Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടുമൊരുനാൾ വരും.. ഒരിക്കൽ കൂടി കശ്മീർ സംസ്ഥാനമായി മാറും; പൂർണസംസ്ഥാനപദവി നൽകുക സമാധാനത്തിലേക്ക് മടങ്ങി സാധാരണനില കൈവരിക്കുന്ന ശരിയായ നേരത്ത്; കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കുന്നത് താൽക്കാലികമെന്ന് അമിത്ഷാ; പ്രതിപക്ഷ എതിർശബ്ദങ്ങളെ നിസ്സാരമാക്കി കശ്മീർ പുനഃസംഘടനാ ബിൽ രാജ്യസഭ പാസാക്കി; പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയത്തിനും സാമ്പത്തിക സംവരണബില്ലിനും അംഗീകാരം; ചരിത്രത്തിലേക്ക് ചുവടുവച്ച് മോദി സർക്കാർ

വീണ്ടുമൊരുനാൾ വരും.. ഒരിക്കൽ കൂടി കശ്മീർ സംസ്ഥാനമായി മാറും; പൂർണസംസ്ഥാനപദവി നൽകുക സമാധാനത്തിലേക്ക് മടങ്ങി സാധാരണനില കൈവരിക്കുന്ന ശരിയായ നേരത്ത്; കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കുന്നത് താൽക്കാലികമെന്ന് അമിത്ഷാ; പ്രതിപക്ഷ എതിർശബ്ദങ്ങളെ നിസ്സാരമാക്കി കശ്മീർ പുനഃസംഘടനാ ബിൽ രാജ്യസഭ പാസാക്കി; പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയത്തിനും സാമ്പത്തിക സംവരണബില്ലിനും അംഗീകാരം; ചരിത്രത്തിലേക്ക് ചുവടുവച്ച് മോദി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ കശ്മീരിലെ വിഭജിക്കാനുള്ള ബിൽ രാജ്യസഭ പാസാക്കി. 125 പേർ അനുകൂലിച്ചു. 61 പേർ എതിർത്തു.
കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കുന്നത് താൽക്കാലികമെന്ന് അമിത്ഷാ ചർച്ചയക്കുള്ള മറുപടിയിൽ പറഞ്ഞു. സമാധാനം പുനഃ സ്ഥാപിച്ച ശേഷം പൂർണസംസ്ഥാന പദവി നൽകും. എത്രനാൾ കശ്മീർ കേന്ദ്രഭരണപ്രദേശമായി തുടരുമെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുകയും, ശരിയായ സമയം എത്തുകയും ചെയ്യുമ്പോൾ, ജമ്മു-കശ്മീരിലെ വീണ്ടും സംസ്ഥാനമാക്കാൻ തയ്യാറാണ്. അതിന് അൽപം സമയമെടുത്തെന്ന വരാമെങ്കിലും, ഒരുനാൾ കശ്മീർ വീണ്ടും സംസ്ഥാനമായി മാറും. സർക്കാർ തീരുമാനം രാഷ്ട്രീയം നോക്കിയല്ലെന്നും അമിത്ഷാ പറഞ്ഞു. കശ്മീരിനുള്ള പ്രത്യേകപദവി എടുത്തുകളയുന്ന പ്രമേയം രാജ്യസഭ പാസാക്കി. ജമ്മു-കശ്മീർ സാമ്പത്തിക സംവരണ ബില്ലും രാജ്യസഭ പാസാക്കി.

ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രധാന രാഷ്ട്രീയ കുടുംബങ്ങളെ അമിത് ഷാ വിമർശിച്ചു. നെഹ്റു, മുഫ്തി, അബ്ദുള്ള കുടുംബങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ് അമിത് ഷായുടെ വിമർശനം. ആർട്ടിക്കിൾ 370 ന്റെ മറവിൽ ഈ മൂന്നുകുടുംബങ്ങളും കശ്മീരിനെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. വിഷയത്തിൽ രാജ്യസഭയിൽ നടന്ന ചർച്ചക്കിടെയായിരുന്നു അമിത് ഷായുടെ പരാമർശം. ആർട്ടിക്കിൾ 370 സ്ത്രീവിരുദ്ധവും, ദളിത് വിരുദ്ധവും, വികസവിരുദ്ധവുമാണ്.

ആർട്ടിക്കിൾ 370 കൊണ്ട് കശ്മരിന് പ്രത്യേകിച്ച് പ്രയോജനമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 മൂലം ജമ്മു കശ്മീരിലെ ജനങ്ങൾ ദാരിദ്ര്യത്തിലാണ് കഴിയേണ്ടി വന്നത്. അവർക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇത് തടസ്സമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 370 ന്റെ കാര്യത്തിൽ സഭയിലെ എല്ലാ അംഗങ്ങളെയും കേൾക്കാൻ താൻ തയ്യാറാണെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമെന്നും അമിത് ഷാ പറഞ്ഞു.

ഇതാദ്യമായല്ല ഇത്തമൊരു നീക്കം. 1952 ലും 1962ലും സമാനമായ നടപടിയിലൂടെ ആർട്ടിക്കിൾ 370 കോൺഗ്രസ് സർക്കാരുകൾ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 ആണ് ജമ്മു കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതെന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വാദം ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായത് 1947 ഒക്ടോബർ 27 ന് അന്നത്തെ രാജാവ് മഹാരാജാ ഹരിസിങ് ഒപ്പുവെച്ച ലയന കരാറിന്റെ ഭാഗമായാണ്. ആർട്ടിക്കിൾ 370 നിലവിൽ വന്നത് 1954 ൽ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എടുത്ത് കളയുന്നതിനായി ഒരുനിമിഷം പോലും ആശങ്കപ്പെടേണ്ട ആവശ്യം തങ്ങൾക്കുണ്ടായിട്ടില്ല. വിഷയത്തിൽ ചർച്ച നടക്കണമെന്നതാണ് പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കാനുള്ളത്. എന്തിനാണ് ഇത്രയും കാലം ആർട്ടിക്കിൾ 370 നിലനിന്നതെന്ന് ഇന്ത്യയിലെ ജനങ്ങൾ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് 10 വർഷം തന്നാൽ കശ്മീരിനെ സമ്പൽ സമൃദ്ധമാക്കാമെന്നും അമിത് ഷാ പറഞ്ഞു.

ബില്ലിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത

കശ്മീർ വിഭജനബില്ലിലെ നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസ് ബില്ലിനെ എതിർക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യസഭ വിപ് ഭുവനേശ്വർ കലിത രാജിവച്ചു. രാജ്യത്തിന്റെ വികാരം മാറിയെന്നും അത് മനസിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും ആരോപിച്ചാണ് രാജി. കശ്മീർ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നത് ആത്മഹത്യാപരമാണെന്നും കലിത പറയുന്നു. കശ്മീർ വിഭജനത്തെച്ചൊല്ലി കോൺഗ്രസിൽ കടുന്ന ഭിന്നത തുടരുകയാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാൽ വിട്ടുവീഴ്ച പാടില്ലെന്നാണ് ഗുലാം നബി ആസാദിന്റെ നിലപാട്.

രണ്ട് ദിവസം മുൻപ് ബില്ലിനെപ്പറ്റി അറിയിക്കണമെന്ന വ്യവസ്ഥ സർക്കാർ ലംഘിച്ചെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറ?ഞ്ഞു. പ്രതിഷേധം ശക്തമാക്കുമെന്ന് തൃണമുൽ നേതാവ് ഡെറക് ഒബ്രീൻ പറഞ്ഞു. ബിജെപി അവരുടെ ആശയങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറ?ഞ്ഞു.

അതേസമയം, കശ്മീർവിഭജനബില്ലിൽ തന്ത്രപരമായ നിലപാടുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുസ്്‌ലീം ലീഗ് രാജ്യസഭാംഗം പി.ബി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ തിടുക്കം കാട്ടരുതെന്ന് പറഞ്ഞ അബ്ദുൽ വഹാബ് ബില്ലിനെ തുറന്നെതിർക്കാതിരുന്നത് ശ്രദ്ധേയമായി.

ബിൽ കീറിയെറിഞ്ഞവരെ പുറത്താക്കി

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുന്നതിനിടെ ബഹളം വെച്ച് പിഡിപി എംപിമാർ. നസീർ അഹമ്മദ് ലാവെ, എം.എം. ഫയാസ് എന്നിവരാണ് രാജ്യസഭയിൽ ബഹളം വെച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇവർ ഭരണഘടനയുടെ പ്രതികൾ സഭയിൽ കീറിയെറിഞ്ഞു. ഇതോടൊപ്പം ധരിച്ചിരുന്ന കുർത്ത വലിച്ചുകീറിയും എം.എം. ഫയാസ് പ്രതിഷേധിച്ചു. ഇതോടെ ഇരുവരെയും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു സഭയിൽ നിന്ന് പുറത്താക്കി.

അസാധാരണ നീക്കങ്ങൾക്കൊടുവിലാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് പുറത്ത് പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷമാണ് വിഷയം പാർലമെന്റിൽ അവതരിപ്പിച്ചത്. ഇതിനിടയിൽ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാർത്താവിനിമയം തുടങ്ങിയ മേഖലകൾ ഒഴികെ മറ്റ് വിഭാഗങ്ങളിൽ ജമ്മു കശ്മീരിന് സ്വയംഭരണം നൽകുന്ന വ്യവസ്ഥയാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 370. ഇത് റദ്ദാക്കുന്നതിന്റെ ഭാഗമായി കശ്മീരിൽ വൻ സേനാവിന്യാസമാണ് കേന്ദ്രം നടത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP