Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാണം കെട്ടും ശ്രീറാമിനെ രക്ഷിക്കാൻ പാടുപെട്ടപ്പോൾ പോയിക്കിട്ടിയത് സ്വന്തം ഇമേജ്; മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്നിട്ടും ഐഎഎസുകാരനെ രക്ഷിക്കാനുള്ള ശ്രമം പാളിയത് മാധ്യമങ്ങൾ ഇമ പൂട്ടാതെ ജാഗ്രത കാട്ടിയതോടെ; മുഖം രക്ഷിക്കാൻ മ്യൂസിയം എസ്‌ഐ ജയപ്രകാശിന് സസ്‌പെൻഷൻ; രക്തപരിശോധന സമയത്ത് നടത്താതെയും സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിനെ പോകാൻ അനുവദിച്ചും ഗുരുതരവീഴ്ച; തെറ്റുതിരുത്താൻ തലസ്ഥാന സിറ്റിപൊലീസ്

നാണം കെട്ടും ശ്രീറാമിനെ രക്ഷിക്കാൻ പാടുപെട്ടപ്പോൾ പോയിക്കിട്ടിയത് സ്വന്തം ഇമേജ്; മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്നിട്ടും ഐഎഎസുകാരനെ രക്ഷിക്കാനുള്ള ശ്രമം പാളിയത് മാധ്യമങ്ങൾ ഇമ പൂട്ടാതെ ജാഗ്രത കാട്ടിയതോടെ; മുഖം രക്ഷിക്കാൻ മ്യൂസിയം എസ്‌ഐ ജയപ്രകാശിന് സസ്‌പെൻഷൻ; രക്തപരിശോധന സമയത്ത് നടത്താതെയും സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിനെ പോകാൻ അനുവദിച്ചും ഗുരുതരവീഴ്ച; തെറ്റുതിരുത്താൻ തലസ്ഥാന സിറ്റിപൊലീസ്

എം മനോജ് കുമാർ

 തിരുവനന്തപുരം: മദ്യലഹരിയിൽ കാറോടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ ഇടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരനെ രക്ഷിക്കാൻ നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തിയതിന് പഴികേട്ട തിരുവനന്തപുരം സിറ്റി പൊലീസ് തെറ്റു തിരുത്തുന്നു. നരഹത്യ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സ്വതന്ത്രനാക്കി വിട്ടു വിവാദം സൃഷ്ടിച്ച മ്യൂസിയം എസ്‌ഐ ജയപ്രകാശിനു സസ്‌പെൻഷൻ. സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്കുമാർ ഗുരുഡിൻ ആണ് ഉത്തരവിറക്കിയത്. മ്യൂസിയം എസ്‌ഐയെ സസ്‌പെൻഡ് ചെയ്ത കാര്യം ഡിജിപി ഓഫീസ് മറുനാടനോട് സ്ഥിരീകരിച്ചപ്പോൾ സസ്‌പെൻഷൻ ഉത്തരവ് ഇറക്കിയതായും അത് മ്യൂസിയം എസ്‌ഐയ്ക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായും സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡിസിപി ആദിത്യ ആർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ശ്രീറാം വെങ്കിട്ടരാമൻ വരുത്തിയ കാർ അപകടത്തിൽ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിനാണ് മ്യൂസിയം എസ്‌ഐയെ സസ്‌പെൻഡ് ചെയ്തതെന്നും ഡിസിപി ആദിത്യ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യാ കേസിൽ ആദ്യം മുതൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ദൃശ്യമായ നിസ്സംഗതയും ശ്രീറാമിനെ രക്ഷിക്കാനുള്ള വ്യഗ്രതയും വിവാദമായി തുടരവേ തന്നെയാണ് ഒരു ഭാഗത്ത് നിന്നും തെറ്റ് തിരുത്തൽ നടപടിയും ഇമേജ് വീണ്ടെടുക്കാനുള്ള നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും വരുന്നത്. സമീപകാലത്ത് കേരളാ പൊലീസ് ഇത്രയും നാണംകെട്ട രീതിയിൽ സഞ്ചരിക്കുകയോ ഈ രീതിയിൽ പഴി കേൾക്കുകയോ ചെയ്തിരുന്നില്ല. പൊലീസിന്റെ നടപടിക്രമങ്ങളിലെ വീഴ്ച മാധ്യമങ്ങൾ പൂർണമായും തുറന്നു കാണിക്കുകയും തുടരൻ വാർത്തകൾ നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് തെറ്റ് തിരുത്തൽ നടപടികളുമായി പൊലീസ് മുന്നോട്ട് പോയത്. അതേ സമയം ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്ന രക്ത പരിശോധനാ റിപ്പോർട്ട് വെളിയിൽ വന്നിട്ടുണ്ട്.

ശ്രീറാം വരുത്തിവെച്ച വാഹനാപകടവും ബഷീറിന്റെ മരണവും കഴിഞ്ഞു ഒൻപത് മണിക്കൂറിന് ശേഷം പൊലീസ് ശേഖരിച്ച രക്ത പരിശോധനാ റിപ്പോർട്ടിലെ ഫലമാണ് ഇപ്പോൾ വെളിയിൽ വന്നിരിക്കുന്നത്. നരഹത്യാ കേസിൽ ശ്രീറാമിനെ രക്ഷിക്കാൻ വേണ്ടി നടന്ന ആസൂത്രിത ശ്രമങ്ങളിലേക്കുള്ള വിരൽ ചൂണ്ടലായി രാസപരിശോധന റിപ്പോർട്ട് മാറിയിരിക്കുകയാണ്. ഈ റിപ്പോർട്ട് പ്രകാരം ഇപ്പോൾ ചുമത്തിയ നരഹത്യാ കുറ്റം നിലനിൽക്കുമോ എന്നും സംശയം ഉയർന്നിട്ടുണ്ട്. മദ്യപിച്ച ഒരാളുടെ രക്തപരിശോധന ഫലം വൈകുമ്പോൾ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം അപ്രത്യക്ഷമാകുമെന്ന് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീറാം സ്വയം പോയി അഡ്‌മിറ്റ് ആയ സ്വകാര്യ ആശുപത്രിക്കാർ ഈ കാര്യത്തിൽ ശ്രീറാമിനെ സഹായിക്കാനുള്ള സാധ്യതകളും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ വിരൽചൂണ്ടൽ സാധൂകരിക്കുന്ന ഫലമാണ് രക്തപരിശോധനാ റിപ്പോർട്ട് വഴി പുറത്തു വന്നിരിക്കുന്നത്. ശ്രീറാം മദ്യലഹരിയിൽ ആയിരുന്നെന്നു സഹയാത്രിക വഫ ഫിറോസും മൊഴി നൽകിയിട്ടുണ്ട്. അപകടസമയത്തെ ദൃക്‌സാക്ഷി മൊഴികളും ശ്രീറാം മദ്യലഹരിയിൽ ആയിരുന്നെന്നു വ്യക്തമാക്കുന്നതാണ്.

അതേസമയം ശ്രീറാം വെങ്കിട്ടരാമനെന്ന ഐഎഎസുകാരനെ രക്ഷിക്കാനുള്ള ഉന്നത തല ശ്രമങ്ങൾ ശക്തമായിരിക്കെ അപകടം നടന്ന ദിവസം ശ്രീറാമിനെ രക്ഷിക്കാൻ ഉദ്ദേശിച്ച് നടത്തിയ ചില നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഊമക്കത്തിന്റെ രൂപത്തിൽ പുറത്തു വന്നിട്ടുമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ പത്രം ഓഫിസിൽ ഇന്നു ലഭിച്ച ഊമക്കത്തിലാണ് ഇത് സംബന്ധിച്ച നീക്കങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മെയ്‌ 31ന് വിരമിച്ച റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനാണ് നീക്കങ്ങളുടെ ചുക്കാൻ പിടിച്ചിരിക്കുന്നത് എന്നാണ് ഊമക്കത്തിൽ പറഞ്ഞിരിക്കുന്നത്. ഊമക്കത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയെയാണ് ശ്രീറാം ആദ്യമായി ബന്ധപ്പെട്ടത് എന്നാണ് ഊമക്കത്തിൽ ഉള്ളത്. ശ്രീറാമിനൊപ്പം കാറിൽ ഉണ്ടായിരുന്ന വഫ ഫിറോസുമായി ബന്ധം പുലർത്തുന്ന ആൾ കൂടിയാണ് വിരമിച്ച ഐഎഎസ് ഉന്നതൻ. ശ്രീറാമും വഫയും കൂട്ടുപ്രതികൾ ആയി മാറുമെന്ന ഘട്ടത്തിലാണ് ഉന്നതൻ ആരോഗ്യവകുപ്പ് ഉന്നതരെ വിളിച്ച് നിർദ്ദേശങ്ങൾ കൈമാറുന്നത്. ഇതോടെയാണ് ശ്രീറാം പ്രതിയായ വാഹനാപകട കേസ് അട്ടിമറിയുന്നത്. ശ്രീറാം വെങ്കട്ടരാമന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഫയലിൽ കുറിച്ച ജനറൽ ആശുപത്രിയിലെ ഡോക്റ്റർക്ക് നേരെ പ്രതികാര നടപടികൾക്ക് നീക്കമുണ്ടെന്നും ഊമക്കത്തിൽ പറയുന്നു. എന്നാൽ ഈ ഡോകടറെ സ്ഥലംമാറ്റാനുള്ള നീക്കം ആരോഗ്യവകുപ്പ് സെക്രട്ടരി ഡോ. രാജൻ ഇടപെട്ടു തടഞ്ഞു.

ശ്രീറാമിനെ രക്ഷിക്കാനുള്ള മുൻ ഐഎഎസ് ഉന്നതന്റെ നിർദ്ദേശം വന്നപ്പോൾ ആരോഗ്യവകുപ്പിലെ മൂന്നു മൂന്ന് ഉന്നതകൾ ആണ് ശ്രീറാമിന്റെ സഹായത്തിനായി നിലകൊണ്ടത്. ആരോഗ്യവകുപ്പ് ഡയറക്റ്റർ ഡോ. ആർ.എൽ. സരിത, ആരോഗ്യവകുപ്പ് മെഡിക്കൽ വിഭാഗം അഡീ. ഡയറക്റ്റർ ഡോ. ബിന്ദു മോഹൻ, ആരോഗ്യവകുപ്പ് വിജിലൻസ് അഡീ. ഡയറക്റ്റർ ഡോ. ശ്രീലത എന്നിവരാണ് ജനറൽ ആശുപത്രിയിൽ ഫോൺ മുഖേന ബന്ധപ്പെട്ടത്. ഇതേ സമയം ശ്രീറാം വിളിച്ച ഉറ്റ ഡോക്ടർ സുഹൃത്ത് ആശുപത്രിയിലേക്ക് പാഞ്ഞെത്തുകയും ചെയ്തു. രക്ത സാമ്പിൾ പ്രശ്‌നമായി മാറുമെന്നതിനാൽ രക്ത സാമ്പിൾ എടുക്കരുത് എന്നാണ് ആരോഗ്യവകുപ്പ് ഉന്നതർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് നൽകിയ നിർദ്ദേശം. ശ്രീറാമിന്റെ രക്തസാംപിൾ എടുക്കരുതെന്നും പരിശോധയ്ക്കും വിടരുതെന്നുമാണ് നിർദ്ദേശം. ഇതിനെതിരേ ആക്ഷേപം ശക്തമായതോടെ തെളിവ് നശിപ്പിക്കാൻ കണക്കിന് സമയക്രമം വെകിപ്പിച്ചതുംആരോഗ്യവകുപ്പ് ഉന്നതകളുടെ നിർദ്ദേശം അനുസരിച്ചാണ്. ആരോഗ്യവകുപ്പ് മുൻ ഉന്നതനുമായി വഫയ്ക്ക് വളരെ വലിയ അടുപ്പമാണ്. കവടിയാറിലെ സർക്കാർ വീട്ടിൽ റിട്ടയർ ചെയ്തിട്ടും തങ്ങുന്ന ഈ ഉന്നതന്റെ വീട്ടിൽ നിരന്തര സന്ദർശകയാണ് വഫ ഫിറോസ്. ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കണമെന്നും വഫ ഈ റിട്ട. എഐഎസ് ഉദ്യോഗസ്ഥനോട് അപേക്ഷിച്ചതോടെ ആരോഗ്യ വകുപ്പ് ഉന്നതകൾക്കും ശ്രീറാം ചികിത്സയിൽ കഴിയുന്ന പ്രൈവറ്റ് ആശുപത്രിക്കും ഇയാൾ വീണ്ടും നിർദ്ദേശം നൽകിയതിനു പുറമേ ആഭ്യന്തരവകുപ്പിലെ സുഹൃത്തുക്കളോട് ശ്രീറാമിന്റെ കാര്യത്തിൽ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഡയറക്റ്റർ ഇതിനു മുൻപും പലരേയും രക്ഷിക്കാൻ അനധികൃത ഇടപെടലുകൾ നടത്തിയതിന് പരാതികൾ നിലവിലുണ്ട്. ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാൻ പൊലീസും ആരോഗ്യവകുപ്പും ഒത്തുകളിക്കുകയാണ്-ഊമക്കത്ത് ആരോപിക്കുന്നു.

ഊമക്കത്തിൽ പറയുന്ന രീതിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള നീക്കങ്ങൾ നടന്നത് എന്ന് ഊമക്കത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുകയാണ്. ശ്രീറാമിന്റെ രക്തസാംപിൾ എടുക്കരുതെന്നും പരിശോധയ്ക്കും വിടരുതെന്നുമാണ് നിർദ്ദേശം. ഇതിനെതിരേ ആക്ഷേപം ശക്തമായതോടെ തെളിവ് നശിപ്പിക്കാൻ കണക്കിന് സമയക്രമം വെകിപ്പിച്ചതും ഊമക്കത്തിൽ എടുത്തു പറയുന്നുണ്ട്. ഊമക്കത്തിലെ ആരോപണങ്ങൾ ശരിവച്ചാണ് ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അളവില്ലെന്നുള്ള പരിശോധന റിപ്പോർട്ട് വെളിയിൽ വന്നിരിക്കുന്നത്. കാലുറയ്ക്കാത്ത ആളാണ് ഡ്രൈവിങ് സീറ്റിൽ നിന്നും എണീറ്റ് വന്നത് എന്ന ദൃക്‌സാക്ഷി മൊഴികൾ ശ്രീറാമിനെതിരെ നിലനിൽക്കുകയാണ്. മദ്യപിച്ച് മദോന്മത്തനായ നിലയിലായിരുന്നു ആ സമയത്ത് ശ്രീറാം. താൻ ഓടിച്ച കാർ ഇടിച്ച് തെറുപ്പിച്ച ബൈക്ക് യാത്രികൻ മരിച്ചു എന്ന് മനസിലായതോടെ ആ സമയത്ത് കൂടെയുണ്ടായിരുന്ന വഫയാണ് കാർ ഓടിച്ചത് എന്ന് വരുത്താനാണ് ശ്രീറാം ശ്രമിച്ചത്. പക്ഷെ വഫ മൊഴി മാറ്റിയതോടെ ഈ കേസിൽ ശ്രീറാം കുടുങ്ങുന്ന അവസ്ഥ വന്നിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് ഊമക്കത്തിൽ പറഞ്ഞത് മാതിരി രക്ത പരിശോധന വൈകിപ്പിച്ച് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമവും നടന്നിരിക്കുന്നത്. നിസാര പരുക്കുകൾ ഉള്ള ഒരാളെ അത്യാസന്ന നിലയിലുള്ള രോഗിയായി ചിത്രീകരിച്ചാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മജിസ്‌ട്രേട്ടിന് ഉന്നത തല നീക്കങ്ങൾ ബോധ്യമായതിനെ തുടർന്നാണ് കിംസ് നൽകിയ മെഡിക്കൽ റിപ്പോർട്ട് നോക്കിയശേഷം പ്രതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. എന്നിട്ടും മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് ശ്രീറാമിനെ മാറ്റിയത്.

ഒരു ഉന്നതൻ മദ്യപിച്ച് കാറോടിച്ച് ഒരു മാധ്യമ പ്രവർത്തകനെ ഇടിച്ചു കൊന്നാൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കും എന്നതിന്റെ വ്യക്തമായ ചിത്രങ്ങളാണ് ശ്രീറാം നരഹത്യാ കേസിൽ പ്രതിയായതോടെ പുറത്ത് വരുന്നത്. നരഹത്യാ കേസിലെ പ്രതിയെ രക്ഷിക്കാൻ ഭരണചക്രങ്ങൾ എങ്ങിനെയൊക്കെ തിരിയും എന്നതിന്റെ ഉദാഹരണങ്ങൾ കൂടിയാണ് തെളിഞ്ഞു വരുന്നത്. അപകടം സംഭവിച്ച നിമിഷം മുതൽ ബഷീറിന്റെ ജീവൻ പൊലിഞ്ഞത് മുതൽ ശ്രീറാമിനെ എങ്ങിനെയും രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് മ്യൂസിയം പൊലീസ് പെരുമാറിയത്. വിലാസം ചോദിച്ചപ്പോൾ ശ്രീറാമും വഫയും കൂടി കൈമാറിയ സിവിൽ സർവീസ് കോളനി, കവടിയാർ എന്ന വിലാസത്തിനു എല്ലാ പൊലീസിന്റെ എല്ലാ നടപടിക്രമങ്ങളെയും നോക്കുകുത്തിയാക്കാനുള്ള ശക്തിയുണ്ടായിരുന്നു. ആ മറുപടി നൽകിയ നിശബ്ദതയാണ് വാഹനാപകടക്കെസിലെ എല്ലാ പൊലീസ് നിശബ്ദതയ്ക്കും പിന്നിൽ. മ്യൂസിയം പൊലീസ് കേരളാ പൊലീസിന്റെ ഇമേജ് കളഞ്ഞു കുളിച്ചു എന്നാണ് ഉന്നത പൊലീസ് മേധാവികൾക്കിടയിലെ അടക്കം പറച്ചിൽ. സിആർപിസി 53 സെക്ഷൻ പ്രകാരം ശ്രീറാം രക്ത പരിശോധനയ്ക്ക് വിസമ്മതിച്ചാൽ ബലം പ്രയോഗിച്ച് രക്ത പരിശോധന നടത്താൻ പൊലീസിന് അനുവാദമുണ്ട്. എന്നിട്ടും പ്രതിയായ ശ്രീറാമിനെ ശ്രീറാമിന്റെ ആവശ്യപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് പറഞ്ഞു വിട്ടു. കേട്ടുകേൾവി പോലുമില്ലാത്ത നടപടി ക്രമങ്ങളാണ് ശ്രീറാം എന്ന ഐഎഎസുകാരനെ രക്ഷിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. രക്ത പരിശോധനയ്ക്ക് പൊലീസ് എടുത്ത സമയം ഒൻപത് മണിക്കൂർ. രക്ത പരിശോധനാ ഫലം അനുകൂലമാക്കാൻ വേണ്ടി മാത്രം നടത്തിയ രക്ഷപ്പെടുത്തൽ ശ്രമമാണിത്. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തു വരുമ്പോൾ ഊമക്കത്തിന്റെ പ്രസക്തി തന്നെയാണ് വർദ്ധിപ്പിക്കുന്നത്.

കത്തിന്റെ പൂർണരൂപം

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹന അപകടം ഉണ്ടാക്കിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ സംഭവം നടന്ന ശേഷം ദേഹപരിശോധനയ്ക്ക് ഗവ. ജനറൽ ആശുപത്രിയിൽ കൊണ്ട് ചെല്ലാൻ പൊലീസ് തീരുമാനിച്ചതോടെ ശ്രീറാം ഫോൺ വഴി ആരോഗ്യവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മെയ്‌ 31ന് വിരമിച്ച റിട്ട. ഐഎഎ് ഉദ്യോഗസ്ഥനേയും ഒരു ഡോക്റ്റർ സുഹൃത്തിനേയും വിവരം അറിയിച്ചു. ശ്രീറാം വെങ്കട്ടരാമനെ ദേഹപരിശോധനയ്ക്കു ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് ആരോഗ്യവകുപ്പിലെ മൂന്ന് ഉന്നതകൾ ഫോൺവഴി ആശുപത്രിയിൽ ബന്ധപ്പെടുകയും വെങ്കട്ടരാമന്റെ ഡോക്റ്റർ സുഹൃത്ത് ആശുപത്രിയിലേക്ക് പാഞ്ഞ് എത്തുകയും ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്റ്റർ ഡോ. ആർ.എൽ. സരിത, ആരോഗ്യവകുപ്പ് മെഡിക്കൽ വിഭാഗം അഡീ. ഡയറക്റ്റർ ഡോ. ബിന്ദു മോഹൻ, ആരോഗ്യവകുപ്പ് വിജിലൻസ് അഡീ. ഡയറക്റ്റർ ഡോ. ശ്രീലത എന്നിവരാണ് ആശുപത്രിയിൽ ഫോൺ മുഖേന ബന്ധപ്പെട്ടത്.

ശ്രീറാമിന്റെ രക്തസാംപിൾ എടുക്കരുതെന്നും പരിശോധയ്ക്കും വിടരുതെന്നുമാണ് നിർദ്ദേശം. ഇതിനെതിരേ ആക്ഷേപം ശക്തമായതോടെ തെളിവ് നശിപ്പിക്കാൻ കണക്കിന് സമയക്രമം വെകിപ്പിച്ചതും ഈ ഉന്നതകളുടെ നിർദ്ദേശം അനുസരിച്ചാണ്. ശ്രീറാമിന്റെ വനിത സുഹൃത്തായ വഫ ഫിറോസും ദേഹപരിശോധനയ്ക്ക് മുൻപ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കഴിഞ്ഞ മെയ്‌ 31ന് വിരമിച്ച ഐഎഎസ് ഉന്നതനെ ഫോണിൽ ബന്ധപ്പെട്ടു. ഊ ഉന്നതനുമായി വഫയ്ക്ക് വളരെ വലിയ അടുപ്പമാണ്. കവടിയാറിലെ സർക്കാർ വീട്ടിൽ റിട്ടയർ ചെയ്തിട്ടും തങ്ങുന്ന ഈ ഉന്നതന്റെ വീട്ടിൽ നിരന്തര സന്ദർശകയാണ് വഫ ഫിറോസ്. ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കണമെന്നും വഫ ഈ റിട്ട. എഐഎസ് ഉദ്യോഗസ്ഥനോട് അപേക്ഷിച്ചതോടെ ആരോഗ്യ വകുപ്പ് ഉന്നതകൾക്കും ശ്രീറാം ചികിത്സയിൽ കഴിയുന്ന പ്രൈവറ്റ് ആശുപത്രിക്കും ഇയാൾ വീണ്ടും നിർദ്ദേശം നൽകിയതിനു പിുറമേ ആഭ്യന്തരവകുപ്പിലെ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു. അതിനിടയിൽ ശ്രീറാം വെങ്കട്ടരാമന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഫലയിൽ കുറിച്ച ജനറൽ ആശുപത്രിയിലെ ഡോക്റ്ററെ ഡയറക്റ്ററുടെ നിർദ്ദേശം അനുസരിച്ചില്ല എന്ന് കാണിച്ച് പ്രതികാര നടപടി ആരോഗ്യവകുപ്പ് ഉന്നത സ്വീകരിക്കുകയും എന്നാൽ സ്ഥലംമാറ്റാനുള്ള നീക്കം ആരോഗ്യവകുപ്പ് സെക്രട്ടരി ഡോ. രാജൻ തടയുകയും ചെയ്തു. ഡയറക്റ്റർ ഇതിനു മുൻപും പലരേയും രക്ഷിക്കാൻ അനധികൃത ഇടപെടലുകൾ നടത്തിയതിന് പരാതികൾ നിലവിലുണ്ട്. ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാൻ പൊലീസും ആരോഗ്യവകുപ്പും ഒത്തുകളിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP