Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രക്തസാമ്പിൾ എടുക്കാത്തത് ശ്രീറാം വെങ്കിട്ടരാമൻ എതിർത്തതു കൊണ്ടെന്ന് കമ്മീഷണർ; ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ടും കിംസിലേക്ക് പോയത് ഐഎഎസുകാരൻ സ്വമനസ്സാലെ; വണ്ടി ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ എന്ന് തെളിഞ്ഞാലും രക്തസാമ്പിൾ എടുക്കാത്തതിനാൽ കേസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയിൽ ഒതുങ്ങും; പ്രതി ശ്രീറാം വെങ്കിട്ടരാമനെങ്കിൽ വിട്ടു വീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി; പ്രതിഷേധവുമായി മാധ്യമ ലോകം; മൂന്നാറിലെ പഴയ സിങ്കം കുടുങ്ങുമ്പോൾ

രക്തസാമ്പിൾ എടുക്കാത്തത് ശ്രീറാം വെങ്കിട്ടരാമൻ എതിർത്തതു കൊണ്ടെന്ന് കമ്മീഷണർ; ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ടും കിംസിലേക്ക് പോയത് ഐഎഎസുകാരൻ സ്വമനസ്സാലെ; വണ്ടി ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ എന്ന് തെളിഞ്ഞാലും രക്തസാമ്പിൾ എടുക്കാത്തതിനാൽ കേസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയിൽ ഒതുങ്ങും; പ്രതി ശ്രീറാം വെങ്കിട്ടരാമനെങ്കിൽ വിട്ടു വീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി; പ്രതിഷേധവുമായി മാധ്യമ ലോകം; മൂന്നാറിലെ പഴയ സിങ്കം കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിനെ വിറപ്പിച്ച ഐഎസ്എസ് സിങ്കം വാഹനാപകട കേസിലെ കൊലക്കുറ്റം ഒഴിവാക്കാനെടുത്തത് തന്ത്രപരമായ നീക്കങ്ങൾ. അപകട സ്ഥലത്ത് നിന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ പൊലീസ് എടുത്തില്ല. എടുക്കാൻ ശ്രീറാം സമ്മതിച്ചില്ലെന്നതാണ് വസ്തുത. ഒരാളുടെ സമ്മതമില്ലാതെ അയാളുടെ രക്തസാമ്പിൾ എടുക്കാനാകില്ലെന്ന പഴുതുപയോഗിക്കുകയാണ് ശ്രീറാം ചെയ്തത്. അതുകൊണ്ട് തന്നെ നിർണ്ണായക തെളിവ് നഷ്ടമായി. ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ താൻ കിംസ് ആശുപത്രിയിലേക്ക് പോകുകയാണെന്ന് അറിയിച്ച് ശ്രീറാം പോയി. ഇതോടെ രക്തസാമ്പിൾ എടുക്കാൻ കഴിയാതെ പോയി. എന്നാൽ കേസ് ഷീറ്റിൽ മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടർ കുറിച്ചിട്ടുണ്ട്. എന്നാൽ രക്തസാമ്പിൾ പരിശോധനാ റിപ്പോർട്ടില്ലാതെ ഇത്തരം കേസുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്ത്രപരമായ ഇടപെടലിലൂടെ ശ്രീറാം രക്ഷപ്പെടുകയായിരുന്നു.

ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാർ ഇടിച്ചാണ് മാധ്യമ പ്രവർത്തകനായ കെ എം ബഷീർ മരിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ കാറോടിച്ചത് ആരെന്ന് ഇനിയും വ്യക്തമല്ല. പൊലീസിന്റെ സിസിടിവികൾ ഒന്നും ഈ ഭാഗത്ത് പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ വണ്ടി ഓടിച്ചത് ആരെന്ന് ആർക്കും വ്യക്തമല്ല. തനിക്കൊപ്പമുള്ള യുവതിയാണ് കാർ ഓടിച്ചതെന്ന് ശ്രീറാം പറയുന്നു. എന്നാൽ ദൃക്‌സാക്ഷി മൊഴികൾ മറിച്ചാണ്. പൊലീസും ഉറച്ച് വിശ്വസിക്കുന്നത് ശ്രീറാം വണ്ടി ഓടിച്ചെന്ന് തന്നെയാണ്. എന്നാൽ ഇതിന് സിസിടിവി അത്യന്താപേക്ഷിതമാണ്. ഇതിനിടെയാണ് രക്തസാമ്പിൾ നൽകാൻ ഐഎഎസുകാരൻ വിസമ്മതിച്ചുവെന്ന സൂചനകൾ പുറത്തു വരുന്നത്. ഇതും സംഭവത്തിന്റെ ഗൗരവ സ്വഭാവം കൂട്ടുന്നു. ആക്‌സിഡന്റ് സ്‌പോട്ടിൽ നിന്ന് യുവതിയെ യൂബറിൽ കയറ്റി വീട്ടിലേക്ക് അയച്ചതും ശ്രീറാമിന്റെ തന്ത്രമായിരുന്നു. അതിന് ശേഷമാണ് താനാണ് കാറോട്ടിച്ചതെന്ന് യുവതിയും പൊലീസിന് മൊഴി നൽകിയത്. ഈ മൊഴിയിൽ യുവതി ഉറച്ചു നിന്നാൽ ശ്രീറാം വെങ്കിട്ടരാമനെ കേസിൽ സാക്ഷിയാക്കി മാത്രം മാറ്റേണ്ടി വരും.

നിലവിൽ യുവതി കാറോടിച്ച് അപകടമുണ്ടായതിനാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് കാരണം താനാണ് വണ്ടി ഓടിച്ചതെന്ന യുവതിയുടെ മൊഴിയാണ്. മറിച്ച് സാക്ഷി മൊഴികളുണ്ട്. ഇത് സ്ഥിരീകരിക്കാൻ മറ്റ് തെളിവുകൾ കൂടിയേ തീരൂ. ഡ്രൈവിങ് സീറ്റിൽ എയർ ബാഗ് പൊട്ടിയിട്ടില്ല. എന്നാൽ പാസഞ്ചർ സീറ്റിൽ എയർ ബാഗ് പൊട്ടി. യുവതിക്ക് പരിക്കേറ്റിട്ടുമില്ല. പാസഞ്ചർ സീറ്റിൽ യുവതിയുള്ളതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ശ്രീറാമിന് പരിക്കേറ്റതായും പൊലീസ് സംശയിക്കുന്നു. എന്നാൽ താനാണ് കാർ ഓടിച്ചതെന്ന വാദത്തിൽ യുവതി ഉറച്ചു നിന്നാൽ മറ്റ് നടപടികൾ എടുക്കാനാവില്ല. ഇതിലേക്ക് പോകണമെങ്കിൽ മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന ഉറച്ച തെളിവുകൾ വേറെ വേണ്ടി വരും. ഈ സാഹചര്യത്തിലാണ് പൊലീസ് ആശയക്കുഴപ്പത്തിലാകുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ സിസിടിവികൾ സത്യം പറയുമെന്നാണ് പ്രതീക്ഷ.

നിലവിൽ ജാമ്യം കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ശ്രീറാം വെങ്കിട്ടരാമൻ ആണ് കാർ ഓടിച്ചതെന്ന് തെളിഞ്ഞാൽ കളി മാറും. നരഹത്യയ്ക്ക് കേസെടുക്കും. ഇതിനുള്ള നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് കിട്ടിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി പത്രപ്രവർത്തക യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഇതിൽ കർശന നടപടി ഉറപ്പും നൽകി. സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു ശ്രീറാം. അതുകൊണ്ട് തന്നെ കടുത്ത അച്ചടക്ക നടപടികളും ഉണ്ടായേക്കും. വാഹനം ഓടിച്ചത് താനല്ലെന്ന് യുവതി അല്ലെന്ന് തെളിഞ്ഞാൽ ശ്രീറാമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കും. ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. മാധ്യമ പ്രവർത്തകരും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫ് കെ എം ബഷീറാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ശ്രീറാം വെങ്കട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുൻ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ട രാമൻ. അമിത വേഗത്തിലെത്തിയ കാർ ബഷീർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അർദ്ധരാത്രിയോടെ അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് കവടിയാറിലെ ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്.

താനയിരുന്നില്ല സുഹൃത്തായിരുന്നു വണ്ടിയോടിച്ചെന്നാണ് ശ്രീറാം പൊലീസിന് നൽകിയ മൊഴി. എന്നാൽ കാർ അമിത വേഗതയിലായിരുന്നെന്നും ശ്രീറാം വെങ്കട്ടരാമൻ തന്നെയാണ് വാഹനം ഓടിച്ചതെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വഫാ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അപകടമുണ്ടാക്കിയത്.അപകടത്തിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. ശ്രീറാമിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരില്ലെങ്കിലും മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ച് വരുത്തിയത്. വഫയെയും വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി. ഇതിനിടെയാണ് രക്തസാമ്പിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചുവെന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണർ വ്യക്തമാക്കിയതും.

മാധ്യമപ്രവർത്തകൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച കാർ ഓടിച്ചത് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷി. തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. '' വെള്ളയമ്പലത്തുവച്ച് എന്നെ ഓവർടേക്ക് ചെയ്താണ് കാർ വന്നത്. അമിതവേഗത്തിലായിരുന്നു. ഇതിനിടെ കാർ സ്‌കിഡായി ബൈക്കിലിടിക്കുകയായിരുന്നു. സ്ത്രീയും പുരുഷനുമായിരുന്നു കാറിലുണ്ടായിരുന്നത്. പുരുഷനായിരുന്നു ഡ്രൈവിങ് സീറ്റിൽ. ഇയാൾ നല്ലരീതിയിൽ മദ്യപിച്ചിട്ടുണ്ടായിരുന്നു. വണ്ടി ഓടിച്ച ആൾ തന്നെയാണ് മരിച്ചയാളെ ബൈക്കിനിടയിൽനിന്ന് പുറത്തെടുത്തത്. താൻ ഡോക്ടറാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്''- അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു. സിറാജ് പത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP