Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ

ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിന്റെ ചുരുളഴിച്ചത് എസ് ഐ സജീവ് നെല്ലിക്കാടിന്റെ ഡിറ്റക്ടീവ് മനസും മൂന്ന് പൊലീസുകാരുടെ അർപ്പ ബോധത്തോടെയുള്ള പ്രവർത്തനവുമാണ്. ജൂൺ 21ന് കാണാതായ പുവ്വാർ സ്വദേശിനി രാഖിയുടെ മിസിങ് സംബന്ധിച്ച പരാതി പുവ്വാർ പൊലീസിന് ലഭിക്കുന്നത് ജൂലൈ 6ന്. പരാതി വന്നപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് എല്ലാ സ്റ്റേഷനുകളിലും രാഖിയുടെ ഫോട്ടോ കൈമാറുകയും വയർലെസ് സന്ദേശം വഴി എല്ലാ പൊലീസുകാരെയും വിവരം അറിയിക്കുകയും ചെയ്തു.

സാധാരണ ഗതിയിൽ ഒരു മിസിങ് കേസായി അവിടെ തീരേണ്ട ഒരു കേസ് അങ്ങനെ വിടാൻ ഒരുക്കാമായിരുന്നില്ല പുവ്വാർ പൊലീസ്.രാഖിയുടെ ഫോണിലേക്ക് വന്ന 600 കോളുകൾ ആദ്യഘട്ടത്തിൽ പരിശോധിച്ചു. രാഖിയുടെ ജോലി സ്ഥലമായ എറണാകുളത്ത് പോയി അവിടെയും 1000ത്തോളം നമ്പരുകൾ പരിശോധിച്ചു. ഒരു പിടിയും കിട്ടിയില്ല കേസിന് തുമ്പില്ലാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥ. ഇതിനിടെ രാഖിയുടെ അമ്മയിൽ നിന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞപ്പോൾ ജൂൺ 21ന് മകൾ യാത്ര ചോദിച്ച് ഇറങ്ങിയപ്പോൾ പറഞ്ഞത് ആ അമ്മ വീണ്ടും ഓർത്തെടുത്തു.

സുഹൃത്തായ അഖിലിന്റെ പുതിയ വീട് കൂടി കണ്ടിട്ടെ താൻ എറണാകുളത്തേക്ക് മടങ്ങു. അഖിലിനായി പുത്തൻകടയിലെ തങ്ങളുടെ തന്നെ ചായക്കടയിൽ നിന്നും പഴം പൊരിയും നെയ്യപ്പവും ഒക്കെ മകൾ പൊതിഞ്ഞെടുക്കുകയും ചെയ്തു.അഖിലിനെ നേരത്തെ പരിചയമുള്ളതുകൊണ്ട് യാത്രയിൽ ആ അമ്മയ്ക്ക് അസ്വാഭിവകത ഒന്നും തോന്നിയില്ല. അഖിലിനെ ബന്ധപ്പെട്ടപ്പോൾ ഇത് പോലൊരു സൽസ്വഭാവി ഉണ്ടാകില്ലന്ന് പൊലീസിന് പോലും തോന്നിപോയി. ചോദിക്കുന്നതിനൊക്കെ മണി മണിയായി ഉത്തരം പറഞ്ഞ അഖിൽ കുറഞ്ഞ സമയത്തിനുള്ളിൽ പൊലീസിന്റെ ഗുഡ് ബുക്കിൽ കയറി പററിയെങ്കിലും സംശങ്ങൾ പലതും ബാക്കി കിടന്നു.

ജൂൺ 21ന് രാവിലെ നെയ്യാറ്റിൻകരവെച്ച് രാഖി തന്റെ കാറിൽ കയറിയെന്നും സുഹൃത്തായ ആദർശുമായി സംസാരിക്കാൻ ധനുവച്ചപുരത്ത് വാഹനം ഒതുക്കിയപ്പോൾ രാഖി മറ്റൊരു ബൈക്കിൽ കയറി പോയെന്നും കാശ്മീരിൽ നിന്നും ഫോണിലൂടെ അഖിൽ അന്വേഷണ സംഘത്തോടു പറഞ്ഞു. പൊലീസിനെ വിശ്വസിപ്പിക്കാനായി അഖിൽ രാഖി അയച്ചതാണന്ന് പറയുന്ന ഒരു മെസേജും കൈമാറി. കൊല്ലത്തെ സുധീഷിനൊപ്പം ഞാൻ പോണു.എന്നെ സഹായിച്ചതിന് നന്ദി.നിന്നെ ഞാൻ വിളിക്കാം.നിന്നോടു കാര്യങ്ങൾ മറച്ചുവെച്ചതിൽ പൊറുക്കണം. എന്നെ ഇനി അന്വേഷിക്കണ്ട....ഞങ്ങൾ ചെന്നൈയിലേക്ക് പോകുന്നു. ഇതായിരുന്നു മെസേജിന്റെ ഉള്ളടക്കം.

രാഖിയുടെ നമ്പരിൽ നിന്നും ഇങ്ങനെയൊരു മെസേജ് അയച്ചിട്ടുള്ളതായി സൈബർ പൊലീസിന്റെ പരിശോധനയിലും വ്യക്തമായി. ഈ മെസേജ് കൂടി ലഭിച്ചതോടെ അഖിലിലുള്ള വിശ്വാസം അന്വേഷണ സംഘത്തിന് കൂടി. ഉടൻ തന്നെ കൊല്ലം പൊലീസിന് മെസേജ് പോയി. സുധീഷ് എന്ന പേരിൽ ഏതെങ്കിലും മിസിങ് കേസ് ഈ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ഇല്ല എന്നായിരുന്നു മറുപടി.അടുത്ത ദിവസം എസ് ഐ സജീവ് നെല്ലിക്കാടും സിവിൽ പൊലീസ് ഓഫീസർമാരായ പ്രേംകുമാറും ബൈജുവും രാജേഷും വീണ്ടു കൊച്ചിയൽ എത്തി. അവിടെ സുധീഷ് എന്നൊരാൾ രാഖിക്ക് സുഹൃത്തായി ഉണ്ടോ എന്ന് തിരക്കി.

ഒരു വർഷത്തെ കോൾ ഡീറ്റൈയിൽ എടുത്തു. അത് ക്രോസ് ചെയ്യുക അത്ര എളുപ്പമായിരുന്നില്ല.... എന്നിട്ടും അവർ അത് സ്‌ക്രൂട്ടിണി ചെയ്തു. രാഖി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ചെന്ന് സഹപ്രവർത്തകരായ നിരവധിപേരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴാണ് രാഖി ഡിഗ്രിക്ക് പാരലൽ ആയി പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചറിയുന്നത്. പൊലീസ് അവിടെയും എത്തി. അധികം കൂട്ടുകാർ ഇല്ലാത്ത ആരോടും ഇടപഴകാത്ത വ്യക്തിത്വം ആയിരുന്നു രാഖിയെന്ന് അവിടെവെച്ച് അന്വേഷണ സംഘം മനസിലാക്കി. കൂടെ പഠിച്ച മുപ്പത് വിദ്യാർത്ഥികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ പത്തനാപുരത്ത് രാഖിക്ക് സുഹൃത്തുക്കൾ ഉണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയും പോയി. കേസിന് ഉതകുന്ന തരത്തിൽ ഒന്നും കിട്ടിയില്ല. തിരികെ വരുമ്പോഴാണ് അഖിലിന്റെ കോൾ ഡീറ്റെയിൽസ് സൈബർ സെല്ലിൽ നിന്നും കിട്ടിയത്.

അഖിലുമായി കൂടുതൽ തവണ രാഖി സംസാരിച്ചിരുന്നതായി മനസിലായി. എന്നാൽ അഖിൽ അത് നിഷേധിച്ചിരുന്നു.കോൾ ലിസ്റ്റിൽ കൂടുതൽ സംസാരിച്ചിരുന്ന അഖിലിന്റെ ഭാവി വധുവിനെ പൊലീസ് ബന്ധപ്പെട്ടു. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിന്ശേഷം അഖിൽ രാഖിയെ കണ്ടിട്ടില്ലന്ന് ഭാവി വധു പറഞ്ഞു. രാഖിയെ കാറിൽ കയറ്റിയതും കണ്ടതും ഒന്നും ഭാവി വധുവിനോടു എന്തു കൊണ്ട് അഖിൽ പറഞ്ഞില്ലന്നായി അന്വേഷണ സംഘത്തിന്റെ ചിന്ത. അപ്പോൾ രാഖി ഒളിച്ചോടിയോ ഒളിച്ചോടി എങ്ങിൽ അത് അഖിലിനൊപ്പമായിരിക്കില്ലേ അതായി പൊലീസിന്റെ ചിന്ത. അഖിൽ പറഞ്ഞ ദിവസം ധനുവച്ചപുരത്ത് രാഖിയെ കാറിൽ നിന്നും ഇറക്കി വിട്ടോ എന്നായി അടുത്ത അന്വേഷണം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അഖിൽ പറയുന്നത് കളവാണന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി.

ഇതിനായി കളിയിക്കവിള വരെ പൊലീസ് പരിശോധന നടത്തി.ഒന്നുകിൽ അഖിലിന്റെ സഹായാത്താൽ സുധീഷിനൊപ്പം രാഖി ചെന്നൈയ്ക്ക് പോയി അല്ലെങ്കിൽ അഖിൽ രാഖിയെ കാശ്മീരിലേക്ക് കൊണ്ടു പോയി ഇതായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. അന്വേഷിക്കും തോറും എസ് ഐ യും സംഘത്തിന്റെയും ത്രില്ലു കൂടി. തുടർന്ന് അന്വേഷണ സംഘം വീണ്ടും കൊച്ചിയിലേക്ക് പോയി. അവിടെ രാഖി താമസിച്ചിരുന്ന കുടുസു വാടക മുറിയിൽ എത്തി. മുറിയിൽ കയറിയപ്പോൾ പൊലീസ് കണ്ടത് കിടന്ന പായ് പോലും മടക്കിവെച്ചിട്ടില്ല... എസ് എസ് എൽ സി മുതലുള്ള സർട്ടിഫിക്കറ്റുകളും ആധാർ കാർഡും അടക്കമുള്ള രേഖകൾ എല്ലാം ഭദ്രമായി വെച്ചിരിക്കുന്നു. ബാങ്ക് പാസ് ബുക്കും അവിടെന്ന് കിട്ടി. ബാങ്കിൽ കൊണ്ടു പോയി പരിശോധിച്ചപ്പോൾ നാട്ടിൽ അവധിക്ക് വന്നപ്പോൾ നാലായിരം രൂപ പിൻവലിച്ചിട്ടുണ്ട്.

പിന്നീട് പണം പിൻവലിച്ചിട്ടില്ല. സർട്ടിഫിക്കറ്റോ തിരിച്ചറിയിൽ രേഖയോ എടുക്കാതെ ഒരു പെൺകുട്ടി ഒളിച്ചോടുമോ? ബാങ്കിൽ നിന്നും പണം എടുത്തിട്ടില്ല ഇതോടെ അന്വേഷണ സംഘം ഉറപ്പിച്ചു ഇത് ഒളിച്ചോട്ടമല്ല. തിരികെ എത്തിയ അന്വേഷണ സംഘം അഖിലിനെയും കുടുംബത്തെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഇതിനിടെ അഖിലിന്റെ സുഹൃത്തുക്കളിൽ പലരെയും ചോദ്യം ചെയ്തു. അതിൽ ആദർശിനെ പല പ്രാവിശ്യം ചോദ്യം ചെയ്യകുയും ചില തെളിവുകൾ കാട്ടി ക്രോസ് ചെയ്യുകയും ചെയ്തതോടെ ഉത്തരം മുട്ടിയ ആദർശ് രാഖിയെ കൊന്നതായി സമ്മതിക്കുക ആയിരുന്നു. എന്നാൽ മൃത ദേഹം എവിടെ എന്ന കാര്യത്തിൽ ആദർശ് പൊലീസിനെ വട്ടം ചുറ്റിച്ചു വെങ്കിലും അവസാനം അഖിലിന്റെ പുതിയ വീട്ടുവളപ്പിൽ കുഴിച്ചട്ടതായി സമ്മതിച്ചു.

ജൂലൈ 23ന് രാത്രി ആദർശ് തന്റെ വീട്ടിൽ വച്ചാണ് പൊലീസിനോടു ഇക്കാര്യം സമ്മതിച്ചത്. അതു കൊണ്ട് തന്നെ പിറ്റേന്ന് നേരം പുലരുവോളം അവിടം പൊലീസ് കാവലിലായി. ചോദിച്ച നാട്ടുകാരോടു പറഞ്ഞത് അഖിലിന്റെ അനുജൻ രാഹുൽ വീട്ടിൽ എത്തുമെന്ന് വിവരം ലഭിച്ചി്ട്ടുണ്ട് ചോദ്യം ചെയ്യാനായി കൊണ്ടു പോകാനാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി.പിറ്റേന്ന് രാവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂടി എത്തിയ ശേഷമാണ് ആദർശ് പറഞ്ഞ സ്ഥലം കുഴിച്ചതും രാഖിയുടെ മൃതദേഹം കണ്ടെത്തിയതും.മിസിങ് കേസ് പെട്ടന്ന് കൊലപാതക കേസായതോടെ തുടർ അന്വേഷണം സി ഐ ക്ക് കൈമാറപ്പെട്ടു. പുവ്വാർ എസ് ഐ യും സംഘവും അന്വേഷണത്തിന് വേണ്ടി എടുത്ത എഫേർട്ട് ഡിജി പി യുടെ ചെവിയിൽ പോലും എത്തി.

ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി സേനയ്ക്ക് ആകെ അഭിമാനമായി മാറിയ എസ് ഐ സജീവ് നെല്ലിക്കാടിനെയും സംഘത്തെയും നേരിട്ട് വിളിച്ച് അഭിനന്ദിക്കാനാണ് ഡി ജി പി യുടെ നീക്കം. റവന്യൂ വകുപ്പിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ സജീവ് നെല്ലിക്കാട് യു ഡി ക്ലാർക്ക് ആയിരിക്കെയാണ് ആ ജോലി ഉപേക്ഷിച്ച് പൊലീസിൽ എത്തിയത്. കുട്ടിക്കാലത്തെ കുറ്റാന്വേഷണത്തോടും പൊലീസ് സേനയോടും ഉള്ള അളവറ്റ സ്നേഹം തന്നെയാണ് സജീവിനെ കാക്കി അണിയാൻ പ്രേരിപ്പിച്ചത്. കാട്ടാക്കട നെല്ലിക്കാട് സ്വദേശിയായ സജീവ് ജോലി ചെയ്ത സ്റ്റേഷനുകളിലെല്ലാം മികച്ച ഓഫീസർ എന്ന നിലയിൽ പേരെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP