് കിടത്തി. പിന്നെ ഞാനും ശ്രീറാമും കൂടി അവിടെയെത്തിയ പലരോടും പോയി അയാളെ രക്ഷിക്കണം എന്ന് അഭ്യർത്ഥിച്ചു.

എന്റെ ആങ്ങളയാണ് കിടക്കുന്നതെങ്കിൽ ഞാൻ രക്ഷിക്കില്ലേ. ആ മനുഷ്യന്റെ കിടപ്പ് കണ്ടപ്പോൾ നമ്മുക്ക് കണ്ടു നിൽക്കാൻ പറ്റില്ലായിരുന്നു. പക്ഷേ ആരും മുന്നോട്ട് വന്നില്ല. ഈ അവസ്ഥയിൽ അദ്ദേഹത്തെ എടുക്കാൻ പറ്റില്ല ആംബുലൻസ് വരണം എന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ ആംബുലൻസ് വരുന്ന വരെ എല്ലാവരും കാത്തിരിക്കുകയാണ് ചെയ്തത്. എന്റെ വണ്ടിയിൽ കേറ്റി കൊണ്ടു പോകാൻ ശ്രീറാം ശ്രമിച്ചു. എന്നാൽ രണ്ട് ടയറും പൊട്ടിയ ആ വണ്ടിയിൽ ആളെ കൊണ്ടു പോകാൻ പറ്റില്ല എന്ന് ഞാൻ ശ്രീറാമിനോട് പറഞ്ഞു.

അപകടം നടന്ന് അഞ്ച് മിനിറ്റിനകം പൊലീസുകാർ സ്ഥലത്ത് എത്തിയിരുന്നു. ഡ്രൈവിങ് സീറ്റിൽ നിന്നും ശ്രീറാം ഇറങ്ങിയത് എല്ലാവരും കണ്ടിരുന്നു. വണ്ടി ഓടിച്ചത് നിങ്ങളല്ലേ അവർ അല്ലല്ലോ എന്ന് ശ്രീറാമിനോട് പൊലീസുകാർ പറഞ്ഞു. ആ യുവതി പൊയ്‌ക്കോട്ടെ അവർ ഒന്നും ചെയ്തില്ലല്ലോ എന്ന് ശ്രീറാമും പറഞ്ഞു. ശ്രീറാം തന്നെ പുള്ളിയുടെ ഫോണിൽ കൂടി ഒരു ഊബർ ഓട്ടോ വിളിപ്പിച്ചു. ഞാൻ അവിടെ നിന്നും പോയി.

പൊലീസിന്റെ അനുവാദത്തോടെയാണോ നിങ്ങൾ പോയത് ? പൊലീസ് നിങ്ങളെ പോകാൻ അനുവദിച്ചു എന്ന് മൊഴിയിൽ പറയുന്നുണ്ട്. പിന്നെ രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞു വീണ്ടും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയോ ?

തിരിച്ചു വന്നശേഷം രക്തസാംപിൾ എടുക്കാനാണ് നേരെ പോയത്. അതിനു ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യം കൊടുത്ത മൊഴിയിലും അവസാനം കൊടുത്ത മൊഴിയിലും ഒരേ കാര്യമാണ് ഞാൻ പറഞ്ഞിട്ടുള്ളത് ഒന്നും മാറ്റി പറഞ്ഞിട്ടില്ല.

ഈ സംഭവത്തിന് ശേഷം താങ്കളെക്കുറിച്ചും പലതരം കഥകൾ പ്രചരിക്കുന്നുണ്ട്. കുടുംബം എങ്ങനെയാണ് ഈ സാഹചര്യം നേരിട്ടത് ?

ഞാൻ വിവാഹമോചിതയാണ് എന്നൊരു വാർത്ത ഇതിനിടെ പ്രചരിച്ചു അത് തെറ്റാണ്. ഭർത്താവിന്റെ പിതാവും മാതാവും... വയസ്സായ ആ രണ്ട് പേരാണ് എന്നെ ഇറക്കാൻ വേണ്ടി പൊലീസ് സ്റ്റേഷനിൽ വന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ അവരാണ് എനിക്കൊപ്പം നിന്നത്. എന്റെ പപ്പയും മമ്മയും സ്ഥലത്ത് ഇല്ല.വിദേശത്താണ്. സഹോദരിമാരായാലും കുടുംബത്തിൽ എന്നെ അറിയുന്ന എല്ലാവരും എനിക്ക് പിന്തുണയുമായി കൂടെയുണ്ട്.

എങ്ങനെയാണ് ഈ പ്രതിസന്ധികളെ വ്യക്തിപരമായി നേരിടുന്നത്?

ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയിലല്ലോ... അതിന്റെ എല്ലാ പ്രത്യാഘാതവും ഞാനിപ്പോൾ അനുഭവിക്കുന്നുണ്ട്....... ഉണ്ടായതിനെല്ലാം ഞാൻ അനുഭവിക്കുന്നുണ്ട്.

രാത്രി ഇറങ്ങിപ്പോയി... അതെല്ലാം വലിയപ്രശ്‌നമായി.. ആളുകൾ പലതും പറയുന്നു... ഇതൊക്കെ നിങ്ങളെ ബാധിക്കുന്നുണ്ടോ....?

ഭർത്താവിനോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് ഇതൊക്കെ അറിയാം... ശ്രീറാം, മെറിൻ ഇവരൊക്കെയായി എനിക്ക് സൗഹൃദമുണ്ട് എന്നെല്ലാം അദ്ദേഹത്തിന് അറിയാം. ബാക്കിയാരുമായും എനിക്ക് സൗഹൃദമില്ല. എന്നാൽ അപകടമുണ്ടായ ശേഷം എനിക്ക് ഭർത്താവിനെ വിളിക്കാൻ സമയം കിട്ടിയില്ല. അതിൽ അദ്ദേഹത്തിന് വിഷമമുണ്ട്. പുള്ളിക്കാരന്റെ അടുത്ത് ഞാൻ ഇതൊന്നും വിളിച്ചു പറഞ്ഞില്ല. പറയാൻ എനിക്ക് പറ്റിയില്ല. കാരണം അപകടം കഴിഞ്ഞ ആ ഷോക്കിലായി പോയി ഞാൻ. അതല്ലാതെ ഞങ്ങൾ തമ്മിലോ കുടുംബത്തിലോ പ്രശ്‌നങ്ങൾ ഒന്നുമില്ല. എല്ലാവർക്കും എന്നെ അറിയാം.

ഇതിന്റെ പേരിൽ ഇനി കൂടുതൽ പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടാവുമോ എന്ന് ഭയമുണ്ടോ ?

എന്നെ അറിയാത്തവർ പലതും പറയുമായിരിക്കും. എന്നെ അറിയുന്നവർ ഒന്നും പറയില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ കുടുംബം ഇത്രയും നടന്നിട്ടും എനിക്കൊപ്പമുണ്ട്. എന്റെ ഭർത്താവിന്റെ വീട്ടുകാർ, ഭർത്താവിന്റെ സഹോദരങ്ങൾ അവരുടെ ഭാര്യമാർ ഇവരൊക്കെ എന്റെ കൂടെ നിന്നു. ഭർത്താവിന്റെ നാലാമത്തെ സഹോദരന്റെ ഭാര്യയാണ് എനിക്കൊപ്പം ഒരു ദിവസം മുഴുവൻ നിന്നത്. എന്റെ അനിയത്തിമാരൊക്കെ എന്റെ കൂടെ നിൽക്കുന്നുണ്ട്. ചേട്ടത്തി ഇതു ചെയ്തു എന്നു പറഞ്ഞ് അവരൊന്നും എന്നെ മാറ്റി നിർത്തിയില്ല. അവരൊക്കെ എന്നെ പിന്തുണച്ച് കൂടെനിൽക്കുന്നുണ്ട്. അതുകൊണ്ട് പുറത്തു നിന്നുള്ളതൊന്നും എന്നെ ബാധിക്കില്ല.

ഒരുപാട് കഥകളൊക്കെ മാധ്യമങ്ങളിൽ വായിക്കുമ്പോൾ അത് ബാധിക്കുന്നുണ്ടോ..?

കഥകൾ മാത്രമല്ല ജിമ്മീ... ഒരുപാട് ഫോട്ടോസ് പ്രചരിക്കുന്നുണ്ട്. ഞാനല്ലാതെ ഫോട്ടോസ് എന്റെ പേരിൽ വരികയാണ്. എന്നെ അറിയുന്നവർക്ക് അറിയാം അത് വഫയല്ല എന്ന്

ഈ മോഡലിങ് എന്നൊക്കെ പറഞ്ഞു വരുന്ന ഫോട്ടോകളാണോ... ?

ഞാൻ മോഡലല്ല ജിമ്മി.. ഞാൻ മോഡലിങ് ചെയ്തിട്ടില്ല. കുറേ യൂട്യൂബ് ചാനൽസ് അവരുടെ റേറ്റിങ് കൂട്ടാനും പണം നേടാനും വേണ്ടിയാവും ഇതൊക്കെ ചെയ്യുന്നത്. എന്റെ പിന്നിൽ ഒരു കുടുംബവമുണ്ട് അതവർ ആലോചിക്കുന്നില്ല. ആ കുടുംബം ഇതൊക്കെ എങ്ങനെയെടുക്കും എന്നവർ ആലോചിക്കുന്നില്ല. അതാണ് വഫ ഇതാണ് വഫ എന്നെല്ലാം പറഞ്ഞ് ഒരുപാട് വീഡിയോസ് യൂട്യൂബിലുണ്ട്. അവരൊന്ന് ആലോചിച്ചാൽ നല്ലതായിരിക്കും ജിമ്മീ... എന്റെ കുടുംബത്തിന്... കാണുന്നത് ഒരാൾ മാത്രമല്ലോ..കുടുംബത്തിലെ ഒരുപാട് പേരെ കാണുന്നുണ്ടാവില്ലേ എന്റെ കുടുംബത്തിൽ.

ഇനിയെന്താണ്... ?

ഇനി... ഇതിപ്പോൾ കേസ് നടക്കുകയാണ്. എനിക്ക് തിരിച്ചു പോകണം. ഭർത്താവിന്റെ അടുത്തേക്ക്. മോളുണ്ട് എന്റെ കൂടെ... എനിക്ക് ഭർത്താവിന് അടുത്തേക്ക് തിരിച്ചു പോകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP