Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എം.ബഷീറിന്റെ മരണം: വാഹനമിടിപ്പിച്ച ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ; 14 ദിവസത്തെ റിമാൻഡ് കാലാവധിയിലും ആശുപത്രിയിൽ തുടരും; അപകടകരമായ ശൈലിയിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ചതിന് ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഫിറോസും പ്രതി; കേസെടുത്തത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം; സർവേ ഡയറക്ടർ സഞ്ചരിച്ച കാർ ഫോറൻസിക് സംഘം വരും മുമ്പേ അപകടസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയെന്നും വിവാദം; ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് റദ്ദാക്കും

കെ.എം.ബഷീറിന്റെ മരണം: വാഹനമിടിപ്പിച്ച ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ; 14 ദിവസത്തെ റിമാൻഡ് കാലാവധിയിലും ആശുപത്രിയിൽ തുടരും; അപകടകരമായ ശൈലിയിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ചതിന് ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഫിറോസും പ്രതി; കേസെടുത്തത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം; സർവേ ഡയറക്ടർ സഞ്ചരിച്ച കാർ ഫോറൻസിക് സംഘം വരും മുമ്പേ അപകടസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയെന്നും വിവാദം; ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് റദ്ദാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ, ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ശ്രീറാം ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തത്. റിമാൻഡ് കാലാവധിയിൽ ശ്രീറാം ആശുപത്രിയിൽ തന്നെ കഴിയും. അതേസമയം ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിനെയും കേസിൽ പ്രതി ചേർത്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് കെസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുവെന്നതാണ് കുറ്റം. വഫയെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, രക്തസാമ്പിൾ യഥാസമയം എടുക്കുന്നതിന് പുറമേ, ഫോറൻസിക് സംഘം വരും മുമ്പേ ശ്രീറാം സഞ്ചരിച്ചിരുന്ന കാർ പൊലീസ് നീക്കിയതും വിവാദമായി. റിക്കവറി വാഹനം ഉപയോഗിച്ചാണ് ശ്രീറാം സഞ്ചരിച്ച വാഹനം അപകടസ്ഥലത്തു നിന്നു മാറ്റിയത്. അതിനിടെ അറസ്റ്റ് ചെയ്തെങ്കിലും ശ്രീറാമിന്റെ വിരലടയാളം ശേഖരിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഡോക്ടർ അനുമതി നൽകാത്തതാണു കാരണം. ഒരു കൈയിൽ ഡ്രിപ്പും മറുകൈയിൽ മുറിവും ഉള്ളതിനാലാണ് അനുമതി നൽകാതിരിക്കുന്നത്.

ശ്രീറാമിന്റെ അറസ്റ്റിന് വഴിയൊരുക്കിയത് വഫാ ഫിറോസിന്റെ മൊഴിയാണെന്നും വ്യക്തമായി. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്‌ട്രേറ്റിന്റെ മുന്നിലും ആവർത്തിച്ചു. കവടിയാർ പാർക്കിൽ നിന്ന് ശ്രീറാം വാഹനത്തിൽ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോൾ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി. മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന്റെ പേരിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണം. വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസൻസും റദ്ദാക്കാനുള്ള നടപടി തുടങ്ങി. വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ഡ്രൈവിങ് ലൈസൻസ് മോട്ടോർവാഹനവകുപ്പ് സസ്‌പെൻഡ് ചെയ്യും. ശ്രീറാമിന്റേത് മദ്യപിച്ച് വാഹനമോടിച്ചതിനും വഫയുടെ ലൈസൻസ് അമിതവേഗത്തിനുമാണ് സസ്‌പെൻഡ് ചെയ്യുക. ശ്രീറാമിന്റ രക്തസാംപിൾ എടുക്കാൻ പൊലീസ് വൈകിയതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ശ്രീറാമിനെതിരായ കുറ്റങ്ങൾ ഇവയാണ്. മദ്യപിച്ച് വാഹനം ഓടിച്ചു, മനഃപൂർവമായ നരഹത്യ, സ്വന്തം കുറ്റം സഹയാത്രികയുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാൻ ശ്രമിച്ചു,രക്തപരിശോധനയ്ക്ക് വിസമ്മതിച്ച ശ്രീറാം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു.

ഇതേ വാഹനം കഴിഞ്ഞവർഷം ഏപ്രിലിലും ഓഗസ്റ്റിലും കഴിഞ്ഞജൂലൈയിലും അമിതവേഗത്തിന് പിടിയിലിയാട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാഹനമുടമ വഫ ഫിറോസിന്റ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത്. ഡോർ ഗ്ലാസിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചതിനും നടപടിയെടുക്കും. മോട്ടോർ വാഹനവകുപ്പിന്റ ക്യാമറയിൽ അപകടത്തിന് തൊട്ടുമുമ്പ് കാർ പോകുന്നത് പതിഞ്ഞിട്ടുണ്ടെങ്കിലും അമിതവേഗമില്ലെന്നാണ് കണ്ടെത്തൽ. കുറ്റക്കാരെ ഒരുതരത്തിലും രക്ഷപെടാൻ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രിയും വ്യക്തമാക്കി. മദ്യപിച്ചെന്ന് വ്യക്തമായിട്ടും പൊലീസ് ശ്രീറാമിന്റെ രക്തസാംപിൾ പരിശോധിക്കാൻ വൈകിയെന്ന ആക്ഷേപത്തിൽ മനുഷ്യവകാശ കമ്മീഷൻ ഇടപെട്ടു. ഡിജിപിയും സിറ്റിപൊലീസ് കമ്മിഷണറും ഉടൻ അന്വേഷണം നടത്തി പത്തുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷന്റ നിർദ്ദേശം.അമിത വേഗതയ്ക്ക് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും പിഴ അടച്ചിരുന്നില്ല. വാഹനത്തിന്റെ ഗ്ലാസ് മറച്ചതുൾപ്പടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും നടപടികൾ സ്വീകരിക്കും.

ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റു രേഖപ്പെടുത്തിയത് മ്യൂസിയം പൊലീസ് കിംസ് ആശുപത്രിയിൽ എത്തിയാണ്. ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത് 304ാം വകുപ്പ് പ്രകാരമുള്ള നരഹത്യാ കുറ്റമാണ്. കേസിൽ തെളിവുകൾ എല്ലാം എതിരായതോടെയാണ വെങ്കിട്ടരാമൻ അറസ്റ്റിലായത്.ശനിയാഴ്ച പുലർച്ചെ വഫയും ശ്രീറാം വെങ്കിട്ടരാമനും സഞ്ചരിച്ചിരുന്ന കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ചിരുന്നു. അമിതവേഗത്തിൽ വന്ന കാർ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച നിലയിലായിരുന്നു. എന്നാൽ വഫയാണ് കാറ് ഓടിച്ചിരുന്നതെന്നാണ് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നത്. ഇതേ തുടർന്നാണ് മജിസ്‌ട്രേറ്റിന് മുന്നിൽ വഫയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.

എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് വഫ മൊഴി നൽകുകയുണ്ടായി. ദൃക്‌സാക്ഷി മൊഴികളും ശ്രീറാമാണ് വാഹനമോടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു. അന്വേഷണത്തിലും നടപടികളിലും ആദ്യം വിമുഖ കാണിച്ച പൊലീസ് പ്രതിഷേധം ശക്തമായതോടെയാണ് രക്ത പരിശോധനയടക്കം നടത്താൻ തയ്യാറായത്. ശ്രീറാം വെങ്കിട്ടരാമന്റെ പേരിൽ ജാമ്യമില്ലാ കുറ്റം ചുമത്താനും ഡിജിപിയുടെ നിർദ്ദേശമുണ്ടായിരുന്നു. ജീവപര്യന്തമോ 10 വർഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് ശ്രീറാമിനെ മാറ്റും. പൊലീസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് മ്യൂസിയം പൊലീസ് അറിയിച്ചത്.

നിലവിൽ ശ്രീറാമിനെതിരെയും കാറുടമ വഫ ഫിറോസിനെതിരെയും ബോധപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.ഡി.ജി.പി ലോക്നാഥ് ബെഹ്‌റയും മുഖ്യമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പി താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. പിന്നാലെ ഉദ്യോഗസ്ഥൻ അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തു.

മദ്യപിച്ച് വണ്ടിയോടിച്ച് ഉണ്ടാക്കിയ അപകടം ശ്രീറാമിന്റെ ഔദ്യോഗികജീവിതത്തെ തന്നെ ബാധിച്ചേക്കു എന്ന കാര്യം ഉറപ്പാണ്. കുറ്റകൃത്യം ചെയ്തത് ഏത് സർക്കാർ ഉദ്യോഗസ്ഥാനാണെങ്കിലും എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടാൽ റിമാൻഡിൽ വെയ്ക്കാം. അതിനുശേഷം കോടതിയുടെ മുന്നിൽ ഹാജരാക്കാം. 48 മണിക്കൂറിന് മുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ വെച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണം. അദ്ദേഹം സ്ഥലത്ത് ഇല്ലെങ്കിൽ ഡീമിഡ് സസ്‌പെൻഷനും നൽകാം. ഒപ്പിട്ട് കൈപ്പറ്റണമെന്ന് നിർബന്ധമില്ല. ഗ്രൂപ്പ് എയിലെ എല്ലാ ഉദ്യോഗസ്ഥർക്കും തുല്യമാണിത്. റിമാൻഡ് കാലാവധിക്ക് ശേഷം തിരികെ സർവീസിൽ പ്രവേശിക്കുമ്പോൾ സസ്‌പെൻഷൻ പിൻവലിച്ച് അച്ചടക്ക നടപടിയെടുക്കണം.

സിവിൽ തർക്കമാണെങ്കിൽ ചെറിയ ശിക്ഷയും കിമിനൽ കുറ്റമാണെങ്കിൽ ശിക്ഷയുടെ കടുപ്പം കൂടും.തരം താഴ്‌ത്തുക, ശമ്പളം വെട്ടിക്കുറയ്ക്കുക, ഇൻക്രിമെന്റ് തടയുക എന്നിവയാണ് മൈനർ പെനാലിറ്റി. മൂന്നുവർഷം വരെ ഇൻക്രിമെന്റ് തടയാൻ പറ്റും. മേജർ പെനാലിറ്റിയിൽ സർവീസിൽ നിന്നും പിരിച്ചുവിടുകയോ ഒഴിവാക്കുകയോ ചെയ്യാം. അതുമല്ലെങ്കിൽ നിർബന്ധിത വിരമിക്കൽ കൊടുക്കാം. അച്ചടക്കസമിതിയാണ് ഇത് തീരുമാനിക്കുന്നത്. ശ്രീറാമിന്റെ കാര്യത്തിൽ അച്ചടക്ക നടപടിയെടുക്കാൻ അധികാരമുള്ളത് മുഖ്യമന്ത്രിക്കോ വകുപ്പ് സെക്രട്ടറിക്കോ ചീഫ് സെക്രട്ടറിക്കോ ആയിരിക്കും. അതിന് ശേഷം ചാർജ് ഷീറ്റ് നൽകും. അത് മേജറോ മൈനറോ ആകാം. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ കൂടി എഴുതിച്ചേർത്ത ശേഷമായിരിക്കും യുപിഎസ്‌സിക്ക് അയക്കുന്നത്. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ചായിരിക്കും അവസാന തീരുമാനമെടുക്കുന്നത്.

സിവിൽ സർവീസ് പെരുമാറ്റചട്ടം അനുസരിച്ച് ഉദ്യോഗസ്ഥർ 24/7 സർവീസിലുള്ളവരാണ്. അവർ മദ്യപിച്ചോ ലഹരിക്കടിമയായോ പൊതുസമൂഹത്തിന്റെ മുന്നിൽച്ചെല്ലാൻ പാടില്ല എന്നൊരു നിയമം പെരുമാറ്റച്ചട്ടം അനുശാസിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം കൂടിയാണിത്. ക്രിമിനൽ കേസും സർവീസ് കേസും രണ്ടും രണ്ടാണ്. ക്രിമിനൽ കേസ് തീർപ്പ് കൽപ്പിക്കുന്നതിന് മുൻപ് തന്നെ സർവീസിൽ അച്ചടക്ക നടപടിയെടുക്കാം.

അപകടത്തിൽ മരിക്കാൻ ഇടയാക്കിയ അപകടമുണ്ടാക്കിയ കാർ മുമ്പും കേസിൽ പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പ്രമുഖരുമായി അടുപ്പമുള്ള യുവതിയാണ് ശ്രീരാമിനൊപ്പം കാറിൽ ഉണ്ടായിരുന്ന വഫ ഫിറോസ്. അമിത വേഗതയിൽ കാർ ഓടിച്ചത് ശ്രീരാമനെന്നാണ് വഫ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാർ മോഡലും ദുബായി വ്യവസായിയുമായ വഫ ഫിറോസിന്റേതാണ്.

ഇവരും ശ്രീറാമിനൊപ്പം അപകട സമയത്ത് കാറിലുണ്ടായിരുന്നു. മുൻപും അമിത വേഗത്തിന് അപകടം വരുത്തിയ കാർ പെട്ടിട്ടുണ്ട്. മൂന്ന് പ്രാവശ്യമാണ് അമിത വേഗത്തിൽ ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ കാമറയിൽ ഈ കാർ പതിഞ്ഞിട്ടുള്ളത്. ഫേസ്‌ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.

രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനായിരുന്നു. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നൽകിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എൽ -1-ബിഎം 360 എന്ന കാറിന് മോട്ടോർവാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്. ഈ സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്ന കാര്യം അറിവായിട്ടില്ല.

അതേസമയം മാധ്യമപ്രവർത്തകനെ ഇടിച്ച കാറിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് മനസിലാക്കിയ പൊലീസ് കേസ് തേച്ചുമായ്ക്കാനുള്ള ശ്രമം തുടക്കം മുതൽക്കേ സ്വീകരിച്ചിരുന്നു. എന്നാൽ, മാധ്യമപ്രവത്തകർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഈ നീക്കങ്ങൾ പൊളിയുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ശ്രീറാമിനെ ആശുപത്രിയിലാക്കിയ പൊലീസ് ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ർ സംശയം പ്രകടിപ്പിച്ചിട്ടും വൈദ്യ പരിശോധന നടത്തിയിരുന്നില്ല, അതേ സമയം കൂടെയുണ്ടായിരുന്ന വഫ ഫിറോസിനെ അപകട സ്ഥലത്തുവച്ചുതന്നെ ഓൺലൈൻ ടാക്സിയിൽ കയറ്റി വീട്ടിലേക്ക് അയക്കുവാനാണ് ശ്രമിച്ചത്. എന്നാൽ ദൃക്സാക്ഷി മൊഴികൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ പൊലീസിന് നിൽക്കക്കള്ളി ഇല്ലാതാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP